Wednesday, 28 February 2024

അത്ഭുത വാതിൽ - കഥ

#അത്ഭുതവാതിൽ - കഥ
കെ എ സോളമൻ
കെട്ടുകഥകൾ പുഴ പോലെ ഒഴുകുന്ന ചെറിയ ഗ്രാമം. ഗ്രാമത്തിൽ ഒരിടത്തായി ഒരു കാട്, കാട്ടിലുള്ളിൽ ഒരു ക്ഷേത്രം. പറമ്പിൽ  അമ്മയുടെ ക്ഷേത്രം :രഹസ്യങ്ങളുടെ കലവറയാണ് ആ ചെറിയ ക്ഷേത്രം എന്ന് ഗ്രാമവാസികൾ

ക്ഷേത്രത്തിൻറെ ചുവരുകൾക്കുള്ളിൽ വിചിത്രമായ സംഭവങ്ങൾ നടക്കാറുണ്ടെന്നു പറയപ്പെടുന്നു . 

 അടങ്ങാത്ത ജിജ്ഞാസ ഉള്ളവനും കുഴപ്പങ്ങളിൽ ചെന്ന് ചാടാനുള്ള കഴിവുള്ളവനുമാണ് കുമാരൻ. കുറച്ചകലെയുള്ള ഗ്രാമത്തിൽ നിന്ന് ഈ ഗ്രാമത്തിലേക്ക് ബന്ധു സന്ദർശനത്തിന് എത്തിയതാണ് 

നിർഭാഗ്യകരമായ ആദിവസം കുമാരൻ പറമ്പിൽ അമ്മയുടെ ക്ഷേത്രം ഒറ്റയ്ക്ക് സന്ദർശിക്കാൻ തീരുമാനിച്ചു. ഉത്സവകാലത്ത് അല്ലാതെ ആരും തന്നെ ആ ക്ഷേത്രത്തിൽ സാധാരണ പോകാറില്ല. ക്ഷേത്രത്തിൻ്റെ പ്രധാന കവാടം സ്വയം  തുറക്കുകയും അടയുകയും ചെയ്യുന്ന ഒന്നാണെന്ന് ഗ്രാമവാസികൾക്കിടയിൽ സംസാരം ഉണ്ടെങ്കിലും ആ വാതിൽ ആരും തുറക്കാൻ ധൈര്യപ്പെടാറില്ല

എന്തായാലും അത് അറിഞ്ഞിട്ട് തന്നെ കാര്യം: കുമാരൻ തീരുമാനിച്ചു. അവൻ കാടിനുള്ളിൽ കടന്ന് ക്ഷേത്രത്തിൻറെ പ്രവേശനകവാടത്തിലെത്തി. ക്ഷേത്രത്തിന്റെ  ഓട്ടോമാറ്റിക് വാതിൽ  " ക്രീക്ക് " എന്ന ശബ്ദത്തോടെ  തുറന്നു :വാതിൽ പെട്ടെന്ന് തുറന്ന ആഘാതത്തിൽ കുമാരൻ ക്ഷേത്രത്തിനുള്ളിൽ അകപ്പെടുകയും വാതിൽ  അടയുകയും ചെയ്തു

കുമാരൻ്റെ  ധൈര്യം മുഴുവൻ ഒറ്റ നിമിഷം കൊണ്ട്. ചോർന്നുപോയി. ക്ഷേത്രത്തിൻ്റെ ചുവരുകൾക്കുള്ളിൽ അകപ്പെട്ടെന്നു മനസ്സിലാക്കിയ കുമാരൻ പരിഭ്രാന്തനായി. 

എങ്കിലും നാട്ടിൽ താൻ നടത്തിയിട്ടുള്ള സാഹസങ്ങളെ കുറിച്ച് അവൻ ഓർത്തു. മരണപ്പെട്ടാലും വേണ്ടില്ല ഈ ക്ഷേത്രത്തിൻറെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരണം, അവൻ തീരുമാനിച്ചു.

 മങ്ങിയ വെളിച്ചമുള്ള ഇടനാഴിയിലൂടെ അവൻ നടന്നു, പൂർണ നിശബ്ദത. മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഇനി രഹസ്യങ്ങൾ  കണ്ടുപിടിക്കേണ്ട, എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയിൽ  പല  ആശയങ്ങങ്ങളും കുമാരന് തോന്നി.

ക്ഷേത്രത്തിനുള്ളിലെ വിചിത്രമായ വിഗ്രഹങ്ങൾ, പുരാവസ്തുക്കൾ അയാളുടെ ഓരോ ചലനവും നിരീക്ഷിക്കുന്നതായി തോന്നി. ചാക്ക് കെട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന ഉണങ്ങിയ സസ്യങ്ങളും പലതരം ചായപ്പൊടികളുടെ ശേഖരവും അയാളുടെ ശ്രദ്ധയിൽപ്പെട്ടു

 പെട്ടെന്ന്  എന്തോ ഒരു ഭാരമുള്ള വസ്തു അവൻ്റെ  തലയ്ക്ക് പുറകിൽ വന്നിടിച്ചു. അവൻ ഇടറിവീണു. കണ്ണിലൂടെ പൊന്നിച്ച പറക്കുകയും മുന്നിലിരുന്ന്  മുയലുകൾ സംസാരിക്കുകയും ചെയ്യുന്നതായി അവന് തോന്നി

ബോധം വീണപ്പോൾ ക്ഷേത്രത്തിൻറെ വിസ്മയകരമായ വാതിലിന് പുറത്ത് താൻ ഇരിക്കുന്നതായി കുമാരൻ മനസ്സിലാക്കി. വിചിത്രവേഷം ധരിച്ച് മുഖവരണം ഇട്ട ആജാനുബാഹുവായ ഒരു മനുഷ്യൻ മുന്നിൽ.

ആജാനുബാഹു കാറ്റിരമ്പും ശബ്ദത്തിൽ പറഞ്ഞു. " ഈ നിഗൂഢ ക്ഷേത്രത്തിൻറെ ഉടമ ഞാനാണ്. ഇതിനകത്ത് നടക്കുന്ന കാര്യങ്ങൾ ഏറെക്കുറെ പിടികിട്ടിയിട്ടുണ്ടാകും. ആരോടും ഒരക്ഷരം മിണ്ടരുത്. ഉറപ്പു തന്നാൽ വെറുതെ വിടാം അല്ലെങ്കിൽ  ഉണക്കി ചാക്കിൽ കെട്ടി ക്ഷേത്രത്തിനുള്ളിൽ തന്നെ സൂക്ഷിക്കും . എന്തു പറയുന്നു?"

"മാപ്പ് മാപ്പ്, ഞാൻ ആരോടും മിണ്ടില്ല" കുമാരൻ സാഷ്ടാംഗ പ്രണാമം ചെയ്തു.

"എങ്കിൽ പൊയ്ക്കോളൂ, നേരെ നടന്നാൽ കാടിനു പുറത്തെത്താം, തിരിഞ്ഞു നോക്കരുത്" ആജാനുബാഹു

 കുമാരൻ നേരേ നടന്നു, തിരിഞ്ഞു നോക്കാതെ. സാഹസികത ദാഹത്തിന് അതിരുകൾ വേണം, കുമാരൻ ആദ്യമായി തീരുമാനമെടുത്തു. ക്ഷേത്രത്തിൻറെ അത്ഭുത വാതിലുകൾ സൂക്ഷിക്കണമെന്ന് പലരോടും പറയണമെന്ന് കുമാരന് തോന്നിയെങ്കിലും ഒരിക്കൽ പോലും അതേക്കുറിച്ച് ആരോടും മിണ്ടിയില്ല

 പറമ്പിൽ അമ്മയുടെ ക്ഷേത്ര ചുവരുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ, രഹസ്യങ്ങളായിത്തന്നെ ഇന്നും തുടരുന്നു. 
                    *  *  *

No comments:

Post a Comment