Wednesday, 14 February 2024

ഗൂഗിൾ വാലന്റൈൻസ് ഡേ

#ഗൂഗിൾ വാലന്റൈൻസ് ഡേ
കഥ - കെ എ സോളമൻ
അജീഷും ഗ്രീഷ്മയും പരിചയപ്പെട്ടതിനുശേഷം രണ്ടാമത്തെ വാലന്റൈൻ ഡേ ആണ് ഇന്ന് . ഉച്ചയൂണ് സെവൻസ് സ്റ്റാറിൽ തന്നെ ആകാമെന കരുതി.

സെവൻ സ്റ്റാർ ടൗണിലെ പ്രധാനപ്പെട്ട ഹോട്ടലാണ്. സ്റ്റാർ പേരിൽ മാത്രമേ ഉള്ളൂ അല്ലാതെ ത്രീസ്റ്റാർ , ഫോർസ്റ്റാർ , ഫൈസ്റ്റാർ എന്ന കാറ്റഗറിയിൽ പെടുന്ന ഹോട്ടൽ അല്ല . എങ്കിലും ഭക്ഷണസാധനങ്ങൾക്ക് സ്റ്റാർ വിലയാണ് 

സ്ഥലത്തെ പൗരപ്രമുഖരും വീട്ടിൽ കഞ്ഞി വയ്ക്കാത്ത ധനാഢ്യരും ഉച്ചയൂണിനും വൈകിട്ട് ഡിന്നറിനും സെവൻ സ്റ്റാറിലാണ് പതിവായി എത്തുക. അവിടുത്തെ ഫിഷ് കറിയും ഫ്രൈയും. മട്ടൻ ബിരിയാണിയുമൊക്കെ പ്രസിദ്ധം.. പോർക്ക് വിഭവങ്ങളും ലഭ്യം. 

കാട്ടുപന്നിയെ ക്ഷുദ്രജീവികളിൽ പെടുത്താൻ നിയമസഭ പ്രമേയം പാസ്സാക്കിയ സ്ഥിതിക്ക് ഇനിമുതൽ പോർക്ക് ഫ്രൈ വിളമ്പാൻ പറ്റുമോ എന്നുള്ള സംശയം ഹോട്ടൽ ജീവനക്കാർക്ക് ഉണ്ട് . ക്ഷുദ്രജീവിയുടെ ഇറച്ചി ആരാണ് ഭക്ഷിക്കുക ? ഇറച്ചി നാടൻ പന്നിയുടേതോ അതോ ക്ഷുദ്രജീവിയുടേതോ എന്ന് എങ്ങനെ കണ്ടുപിടിക്കാൻ ?

പക്ഷേ ഒരു കാര്യം വസ്തുതയാണ്. മറ്റു സ്റ്റാർ ഹോട്ടലുകളിലെ പോലെ വേവാത്ത ഇറച്ചി വിഭവങ്ങൾ വിളമ്പുന്ന പരിപാടി സെവൻ സ്റ്റാർ ഹോട്ടലിൽ ഇല്ല .ഇന്ന് ബാക്കി വരുന്ന ഭക്ഷണം നാളെ ചൂടാക്കി നൽകുന്ന പരിപാടിയുമില്ല.

അജീഷും ഗ്രീഷ്മയും രണ്ടു പേർക്ക് സൗകര്യമുള്ള ഒരു ടേബിളിന്റെ ഇരുവശങ്ങളിലായി ഇരുന്നു. ഹാളിലും മറ്റു മുറികളിലുമായി അനേകം പേർ ഭക്ഷണം കഴിക്കുന്നുണ്ട്. ചിലരുടെ ഭക്ഷണരീതി കണ്ടാൽ ജീവിതത്തിൽ ആഹാരം കഴിക്കാത്തവരാണെന്ന് തോന്നും.

കൂടുതൽ പേരും വീടുകളിൽ ഭക്ഷണം പാകം ചെയ്യാത്തവരാണ്. മെനക്കെടാൻ ആർക്കും തന്നെ നേരം ഇല്ല . സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും പക്ഷെ തീരെ കുറവാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ . അതിന് കാരണവുമുണ്ട്.സർക്കാർ ഉദ്യോഗസ്ഥർ 500 രൂപയോളം മുടക്കി അവിടെനിന്ന് ഭക്ഷണം കഴിക്കാൻ തയ്യാറാകില്ല.  

ഊണിന്റെ കൂടെ ഫിഷ് ഫ്രൈ ഉണ്ടെങ്കിൽ 500 രൂപയ്ക്ക് മുകളിലാവും. സർക്കാർ ഉദ്യോഗസ്ഥന് എല്ലാദിവസവും ഈ നിരക്കിൽ ഊണ് കഴിക്കാൻ ആവില്ല .   അധ്യാപകരാകട്ടെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമേ കഴിക്കൂ .

"എന്താണ് സർ വേണ്ടത് ?"  ഗ്രീഷ്മയെ നോക്കിക്കൊണ്ട് അജീഷിനോടായി ബേറർ ചോദിച്ചു

" ടു മീൽസ്, വിത്ത് ഫിഷ് ഫ്രൈ "

" കരിമീൻ വേണോ, അതോ നെമ്മീനോ " ബേറർ
അജീഷ് ഗ്രീഷ്മയെ നോക്കി. ഗ്രീഷ്മയുടെ ചുണ്ടനക്കം വായിച്ച് അജീഷ് ബേറോറോട്
" കരിമീൻ "

ഏറെ സമയമെടുത്ത് , കുറെ കാര്യങ്ങൾ ആവശ്യമുള്ളതും ഇല്ലാത്തതും സംസാരിച്ച്, അവർ ഭക്ഷണം കഴിച്ചു.

" ഇനി എന്തെങ്കിലും, സർ? " ബേറർ 

അജീഷ് ബിയററെ നോക്കി

" ലെമൺ ജ്യൂസ്, ഐസ്ക്രീം, ഫ്രൂട്ട് സാലഡ് ; അങ്ങനെ എന്തെങ്കിലും ? "

"ഫ്രൂട്ട് സാലഡ് മതി" ഇക്കുറി ഗ്രീഷ്മ ആണ് മറുപടി പറഞ്ഞത്. 
"ഐസ്ക്രീം കഴിച്ചാൽ ജലദോഷം വരും." ഗ്രീഷ്മ അജീഷിനോടായി പറഞ്ഞു.

" ബിൽ പ്ളീസ് ?"

1380 രൂപ. സെവൻ സ്റ്റാറിലെ രീതികൾ അറിയാവുന്ന അജീഷിന് ആ തുക അത്ര കൂടുതലായി തോന്നിയില്ല.

ഫോൺ എടുത്ത് അജീഷ് ഗൂഗിൽ പേ നടത്തി തിരിഞ്ഞു നടന്നതും കൗണ്ടറിൽ നിന്ന് കാഷ്യർ പയ്യൻ അജീഷിനെ തിരികെ വിളിച്ചു.

" പണം എത്തിയില്ല സർ "

അജീഷ് ഫോണിൽ നോക്കി. ഫോണിൽ എല്ലും ഒഒക. പിന്നെ എന്തു സംഭവിച്ചു ?

ഗ്രീഷ്മയുടെ മുഖം വിവർണ്ണമായി. വാലന്റെൻ ദിനത്തിന്റെ എല്ലാ ഗ്ലാമറും അവിടെ അവസാനിച്ചെന്ന് അജീഷിന് തോന്നി. 

അജീഷ് പോക്കറ്റിൽ കയ്യിട്ടു പണം തിരഞ്ഞു . ഹോട്ടലിൽ പരിചയമുള്ള ആരെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് നോക്കി

ഭാഗ്യം 1500 രൂപ പോക്കറ്റിലുണ്ട്. അച്ഛനും അമ്മയ്ക്കും നല്ലജോലിയുള്ള കൊണ്ട് യു.പി.ഐയും അതോടൊപ്പം പോക്കറ്റു മണിയും ധാരാളം :

തുടർന്ന് ടൗണിൽ നടക്കുന്ന എക്സിബിഷൻ മൂന്നാമത്തെ പ്രാവശ്യവും കണ്ടു അവർ അന്നത്തേക്ക് ടാറ്റ പറഞ്ഞു. 

വീട്ടിലെത്തി അരമണിക്കൂർ കഴിഞ്ഞ് ബാങ്ക് അക്കൗണ്ട് നോക്കിയപ്പോൾ കാണുന്നു 1380 രൂപ ഡിഡക്ട് ചെയ്തിരിക്കുന്നു !

ഈ വിവരം ഹോട്ടൽ മാനേജരെ അറിയിക്കാമെന്ന് കരുതിയസമയത്ത് തന്നെ സെവൻ സ്റ്റാർ മാനേജരുടെ വിളി വന്നു

" ഗൂഗിൽ പേ എമൗണ്ട് ഞങ്ങളുടെ അക്കൗണ്ടിൽ വന്നിട്ടുണ്ട് സർ . സോറി ഫ്രാർ ദി ട്രബിൾ . ഇവിടം വരെ വരികയാണെങ്കിൽ പണം തിരികെ തരാം അല്ലെങ്കിൽ സാറിൻറെ  നമ്പർ അറിയിച്ചാൽ ഞങ്ങൾ ഫോൺ പേ ചെയ്യാം "

" ഫോൺ പേ ചെയ്യേണ്ട " 

അജീഷ് ഗ്രീഷ്മയെ വിളിച്ചു. നാളെയും നമുക്ക് വാലന്റൈൻസ് ഡേ ആണ്, ഗൂഗിൾ വാലന്റൈൻസ് ഡേ , ലഞ്ച് സെവൻ സ്റ്റാറിൽ തന്നെ.
      * * * *

No comments:

Post a Comment