സാമ്പാർ !- കഥ - കെ എ സോളമൻ
ജീവിക്കാൻ മറന്നു പോയ ഒത്തിരി പേരെ ജീവിത പാതയിൽ തലങ്ങും വിലങ്ങും കാണാം. മതാപിതാക്കളുടെ രോഗം, വിവാഹപ്രായമെത്തിയ സഹോദരിമാർ, സഹോദങ്ങളുടെ വിദ്യാഭ്യാസച്ചെലവ്, ഇതൊക്കെ ഓർക്കുമ്പോൾ അധ്വാനിക്കുക അല്ലാതെ സ്വന്തമായി ഒരു കുടുംബം, പലപ്പോഴും അതേക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല.
സ്കൂൾ അധ്യാപകനായ വിശ്വനാഥപണിക്കർ സ്വന്തമായി ഒരു കുടുംബത്തെ ക്കുറിച്ച് ആലോചിക്കാതിരുന്നതിനു കാരണംവീട്ടിലെ ചെലവു തന്നെ. വിവാഹം ചെയ്തയച്ച സഹോദരിയുടെയും കുട്ടികളുടെയും കാര്യം വരെ നോക്കണം. സഹോദരിയുടെ ഭർത്താവിന് വരുമാനമില്ല, എന്തെങ്കിലും വരുമാന കണ്ടെത്തണമെന്ന വിചാരവുമില്ല.എല്ലാം തന്റെ ഒരാളുടെ വരുമാനത്തിൽ നിന്ന് വേണം. കൂട്ടത്തിൽ വിജയകുമാർ സാറിന്റെ ഉപദേശവുമുണ്ട്.
"ഭാര്യ കുട്ടികൾ -വലിയ ബാധ്യതയാണ്.നമ്മുടെ സ്വാതന്ത്യം നഷ്ടപ്പെടും. അവിവാഹിതനായി കഴിയുന്നതിന്റെ സുഖം ഒന്നു വേറെ " വിജയകുമാർ സർ എപ്പോഴും പറയും
സ്കൂളിൽ എത്തുന്ന ദിവസം ഉച്ചഭക്ഷണം സമീപത്തെ ശ്രീകൃഷ്ണവിലാസം പോറ്റി ഹോട്ടലിൽ നിന്നാണ്. "
"പോറ്റിയുടെ സാമ്പാർ -അതു ഗംഭീരമാണ്".
വിജയകുമാർ സാറിന്റെ അഭിപ്രായം ശരിയാണെന്നു പലപ്പോഴും തോന്നി.
സവാള കടുതൽ ചേർത്തുള്ള പോറ്റിയുടെ സാമ്പാറിന് ഇതര സാമ്പാറുകളിൽ നിന്ന് വേറിട്ടാണ് ടേസ്റ്റ്, ഇതു തന്റെയും കൂടി അഭിപ്രായമായതായി പണിക്കർക്കു തോന്നി.
നാൽപത്തഞ്ചു കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തത് എന്തെന്നു പലരും ചോദിക്കും. ഓരോന്നു പറഞ്ഞു ഒഴിവാകും. കൂടെ ജോലി നോക്കുന്ന രമാദേവി ടീച്ചറിനും തന്റെ കാര്യത്തിൽ ഉത്കണ്ഠയുണ്ടെന്ന് പണിക്കർക്ക് തോന്നിയിട്ടുണ്ട് . ടീച്ചർക്കും പത്തു മുപ്പത്തഞ്ചു കഴിഞ്ഞു.
"പണിക്കർ സാറിനെന്താ രമാദേവിയെ വിവാഹം കഴിച്ചാൽ?" ഹെഡ് മിസ്ട്രസ് സരസ്വതിയമ്മ ടീച്ചർ ഒരു ദിവസം ചോദിച്ചെങ്കിലും ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി.
" വെട്ടിൽ വീഴരുത് " വിവരം അറിഞ്ഞപ്പോൾ വിജയകുമാർ സാർ നിരുത്സാഹപ്പെടുത്തി.
"എന്തിന് ഓരോ വയ്യാവേലിയെ എടുത്തു തലേൽ വയ്ക്കണം"
രമാദേവി വയ്യാവേലിയാണോയെന്നു വിജയകുമാർ സാറിനോടു ചോദിച്ചില്ല. രമാദേവിയെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞാലോ?
സ്കൂളിലെ ക്ളാസും വീട്ടിലെ ചെലവുകളും പോറ്റി ഹോട്ടലിലെ ചോറും ദോശയും സാമ്പാറുമായി കാലം കടന്നു പോകവേ ഒരു ദിവസം
" സാറിന്റെ കൂടെ ഞാനും കൂടിക്കോട്ടെ ?"
രമാദേവി പതുങ്ങിയ സ്വരത്തിൽ ചോദിച്ചു
ഇങ്ങനെ ഒരു ചിന്ത രമാദേവിയുടെ മനസ്സിൽ ഉള്ളതായി തനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. ജീവതത്തിൽ ആദ്യമായാണ് ഒരു സ്ത്രീ ഇങ്ങനെ ചോദിക്കുന്നത്.
രമാദേവിയുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാനായില്ല.
ലളിതമായ ചടങ്ങിലൂടെ രമാദേവിയെ കൂടെ കൂട്ടി. സഹകരിച്ചെങ്കിലും വിജയകുമാർ സാറിന്റെ മുഖത്ത് അത്ര സന്തോഷമൊന്നും കണ്ടില്ല. സരസ്വതിയമ്മ ടീച്ചർ വളരെ ഹാപ്പിയായിരുന്നു.
രമാദേവി നന്നായി സാമ്പാറുണ്ടാക്കും. സാമ്പാറിന് ഇത്രയും സ്വാദുണ്ടാകുമായെന്നു മനസ്സിലായത് രമാദേവി ഉണ്ടാക്കിയ സാമ്പാർ കൂട്ടി ഊണുകഴിപ്പോഴാണ്.
" അപ്പോ, പോറ്റി ഹോട്ടലിലെ സാമ്പാർ? "
ആരെങ്കിലും അങ്ങനെ ചോദിച്ചാൽ പണിക്കർ ദ്വേഷ്യം നിയന്ത്രിക്കുകയും മറുപടി പറയുന്നതിൽ നിന്ന് ഒഴിവാകുകയും ചെയ്യും'
- കെ എ സോളമൻ
No comments:
Post a Comment