Tuesday 13 March 2018
ചിട്ടി നടത്തി അമിതലാഭം കൊയ്യുന്ന സര്‍ക്കാര്‍ ഉടമസ്ഥ സ്ഥാപനമണ് കേരളാ സ്‌റ്റേറ്റ് ഫിനാല്‍ഷ്യല്‍ എന്റര്‍പ്രൈസസ് എന്ന കെഎസ്എഫ്ഇ. ഇവിടെ ചിട്ടി ചേര്‍ന്നിട്ടുള്ളവരും ലോണ്‍ എടുത്തിട്ടുള്ളവരും കെഎസ്എഫ്ഇ ബ്‌ളേഡിന്റെ മൂര്‍ച്ച നന്നായി അറിഞ്ഞവരാണ്. ഇവരെയെല്ലാം ഞെട്ടിപ്പിക്കുന്നതാണ് കെഎസ്എഫ്ഇയുടെ ഭാഗത്തു നിന്നുണ്ടായ സ്‌നേഹ സംരംഭം.
കെഎസ്എഫ്ഇയുടെ പണംകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് മുന്‍കൈ എടുത്ത് പാതിരപ്പള്ളിയില്‍ സ്ഥാപിച്ച സ്‌നേഹ ജാലകം സൗജന്യ ഊട്ടുപുരയുടെ കിച്ചന്‍ സൗകര്യങ്ങളും രണ്ടു നില ഭക്ഷണശാലയും നിര്‍മ്മിച്ചത്.
തിരിച്ചടവിന് ഒരുവിധ സാധ്യതയുമില്ലാത്ത സംരംഭത്തിന് വേണ്ടി കെഎസ്എഫ്ഇ കൈവിട്ടു കളിച്ചത് എന്തുകൊണ്ടെന്ന് ഭൂരിപക്ഷം ചിറ്റാളന്മാര്‍ക്കും ബോധ്യം വന്നിട്ടില്ല. പിഴപ്പലിശ ഈടാക്കുന്നതില്‍ തരിമ്പുകാരുണ്യം കാട്ടാത്ത കെഎസ്എഫ്ഇ എന്തു കൊണ്ടിങ്ങനെ ഉദാരമനസ്‌കരായി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.
സൗജന്യ ഭക്ഷണ ശാലയുടെ ഉദ്ഘാടനം അതിഗംഭീരമായാണ് നിര്‍വഹിച്ചത്. എന്‍.എസ്. മാധവന്‍, ഡോ. ഇക്ബാല്‍, എന്‍. മാധവന്‍ കുട്ടി, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, ഇന്ദു മേനോന്‍, ശാരദക്കുട്ടി, ദീപ നിഷാന്ത്, തനൂജ, സുരേഷ് കുറുപ്പ് എംഎല്‍എ, എ.എം. ആരിഫ് എംഎല്‍എ, സുജ സൂസന്‍ ജോര്‍ജ്ജ് തുടങ്ങിയവരൊക്കെ വന്നു. യഥാര്‍ത്ഥ ആവശ്യക്കാര്‍ മാത്രം എത്തിയില്ലായെന്നത് സ്റ്റാര്‍ട്ടിംഗ് ട്രബിളായി കണ്ടാല്‍ മതി.
സൗജന്യ ഭക്ഷണ സംരംഭം നിലനിന്നു പോകുമോയെന്ന് സംഘാടകര്‍ക്കുതന്നെ സംശയമുണ്ട്. തീ കൊളുത്തും മുമ്പേ ചീറ്റിപ്പോയ ഇസ്ലാമിക് ബാങ്കിന്റെ അനുഭവം കൈമുതലായുള്ളതുകൊണ്ട് സൗജന്യ ഊണിന്റെ ഭാവിയെക്കുറിച്ച് സംശയത്തിന് അടിസ്ഥാനമില്ല.
പാവങ്ങള്‍ കൈവിട്ടാല്‍ ഗതികേടിലാകുന്നത് പാതിരപ്പള്ളിയിലെ ഹോട്ടല്‍ തൊഴിലാളികളാണ്. ജനകീയഭക്ഷണ ശാലയില്‍നിന്ന് ഈ തൊഴിലാളികള്‍ക്കു സൗജന്യ ഭക്ഷണം ലഭിക്കുമെന്നു വിചാരിച്ചാല്‍ തന്നെ ഇവരുടെ വീടുകളിലെ കുഞ്ഞുകുട്ടിപരാധീനങ്ങള്‍ എന്താണ് ചെയ്യേണ്ടത്? വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ള ഇത്തരം ക്രമീകരണങ്ങളോട്, ചിന്തിക്കുന്ന വര്‍ക്ക് വിയോജിപ്പുണ്ട്!
നിലവില്‍ സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്തു നടത്തുന്ന ഭക്ഷണ വിതരണം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ സംഭാവനയ്ക്ക് കോര്‍പറേറ്റുകളെ സമീപിക്കും. കെഎസ്എഫ്ഇയുടെ പങ്കാളിത്തം ഈ നിലയില്‍ കാണണം.പണമൊഴുക്കുന്നതിനുള്ള സുഗമമായ ഒരു പുതിയ മാര്‍ഗ്ഗം എന്ന് സൗജന്യ ഭക്ഷണ സംരംഭത്തെ വിശേഷിപ്പിക്കേണ്ടി വരും.
വിശക്കുന്നവരും ദാരിദ്ര്യം അനുഭവിക്കുന്നവരുമാണ് സംരംഭത്തിന്റെ വിജയത്തിന്റെ കാരണമെന്നതിനാല്‍ അവരെ അങ്ങനെതന്നെ നിലനിര്‍ത്തണം എന്ന ഉദ്ദേശ്യവും സംഘാടകര്‍ക്കു കാണണം. എല്ലാവരുടെ വീടുകളിലും കഞ്ഞി വയ്ക്കാനുള്ള സാഹചര്യമുണ്ടാക്കിയാല്‍ സംരംഭം നിലച്ചു പോകും. അതുകൊണ്ട് അതു പാടില്ല, എല്ലാ പാവപ്പെട്ടവരും ഊണു കാലാവുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങി സൗജന്യ ഊട്ടുപുരയിലേക്കു വരണം. കുടുംബ ബന്ധങ്ങള്‍ തകരണം, അച്ഛന്‍ വേലയെടുത്തു കൂലി വാങ്ങി ഭക്ഷണമുണ്ടാക്കി തന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഭക്ഷണം തരാന്‍ ഐസക്ക് സാറുണ്ടെന്ന് കുട്ടികള്‍ അച്ഛനോടും അമ്മയോടും പറയണം.
കെ.എ. സോളമന്‍
ചേര്‍ത്തല
No comments:
Post a Comment