Tuesday, 27 March 2018

ശബ്ദമലിനീകരണം തടയണം

വീടിനു പരിസരത്തെ ശബ്ദമലിനീകരണം നിര്‍ത്തലാക്കാന്‍ കഴിവില്ലാത്ത ഭര്‍ത്താവിനെ വേണ്ടെന്ന് തീരുമാനിച്ച് യുവതി വിവാഹമോചനം ആവശ്യപ്പെട്ടതായി ബീഹാറിലെ ഹാജിപൂരിൽ നിന്നു റിപ്പോർട്ടു ചെയ്യുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് യുവതി മനുഷ്യാവകാശകമ്മീഷനെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിച്ചിരിക്കുകയാണ്.. ഇതു ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ല. കേരളത്തിലെ യുവതികളും ഈ വിധം ചിന്തിച്ചാൽ കേസുകളുടെ വേലിയേറ്റം തന്നെ ഉണ്ടാകും.

മതപരമായ ചടങ്ങുകളുടെ പേരില്‍ കേരളത്തിലെ  തെരുവുകളിൽ  എപ്പോഴും ഉച്ചഭാഷിണികളുടെ ശബ്ദമാണ്. രാഷ്ട്രീയക്കാരുടെ ശബ്ദഘോഷങ്ങൾ പരിധി ലംഘിക്കുന്നു. നിരോധനമുണ്ടെങ്കിലും വാഹനങ്ങളിൽ ചീറിപ്പാഞ്ഞ് അനൗൺസ്മെന്റ് നടത്തുന്നതും വർദ്ധിച്ചു. അടിയന്തിര ഘട്ടമല്ലെങ്കിലും  ആംബുലൻസുകളുടെ ശബ്ദമലനീകരണം പലപ്പോഴും പരിധി ലംഘിക്കുന്നു. സൈലൻസർ നീക്കം ചെയ്ത ബൈക്കുകൾ ഉണ്ടാകുന്ന ശബ്ദം
100 ഡെസിബലിനു മുകളിലാണ്. വെടിക്കെട്ടിനു നിരോധമുണ്ടെങ്കിലും അധികൃതരെ കബളിച്ച് യഥേഷ്ടം നടത്തപ്പെടുന്നു. പ്രായമായവരും രോഗികളും പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടികളും ശബ്ദ ശല്യം മൂലം പൊറുതി മുട്ടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് അധികമാരുംപരാതി നല്കാൻ പോകുന്നില്ലയെന്നതാണ് ശബ്ദമലിനീകരണം യഥേഷ്ടം നടത്താൽ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്. ഇനി അഥവാ പരാതി കൊടുത്താൽ പരാതിക്കാരനെ മോശമായി ചിത്രീകരിക്കുന്നല്ലാതെ
നടപടി ഒന്നുമുണ്ടാകാറുമില്ല.

സർക്കാരിനെ സാമ്പത്തികമായി താങ്ങി നിർത്തുവാൻ നിരന്തര ഹെൽമെറ്റ് വേട്ടയ്ക്കു നിയോഗിച്ചിരിക്കുന്ന പോലീസിനെ ശബ്ദമലനീകരണം തടയുന്നതിനായി മാറ്റി നിയമിച്ചാൽ അതു നാട്ടുകാരോട്  ചെയ്യുന്നവലിയ കാരണ്യ പ്രവർത്തിയാകും, സർക്കാർ ഖജനാവ് നിറയുകയും ചെയ്യും
-കെ എ സോളമൻ

Monday, 12 March 2018

കെഎസ്എഫ്ഇയുടെ സ്‌നേഹ സംരംഭം!


Tuesday 13 March 2018

ചിട്ടി നടത്തി  അമിതലാഭം കൊയ്യുന്ന സര്‍ക്കാര്‍ ഉടമസ്ഥ സ്ഥാപനമണ് കേരളാ സ്‌റ്റേറ്റ് ഫിനാല്‍ഷ്യല്‍ എന്റര്‍പ്രൈസസ് എന്ന കെഎസ്എഫ്ഇ.  ഇവിടെ ചിട്ടി ചേര്‍ന്നിട്ടുള്ളവരും ലോണ്‍ എടുത്തിട്ടുള്ളവരും കെഎസ്എഫ്ഇ ബ്‌ളേഡിന്റെ മൂര്‍ച്ച നന്നായി അറിഞ്ഞവരാണ്. ഇവരെയെല്ലാം ഞെട്ടിപ്പിക്കുന്നതാണ് കെഎസ്എഫ്ഇയുടെ ഭാഗത്തു നിന്നുണ്ടായ സ്‌നേഹ സംരംഭം.

കെഎസ്എഫ്ഇയുടെ  പണംകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് മുന്‍കൈ എടുത്ത് പാതിരപ്പള്ളിയില്‍ സ്ഥാപിച്ച സ്‌നേഹ ജാലകം സൗജന്യ ഊട്ടുപുരയുടെ കിച്ചന്‍  സൗകര്യങ്ങളും രണ്ടു നില ഭക്ഷണശാലയും നിര്‍മ്മിച്ചത്.

തിരിച്ചടവിന് ഒരുവിധ സാധ്യതയുമില്ലാത്ത സംരംഭത്തിന് വേണ്ടി കെഎസ്എഫ്ഇ കൈവിട്ടു കളിച്ചത് എന്തുകൊണ്ടെന്ന് ഭൂരിപക്ഷം ചിറ്റാളന്മാര്‍ക്കും ബോധ്യം വന്നിട്ടില്ല. പിഴപ്പലിശ ഈടാക്കുന്നതില്‍ തരിമ്പുകാരുണ്യം കാട്ടാത്ത കെഎസ്എഫ്ഇ എന്തു കൊണ്ടിങ്ങനെ ഉദാരമനസ്‌കരായി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

സൗജന്യ ഭക്ഷണ ശാലയുടെ ഉദ്ഘാടനം അതിഗംഭീരമായാണ് നിര്‍വഹിച്ചത്. എന്‍.എസ്. മാധവന്‍, ഡോ. ഇക്ബാല്‍, എന്‍. മാധവന്‍ കുട്ടി, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, ഇന്ദു മേനോന്‍, ശാരദക്കുട്ടി, ദീപ നിഷാന്ത്, തനൂജ, സുരേഷ് കുറുപ്പ് എംഎല്‍എ,  എ.എം.  ആരിഫ് എംഎല്‍എ, സുജ സൂസന്‍ ജോര്‍ജ്ജ് തുടങ്ങിയവരൊക്കെ വന്നു. യഥാര്‍ത്ഥ ആവശ്യക്കാര്‍ മാത്രം എത്തിയില്ലായെന്നത് സ്റ്റാര്‍ട്ടിംഗ് ട്രബിളായി കണ്ടാല്‍ മതി.

സൗജന്യ ഭക്ഷണ സംരംഭം നിലനിന്നു പോകുമോയെന്ന് സംഘാടകര്‍ക്കുതന്നെ സംശയമുണ്ട്. തീ കൊളുത്തും മുമ്പേ ചീറ്റിപ്പോയ ഇസ്ലാമിക് ബാങ്കിന്റെ അനുഭവം കൈമുതലായുള്ളതുകൊണ്ട് സൗജന്യ ഊണിന്റെ ഭാവിയെക്കുറിച്ച് സംശയത്തിന് അടിസ്ഥാനമില്ല.

പാവങ്ങള്‍ കൈവിട്ടാല്‍ ഗതികേടിലാകുന്നത് പാതിരപ്പള്ളിയിലെ ഹോട്ടല്‍ തൊഴിലാളികളാണ്. ജനകീയഭക്ഷണ ശാലയില്‍നിന്ന് ഈ തൊഴിലാളികള്‍ക്കു സൗജന്യ ഭക്ഷണം ലഭിക്കുമെന്നു വിചാരിച്ചാല്‍ തന്നെ ഇവരുടെ വീടുകളിലെ കുഞ്ഞുകുട്ടിപരാധീനങ്ങള്‍ എന്താണ് ചെയ്യേണ്ടത്? വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ള ഇത്തരം ക്രമീകരണങ്ങളോട്, ചിന്തിക്കുന്ന വര്‍ക്ക് വിയോജിപ്പുണ്ട്!

നിലവില്‍ സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്തു നടത്തുന്ന ഭക്ഷണ വിതരണം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ സംഭാവനയ്ക്ക് കോര്‍പറേറ്റുകളെ സമീപിക്കും. കെഎസ്എഫ്ഇയുടെ പങ്കാളിത്തം ഈ നിലയില്‍ കാണണം.പണമൊഴുക്കുന്നതിനുള്ള സുഗമമായ ഒരു പുതിയ മാര്‍ഗ്ഗം എന്ന് സൗജന്യ ഭക്ഷണ സംരംഭത്തെ വിശേഷിപ്പിക്കേണ്ടി വരും.

വിശക്കുന്നവരും ദാരിദ്ര്യം  അനുഭവിക്കുന്നവരുമാണ് സംരംഭത്തിന്റെ വിജയത്തിന്റെ കാരണമെന്നതിനാല്‍ അവരെ അങ്ങനെതന്നെ നിലനിര്‍ത്തണം എന്ന ഉദ്ദേശ്യവും സംഘാടകര്‍ക്കു കാണണം. എല്ലാവരുടെ വീടുകളിലും കഞ്ഞി വയ്ക്കാനുള്ള സാഹചര്യമുണ്ടാക്കിയാല്‍ സംരംഭം നിലച്ചു പോകും. അതുകൊണ്ട് അതു പാടില്ല, എല്ലാ പാവപ്പെട്ടവരും ഊണു കാലാവുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങി സൗജന്യ ഊട്ടുപുരയിലേക്കു വരണം. കുടുംബ ബന്ധങ്ങള്‍ തകരണം, അച്ഛന്‍ വേലയെടുത്തു കൂലി വാങ്ങി ഭക്ഷണമുണ്ടാക്കി തന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഭക്ഷണം തരാന്‍ ഐസക്ക് സാറുണ്ടെന്ന് കുട്ടികള്‍ അച്ഛനോടും അമ്മയോടും പറയണം.

കെ.എ. സോളമന്‍

ചേര്‍ത്തല

Thursday, 8 March 2018

സാമ്പാർ - കഥ

സാമ്പാർ !- കഥ - കെ എ സോളമൻ

ജീവിക്കാൻ മറന്നു പോയ ഒത്തിരി പേരെ ജീവിത പാതയിൽ തലങ്ങും വിലങ്ങും കാണാം. മതാപിതാക്കളുടെ രോഗം, വിവാഹപ്രായമെത്തിയ സഹോദരിമാർ, സഹോദങ്ങളുടെ  വിദ്യാഭ്യാസച്ചെലവ്, ഇതൊക്കെ ഓർക്കുമ്പോൾ അധ്വാനിക്കുക അല്ലാതെ സ്വന്തമായി ഒരു കുടുംബം, പലപ്പോഴും അതേക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല.

സ്കൂൾ അധ്യാപകനായ വിശ്വനാഥപണിക്കർ സ്വന്തമായി ഒരു കുടുംബത്തെ ക്കുറിച്ച് ആലോചിക്കാതിരുന്നതിനു കാരണംവീട്ടിലെ ചെലവു തന്നെ. വിവാഹം ചെയ്തയച്ച സഹോദരിയുടെയും കുട്ടികളുടെയും കാര്യം വരെ നോക്കണം. സഹോദരിയുടെ  ഭർത്താവിന് വരുമാനമില്ല, എന്തെങ്കിലും വരുമാന കണ്ടെത്തണമെന്ന വിചാരവുമില്ല.എല്ലാം തന്റെ ഒരാളുടെ വരുമാനത്തിൽ നിന്ന് വേണം. കൂട്ടത്തിൽ വിജയകുമാർ സാറിന്റെ ഉപദേശവുമുണ്ട്.

"ഭാര്യ കുട്ടികൾ -വലിയ ബാധ്യതയാണ്.നമ്മുടെ സ്വാതന്ത്യം നഷ്ടപ്പെടും.  അവിവാഹിതനായി കഴിയുന്നതിന്റെ സുഖം ഒന്നു വേറെ " വിജയകുമാർ സർ എപ്പോഴും പറയും

സ്കൂളിൽ എത്തുന്ന ദിവസം ഉച്ചഭക്ഷണം സമീപത്തെ ശ്രീകൃഷ്ണവിലാസം പോറ്റി ഹോട്ടലിൽ നിന്നാണ്. "
"പോറ്റിയുടെ സാമ്പാർ -അതു ഗംഭീരമാണ്". 
വിജയകുമാർ സാറിന്റെ അഭിപ്രായം ശരിയാണെന്നു പലപ്പോഴും തോന്നി.

സവാള കടുതൽ ചേർത്തുള്ള പോറ്റിയുടെ സാമ്പാറിന് ഇതര സാമ്പാറുകളിൽ നിന്ന് വേറിട്ടാണ് ടേസ്റ്റ്, ഇതു തന്റെയും കൂടി അഭിപ്രായമായതായി പണിക്കർക്കു തോന്നി.

നാൽപത്തഞ്ചു കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തത് എന്തെന്നു പലരും ചോദിക്കും. ഓരോന്നു പറഞ്ഞു ഒഴിവാകും. കൂടെ ജോലി നോക്കുന്ന രമാദേവി ടീച്ചറിനും തന്റെ കാര്യത്തിൽ ഉത്കണ്ഠയുണ്ടെന്ന് പണിക്കർക്ക് തോന്നിയിട്ടുണ്ട് . ടീച്ചർക്കും പത്തു മുപ്പത്തഞ്ചു കഴിഞ്ഞു.

"പണിക്കർ സാറിനെന്താ രമാദേവിയെ വിവാഹം കഴിച്ചാൽ?" ഹെഡ് മിസ്ട്രസ് സരസ്വതിയമ്മ ടീച്ചർ ഒരു ദിവസം ചോദിച്ചെങ്കിലും ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി.

" വെട്ടിൽ വീഴരുത് " വിവരം അറിഞ്ഞപ്പോൾ വിജയകുമാർ സാർ നിരുത്സാഹപ്പെടുത്തി. 
"എന്തിന് ഓരോ വയ്യാവേലിയെ എടുത്തു തലേൽ വയ്ക്കണം" 
രമാദേവി വയ്യാവേലിയാണോയെന്നു വിജയകുമാർ സാറിനോടു ചോദിച്ചില്ല. രമാദേവിയെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞാലോ?

സ്കൂളിലെ ക്ളാസും വീട്ടിലെ ചെലവുകളും പോറ്റി ഹോട്ടലിലെ ചോറും ദോശയും സാമ്പാറുമായി കാലം കടന്നു പോകവേ ഒരു ദിവസം
" സാറിന്റെ കൂടെ ഞാനും കൂടിക്കോട്ടെ ?"
രമാദേവി പതുങ്ങിയ സ്വരത്തിൽ ചോദിച്ചു

ഇങ്ങനെ ഒരു ചിന്ത രമാദേവിയുടെ മനസ്സിൽ ഉള്ളതായി തനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. ജീവതത്തിൽ ആദ്യമായാണ് ഒരു സ്ത്രീ ഇങ്ങനെ  ചോദിക്കുന്നത്.

രമാദേവിയുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാനായില്ല.

ലളിതമായ ചടങ്ങിലൂടെ രമാദേവിയെ കൂടെ കൂട്ടി. സഹകരിച്ചെങ്കിലും  വിജയകുമാർ സാറിന്റെ മുഖത്ത് അത്ര സന്തോഷമൊന്നും കണ്ടില്ല. സരസ്വതിയമ്മ ടീച്ചർ വളരെ ഹാപ്പിയായിരുന്നു.

രമാദേവി നന്നായി സാമ്പാറുണ്ടാക്കും. സാമ്പാറിന് ഇത്രയും സ്വാദുണ്ടാകുമായെന്നു മനസ്സിലായത് രമാദേവി ഉണ്ടാക്കിയ സാമ്പാർ കൂട്ടി ഊണുകഴിപ്പോഴാണ്.

" അപ്പോ, പോറ്റി ഹോട്ടലിലെ സാമ്പാർ? "
ആരെങ്കിലും അങ്ങനെ ചോദിച്ചാൽ പണിക്കർ ദ്വേഷ്യം നിയന്ത്രിക്കുകയും മറുപടി പറയുന്നതിൽ നിന്ന് ഒഴിവാകുകയും ചെയ്യും'
- കെ എ സോളമൻ

Tuesday, 6 March 2018

തൃപുര വഴി കേരളത്തിലോട്ട്

ത്രിപുരയിലെ കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവനായി ബിജെപിയിലേക്ക് പോയതാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടത്തിൽ മാർക്സിസ്റ്റു സഖാക്കന്മാരും ബി. ജെ.പിക്കു വേrട്ടു ചെയ്തത് അവരുടെ വിജയം എളുപ്പമാക്കി എന്നുകൂടി പറയാമായിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കണ്ടെത്തലാണ് ഇതിലും വിചിത്രം. കോർപറേറ്റുകൾ ഒന്നടങ്കം ബി.ജെ.പിക്കു വേണ്ടി പണമെറിഞ്ഞതാണ് സി പി എമ്മിന്റ പരാജയത്തിനു കുരണമായി  അദ്ദേഹം കാണുന്നത് . കോർപറേറ്റ് പണത്തിന്റെ കാര്യത്തിൽ മാർക്സിസ്റ്റു പാർട്ടിയും മോശക്കാരല്ലല്ലോ ? ത്രിപുരയിൽ വേരോട്ടമില്ലാത്തിനാലാകണം യുസഫലി, രവി പിള്ള തുടങ്ങിയ കോർപറേറ്റുകളുടെ മണി പവർ അവിടെ ഏശാതെ പോയത് .

വോട്ടിംഗ് മെഷീനെ പഴിചാരലായിരുന്നു പരാജയത്തിന് വ്യാഖ്യാനമായി നാളിതുവരെ സ്വീകരിച്ചു പോന്നത്. പക്ഷെ ഈ ന്യായവാദം വെള്ളം തൊടാതെ വിഴുങ്ങാൻ ആളെ കിട്ടാതായതു കൊണ്ടാണ് ഇക്കുറി കോർപറേറ്റുകളെ പിടിച്ചത്. ത്രിപുരയിൽ പണമെറിഞ്ഞ കോർപറേറ്റുകളെക്കുറിച്ച് അറിയാമെങ്കിൽ അവരുടെ പേരുവിവരം വെളിപ്പെടുത്തുവാനുള്ള ആർജവം സെക്രട്ടറി കാണിക്കേണ്ടതായിരുന്നു. കോർപ്പറേറ്റുകൾ ആരുതന്നെ ആയാലും അവരിൽ റിലയൻസ് മുതലാളി മുകേഷ് അംബാനി ഇല്ലെന്നു തന്നെ ഉറപ്പിക്കാം കേബിൾ കഴിച്ചിടുന്ന കാര്യത്തിൽ അംബാ നിയുമായി ചങ്ങാത്ത മുള്ള കാര്യം സംസ്ഥാന രഹസ്യമൊന്നുമല്ലല്ലോ?

ത്രിപുരയില്‍ പരാജയം നേരിട്ടെങ്കിലും സിപിഎമ്മിന്റെ ജനകീയ അടിത്തറ നഷ്ടപ്പെട്ടിട്ടില്ല എന്ന കണ്ടെത്തൽ ആശ്വാസദായകമാണ്. ഇതു തന്നെയല്ല ബംഗാളിനെപ്പറ്റിയും പറഞ്ഞു കൊണ്ടിരുന്നത്‌? ബംഗാളിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ മെമ്പേഴ്സിന് യാതൊരു വിധ കുറവും സംഭവിച്ചിട്ടില്ല.

ത്രിപുരയിലെ സംഭവ വികാസത്തിൽ പാഠം പഠിക്കാതെ പഴയ പടി അക്രമവും അശാന്തിയും അഴിമതി മൂടിവെയ്ക്കലും തുടർന്നാൽ കേരളവും ബംഗാൾ- ത്രിപുര മോഡൽ പിന്തുടരുമെന്ന് കേരളത്തിലെ സൗജന്യ ഭക്ഷണ സഖാക്കൾ ഉൾപ്പെടെയുള്ള എല്ലാ പാർട്ടിക്കാരും മനസ്സിലാക്കിയാൽ കൊള്ളാം.
- കെ എ സോളമൻ