അക്കാലത്താണ് നയാപ്പൈസ എന്ന നാണയം ആവിര്‍ഭവിച്ചത്. ഒരണയും അരയണയുമെല്ലാം നയാപ്പൈസയിലേക്ക് രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്ന കാലം. ഒരണയ്ക്കു ആറ് നായാപ്പൈസ കിട്ടും, 16അണ ഉണ്ടെകില്‍ ഒരുരൂപയാകും, അല്ലെങ്കില്‍ നൂറു പൈസ മതിയാവും ഒരു രൂപയ്ക്ക്. 16 അണ 96 പൈസയല്ലേ വരൂ, ബാക്കി നാലുപൈസ ആരു തരുംഎന്ന ചോദ്യത്തിനു യു പി സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നഞങ്ങള്‍ക്കു കൃത്യമായ മറുപടി ഇല്ലായിരുന്നു. ഞങ്ങളെപ്പോലുള്ള വിദ്യാര്‍ഥികളോട് ചോദിച്ചാണ് ഞങ്ങളുടെ അത്രയും ഉന്നത വിദ്യാഭ്യാസമില്ലാത്ത നാട്ടുകാരില്‍ ചിലര്‍ അണ-പൈസ കണക്ക് മനസ്സിലാക്കിയിരിന്നത്. നാട്ടുകാര്‍ക്ക് അന്ന് അണ യോടായിരുന്നു കൂടുതല്‍ ഇഷ്ടം.
പക്ഷേ സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് പറയാന്‍ ഉദ്ദേശിച്ച കഥ ഇതല്ല. അല്ലെങ്കില്‍ തന്നെ ഈ അണ-പൈസ കണക്ക് കേള്‍ക്കാന്‍ ആര്‍ക്കാണു അന്നും ഇന്നും തല്‍പ്പര്യം?
പട്ടിണിയില്‍ പൊതിഞ്ഞ ദാരിദ്ര്യമായിരുന്നു അന്ന് വീട്ടില്‍ എന്നു ഇതിനുമുന്‍പും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതാണ്.കേട്ടുകേട്ടു നിങ്ങള്ക്ക് ബോറടി തോന്നുണ്ടാവും. എങ്കിലും സത്യം പറയട്ടെ എനിക്കു ഏറെയും പറയാനുള്ളത് ഇത്തരം കഥകളാണ്. തമാശ പറഞ്ഞു വിശപ്പ് മറക്കുന്നത് ഞങ്ങളുടേ ഒരു താമാശയായിരുന്നു!
തൊട്ടയല്‍പക്കവീട് ഒരിടത്തരം പ്രമാണിയുടെതാണ്, ലോനന്‍ കുട്ടിയെന്നാണ് പേര്. ഭാര്യയും മകനും മകളും, കൂടെ വിഭാര്യനായ ചേട്ടനും. പഴയ പ്രതാപത്തിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്നതിനാല്‍ ചെറിയ ജോലികളൊന്നും ഇവര്‍ ചെയ്യില്ല, മക്കളെ ചെയ്യാന്‍ അനുവദിക്കുകയുമില്ല. അത്തരം ജോലികള്‍ ചെയ്യാന്‍ ഞങ്ങളെപ്പോലെ ഒത്തിരിപ്പേരുണ്ട്. എന്തെങ്കിലും ജോലി കിട്ടണേ എന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. പശുവിന് പുല്ലുപറിച്ചുകൊണ്ടുവരുക, വൈക്കോല്‍ ഇട്ടുകൊടുക്കക, വെള്ളം നിറക്കുക, ചന്തയില്‍പോവുക ഇതൊക്കെയാണ് ജോലി. കൂലിയായിട്ടു മിക്കപ്പോഴും ഭക്ഷണമാണ്, എന്നാല്‍ ചന്തയില്‍പ്പോയി സാധനങ്ങള്‍ ചുമന്നുകൊണ്ടുവന്നാല്‍ അരയണ, ഒരണ എന്നിങ്ങനെ കൂലിതരും.
വീട്ടിലെ പട്ടിണിവെച്ചു നോക്കുമ്പോള്‍ ഇങ്ങനെകിട്ടുന്ന ഒരണ വലിയ ആശ്വാസമായിരുന്നു. ഒരണത്തുട്ട് വലതു കൈ വെള്ളയില്‍ അമര്‍ത്തിപ്പിടിച്ചു അമ്മയുടെ മുന്നിലെത്തി തുറന്നു കാണിക്കുന്നത് എനിക്കു ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. അമ്മയുടെ മുഖം തെളിയുമെങ്കിലും എന്തോ ആലോചിച്ചെന്നമട്ടില്‍ പെട്ടെന്നുമ്ലാനമാകും. എന്നെ ചേര്‍ത്തുനിര്‍ത്തി, കൈവിരലുകള്‍ കൊണ്ട് മുടിയില്‍തലോടും. “ എന്റെ കുഞ്ഞ് ഇങ്ങനെയൊന്നും ചെയ്യേണ്ടവനല്ല” എന്ന ആശ്വാസമാണ് ആ തലോടല്‍ എന്നു ഞാന്‍ ശരിക്കും അറിഞ്ഞിരുന്നു.
ഞങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുപട്ടിയായിരുന്നു ചിപ്പി. അവളുടെ യഥാര്‍ത്ഥ പേര് അതല്ല. ശരിക്കുമുള്ള പേരിന് നിലവിലെ ഒരു രാഷ്ട്രീയ നേതാവിന്റെ പേരിനോട് സാദൃശ്യമുണ്ടെന്ന് ഏതെങ്കിലും അനുയായിക്ക് തോന്നിയാ ലുണ്ടാവുന്ന പുലിവാല് കരുതിയാണ് പേര് ഇങ്ങനെമാറ്റുന്നത്. തീരെ സഹിഷ്ണുത കുറവാണല്ലോ ഇക്കാലത്ത് രാഷ്ടീയപാര്‍ടികളുടെ അനുയായികള്‍ക്ക്.
ചിപ്പിക്ക് ഞങ്ങള്‍ എല്ലാവരോടുംവലിയ ഇഷ്ടമാണ്, എങ്കിലും എന്നൊടാണു കൂടുതല്‍ ഇഷ്ടമെന്ന് ഞാന്‍ ടെസ്ട് ചെയ്തു കണ്ടുപിടിച്ചിരുന്നു. പട്ടിക്കൂടും തുടലും ഒന്നുമില്ലാത്തതിനാല്‍ അവള്‍ക്ക് യെഥേഷ്ടം എവിടേയും പോകാം. ഞാന്‍ എവിടെപ്പോയാലും അവള്‍ എന്നെ പിന്തുടരും, ഞാനും ചേട്ടനും ഒരുമിച്ച് പുറത്തിറങ്ങിയാല്‍ അവള്‍ എന്റെ കൂടെയാണ് കൂടുക. സ്കൂളില്‍ പോകുമ്പോഴും ചന്തയില്‍ പോകുമ്പോഴുമെല്ലാം അവള്‍ കൂടെയുണ്ടാകും. ഒരു ദിവസമല്ല പലദിവസങ്ങള്‍ ഞാന്‍ ക്ലാസ് വിട്ടു വരുന്നതും നോക്കി അവള്‍ സ്കൂള്‍ മീറ്റത്തുകാത്തിരുന്നൂട്ടുണ്ട്. പെണ്‍പട്ടി ആയതു മറ്റുപട്ടികള്‍ അവളെ ശല്യം ചെയ്യാറില്ല
എന്‍റെകൂടെയുള്ള അവളുടെ സ്കൂളില്‍പോക്ക് ഒഴിവാക്കാന്‍ ഞാന്‍ വഴുകപ്പിരികൊണ്ട് വളയമുണ്ടാക്കി വീട്ടിലെ നാരകമരത്തില്‍ കെട്ടിയിടും. വഴുകാപ്പിരിയില് കെട്ടിയ കയര്‍ കടിച്ചുപൊട്ടിച്ച് സ്കൂളില്‍ പോകാം പറ്റും എന്നവള്‍ വൈകാതെ മനസ്സിലാക്കി. എത്ര ദാരിദ്യ്രമാണെങ്കിലും നായ അതിന്റെ യജമാനനെ ഉപേക്ഷിച്ചുപോവില്ലായെന്ന് അന്നെ ഞാന്‍ മനസ്സിലാക്കിയതാണ്. വന്‍ മുതലാളികള്‍ മാത്രമല്ലാ തെരുവുവിലെ ഭിക്ഷക്കാരും പട്ടികളെ വളര്‍ത്താറില്ലേ? . ഉപാധികളില്ലാത്ത സ്നേഹം എന്തെന്ന് ഒരു പട്ടികാണിച്ചു തരും. ഇങ്ങനെ ഒരുകഴിവു മനുഷ്യനു ഉണ്ടായിരുന്നെങ്കില്‍?
മുണ്ട് ഞാന്‍ മുറുക്കിയുടുത്തു. വീടെത്തുന്നതുവരെ മുണ്ട് ഉരിഞ്ഞുപോകരുതല്ലോ? അണകൈയ്യിലും അരിവട്ടി തലയിലുമായി ഞാന്‍ മെല്ലെനടന്നു. ചിപ്പിയോടുഞാന്‍ സംസാരിച്ചുകൊണ്ടിരുന്നു. പറയുന്നതു മനസ്സിലായിട്ടെന്നവണ്ണം അവള്‍ തലയുയര്‍ത്തി നോക്കുന്നത് എനിക്കുകാണാം. പെട്ടെന്നാണ് അത് സംഭവിച്ചത് .
എന്റെ ചിപ്പിക്കുട്ടി ആരെയും കടിക്കില്ല. എങ്കിലും അവളുടെ കൂര്‍ത്ത പല്ല് ആഴത്തില്‍ അമര്‍ന്നതിന്റെ ഒരുഅടയാളം മായാതെ ഇപ്പൊഴും എന്റെ ഇടത്തു കൈത്തണ്ടയിലുണ്ട്. കുഴപ്പം എന്റേത് തന്നെ. ഒരു മത്തിത്തല നൂലില്‍ കെട്ടിയാട്ടി അവളെ ഞാന്‍ പ്രോലോഭിപ്പിച്ചു. പല പ്രാവശ്യം ശ്രമിച്ചിട്ടും അവള്‍ പരാജയപ്പെട്ടു. ഒടുവിലെത്തെ ചാട്ടത്തില്‍ പിടുത്തം എന്റെ കൈത്തണ്ടയിലായിരുന്നു. അമ്മയുടെ വക അവള്‍ക്ക് കെട്ടുംചൂലിന് കണക്കിനു കിട്ടുകയും ചെയ്തു. മുറിവു ബാര്‍സോപ്പിട്ടു കഴുകി അമ്മയാണ് ചുമന്നുള്ളി കാച്ചി മുറിവില്‍ അമര്‍ത്തിയത്. മുറിവുണങ്ങിയെങ്കിലും പാട് ഇന്നും അവശേഷിക്കുന്നു.
അന്ന് അരിവാങ്ങാന്‍ പോകേണ്ട ദിവസം ആയിരുന്നു. ഒരണ എന്ന കൂലി അയല്‍ക്കാരന്റെ 10 റാത്തല്‍ അരിവാങ്ങാന്‍എന്നെ എന്നും പ്രോലോഭിച്ചിരുന്നു. ഒരുകിലോമീറ്റര്‍ അകലെയാണ് കടക്കരപ്പള്ളി ചന്ത. ഞങ്ങളുടെ താമസം പട്ടണക്കാട് പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍. പട്ടണക്കാട് പഞ്ചായ്ത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഡാണ് ആറാം വാര്‍ഡ് എന്നെനിക്ക് തോന്നിയിരുന്നു. അതെന്തുകൊണ്ടെന്ന കാരണമൊന്നും ഞാന്‍ അന്വേഷിച്ചിട്ടില്ല.
ഇരു പഞ്ചായത്തുകളെയും വേര്‍തിരിക്കുന്നു ഒരു തോടുണ്ട്, തോടിനുകുറുകെ ചന്തപ്പാലം. പാലത്തിന് ഇരുവശവും 16 പടിവീതം. പതിനേഴാമത്തെ പടി പാലത്തിന്റെ തട്ട്. അതുകൊണ്ടു മറ്റുള്ളവര്‍ 17 പടിയെന്ന് പറയുമ്പോഴും എനിക്കു പതിനാറു പടിയുള്ളതായിട്ടേ പാലത്തെ കാണാനാവുമായിയിരുന്നുള്ളൂ. പാലത്തിന്റെ കീഴെ കല്‍ത്തട്ടുണ്ട്. അപൂര്‍വമായി ചിലര്‍ ഈ തട്ടില്‍ ഇരുന്നു ചൂണ്ടയിടും.
വട്ടിയുമെടുത്ത് ഞാന്‍ ഇറങ്ങും മുമ്പേ ചീപ്പിയും കൂടെ ഇറങ്ങി. സ്കൂളിലേക്കല്ലല്ലോ, പോരട്ടെന്നു ഞാനും കരുതി. അരി കടലാസ് കൂടില്‍ നിറച്ചു വട്ടിയിലാക്കി തലയില്‍ വെച്ചുതരുകയാണ് അയലക്കാരന്റെ രീതി. അയ്യാള്‍ കുറച്ചുകഴിഞ്ഞുമാത്രമേ ചന്തയില്‍ നിന്നു പോരൂ. അരിവട്ടി തലയില്‍ വെച്ചുതരുന്ന കൂട്ടത്തില്‍ ഒരണകൂടി തരാന്‍ അയ്യാള്‍ മറക്കാറില്ല, അടുത്തതവണ അരി ചുമക്കാന്‍ വന്നില്ലെങ്കിലോ? ഇന്നത്തെപ്പോലെ ബാലാവകാശ സംരക്ഷണക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വീട്ടിലെ പട്ടിണിമാറ്റുന്നതിന് ചെറിയ സഹായം ചെയ്യാന്‍ ഞങ്ങള്‍ കുട്ടികള്‍ക്കും കഴിഞ്ഞിരുന്നു.
ഞങ്ങള്‍ പാലത്തിനടുത്തെത്തിയതും ചിപ്പിയെ കണ്ടു വിറളിപിടിച്ച ഒരു ചന്തപ്പട്ടി അവള്‍ക്ക് നേരെ പാഞ്ഞടത്തു. പേടിച്ച് പോയ അവള്‍ വന്നിടിച്ചത് എന്റെ കാല്‍മുട്ടിലായിരുണ്. വട്ടിഒരുവഴി, അരി മറ്റൊരുവഴി, ഞാന്‍ പിന്നൊരുവഴി. അരിയെല്ലാം വഴിയില്‍ തൂവി. നിലത്തിരുന്നു അരി വാരിക്കൂട്ടിയെടുക്കാന്‍ വിഫലശ്രമം നടത്തവേ വിവരം അരിഞ്ഞെത്തിയ അരിയുടെ ഉടമ എന്റെ വലതുകാല്‍തുടയില്‍ ആഞ്ഞടിക്കുകയും എന്റെചിപ്പിക്കുട്ടിയെ ചവുട്ടി ഓടിക്കകയും ചെയ്തു. എനിക്കു കിട്ടിയ അടിയേക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു അവള്‍ക്ക് കിട്ടിയ പ്രഹരം എന്നു അവളുടെ നിലവിളിയില്‍ നിന്നു ഞാന്‍ മനസ്സിലാക്കി. അരിയും വട്ടിയും ഉപേക്ഷിച്ചു ഞാന്‍ ചിപ്പിയുടെ പുറകെ ഓടി. ചൂണ്ടക്കാര്‍ ഇരിക്കുന്ന കല്‍തട്ടിലിരുന്നു നിലച്ചുപോയ ശ്വാസം വീണ്ടെടുക്കാന്‍ അവള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവളെകെട്ട്പ്പിടിച്ചു പാലത്തിന് കീഴെ ഇരുന്നു ഞാന്‍ കരഞ്ഞൂ. അപ്പോഴും ഒരണത്തുട്ട് ഇടുതുകയ്യില്‍ ഞാന്‍ മുറുകെ പിടിച്ചിരുന്നു!
-കെ എ സോളമന്‍
No comments:
Post a Comment