Thursday, 30 October 2014

ഇത് ഉപദേശികളുടെ കാലം


കെ.എ. സോളമന്‍
October 30, 2014

currency-of-keralaഒരു ഉപദേശിയുടെ കഥ ഇങ്ങനെ: മറ്റുള്ളവരെ ഉപദേശിച്ചാണ് അദ്ദേഹം രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. സഹായം വിദേശ കറന്‍സിയിലും സ്വീകരിക്കും.
ബൈബിളാണ് എല്ലാവിധ ഉപദേശത്തിനും ആധാരം. നരകം, പാതാളം, കാന്‍സര്‍, എബോള, മരണം- ഇവയൊക്കെ ഉപദേശ പ്രസംഗത്തില്‍ ഒഴിച്ചുകൂട്ടാന്‍ വയ്യാത്ത വാക്കുകളാണ്.
ഒരുദിവസം ഉപദേശി കരുതി ബൈബിളിലെ പ്രധാന വാചകങ്ങള്‍ അടിവരയിട്ടു സൂക്ഷിച്ചാല്‍ നന്നെന്ന്. അങ്ങനെയെങ്കില്‍ പ്രസംഗം എളുപ്പമാകും.
പുതിയ നിയമം തുറന്നുവെച്ച് ഒന്നാമത്തെ വാചകം വായിച്ചു. വളരെ ഇംപോര്‍ട്ടന്റ് വാചകം, അതു വരയിട്ടു. രണ്ടാമത്തെ വാചകം, അതും ഇംപോര്‍ട്ടന്റുതന്നെ, വരയിടാതെ നിര്‍വാഹമില്ല. മൂന്നും നാലുമെല്ലാം പ്രധാനപ്പെട്ടവതന്നെ. അങ്ങനെ ബൈബിള്‍ വായിച്ചുതീര്‍ന്നപ്പോള്‍ മൊത്തം അടിവരയായി.
ഇക്കാലത്ത് സെലിബ്രിറ്റി ഉപദേശകര്‍ക്ക് വിശുദ്ധഗ്രന്ഥം, ഗീത, ഖുറാന്‍ പോലുള്ളവയുടെ സഹായം ആവശ്യമില്ല. അവര്‍ക്കെല്ലാം അനുഭവമാണ് ഗുരു. സെലിബ്രിറ്റി ഉപദേശികളില്‍ പാട്ടുകാരും സിനിമാനടന്മാരുമുണ്ട്. സ്ത്രീകളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ ഉപദേശിച്ചു കീഴ്‌പ്പെടുത്തുകയെന്നതാണ് ഇവരുടെ രീതി.
ഈയിടെ ശ്രദ്ധിക്കപ്പെട്ട മുഖ്യ ഉപദേശം ആസ്ഥാനഗായകന്‍ കെ.ജെ. യേശുദാസിന്റേതായി കേട്ടതാണ്. പെണ്‍ ജീന്‍സിന്റെ പാര്‍ശ്വ-പശ്ചാത്തല വീക്ഷണം സംബന്ധിച്ച് ഉപദേശം വന്നതോടെ ജീന്‍സിട്ടു നടക്കുന്ന മരുമക്കള്‍വരെ അദ്ദേഹത്തിന് എതിരായി. അമ്മായിയപ്പന് കൃത്യസമയത്ത് ഓട്‌സ് കലക്കിക്കൊടുക്കുന്നതു നിര്‍ത്തി.
ആസ്ഥാനഗായകന്‍ ഉപദേശിച്ചു വായ് പൂട്ടിയില്ല അതാ വരുന്നു മെഗാ കൂളിംഗ് ഗ്ലാസ് നടന്റെ ഉപദേശം ഇടിവാളായി. ടിയാന്റെ ഉപദേശവും പെണ്ണുങ്ങളോടുതന്നെ.
കുട്ടികള്‍ക്ക് വീട്ടില്‍ ആഹാരം പാകംചെയ്തുകൊടുക്കാന്‍ പറ്റാത്ത സ്ത്രീകള്‍ പ്രസവിക്കാന്‍ പാടില്ലെന്നാണ് മെഗായുടെ ഉപദേശം. ഇത്തരം സ്ത്രീകളെ പ്രസവിക്കാന്‍ അനുവദിക്കരുെതന്ന് പുരുഷന്മാരെ ഉപദേശിക്കാമായിരുന്നെങ്കിലും അതുചെയ്യാതെ സ്ത്രീകളെത്തന്നെ ഉപദേശിക്കുകയായിരുന്നു.
ശാസ്ത്രവിഷയങ്ങളില്‍ ജ്ഞാനം പോരാത്തതിനാലാവണം, പ്രസവിക്കുന്നതിന് പകരം സ്ത്രീകള്‍ ‘അണ്ഡം മരവിപ്പിച്ചു’വെച്ചാല്‍ മതിയെന്ന് പറയാതിരുന്നത്.
മെഗായുടെ അഭിപ്രായത്തില്‍ പ്ലാസ്റ്റിക് പൊതിയിലെ ആഹാരം, പൈപ്പുവെള്ളം ഇവയെല്ലാം കാന്‍സറിന് കാരണമാണ്. അതുകൊണ്ട് അദ്ദേഹം സ്വന്തം വീട്ടിലെ കിണര്‍വെള്ളം മാത്രമേ എവിടെപ്പോയാലും കുടിക്കൂ.
കുടിക്കാന്‍ കിണര്‍വെള്ളം, ശ്വസിക്കാന്‍ ശുദ്ധവായു, കഴിയ്ക്കാന്‍ കിലോ 150 രൂപ വിലയുള്ള ജൈവ ചെട്ടിവിരുപ്പു അരി- കാന്‍സര്‍ തിരിഞ്ഞുനോക്കില്ല. മമ്മൂട്ടിയുടെ രീതി ഇങ്ങനെയാണ്.
പക്ഷെ അദ്ദേഹം പോളിസ്റ്ററില്‍ തയ്യാറാക്കിയ കുട്ടിയുടുപ്പു ധരിക്കും. ചൊറിച്ചിലിനു കാരണമാകുന്ന ഡൈ മുടിയിലും താടിയിലും തേക്കും. കൂടുതല്‍ റേഡിയേഷനുള്ള മുന്തിയ ഇനം സെല്‍ഫോണ്‍ അന്വേഷിച്ചു കണ്ടുപിടിച്ചു ആദ്യമേ സ്വന്തമാക്കും.
സെലിബ്രിറ്റി ഉപദേശികളുടെ ഉപദേശം ഈവിധം മുന്നേറിയാല്‍ സ്ത്രീകള്‍ ജീന്‍സ് വലിച്ചെറിയും, പ്രസവിക്കുന്നതു താല്‍ക്കാലികമായിട്ടെങ്കിലും നിര്‍ത്തും. അതും അനുവദിക്കില്ലെങ്കില്‍ അവര്‍ കിണറ്റില്‍ചാടി മരിക്കും. കാന്‍സറിന് കാരണമാവാത്ത വെള്ളം കുടിച്ചാണ് മരിച്ചതെന്നു പറയാമല്ലോ?
Janmabhumi 30 Oct 2014

No comments:

Post a Comment