Friday, 7 October 2011

കാട്ടുപോത്ത് - ചെല്ലപ്പന്‍ കഥ



" അപ്പോള്‍ ഞാന്‍ പറഞ്ഞു നിര്‍ത്തിയത് അഞ്ചാം ക്ളാസ്സില്‍ പഠിക്കുന്ന  കാര്യം " അതെ കണിച്ചുകുളങ്ങര  സ്കൂളില്‍ തന്നെ . അന്നത്തെ അഞ്ചാം ക്ളാസ്സുകാരന് ഇന്നത്തെ ബി എ കാരനെക്കാള്‍ വിവരമുണ്ട്. സാറ് ചോദിക്കുമായിരിക്കും  അഞ്ചാം ക്ളാസ് ഐ എ എസ് ആണോ എന്ന്.  അതു സാറിന്റെ വിവരക്കേട്‌. ഇന്നു കണക്കു കൂട്ടുന്ന ഒരു യന്ത്രമുണ്ടല്ലോ, എന്താ അതിന്റെ പേര് ? "
" കാല്‍കുലേറ്റര്‍  "
" അതല്ലേ സാറേ, ഞാന്‍ തന്നെ പറയാം, കംപ്യൂട്ടര്‍   . വലിയ പഠിത്തമുള്ള നിങ്ങള്‍ക്കൊക്കെ   ഇതൊക്കെ അറിയാമെന്നു കരുതി, അതാ മണ്ടത്തരം . ഈ കംപ്യൂട്ടര്‍ കൂട്ടുന്നതിനെക്കാള്‍  വേഗത്തില്‍ അന്ന് അഞ്ചാം ക്ളാസ്സുകാരന്‍ കണക്കു കൂട്ടും" .
"റിയലി  ? "
" എന്താ, സംശയം  ? "
ചെല്ലപ്പന്‍ കഥ തുടര്‍ന്നു

"പ്രേമം ഒരാള്‍ക്കു ഏതു പ്രായത്തിലും    ഉണ്ടാകാം . അതു വ്യക്തിയോടകാം , അല്ലെങ്കില്‍ പ്രസ്ഥാനത്തോട്. ഒരു തരം അഭിനിവേശം  തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ ഗൌരിയമ്മ ഇലക്ഷനില്‍ മത്സരിച്ചു ഗിന്നസ്സില്‍ സ്ഥാനം പിടിച്ചില്ലേ? ഒരു ആവേശമാണ് കാരണം . ഇത്തരം അഭിനിവേശം പ്രായം കൂടിയാലും ഒരാളെ കൂടുതല്‍ നാള്‍ ജീവിക്കാന്‍ പ്രേരിപ്പിക്കും. "

"ഡയലോഗ് നീട്ടാതെ കാര്യം പറയു ചെല്ലപ്പാ ?"  ഞാന്‍ അക്ഷമനായി .

"ഞാന്‍ അതിലേക്കല്ലേ വരുന്നത്, നിങ്ങള്‍ അദ്ധ്യാപകര്‍ക്കു  ഇങ്ങനെ ക്ഷമയില്ലാതായാലോ?  കുട്ടികള്‍ക്ക് എങ്ങനെ തെറ്റുകള്‍ തിരുത്തി കൊടുക്കും ? "

" അദ്ധ്യാപകര്‍ക്കു  ഇപ്പോള്‍ നിശ്ചിത  പണിയൊന്നുമില്ല, ഒട്ടു മിക്കഅദ്ധ്യാപകരും രാഷ്ട്രീയം കളിച്ചു വാര്‍ഡു മെമ്പറും മന്ത്രീമൊക്കെയാകുന്നു . കുരുന്നുകളെ വിളിച്ചിരുത്തി ആദ്യാക്ഷര മെഴുതി ക്കൊടുക്കേണ്ടത് ഗുരുക്കന്മാരെന്നിരിക്കെ ആ ജോലി രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. കണ്ടില്ലേ പത്രങ്ങളിലൊക്കെ , സ്കൂളില്‍ കോമ്പസിഷന്‍  എഴുതിപ്പിക്കുന്ന  എം  എല്‍  എ മാര്‍  വരെ യുണ്ട്. " ഞാന്‍ അമര്‍ഷം മറച്ചു വെച്ചില്ല.

" അതിനു സാറെന്തിനു രോക്ഷാകുലനാവുന്നു  ? ഈ രാഷ്ട്രീയകാരനൊക്കെ അക്ഷരമെഴുതിച്ച ഏതെങ്കിലും കുഞ്ഞു ക്ഷപെട്ടതായി എവിടെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ ? കൊട്ടേഷന്‍ സംഘങ്ങളുടെ എണ്ണം കൂടുന്നതു എന്തുകൊണ്ടെന്ന് അന്വേഷിക്കുന്നതും നന്നായിരിക്കും . രാഷ്ട്രീയകാരന്റെ പുറകെ അക്ഷരമെഴുതിക്കാന്‍ നടക്കുന്ന രക്ഷിതാക്കളെ യാണ് കെട്ടിയിട്ടടിക്കേണ്ടത്. "

" വിലാസിനി, അവള്‍ അതീവസുന്ദരിയായിരുന്നു. അഞ്ചാം ക്ളാസ്സിലെ എന്റെ ക്ളാസ്മേറ്റ്. ചുവന്നു തിടുത്ത കവിളുള്ള വിലാസിനി. എന്നെ കാണുമ്പോള്‍ അവളുടെ കവിളുകള്‍ കൂടുതല്‍ ചുവയ്ക്കും . അവള്‍ക്കെന്നോട്    കടുത്ത പ്രണയം "

" അഞ്ചാം കളാസില്‍ വെച്ചോ ? "

" അതല്ലേ പറഞ്ഞത് , പ്രേമത്തിനു കാലഭേദമില്ലെന്ന് , ഞാന്‍ കൊലുന്നനെയല്ലേ ഇരിക്കുന്നത് . ഒരു പക്ഷെ അതാവാം അവള്‍ക്കെന്നോട് കലശലായ പ്രേമം തോന്നാനുള്ള കാരണം. ആദ്യമൊന്നും എനിക്കവളോട് അടുപ്പം  തോന്നിയിരുന്നില്ല. പക്ഷെ, പിന്നെന്തോ, പറഞ്ഞറിയിക്കാന്‍ വയ്യാത്ത അവസ്ഥ .അവളെനിക്കു നല്ല റൂള്‍ പെനിസില്‍ എഴുതാന്‍ തരും.  ഫൌണ്ടന്‍  പേന അപൂര്‍വ വസ്തു. സ്റ്റീല്‍പേനയാണ് എല്ലാവര്ക്കും. മഷിയില്‍  മുക്കിയെഴുതുന്ന സ്റ്റീല്‍ പേന.  നോട്ടുബുക്കും എടുത്തുകൊള്ളന്‍ പറയും  അവള് വലിയ മുതലാളിയുടെ മകളല്ലേ . "

"ചേട്ടന്‍ അവള്‍ക്ക് എന്ത് കൊടുത്തു ? "

"അതിനു എന്റെ കയ്യില്‍ വല്ലതു ഇരിക്കുന്നോ ? ഒന്നും  കൊടുത്തില്ലെന്ന് പറഞ്ഞു കൂടാ . കശുവണ്ടി ചുട്ടുതല്ലി  ഉണക്ക വാഴയിലയില്‍ പൊതിഞ്ഞു കൊടുക്കും, ചിലപ്പോള്‍ വഴിവക്കിലെ പാടത്തുള്ള ആമ്പല്‍ പൂവും  പറിച്ചുകൊണ്ടേ കൊടുക്കും . സത്യം പറയാമല്ലോ, ഇന്നെനിക്കു  അന്പെത്തെട്ടുവയസ്സായി. ഇത്രയും സുഖകരമായ ഓര്‍മ്മ  ജീവിതത്തില്‍ വേറെയില്ല. "

"എന്നിട്ട് വിലാസിനി ഇപ്പോള്‍ കൂടെയില്ലലോ, അതെന്തുപറ്റി ?"

"അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത്, സാറിനു വിവരമില്ലെന്ന്, ലോകത്ത് സഫലമായ പ്രേമങ്ങളേക്കാള്‍    കൂടുതലാണ് അങ്ങനെയാവാത്തത്. മണ്ടത്തരത്തിനൊന്നും  ഞാനും  അവളും തയ്യാറല്ലായിരുന്നു. ഈ വിവരമെങ്ങാനും അവളുടെ അച്ഛനറിഞ്ഞാല്‍  വലിച്ചു കീറുന്നത് അവളെ ആയിരിക്കില്ല, അതുകൊണ്ട് അവളു തന്നെ ഒടുക്കം പിന്മാറുകയായിരുന്നു.  അത്രയ്ക്കു  സ്നേഹമായിരുന്നു അവള്‍ക്കു എന്നോട് ." 

"പക്ഷെ ഞാനൊരു കാര്യം ചെയ്തു ."

" എന്തു കാര്യം? കുഴപ്പം വല്ലതുമൊപ്പിച്ചോ  ? "

"വിലാസിനിയുടെ  ചേച്ചിയുടെ പ്രണയം അന്നു നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച  സംഭവമായിരുന്നു . ഇതെല്ലാം ഞാന്‍ നാടകരൂപത്തില്‍ എഴുതി, അതും  വിലാസിനി തന്ന നോട്ടു ബുക്കില്‍ നാടകത്തിന്റെ പേര് കാട്ടു പോത്ത് " 


" കാട്ടുകുതിര എന്നു കേട്ടിട്ടുണ്ട് " 


" അതിലേക്കാണ് ഞാന്‍ വരുന്നത്' . എസ് എല്‍ പുരം സദാന്ദന്റെ ആദ്യ നാടകം 'ഒരാള്‍ കൂടി കള്ളനായി '  ഞാനാണ് തിരുത്തിക്കൊടുത്തത്. അതിനദ്ദേഹത്തിനു അവാര്‍ഡും കിട്ടി . ഈ  പരിചയം വെച്ച് എന്റെ കാട്ടു പോത്ത് അദ്ദേഹത്തിനു വായിക്കാന്‍ കൊടുത്തു".


"എന്നിട്ട് ? "


"എന്റെ കാട്ടുപോത്തിനെ അദ്ദേഹം കാട്ടുകുതിര യാക്കിക്കളഞ്ഞില്ലേ! നമ്മുടെ രാജന്‍ പി ആയിരുന്നല്ലോ കാടുകുതിരയായി അരങ്ങു തകര്‍ത്തത്. "


"ചുമ്മാ പുളു അടിക്കാതെ ചെല്ലപ്പാ,"


" ഇതാ   കുഴപ്പം, ഒരു കാര്യം പറഞ്ഞാല്‍ വിശ്വസിക്കില്ല, എങ്കില്‍ സാറു പറ,  എന്തു കൊണ്ട് പിന്നീടൊരു നല്ല നാടകം
എസ് എല്‍ പുരംഎഴുതിയില്ല, എന്റെ വേറെ നാടകം അദ്ദേഹത്തെ  കാണിച്ചിട്ടില്ല, അതു തന്നെ കാരണം " 

ചെല്ലപ്പന്‍ കഥ തുടര്‍ന്നു കൊണ്ടേയിരുന്നു.......


-കെ എ സോളമന്‍ 



6 comments:

  1. കഥക്ക് നീളം കൂടുതലായതിനാല് വായിക്കാന്‍ സാധിക്കുന്നില്ല.

    ReplyDelete
  2. Never mind. I missed you at Poochakkal Shahul's Saptathi. What happened? Not interested in programmes outside Cherthala?

    K A Solaman

    ReplyDelete
  3. he he ... chellapan chettan kalaki...

    ReplyDelete
  4. നമസ്കാരം. പുച്ചാക്കല്‍ വരാത്തതിനു കാരണം ബസ്സില്‍ യാത്ര ചെയ്യുന്നത് നിറുത്തിയതു കൊണ്ടാണ്.
    വിദ്യാഭ്യാസത്തെ കുറിച്ചുള്ള സാറിന്‍റെ ലേഖനം ദീര്‍ഘമയതിനാല്‍ വായിച്ചതിനു ശേഷം ഒരു ചെറു വിമര്‍സനം നടത്താം.

    ReplyDelete
  5. Thank you sir for joining
    -K A Solaman

    ReplyDelete