Saturday, 29 October 2011

റാവണ്‍ റെക്കോഡ് തകര്‍ത്ത് മുന്നേറുന്നു !




ബോളീവുഡ് താരം ഷാരൂഖ് ഖാന്റെ ബിഗ് ബജറ്റ് ചിത്രമായ റാ-വണ്‍ റെക്കോഡ് തകര്‍ത്ത് മുന്നേറുന്നു- ഇറോസ് ഇന്റര്‍നാഷണല്‍ പറയുന്നു. ഈറോസിന്റെ കണക്കല്ലേ, ആ റോസിന്റെ അല്ലല്ലോ ?ആ ലപ്പുഴ  റേബാന്‍ശാന്തി തിയറ്റെറി ലെ തിരക്കുവെച്ചു നോക്കിയാല്‍ പടം എട്ടു നിലയില്‍ പൊട്ടിയ മട്ടാണ്  . യന്ത്രത്തിന്റെ കഥ യല്ലാതെ ഇവന്മാര്‍ക്കൊന്നും മനുഷ്യന്റെ കഥയില്ലേ സിനിമയാക്കാന്‍ ?  ഷാരുഖ് ഖാന്റെ സിക്സ് പാക്ക് കണ്ടാല്‍ ആര്‍നോള്‍ഡു ഷ്വാര്‍സ് നെഗ്ഗര്‍ നാണിച്ചുപോകും, ഏതാണ്ട് മണങ്ങുണങ്ങിയ മാതിരി.
-കെ എ സോളമന്‍

Sunday, 23 October 2011

അഷ്ടമുടി കായല്‍

 

ഇത് അഷ്ടമുടി കായല്‍  എന്നു  പറഞ്ഞാല്‍  സമ്മതിച്ചതരുമോ ? 
ഇല്ലേല്‍ വേണ്ട.

Friday, 21 October 2011

എന്‍ക്വൊയറി റിപോര്‍ട്ട് - കഥ -കെ എ സോളമന്‍






" വെട്ടാന്‍ വരുന്ന പോത്തിന്റെ കാതില്‍ വേദമോതിയിട്ടു കാര്യമില്ല, എനിക്കറിയാം പിള്ളേ, ഐ നോ ഇറ്റ്‌. ബട്ട് യു മിസ്സിഡ്‌ ദി ടാര്‍ഗെറ്റ്, എന്താ ഉന്നം പിഴച്ചുപോയോ ? "

അന്വഷണ ഉദ്യോഗസ്ഥന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വിജയകുമാരന്‍ നായര്‍ ഐ എ എസ്, പോലീസ് കമ്മീഷണര്‍ ഗോപാല്‍കൃഷ്ണ പിള്ളയോട് ചോദിച്ചു.

" നോ സാര്‍ , ടി വി ഫുട്ടെജു സാറും കണ്ടുകാണുമല്ലോ ? ഞാന്‍ തോക്കു മേലോട്ട് ഉയര്‍ത്തിയാണ് പിടിച്ചിരുന്നത്. വെടി കൊള്ളില്ലെന്ന് ഉറപ്പുണ്ടായിരുന്നു. അവന്മാരെ വിരട്ടാന്‍ അതൊക്കെ മതി. മാത്രവുമല്ല ചുളുവില്‍ രണ്ടു രക്തസാക്ഷികളെ ഉണ്ടാക്കി കൊടുക്കാന്‍ , ഐ വാസ് നോട്ട് റെഡി ദെന്‍ ", പിള്ള.

"എസ്, യു ആര്‍ റൈറ്റ് മിസ്ടര്‍ പിള്ളേ , അവന്മാര്‍ക്ക് രണ്ടു രക്തസാക്ഷികള്‍ കുടിശ്ശിഖയായി കിടക്കുകയാണ്. ഒരെണ്ണമെങ്കിലും കിട്ടിയാലല്ലേ സ്തംഭിപ്പിക്കാനും മൊത്തം കത്തിക്കാനും പറ്റു . ശരി ഞാന്‍ വേണ്ട പോലെ റിപോര്‍ട്ട് എഴുതിക്കോളാം , യു ഡോണ്ട് വറി. " സെക്രട്ടറികമ്മീഷണറെ സമാധാനിപ്പിച്ചു.

" അതിരിക്കട്ടെ പിള്ളേ, ഞാന്‍ വേറെ ചിലതു ചോദിക്കാം .

'ചന്ദനലേപസുഗന്ധം...ചൂടിയതാരോ..കാറ്റോ കാമിനിയോ...
ചന്ദനലേപസുഗന്ധം...ചൂടിയതാരോ..കാറ്റോ കാമിനിയോ...
മൈവര്‍ണ്ണപ്പെട്ടി തുറന്നു കൊടുത്തത് യൌവ്വനമോ ഋതുദേവതയോ...
യൌവ്വനമോ ഋതുദേവതയോ'.

ഈ സിനിമ ഗാനത്തെ കുറിച്ച് പിള്ളയുടെ അഭിപ്രായമെന്താണ്. സത്യസന്ധമായി മറുപടി പറയണം "

" എനിയ്ക്കു അപൂര്‍വ്വം ഗാനങ്ങളെ ഇഷ്ടമായുള്ളൂ . അതിലൊന്നാണ് സാര്‍ ഇത് . ഈ ഗാനത്തിന്റെ സെക്കണ്ട് സ്റാന്‍സയാണ് എനിയ്ക്കു കൂടുതല്‍ ഇഷ്ടമായത് .

'ചെങ്കദളിമലര്‍ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമരാഗം കരുതി വെച്ചു...
തൊഴുതു മടങ്ങുമ്പോള്‍ കൂവള പൂമിഴി... മറ്റേതു ദേവനെ തേടി വന്നു...
മാറണിക്കച്ച കവര്‍ന്നു... കാറ്റു നിന്‍ അംഗപരാഗം നുകര്‍ന്നു... ആ...ആ..'

ഇത് ഞാനൊരിക്കല്‍ രുഗ്മിണിയുടെ കാതില്‍ ചൊല്ലി, മക്കള്‍ കാണാതെ. അവള്‍ ചിരിച്ചു. അപ്പോള്‍ ഞാന്‍ അവളോട്‌ ചോദിച്ചു: 'ഏതാണ് നിന്റെ മറ്റേ ദേവന്‍ ? '. പിന്നത്തെ പുകിലൊന്നും പറയുക വയ്യ.ഹ ഹഹ്ഹോഹോ.... എനിക്കൊടുക്കം തോക്കെടുക്കേണ്ടി വന്നു."

" ഇത്രയേറെ ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഇത് എഴുതിയ ആളെ അറിയുമോ ? "

" കണ്ടിട്ടില്ല , കേട്ടിട്ടുണ്ട്, ഒരു ഐ എ എസ് കാരനെന്നു രുഗ്മിണി പറഞ്ഞെതായാണ് ഓര്മ. ഇത്തര ത്തില്‍ ഇക്കിളി ഗാനമെഴുതിയ ഐ എ എസിനെ അന്നു കിട്ടിയിരുന്നെങ്കില്‍ ഞാന്‍ വെടിവെക്കുമായിരുന്നു. ലോലഹൃദയന്‍മാരായ ഐ എ എസ് കാരെ ഒന്നിനും കൊള്ളിക്കാന്‍ പറ്റില്ല . എ തറോ വേസ്ട് "

" പിള്ള ചെയ്തത് തെറ്റ്,വിദ്യാര്‍ഥികളെ വെടിവെക്കേണ്ട ഒരു സാഹചര്യവും അപ്പോള്‍ നിലവില്‍ഇല്ലായിരുന്നു", അഡീഷ ണല്‍ ചീഫ് സെക്രട്ടറി വിജയകുമാരന്‍നായര്‍ ഐ എ എസ് അന്വോഷണ റിപോര്‍ട്ട് പൂര്‍ത്തിയാക്കി മുഖ്യമന്ത്രിക്കു നല്‍കി.


-കെ എ സോളമന്‍

Monday, 17 October 2011

നെയിം ടാഗ് - കഥ -കെ എ സോളമന്‍











"അപ്പോള്‍ അഞ്ചുവര്‍ഷം ഹെഡ്നെഴ്സ് ജോലിയുള്‍പ്പെടെ ഇരുപതുവര്‍ഷം സര്‍വീസ്. എന്നിട്ടാണോ മറിയാമ്മേ ഇങ്ങനെ ഉത്തവാദിത്ത്വമില്ലാതെ പ്രവര്‍ത്തിക്കുക ? " ഡി എം ഒ ഹെഡ് നെഴ്സ് മറിയാമ്മയെ വിളിച്ചു ചോദിച്ചു.

"എന്താണ് സാര്‍ ?"

"കൂട്ടസിസേറിയന്‍ നടത്തിയതിന്റെ പേരുദോഷം മാറിവരുന്നതേയുള്ളൂ . അതിനിടെലാണ് ഇത്തരമൊരു പരാതി. ഡോക്ടര്‍മാരെ പോലെ നിങ്ങളുമിങ്ങനെ കേര്‍ലെസ് ആയാല്‍ എന്താ ചെയ്യുക. കൂട്ടസിസേറിയന്‍ പോലെ എല്ലാത്തിനെയും കൂട്ടസസ്പെന്‍ഷന്‍ നടത്താനാണ് മുകളില്‍ നിന്ന് വിളിച്ചു പറഞ്ഞിരിക്കുന്നത്".

"സാറ് കാര്യം പറഞ്ഞില്ല ?"

" കുഞ്ഞുങ്ങളുടെ വിരലില്‍ നെയിം ടാഗ് കെട്ടുമ്പോള്‍ മാറിപ്പോകാമോ മറിയാമ്മേ ? താഴെയുള്ളവര്‍ ചെയ്യുന്ന ജോലിനോക്കേണ്ടേതു ഹെഡ്നെഴ്സിന്റെ ചുമതലയാണെന്ന് പ്രത്യേകംപറഞ്ഞു തരണോ ?

" അതിനു ജൂനിയേര്‍സ്‌ അല്ല ടാഗ് കെട്ടിയത്. ഞാന്‍ തന്നെയാണ് ആ ജോലി ചെയ്തത് . ടാഗ് മനപ്പൂര്‍വം മാറ്റിക്കെട്ടുകയായിരുന്നു."
" ങേ ഹേ ! " ഡി എം ഒ ഞെട്ടി .

" അതിനുകാരണവുമുണ്ട് സാര്‍ . രണ്ടു കുട്ടികളും എനിക്ക് നന്നായി അറിയാവുന്നവരാണ് , സൗദാമിനിയും, മിനിയും , എന്റെ അയല്‍ക്കാര്‍ , രണ്ടു ജാതിക്കാര്‍ . സൗദാമിനിയുടേത് ആണ്‍ കുഞ്ഞും , മിനി പ്രസവിച്ചത് പെണ്‍കുഞ്ഞും . ഈ രണ്ടു കുഞ്ഞുങ്ങളും ഒരുമിച്ചാണ് വളരുക. ഇപ്പോഴത്തെ ചാനലും സിനിമയും, യു -ടൂബും , സില്‍സിലയും കണ്ടുകണ്ടു കുഞ്ഞുങ്ങള്‍ വഷളാകും, എല്‍ കെ ജി യില്‍ എത്തുമ്പോള്‍ തന്നെ പ്രേമം തുടങ്ങും. വീട്ടുകാര്‍ എതിര്‍ക്കും, പിന്നെ ഒളിച്ചോട്ടം, ഒതളങ്ങ, ഒരുമുഴം കയര്‍ . ഈ പൊല്ലാപ്പ് ഒഴിവാക്കാന്‍ ഇതാണ് നല്ല മാര്‍ഗ്ഗമെന്നു തോന്നി. സാറിന്റെ കാര്യം നിശ്ചയമില്ല , ഞാന്‍ ഏതായാലും പത്തിരുപതു കൊല്ലം കൂടി ജീവിക്കും. അതുകൊണ്ട് പിന്നീട് സത്യംപുറത്തു വിടാം.രണ്ടും സ്വന്തമെന്നറിയുമ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പ് മാറും . കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഇതേയുള്ളൂ മാര്‍ഗ്ഗം ?"

കീഴോട്ടിറങ്ങിപ്പോയ നാവുതിരികെ വീണ്ടെടുക്കാന്‍ പണിപ്പെടുകയ്യയിരുന്നു ഡി എം ഒ ഡോക്ടര്‍ ശുംബോധരന്‍ പിള്ള.

-കെ എ സോളമന്‍ Janmabhumi Daily Published in the Edit page on 21 Oct 2011

Wednesday, 12 October 2011

പ്രശാന്ത്‌ ഭൂഷനെ മര്‍ദ്ദിച്ച സംഭവംഅപലപനീയം



പ്രശസ്ത അഭിഭാഷകനും ലോക്‌പാല്‍ ബില്‍ സമിതിയിലെ പൊതുസമൂഹ പ്രതിനിധികളിലൊരാളുമായ പ്രശാന്ത്‌ ഭൂഷനെ അദ്ദേഹത്തിന്‍റെ ചേംബറില്‍ കയറി മര്‍ദ്ദിച്ച സംഭവം അങ്ങേയറ്റം അപലപനീയം. ശ്രീറാം സേന പ്രവര്‍ത്തകരെന്നല്ല ഏതു സേന പ്രവര്‍ത്തകരായാലും ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റു ചെയ്യണം, ശിക്ഷിക്കണം. സുപ്രിം കോടതി അഭിഭാഷകനു പോലും ഈ രാജ്യത്തു സുരക്ഷിതത്വമില്ലെന്നു വരുന്ന അവസ്ഥ അനുവദിച്ചുകൂടാ. യുവാക്കളെ അക്രമത്തിനു പ്രേരിപ്പിച്ചതിനു പിന്നിലുള്ള ശക്തികളെയും കണ്ടെത്തണം .

-കെ എ സോളമന്‍

Friday, 7 October 2011

കാട്ടുപോത്ത് - ചെല്ലപ്പന്‍ കഥ



" അപ്പോള്‍ ഞാന്‍ പറഞ്ഞു നിര്‍ത്തിയത് അഞ്ചാം ക്ളാസ്സില്‍ പഠിക്കുന്ന  കാര്യം " അതെ കണിച്ചുകുളങ്ങര  സ്കൂളില്‍ തന്നെ . അന്നത്തെ അഞ്ചാം ക്ളാസ്സുകാരന് ഇന്നത്തെ ബി എ കാരനെക്കാള്‍ വിവരമുണ്ട്. സാറ് ചോദിക്കുമായിരിക്കും  അഞ്ചാം ക്ളാസ് ഐ എ എസ് ആണോ എന്ന്.  അതു സാറിന്റെ വിവരക്കേട്‌. ഇന്നു കണക്കു കൂട്ടുന്ന ഒരു യന്ത്രമുണ്ടല്ലോ, എന്താ അതിന്റെ പേര് ? "
" കാല്‍കുലേറ്റര്‍  "
" അതല്ലേ സാറേ, ഞാന്‍ തന്നെ പറയാം, കംപ്യൂട്ടര്‍   . വലിയ പഠിത്തമുള്ള നിങ്ങള്‍ക്കൊക്കെ   ഇതൊക്കെ അറിയാമെന്നു കരുതി, അതാ മണ്ടത്തരം . ഈ കംപ്യൂട്ടര്‍ കൂട്ടുന്നതിനെക്കാള്‍  വേഗത്തില്‍ അന്ന് അഞ്ചാം ക്ളാസ്സുകാരന്‍ കണക്കു കൂട്ടും" .
"റിയലി  ? "
" എന്താ, സംശയം  ? "
ചെല്ലപ്പന്‍ കഥ തുടര്‍ന്നു

"പ്രേമം ഒരാള്‍ക്കു ഏതു പ്രായത്തിലും    ഉണ്ടാകാം . അതു വ്യക്തിയോടകാം , അല്ലെങ്കില്‍ പ്രസ്ഥാനത്തോട്. ഒരു തരം അഭിനിവേശം  തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ ഗൌരിയമ്മ ഇലക്ഷനില്‍ മത്സരിച്ചു ഗിന്നസ്സില്‍ സ്ഥാനം പിടിച്ചില്ലേ? ഒരു ആവേശമാണ് കാരണം . ഇത്തരം അഭിനിവേശം പ്രായം കൂടിയാലും ഒരാളെ കൂടുതല്‍ നാള്‍ ജീവിക്കാന്‍ പ്രേരിപ്പിക്കും. "

"ഡയലോഗ് നീട്ടാതെ കാര്യം പറയു ചെല്ലപ്പാ ?"  ഞാന്‍ അക്ഷമനായി .

"ഞാന്‍ അതിലേക്കല്ലേ വരുന്നത്, നിങ്ങള്‍ അദ്ധ്യാപകര്‍ക്കു  ഇങ്ങനെ ക്ഷമയില്ലാതായാലോ?  കുട്ടികള്‍ക്ക് എങ്ങനെ തെറ്റുകള്‍ തിരുത്തി കൊടുക്കും ? "

" അദ്ധ്യാപകര്‍ക്കു  ഇപ്പോള്‍ നിശ്ചിത  പണിയൊന്നുമില്ല, ഒട്ടു മിക്കഅദ്ധ്യാപകരും രാഷ്ട്രീയം കളിച്ചു വാര്‍ഡു മെമ്പറും മന്ത്രീമൊക്കെയാകുന്നു . കുരുന്നുകളെ വിളിച്ചിരുത്തി ആദ്യാക്ഷര മെഴുതി ക്കൊടുക്കേണ്ടത് ഗുരുക്കന്മാരെന്നിരിക്കെ ആ ജോലി രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. കണ്ടില്ലേ പത്രങ്ങളിലൊക്കെ , സ്കൂളില്‍ കോമ്പസിഷന്‍  എഴുതിപ്പിക്കുന്ന  എം  എല്‍  എ മാര്‍  വരെ യുണ്ട്. " ഞാന്‍ അമര്‍ഷം മറച്ചു വെച്ചില്ല.

" അതിനു സാറെന്തിനു രോക്ഷാകുലനാവുന്നു  ? ഈ രാഷ്ട്രീയകാരനൊക്കെ അക്ഷരമെഴുതിച്ച ഏതെങ്കിലും കുഞ്ഞു ക്ഷപെട്ടതായി എവിടെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ ? കൊട്ടേഷന്‍ സംഘങ്ങളുടെ എണ്ണം കൂടുന്നതു എന്തുകൊണ്ടെന്ന് അന്വേഷിക്കുന്നതും നന്നായിരിക്കും . രാഷ്ട്രീയകാരന്റെ പുറകെ അക്ഷരമെഴുതിക്കാന്‍ നടക്കുന്ന രക്ഷിതാക്കളെ യാണ് കെട്ടിയിട്ടടിക്കേണ്ടത്. "

" വിലാസിനി, അവള്‍ അതീവസുന്ദരിയായിരുന്നു. അഞ്ചാം ക്ളാസ്സിലെ എന്റെ ക്ളാസ്മേറ്റ്. ചുവന്നു തിടുത്ത കവിളുള്ള വിലാസിനി. എന്നെ കാണുമ്പോള്‍ അവളുടെ കവിളുകള്‍ കൂടുതല്‍ ചുവയ്ക്കും . അവള്‍ക്കെന്നോട്    കടുത്ത പ്രണയം "

" അഞ്ചാം കളാസില്‍ വെച്ചോ ? "

" അതല്ലേ പറഞ്ഞത് , പ്രേമത്തിനു കാലഭേദമില്ലെന്ന് , ഞാന്‍ കൊലുന്നനെയല്ലേ ഇരിക്കുന്നത് . ഒരു പക്ഷെ അതാവാം അവള്‍ക്കെന്നോട് കലശലായ പ്രേമം തോന്നാനുള്ള കാരണം. ആദ്യമൊന്നും എനിക്കവളോട് അടുപ്പം  തോന്നിയിരുന്നില്ല. പക്ഷെ, പിന്നെന്തോ, പറഞ്ഞറിയിക്കാന്‍ വയ്യാത്ത അവസ്ഥ .അവളെനിക്കു നല്ല റൂള്‍ പെനിസില്‍ എഴുതാന്‍ തരും.  ഫൌണ്ടന്‍  പേന അപൂര്‍വ വസ്തു. സ്റ്റീല്‍പേനയാണ് എല്ലാവര്ക്കും. മഷിയില്‍  മുക്കിയെഴുതുന്ന സ്റ്റീല്‍ പേന.  നോട്ടുബുക്കും എടുത്തുകൊള്ളന്‍ പറയും  അവള് വലിയ മുതലാളിയുടെ മകളല്ലേ . "

"ചേട്ടന്‍ അവള്‍ക്ക് എന്ത് കൊടുത്തു ? "

"അതിനു എന്റെ കയ്യില്‍ വല്ലതു ഇരിക്കുന്നോ ? ഒന്നും  കൊടുത്തില്ലെന്ന് പറഞ്ഞു കൂടാ . കശുവണ്ടി ചുട്ടുതല്ലി  ഉണക്ക വാഴയിലയില്‍ പൊതിഞ്ഞു കൊടുക്കും, ചിലപ്പോള്‍ വഴിവക്കിലെ പാടത്തുള്ള ആമ്പല്‍ പൂവും  പറിച്ചുകൊണ്ടേ കൊടുക്കും . സത്യം പറയാമല്ലോ, ഇന്നെനിക്കു  അന്പെത്തെട്ടുവയസ്സായി. ഇത്രയും സുഖകരമായ ഓര്‍മ്മ  ജീവിതത്തില്‍ വേറെയില്ല. "

"എന്നിട്ട് വിലാസിനി ഇപ്പോള്‍ കൂടെയില്ലലോ, അതെന്തുപറ്റി ?"

"അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത്, സാറിനു വിവരമില്ലെന്ന്, ലോകത്ത് സഫലമായ പ്രേമങ്ങളേക്കാള്‍    കൂടുതലാണ് അങ്ങനെയാവാത്തത്. മണ്ടത്തരത്തിനൊന്നും  ഞാനും  അവളും തയ്യാറല്ലായിരുന്നു. ഈ വിവരമെങ്ങാനും അവളുടെ അച്ഛനറിഞ്ഞാല്‍  വലിച്ചു കീറുന്നത് അവളെ ആയിരിക്കില്ല, അതുകൊണ്ട് അവളു തന്നെ ഒടുക്കം പിന്മാറുകയായിരുന്നു.  അത്രയ്ക്കു  സ്നേഹമായിരുന്നു അവള്‍ക്കു എന്നോട് ." 

"പക്ഷെ ഞാനൊരു കാര്യം ചെയ്തു ."

" എന്തു കാര്യം? കുഴപ്പം വല്ലതുമൊപ്പിച്ചോ  ? "

"വിലാസിനിയുടെ  ചേച്ചിയുടെ പ്രണയം അന്നു നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച  സംഭവമായിരുന്നു . ഇതെല്ലാം ഞാന്‍ നാടകരൂപത്തില്‍ എഴുതി, അതും  വിലാസിനി തന്ന നോട്ടു ബുക്കില്‍ നാടകത്തിന്റെ പേര് കാട്ടു പോത്ത് " 


" കാട്ടുകുതിര എന്നു കേട്ടിട്ടുണ്ട് " 


" അതിലേക്കാണ് ഞാന്‍ വരുന്നത്' . എസ് എല്‍ പുരം സദാന്ദന്റെ ആദ്യ നാടകം 'ഒരാള്‍ കൂടി കള്ളനായി '  ഞാനാണ് തിരുത്തിക്കൊടുത്തത്. അതിനദ്ദേഹത്തിനു അവാര്‍ഡും കിട്ടി . ഈ  പരിചയം വെച്ച് എന്റെ കാട്ടു പോത്ത് അദ്ദേഹത്തിനു വായിക്കാന്‍ കൊടുത്തു".


"എന്നിട്ട് ? "


"എന്റെ കാട്ടുപോത്തിനെ അദ്ദേഹം കാട്ടുകുതിര യാക്കിക്കളഞ്ഞില്ലേ! നമ്മുടെ രാജന്‍ പി ആയിരുന്നല്ലോ കാടുകുതിരയായി അരങ്ങു തകര്‍ത്തത്. "


"ചുമ്മാ പുളു അടിക്കാതെ ചെല്ലപ്പാ,"


" ഇതാ   കുഴപ്പം, ഒരു കാര്യം പറഞ്ഞാല്‍ വിശ്വസിക്കില്ല, എങ്കില്‍ സാറു പറ,  എന്തു കൊണ്ട് പിന്നീടൊരു നല്ല നാടകം
എസ് എല്‍ പുരംഎഴുതിയില്ല, എന്റെ വേറെ നാടകം അദ്ദേഹത്തെ  കാണിച്ചിട്ടില്ല, അതു തന്നെ കാരണം " 

ചെല്ലപ്പന്‍ കഥ തുടര്‍ന്നു കൊണ്ടേയിരുന്നു.......


-കെ എ സോളമന്‍