Saturday, 17 September 2011
എഴുപത്തൊന്നായാല്‍ നേരെ ചൊവ്വെ !
മനോരമ ന്യൂസിന്റെ ‘നേരെചൊവ്വെ‘യില്‍ ഇക്കുറി നേരെ വന്നത് സംസ്ഥാനത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ്. ഗുരുവായൂരപ്പന്‍ തന്റെ അപ്പനാണെന്ന് അവകാശപ്പെടുകയുകയും, യേശുക്രിസ്തു അപ്പോള്‍ തന്റെ ആരാണെന്ന ചോദ്യത്തിന് മറുപടി പറയാതിരിക്കുകയും ചെയ്തതിനു ശേഷമുള്ള ആദ്യ ഇന്റര്‍വ്യൂ. കൈരളിയിലെ ജോണ്‍ ബ്രിട്ടാസിനെപ്പോലെ അത്രക്ക് വെളച്ചില്‍ ഇല്ലെങ്കിലും ആളെ കുപ്പിയിലറക്കാന്‍ ജോണി ലൂക്കാച്ചനും ഒട്ടും മോശമല്ല. കറുത്തതൊലിയുള്ള യേശുദാസ് തീരെ കറുത്തും ആത്രക്കങ്ങു വെളുത്ത തൊലിയില്ലാത്ത ജോണി ലൂക്കാച്ചന്‍ ഏറെ വെളുത്തും കാണുന്ന രീതിയിലായിരുന്നു അച്ചായന്‍ചാനെലിന്റെ ലൈറ്റ് അറേഞ്ച്മെന്റ് . യേശുദാസുമായുള്ള അഭിമുഖം ഇതേ മാതിരി ഒന്ന് രണ്ടെണ്ണം കൂടി വെളിച്ചം കണ്ടാല്‍ ഗയാകനെ നെഞ്ചിലേറ്റി നടക്കുന്നവരുടെ ഇപ്പോഴുള്ള അഭിപ്രായം താനേ മാറിക്കൊള്ളും.
യേശുദാസ് സംസാരിക്കുമ്പോള്‍ ആരും ശ്രദ്ധിച്ചുപോകും. ഇടയ്ക്കെങ്ങാനും ഒരു പാട്ടുപാടിയാല്‍ എന്നതുകൊണ്ട് മാത്രമല്ല, ആരെയും വെറുപ്പിക്കാതെ, ആരോടും പകയില്ലാതെ സത്യങ്ങള്‍ തുറന്നു പറയുന്ന ആളാണ് അദ്ദേഹം. എന്നാല്‍ ഇക്കുറി അദ്ദേഹം പറഞ്ഞ സത്യങ്ങള്‍ കേട്ടാല്‍ തോന്നുക എല്ലാവരോടും അദ്ദേഹത്തിനു വെറുപ്പുള്ളതുപോലെ.
ഏതൊരു വ്യക്തിയുമായും അഭിമുഖം നടത്തുമ്പോള്‍ കുടുംബകാര്യങ്ങള്‍ ഒക്കെ ചോദിക്കുന്ന പതിവ് ഇവിടെയും ലൂക്കാച്ചന്‍ തെറ്റിച്ചില്ല. ആദ്യ കുട്ടി ജനിക്കാന്‍ താമസിച്ചപ്പോള്‍ ആള്‍ ദൈവത്തെ കാണാന്‍ താന്‍ പോയില്ല എന്നാണു യേശുദാസ് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞത് . അതിനു അദ്ദേഹത്തിനു കാരണവുമുണ്ട് . ആള്‍ ദൈവത്തിന്റെ കരുണകൊണ്ടു കുട്ടിജനിച്ചാല്‍ കുട്ടിയെ കൈകളില്‍ എടുക്കുമ്പോള്‍ ആള്‍ ദൈവത്തെ ക്കുറിച്ചു ഓര്മ വരും, അതിനു അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നില്ല . ആള്‍ ദൈവങ്ങളുടെ പുറകെ നടക്കുന്ന ലക്ഷക്കണക്കിനു ഭക്തരുടെ മുഖത്തടിച്ചുള്ള ആക്ഷേപമായിപോയി അത്. നൂറു കണക്കിനു ക്ഷേത്രങ്ങളിലും പള്ളികളിലും നടന്നു അവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കല്ലുകളിലും പ്ളാസ്റെര്‍ ഓഫ് പാരിസിലും നിര്‍മിച്ചിട്ടുള്ള ബിംബങ്ങളുടെ മുന്നില്‍ ഉരുളുനേര്‍ച്ചയും തുലാഭാരവും നടത്തുന്ന ഭക്തനാണോ ചോരയും നീരുമുള്ള ആള്‍ ദൈവങ്ങളെ കുറിച്ച് ഇങ്ങനെ പറയുന്നത്? തന്റെ ഉല്പന്നം വിറ്റുപോകാന്‍ വേണ്ടി മാത്രമായിരുന്നോ ഈ കപട ഭക്തി ?
എഴുത്തുകാരന്‍ സക്കറിയായ്ക്കും കിട്ടി ഇടയ്ക്കൊരു കൊട്ട്. എന്തിനെയും ഏതിനെയും എതിര്‍ക്കുന്ന ആളാണ് സക്കറിയ. അമൃതാനന്ദമയി എന്നു കേട്ടാല്‍ സക്കറിയായ്ക് ഹാലിളകും. സംഘപരിവാര്‍ എന്നതും സഹിക്കില്ല. ആദ്വാനിയെക്കുറിചചെന്നല്ല ആരെ ക്കുറിച്ചും സക്കറിയായ്കു നല്ല അഭിപ്രായമില്ല. ഇതിനു ഒരു മാറ്റം വന്നത് ഏതോ വേദിയില്‍വെച്ചു ഡിഫി യുത്തന്മാര്‍ ഒന്നു തോണ്ടിയപ്പോഴാണ്.
പരക്കെ പലരെയും ചീത്ത പറഞ്ഞു നടന്ന കാലത്ത് യേശുദാസിനെയും വിട്ടില്ല . മറ്റൊന്നും പറഞ്ഞില്ല, യേശുദാസിനു പാടാന്‍ അറിഞ്ഞു കൂടെന്നെ പറഞ്ഞുള്ളൂ. ഇപ്പോള്‍ സക്കറിയ തിരുത്തിയിരിക്കുന്നു, യേശുദാസിനെ ക്കുറിച്ച് അന്ന് പറഞ്ഞത് തെറ്റായി പ്പോയെന്ന്. " സക്കറിയയെ നാലാള് അറിയുന്നത് തന്നെ വിമര്‍ശിച്ചത് കൊണ്ടല്ലേ ?" എന്ന് ഗായകന്‍ ലൂക്കാച്ചനോടു ചോദിക്കുന്നു. ഇതല്പം കടന്ന കൈ ആയിപ്പോയ് എന്നു ഗായകനോട് പറയാതെ നിര്‍വാഹമില്ല. യേശുദാസിനെ വിമര്‍ശിക്കാതെ തന്നെ ആര്‍ത്തവരക്തത്തിന്റെയും ആസനത്തിന്റെയു മൊക്കെ കഥകളെഴുതി കറിയാച്ചന്‍ അല്പം പ്രസിദ്ധനായിരുന്നുവെന്നതാണ് വാസ്തവം.
അഭിമുഖത്തിലെ മറ്റൊരു ഇനം തന്റെ തൂവെള്ള വസ്ത്രങ്ങളുടെ കുറിച്ചുള്ള രഹസ്യമാണ്. രഹസ്യം വെളിവാകണമെങ്കില്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ലൂക്കാ സുവിശേഷത്തിനായി കാണികള്‍ കാത്തിരിക്കണം. മുടിയും താടിയും കറുപ്പിക്കുന്നത് എഴുപത്തൊന്നാം വയസ്സില്‍ നിര്‍ത്തിയതു ഭാര്യയുടെ അനുവാദത്തോടെ എന്നും ഗായകന്‍ . എന്പതാം വയസ്സില്‍ ഭാര്യ എന്താണാവോ ഇനി പറയുക ? ഒരു കാര്യം ഗായകനോട് പറയാതെ വയ്യ. അതു പ്ളസ് ടു ക്ളാസ്സില്‍ പഠിപ്പിച്ച ഒരു മലയാളംഅധ്യാപകന്റെ കഥയാണ്. അമ്പതു എത്തിയതോടെഅധ്യാപകന്‍ പൂര്‍ണമായും നരച്ചു, മുടിയും താടിയും അപ്പുപ്പന്‍താടി പോലെ. പഠിപ്പിക്കാന്‍ കളാസില്‍ എത്തുമ്പോള്‍ കുട്ടികള്‍ വലിയ വില കല്പിച്ചില്ല. "കെളവന്‍ എന്തെങ്കിലും കാട്ടിയിട്ട് പോട്ടെ " എന്നതായിരുന്നു കുട്ടികളുടെ നിലപാട്. ഇതോടെ അധ്യാപകന് വലിയ വിഷമമായി. ഏറ്റവും അടുത്ത സ്നേഹിതന്റെ ഉപദേശ പ്രകാരമാണ് മുടിയിലും താടിയിലും ചായം അടിച്ചു തുടങ്ങിയത്. ഫലം അത്ഭുതാവഹമായിരുന്നു, ക്ളാസ്സില്‍ പൂര്‍ണ അച്ചടക്കം. " എടാ സാറു പയ്യനാണ്, അനങ്ങാതിരുന്നില്ലേല്‍ നീ അവുട്ട് " .ക്ളാസ്സില്‍ ഒരുത്തന്‍ അവന്റെ കൂട്ടുകാരനോട് പറയുന്നതു കേട്ടു. മുടിയില്‍ തേച്ച ചായത്തിന്റെ മേന്മ അങ്ങനെയാണ് സാറു മനസ്സിലാക്കിയത്.
അതുകൊണ്ടു ഗായകനും ഭാര്യയും ഒരു കാര്യം ഓര്‍ക്കുന്നതു നന്ന്. ചെത്തു പിള്ളാരുടെ സിനിമയില്‍ പാടാന്‍ വിളിക്കില്ല എന്നു മാത്രമല്ല, കെളവനല്ലേ , വണ്ടിചെക്കു പ്രതിഫലമായി കൊടുത്തുകളയാമെന്നു ചില നിര്‍മാതാക്കള്‍ കരുതുകയും ചെയ്യും. അതുകൊണ്ടു മുടിയും താടിയും കറുപ്പിക്കേണ്ടയെന്ന തീരുമാനം പുന പരിശോധിക്കുന്നതായിരിക്കും നല്ലത്.
മനോഹര ഗാനാലാപനത്തിന്റെ ഒരുന്നൂറു വര്‍ഷങ്ങള്‍ നേര്‍ന്നു കൊണ്ട് !
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment