Sunday, 15 December 2024

പല്ലി - നാനോ ക്കഥകൾ

1) പല്ലി
വാതിൽ തുറന്ന് മുറിയിലേക്ക് പ്രവേശിപ്പിച്ചപ്പോഴാണ് ഒരു പല്ലി കർട്ടന് പിന്നിലെ ഭിത്തിയിലേക്ക് ഓടി മറയുന്നതു കണ്ടത്. കർട്ടൺ മാറ്റി നോക്കിയതും അതു ഭിത്തിയിൽ നിന്ന്
 താഴെ തെറിച്ചു വീണു. പല്ലി വല്ലാതെ പേടിച്ചു പോയിരിക്കുന്നു

2) ജാലകം
ജാലകത്തിലൂടെ പുറത്തേക്കു നോക്കി നില്ക്കുന്ന പ്രായമുള്ള സ്ത്രീ എന്നും എൻ്റെ വഴിക്കാഴ്ചയായിരുന്നു. ഇന്നവരെ കണ്ടില്ല. തിരക്കിയപ്പോഴാണ് അറിയുന്നത് അവർ അടുത്ത ആശുപത്രിയിൽ ഉണ്ട്, മോർച്ചറിയിൽ. അമേരിക്കയിലുള്ള ഏകമകന് അറിയിപ്പ് പോയിരിക്കുന്നു!

3) ലോകകവി
വടക്കൻ ഗോവയിലെ പനാജിയിൽ സ്വന്തം അമ്മായിയുടെ വീട്ടിൽ സൗഹൃദ സന്ദർശനം നടത്തിയപ്പോഴാണ് ചുറ്റുവട്ടത്തുള്ള ഏതാനും പേരെ വിളിച്ച് അയാൾ ഒരു സമ്മേളനം നടത്തിയത്. സമ്മേളനത്തിന് ലോക കവിസമ്മേളനം എന്ന പേരും ഇട്ടു. അന്നുമുതൽക്ക് അയാൾ ലോക കവിയായി അറിയപ്പെടാൻ തുടങ്ങി.

4) ഉപദേശം
ജീവിതത്തിൽ ഒരിക്കൽ പോലും  ഒരു കളിപ്പാട്ടം വാങ്ങിക്കൊടുക്കാത്ത അയാൾ മകനെ ഉപദേശിച്ചു. "  നിനക്ക് ഇപ്പോൾ 14 വയസ്സായി. ശ്രമിച്ചാൽ നാലുവർഷം കൊണ്ട് നേടാവുന്നതേയുള്ളൂ. തമിഴ്നാട്ടിലെ ഗുകേഷ് ധർമ്മരാജു 18-ാം വയസ്സിലാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയത്. സമ്മാനത്തുക എത്രയെന്നറിയാമോ 11 കോടി രൂപ !. വേറെയുമുണ്ട് സമ്മാനമായി കോടികൾ "

5) ഗുരുവന്ദനം
പൂർവവിദ്യാർഥി മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയപ്പോൾ ഗുരു വിചാരിച്ചു തന്നെ വന്ദിക്കാനും പഴയ ഓർമ്മകൾ പുതുക്കാനുമാണ് ശിക്ഷ്യൻ വന്നതെന്ന്. ചായയൊക്കെ നൽകിയതിനു ശേഷം  യാത്രയാക്കാൻ നേരത്ത് ശിഷ്യൻ ബാഗിൽ നിന്ന് ഒരു പുസ്തകമെടു ഗുരു നൽകി. എന്നിട്ടു പറഞ്ഞു. " എൻറെ പുതിയ പുസ്തകമാണ്, കവിതാ സമാഹാരം 'യാത്രയിലെ അപശകുനങ്ങൾ . 350 രൂപയാണ് വില ഇട്ടിരിക്കുന്നത്. സാറ് 300 രൂപ തന്നാൽ മതി "
പത്രക്കാരന് കൊടുക്കാൻ വെച്ചിരുന്ന 300 രൂപ ഇനി ആരോട് ചോദിക്കും എന്ന ചിന്തയിലായി ഗുരു .
കെ എ സോളമൻ

No comments:

Post a Comment