#കൂത്ത് - കഥ- കെ എ സോളമൻ
ചില കൂത്തുകൾ കാണാനും കേൾക്കാനും നല്ല രസമാണ് അത്തരത്തിൽ രണ്ട് കൂത്തുകളെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
ജോലിയിൽ നിന്ന് റിട്ടയർ ചെയ്തു കഴിഞ്ഞ് പെൻഷൻ വാങ്ങുന്നത് സർവീസ് കാലത്തിൻ്റെ അത്രയും നാൾ തുടർന്നാൽ സർവീസിൽ ഉണ്ടായിരുന്ന കാര്യം തന്നെ ചിലർ മറക്കും. അങ്ങനെയല്ലേ മുതുഗയ്സ് ?
എന്നാൽ ചില സംഭവങ്ങൾ നാം ഒരിക്കലും മറക്കില്ല.
റിട്ടയർ ആയവർക്ക് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് യാത്രയയപ്പ് കൊടുക്കുന്ന ചടങ്ങ് എല്ലാ സ്ഥാപനങ്ങളിലും ഉണ്ട്. നിറയെ പണം പിരിച്ച് ധൂർത്തടിക്കുന്നതാണ് പതിവു രീതി. റിട്ടയർ ചെയ്യുന്ന ആളിന് ഒരു ടേബിൾ ഫാനോ ക്ലോക്കോ മാത്രം കൊടുത്തു അദ്ദേഹത്തെ സംതൃപ്തനാക്കുന്നതാണ് പലയിടങ്ങളിലും കണ്ടുവരുന്നത്. ബാക്കി കാശിന് എല്ലാവരും കൂടി പുട്ടടിക്കും. കൂട്ടത്തിൽ കൂടുതൽ കാശ് അമുക്കുന്നത് ഇതിൻ്റെ മുഖ്യസംഘടകനാണ് അത്തരമൊരു യാത്രയയപ്പിന്റെ കാര്യം ഇങ്ങനെ.
സ്കൂൾ കോളജുകളിൽ ആണെങ്കിൽ റിട്ടയർമെൻറ് ചടങ്ങ് ആഘോഷമാക്കാൻ സ്റ്റാഫ് സെക്രട്ടറി ഉൾപ്പെടെ കുറഞ്ഞത് മൂന്നു പേരുള്ള ഒരു സബ്കമ്മിറ്റി ഉണ്ടായിരിക്കും. രണ്ടു പേർ ചുമ്മാ കൂടുന്നതാണ്, വെള്ളമടി ചങ്ങാതികൾ. സെക്രട്ടറിക്കാണ് പണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം. പുക, പുകയില, ലിക്വർ, കാർ വാടക ഇതൊക്കെ ചെലവാക്കുന്നതിന്റെ കണക്ക് സെക്രട്ടറിയാണ് സൂക്ഷിക്കുക.
അത്തരത്തിൽ ഒരു കാർ യാത്രയ്ക്ക് ആയിരം രൂപ ചിലവാക്കിയതിൻ്റെ കണക്കാണ് രസകരം
റിട്ടയർ ചെയ്യാൻ പോകുന്ന കെ കെ കുറുപ്പ് എന്ന അധ്യാപകൻ കർമ്മ കുശലൻ അഥവാ കർമ്മ രംഗത്തെ കശ്മലൻ ആയതുകൊണ്ട് റിട്ടയർമെൻറിനു തൊട്ടുമുമ്പുള്ള അനുവദനീയമായ ലീവ് പോലും എടുക്കാതെ കുട്ടികളെ പഠിപ്പിച്ചു. ചെയ്തത് വലിയ തെറ്റെന്ന് കൂട്ടത്തിൽ ഉള്ളവർ പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല.
അങ്ങനെയിരിക്കെയാണ് കുറുപ്പു സാറിൻ്റെ റിട്ടയർമെൻറ് ചടങ്ങ് തീരുമാനിക്കപ്പെട്ടത്.
റിട്ടയർ ചെയ്യുന്ന അധ്യാപകനെ/ അധ്യാപികയെ വീട്ടിൽ പോയി ക്ഷണിക്കുക എന്നുള്ളതാണ് നാട്ടാചാരം. അതിന് റിട്ടയർമെൻറ് ഫണ്ടിൽനിന്ന് കാർ വാടകയും വട്ട ച്ചെലവിനുള്ള പണവുംഎടുക്കാം.
റിട്ടയർ ചെയ്യാൻ പോകുന്ന കുറുപ്പുസാർ സ്റ്റാഫ് റൂമിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടിട്ടും മൈൻ്റ് ചെയ്യാതെ സെക്രട്ടറിയും കൂട്ടരും അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് പോയി റിട്ടയർമെൻ്റിന് ക്ഷണിക്കാൻ. വീട്ടിൽ ചെന്നപ്പോൾ ആട് കിടന്ന പാട്ടിൽ പൂട പോലുമില്ല എന്ന മട്ടിൽ ഗേറ്റ് അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. ചെന്ന പാടെ റിട്ടേൺ അടിച്ച് കോളജിൽ തിരികെയെത്തി സ്റ്റാഫ് റൂമിൽ ഇരുന്ന കുറുപ്പിനെ നേരിട്ട് ക്ഷണിക്കുകയായിരുന്നു.
" സാറിൻറെ യാത്രയയപ്പ് ഞങ്ങൾ മാർച്ച് 31നാണ് തീരുമാനിച്ചിരിക്കുന്നത്, കുടുംബ സമേതം എത്തണം"
കറിലെയാത്ര ഓസിൽ ആയിരുന്നെങ്കിലും 1000 രൂപ ചെലവെഴുതാൻ സെക്രട്ടറി മറന്നില്ല. ഇന്നായിരുന്നെങ്കിൽ 3000 രൂപ എഴുതാമായിരുന്നു.
അന്ന് സെക്രട്ടറിയായിരുന്ന അധ്യാപകന് വയലിൻ വായന ഉൾപ്പെടെ ചില്ലറ കലാവാസനയുമുണ്ടായിരുന്നു. കഴിച്ച സാധനത്തിൻ്റെ ഗ്രേഡനുസരിച്ച് അദ്ദേഹം തിരക്കുള്ള റോഡുകളുടെ സൈഡിലും വയലിൻ വായിക്കും. ആൾക്കൂട്ടം കണ്ടാൽ അദ്ദേഹത്തിൻ്റെ തലയിൽ സംഗീതത്തിൻ്റെ തിരയിളക്കമുണ്ടാകും. അങ്ങനെ ഒരിക്കൽ തൊട്ടടുത്ത റോഡ് മുക്കിൽ ജനസഞ്ചയത്തെ സാക്ഷനിർത്തി വയലിൻ വായിച്ച് ട്രാഫിക് തടസ്സം സൃഷ്ടിച്ചു. ഇതു കണ്ട ഒരു പോലീസുകാരൻ തന്റെ ഡ്യൂട്ടിയുടെ ഭാഗമായി അധ്യാപകന്റെകഴുത്തിന് പിടിച്ചു തള്ളിയ ചരിത്രവും ഉണ്ട്. കേസ് കൊടുക്കും എന്ന് അധ്യാപകൻ പരസ്യമായി പറഞ്ഞ് പോലീസുകാരനെ ഭീഷണിപ്പെടുത്തിയെങ്കിലും അത്തരം ഒരു നീക്കംപിന്നീട് നടന്നതായി ചരിത്രവായനയിൽ കാണില്ല
ഈ അധ്യാപകൻ റിട്ടയർമെൻ്റ് ചടങ്ങിൽ എന്തായിരുന്നു വാഴ്ത്തുപാട്ട്'. വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അധ്യാപകൻ, ജനങ്ങളുടെ ഇടയിൽ സന്തോഷം കണ്ടെത്തിയ കലാകാരൻ, സഹപ്രവർത്തകർക്ക് പ്രിയങ്കരൻ , കണ്ണിലുണ്ണി, അധ്യപകരായാൽ ഇങ്ങനെ വേണം, അങ്ങനെ പോയി വിശേഷണങ്ങൾ . ചരമ പ്രസംഗത്തിലും യാത്രയയപ്പു ചടങ്ങിലും വാഴ്ത്തു പാട്ടുകൾക്ക് പരിധി നിശ്ചയിച്ചിട്ടില്ലെന്നതുകൊണ്ട് ആർക്കും ആരെപ്പറ്റിയും എന്തും പറയാം, പുകഴ്ത്താം
മദ്യപിച്ച് നടുറോട്ടിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് സംഗീതക്കച്ചേരി നടത്തിയാലും സ്വന്തം വിദ്യാർത്ഥികൾക്കൊപ്പം പാനോൽസവം സംഘടിപ്പിച്ചാലും യാത്രയപ്പിൽ ഈ അധ്യാപകൻ ഏവർക്കും പിയങ്കരൻ .
കോളേജിലൊക്കെ വിദ്യാർത്ഥികൾക്ക് ഒപ്പം മദ്യപിച്ച അധ്യാപകർക്കാണല്ലോ റിസോർട്ടു ഹോട്ടലുകളിൽ നടത്തുന്ന പൂർവ്വ വിദ്യാർത്ഥി മേളകളിലെ താരങ്ങൾ. ഇത്തരം മേളകളിൽ ക്ഷണിക്കപ്പെടാതെ പോകുന്നതിൽ കുറുപ്പിന് യതൊരുവിധ വിഷമവും ഉണ്ടായിട്ടില്ല.
ഇനി രണ്ടാമത്തെ കൂത്ത്. അതെന്താണെന്ന് വെച്ചാൽ ഒരു അധ്യാപകന്റെ പുസ്തക പ്രകാശനമാണ്.
പണ്ടുകാലങ്ങളിൽ വളരെയേറെ കഷ്ടപ്പെട്ടാണ് എഴുത്തുകാർ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്. പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാധകരെ കിട്ടാത്തതിൻ്റെ പേരിൽ സർഗവൈദഗ്ധ്യം പരണത്തു കയറ്റിയവരാണ് കൂടുതൽ പേരും.
100 പേജുള്ള പുസ്തകത്തിൻ്റെ 500 കോപ്പി 35000 രൂപ മുടക്കി പബ്ളിഷു ചെയ്താൽ, വിറ്റു കിട്ടുന്നപണം പബ്ളിഷർ എടുക്കുന്നതല്ലാതെ അഞ്ചു പൈസ എഴുത്തുകാരന് തിരികെ കിട്ടാത്ത അവസ്ഥയാണ് എവിടെയും. ക്ഷണിക്കപ്പെട്ട് എത്തിച്ചേർന്നവർക്ക് വാങ്ങിക്കൊടുക്കുന്ന വാഴയ്ക്കാപ്പത്തിൻ്റെയും ചായയുടേയും കാശ് വേറെയും നഷ്ടം.
അതിനിടെയാണ് പുസ്തക പ്രകാശനത്തിനുമുമ്പ് കവർ പ്രകാശനം എന്ന നൂതന സാങ്കേതികവിദ്യ കണ്ടു പിടിക്കപ്പെട്ടത്. വരാനിരിക്കുന്ന ചവറ് ഗംഭീര സാധനമെന്ന നിലയിലാണ് കവർ പ്രകാശനം ചെയ്യുന്നത്.
ഒരു നോവൽ വിഷമിച്ച് ഇറക്കിയിരുന്നവർ ഇപ്പോൾ ഒരേ സമയം രണ്ടു നോവൽ വെച്ചാണ് ഇറക്കുന്നത്. ഇതിനു മാത്രം പണം ഇവർക്ക് എവിടെ നിന്നു കിട്ടുന്നു?
എല്ലാം ഒരു സംതൃപ്തിക്കു വേണ്ടി.
താൻ ഒരു സംഭവമാണെന്ന് ഇതൊക്കെ വായിക്കുന്നവർ അറിയണം. അല്ലെങ്കിൽ എന്തിനാണ് 5000 രൂപ ഒരു തോട്ടപ്പള്ളി ഏജൻ്റിന് കൊടുത്ത് ഡൽഹിയിൽ പോയി ഭീംറാവു അംബദ്കർ പുരസ്കാരം വാങ്ങുന്നത്? ആദ്യം 5000 മുടക്കിയവന് അടുത്ത വർഷവും പുരസ്കാരം വേണമെങ്കിൽ 3000 കൊടുത്താൽ മതി. ഇത്തരം ഒരു പുരസ്കാരം കയ്യിൽ കിട്ടിയവനെ ഷാൾ പുതപ്പിക്കാൻ നൂറുകണക്കിന് സാംസ്കാരിക ട്രൂപ്പുകൾ ചുറ്റുവട്ടത്ത് ഉണ്ടെന്നുതു കൂടുതൽ പേരെ ഈ രംഗത്തേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട്.
പുസ്തക പ്രകാശനചടങ്ങിൽ പുസ്തകം റിലീസു ചെയ്യുന്ന ആളും അതുസ്വീകരിക്കുന്ന ആളും ഒരുപോലെ പ്രശസ്തരാകും എന്ന വിശ്വാസവുമുണ്ട്. പുസ്തകം സ്വീകരിക്കുന്ന ആൾ പുസ്തക രചയിതാവിൻ്റെ ഭാര്യയാണങ്കിൽ അതിൻ്റെ ക്രെഡിറ്റ് പറയാനുമില്ല
വിവാഹം കഴിക്കാൻ, ആരെ തെരഞ്ഞെടുക്കണം എന്നതിന് പാച്ചു , കോവാലനോടു പറയുന്ന ഒരു കഥയുണ്ട്.
മൂന്നു യുവതികളാണുള്ളത്. ഒന്നാമത്തവൾ ടെലഫോൺ ഒപ്പറേറ്റർ, രണ്ടാമത്തേത് ബാർ ടെൻ്റർ, മൂന്നാമത്തേത് ടീച്ചർ.
" നീ 5 മിനിട്ടിൽ കൂടുതൽ എടുത്താൽ ഭാര്യ പറയും ഫൈവ് മിനിട്ട്സ് ഓവർ, ഡിസ്കണക്ട്, ഡിസ്കണക്ട് എന്ന്. നിനക്ക് അഞ്ചു മിനിറ്റ് മതിയാകുമോ. "
" നീ താമസിച്ചെത്തിയാൽ ബാർ ടെൻ്റർ പറയും , ബാർ ഈസ് ക്ലോസ്ഡ്, നോ അഡ്മിഷൻ, നോ അഡ്മിഷൻ എന്ന്. നിനക്ക് നേരത്തെ വീട്ടിലെത്താൻ കഴിയുമോ "
" നിൻ്റെ ഭാര്യ ടീച്ചർ ആണെങ്കിൽ നീ തെറ്റു വരുത്തിയാൻ പറയും, സാരമില്ല, തെറ്റ് ആർക്കും സംഭവിക്കാം തിരുത്തിയെഴുതു, തിരുത്തിയെഴുതുഎന്ന്. നിനക്ക് ആരെ വേണം ഭാര്യയായി?"
" എനിക്കു ടീച്ചർ മതിയേ" കോവാലൻ
പ്രശസ്ത കാർട്ടൂണിസ്റ്റ് പി.കെ മന്ത്രിയുടെ "മക്കൾ" ആണു പാച്ചുവും കോവാലനും.
ഭാര്യ ടീച്ചറാണെങ്കിൽ എന്തും അനുസരിച്ചുകൊള്ളും.
ഇവിടെ സമീപ പ്രദേശത്ത് നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ പുസ്തകം ഏറ്റുവാങ്ങിയത് എഴുത്തുകാരൻ്റെ സ്കൂൾ ടീച്ചറായ ഭാര്യയാണ്. പുസ്തകവുമായി ഗ്രന്ഥകാരൻ വീട്ടിലേക്കല്ലേ ചെല്ലുന്നത് അപ്പോൾ സ്വീകരിച്ചാൽ പോരെ എന്നു ചോദിച്ചാൽ അതിനൊരു ഗുമ്മില്ല '
അധ്യാപികമാരായ ഭാര്യമാർ എന്തെല്ലാം സഹിക്കണം.
* * *