#ചെമ്മീൻസിനിമ
കാലമേറെ കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ നിൽക്കുന്ന സിനിമയാണ് തകഴിയുടെ, രാമകാര്യട്ടിന്റെ ചെമ്മീൻ. പരീക്കുട്ടിയും പളനിയും കറത്തമ്മയും ചെമ്പന്‍കുഞ്ഞുമൊക്കെ മധു, സത്യൻ, ഷീല, കൊട്ടാരക്കര എന്നിവരുടെ രൂപത്തിൽ ഓർമയിൽ വന്നുപോകുന്നു. വയലാർ -സലിൽ ചൗധരി ഒരുക്കിയ ഗാനങ്ങൾ നിത്യ സുഗന്ധികളായി ആയിരങ്ങളെ രസിപ്പിച്ച് ഇന്നും നിലനിൽക്കുന്നു.
ചെമ്മീൻ സിനിമ ആദ്യമായി കണ്ട അനുഭവം ഓർത്തെടുക്കുന്നത് രസകരമാണ്. സിനിമ റിലീസ് ചെയ്തത് ആയിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ച് ഓഗസ്റ്റിൽ. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം.
ചേർത്തല ഭവാനി തീയേറ്റർ റിലീസിംഗ് സെൻറർ അല്ലാതിരുന്നതിനാൽ ആഴ്ചകൾ പിന്നിട്ടാണ് ചെമ്മീൻ സിനിമ അവിടെ പ്രദർശനത്തിന് എത്തുന്നത്. നല്ല സിനിമയ്ക്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ചെമ്മീനിന് മലയാളത്തിലെ ആദ്യത്തെ കളർസിനിമ എന്ന ഖ്യാതി കൂടി ഉണ്ടായിരുന്നു. സിനിമ കാണാൻ ജനങ്ങളുടെ വൻ തിരക്കായിരുന്നു.
സിനിമയുടെ വിശേഷം ക്ലാസിലെ കുട്ടികൾ പറഞ്ഞു കേട്ടപ്പോൾ ആ സിനിമ എങ്ങനെയും കാണണമെന്നായി ആഗ്രഹം. പക്ഷേ തടസ്സമായിനിന്നത് സിനിമ കാണുന്നതിനുള്ള പണം കണ്ടെത്തുക എന്നതായിരുന്നു. ടിക്കറ്റിനുള്ള പണം മാത്രം പോരാ, യാത്രയ്ക്കുള്ള ബസ് ഫെയറും ഒരു പാട്ട് പുസ്തകം വാങ്ങുന്നതിനുള്ള കാശും വേണമായിരുന്നു. ഇന്ന് കണ്ടുകിട്ടാനില്ലാത്ത സിനിമപാട്ട് പുസ്തകം അന്നു വലിയ ഹിറ്റായിരുന്നു
കാശ് എങ്ങനെയോ സംഘടിപ്പിച്ചു എന്നു പറഞ്ഞാൽ മതി
സിനിമ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പു തന്നെ തിയറ്ററിൽ എത്തി. ടിക്കറ്റ് കൗണ്ടറിന്റെ മുന്നിലായി പാട്ടുപുസ്തകങ്ങൾ നിരത്തി തൂക്കിയിട്ടിരിക്കുന്നു. മനോഹരമായ കടലാസിൽ പ്രിൻറ് ചെയ്ത പാഠപുസ്തകം. ഓരോ പേജിലും സ്വർണ്ണ മെഡലിന്റെ വാട്ടർ മാർക്ക് പ്രിൻറ് ചെയ്തിരുന്നു. അതിനു മുകളിലാണ് ഗാനങ്ങൾ എല്ലാം അച്ചടിച്ചിരുന്നത്. പാട്ടുപുസ്തകം ഒരെണ്ണം സ്വന്തമാക്കി പാട്ടുകൾ ഉരുവിട്ട് നോക്കി. പാടാൻ അറിയാത്തതിൽ വളരെ വിഷമം തോന്നിയ നിമിഷം. പാട്ടു പാടുക ഒരു പ്രത്യേക സിദ്ധിയാണന്നും എല്ലാവർക്കും നന്നായി പാടാനാവില്ല എന്ന തിരിച്ചറിവ് ഉണ്ടായിരുന്നതും ഗൃണം ചെയ്തു
തറയിൽ ഇരുന്ന് സിനിമ കാണുന്നത് രസമാണ്. സ്ക്രീനിലേക്ക് നോക്കാൻ തല അല്പം ഉയർത്തണമെന്ന് മാത്രം കുറച്ചുകഴിയുമ്പോൾ എല്ലാം നോർമൽ ആയിക്കൊള്ളും
മാറ്റിനി സിനിമയാകുമ്പോൾ മുൻ ഷോ കണ്ടവരുടെ തുപ്പൽ അവശിഷ്ടം തറയിൽ വീഴത്തതിനാൽ മണ്ണ് മാറ്റി ഇരിപ്പിടം വൃത്തിയാക്കേണ്ട സാഹചര്യമൊന്നുമില്ലായിരുന്നു. ചെറുപ്പക്കാർ ഉൾപ്പെടെ ഒട്ടുമിക്കവരുടെയും സ്ഥിരംകലാപരിപാടി ആയിരുന്നു അന്ന് വെറ്റില മുറുക്ക് .
തിയേറ്ററിനകത്ത് സിനിമാസ്വാദകർ തുപ്പുന്ന കാലമായിരുന്നു അത്. ആ ശീലം ക്രമേണ മാറി. ഇന്ന് ആരും തിയേറ്ററിനകത്തു തുപ്പാറില്ല, തിയറ്ററിൽ കാണിക്കുന്ന ചില സിനിമകൾ അത്തരത്തിലുള്ളതാണെങ്കിൽ പോലും
തിരക്ക് കാരണം വളരെ പണിപ്പെട്ടാണ് ടിക്കറ്റ് എടുത്തത്..സിനിമയ്ക്ക് വരവും കാഴ്ചയും ഒറ്റയ്ക്കായതുകൊണ്ട് സ്വന്തമായി തന്നെ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയായിരുന്നു.
ഏറെ തിങ്ങി ഞെരുങ്ങിയാണ് തറയിലിരുന്ന് സിനിമ കണ്ടത്. ഏതാണ്ടൊക്കെ അന്നു മനസ്സിലായി. പക്ഷേ പരീക്കുട്ടിയെയും കറുത്തമ്മയേയും ഒടുക്കം കൊല്ലണ്ടായിരുന്നു എന്ന ചിന്ത അന്ന് തോന്നിയിരുന്നു.
പ്രേമിച്ചു തുടങ്ങാൻ സംഭാഷണം എങ്ങനെ വേണം എന്നത് ആ സിനിമ കണ്ടപ്പോഴാണ് പഠിച്ചത്. പക്ഷേ ആ സമ്പ്രദായം വിജയകരമായി പ്രയോഗിക്കാൻ ഒരു ചാൻസ് കിട്ടിയില്ല എന്നത് ഒരു ദുഃഖസത്യമായി ഇന്നും അവശേഷിക്കുന്നു
സിനിമയിലെ ആദ്യ ഡയലോഗുകൾ എവിടെയോ വായിച്ചതിങ്ങനെ ? പരീക്കുട്ടിയും കറുത്തമ്മയും കൂടിയുള്ള സംഭാഷണമാണ്.
"എന്റെ അച്ചേ വള്ളോം വലേം മേടിക്കാനെക്കൊണ്ടു പോവ്വാണേല്ലോ"".
""കറത്തമ്മേടെ ഭാഗ്യം!""
കറത്തമ്മയ്ക്ക് ഉത്തരം മുട്ടിപ്പോയി. അവള്‍ പറഞ്ഞു. ""പഷ്ഷേല് രൂപ തെകായാത്തീല്ല. ഞങ്ങക്ക് കുറെ രൂപ തരാവോ?""
""എന്റെ കൈയിലെവടന്നാ രൂപാ?"" പരീക്കുട്ടി കൈ മലര്‍ത്തിക്കാണിച്ചു.
കറത്തമ്മ ചിരിച്ചു. ""പിന്നെന്തീനാ വല്യ കൊച്ചു മൊതാലാളി ആന്നും പറഞ്ഞു നടാക്കുന്നെ?""
""എന്നെ എന്തിനാ കൊച്ചു മുതലാളീന്നു കറത്തമ്മ വിളിക്കുന്നെ?"".
""പിന്നെന്നാ വിളിക്കണം?"",
""പരീക്കുട്ടീന്നു വിളിക്കണം"".
കറത്തമ്മ "പരീ" എന്നോളം ശബ്ദിച്ചു. എന്നിട്ടു പൊട്ടിച്ചിരിച്ചു. ആ വിളി മുഴുവനാക്കാന്‍ പരീക്കുട്ടി ആവശ്യപ്പെട്ടു. കറത്തമ്മ ചിരി അടക്കിയിട്ട് ഗൗരവം ഭാവിച്ച്, "ഇല്ല" എന്നു തലകുലുക്കി എന്നിട്ടവള്‍ പറഞ്ഞു:
""ഞാന് വിളിക്കാത്തീല"".
""എന്നാല്‍ ഞാന്‍ കറത്തമ്മേന്നും വിളിക്കത്തില്ല"".
""പിന്നെന്താ എന്നേം വിളീക്കാമ്പോണേ?""
""ഞാന്‍ വല്യ മരക്കാത്തീന്നു വിളിക്കും"".
കറത്തമ്മ പൊട്ടിച്ചിരിച്ചു. പരീക്കുട്ടിയും പൊട്ടിച്ചിരിച്ചു. നീണ്ടുനീണ്ട ചിരി. എങ്ങനെ എന്തിനായി അവര്‍ അങ്ങനെ ചിരിച്ചു?
ആ ചിരിയുടെ പൊരുൾ എട്ടാം ക്ലാസ് കാരനും മനസ്സിലാകുമായിരുന്നു
സിനിമ കാണുന്നതിനിടയിലും പാട്ടുപുസ്തകം മുറുകെ പിടിച്ചിരുന്നു വീട്ടിൽ ചെന്ന് പാട്ടുപാടി രസിക്കാൻ.
പക്ഷേ ഞെട്ടിപ്പോയത് പുറത്തിറങ്ങി പോക്കറ്റിൽ കൈ ഇട്ടപ്പോഴാണ്. മടക്കയാത്രയ്ക്കുള്ള വണ്ടിക്കൂലി ടിക്കറ്റ് കൗണ്ടറിലെ തിരക്കിൽ നഷ്ടപ്പെട്ടിരിക്കുന്നു !
പിന്നീട് ഒന്നും ആലോചിച്ചില്ല , ചേർത്തല നിന്ന് വീട്ടിലേക്ക് നടന്നു, ആറു കിലോമീറ്റർ ദൂരം. ചെമ്മീൻ സിനിമയിലെ രംഗങ്ങൾ ഓരോന്നായി മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നതിനാൽ ആറ് കിലോമീറ്റർ നടപ്പ് അത്ര വലിയ പ്രയാസമുള്ളതായി തോന്നിയില്ല. പിറ്റേദിവസം സ്കൂളിൽ നടക്കാനിരിക്കുന്ന പരീക്ഷയെ കുറിച്ചുള്ള ചിന്തകളും അലോസരപ്പെടുത്തിയില്ല.
പിന്നീടുള്ള ദിവസങ്ങളിൽ പാട്ടുപുസ്തകത്തിലെ പാട്ടുകൾ പാടി രസിക്കുക, മറ്റുള്ളവരെ രസിപ്പിക്കാൻ നോക്കുക എന്നുള്ളതായിരുന്നു പരിപാടി. പക്ഷേ ആവശ്യക്കാർ തീരെ ഇല്ലാതിരുന്നതിനാൽ എങ്ങനെയോ ആ കലാവാസന അപ്രത്യക്ഷമായി.
No comments:
Post a Comment