#വൈറസ്
കഥ -കെ എ സോളമൻ
കഥ എഴുതുന്നതിന് നാളുകൾക്ക് മുമ്പേ കടലാസും പേനയും ഉപേക്ഷിച്ച കഥാകാരൻ തൻറെ പുതിയ കഥ വായിക്കാനായി വേദിയിലേക്ക് വന്നു
മൈക്ക് പിടിച്ച് നേരെ ആക്കിയതിനു ശേഷം സദസ്സിൽ സന്നിഹിതരായ സാംസ്കാരിക ട്രൂപ്പ് അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞു.
"മാന്യ സുഹൃത്തുക്കളെ, എൻറെ ഏറ്റവും പുതിയ കഥയാണ്, നിങ്ങൾ ബോറടിക്കാതിരിക്കാൻ വളരെ സംക്ഷിപ്തമായിട്ടാണ് എഴുതിയിട്ടുള്ളത്. കഥയിലേക്ക് കടക്കാം. കഥയുടെ പേര് വൈറസ് "
കഥ വായിക്കുന്നതിനായി കഥാകാരൻ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ഓൺ ചെയ്തു. ഗൂഗിൾ ഡ്രൈവിൽ കടന്ന് കഥ സ്ക്രീനിലേക്ക് കൊണ്ടുവന്നു.
കഥ വായിക്കാൻ തുടങ്ങിയതും അതിലെ അക്ഷരങ്ങൾ ഓരോന്നായി താഴെ വീഴുന്നതായിട്ട് കഥാകാരൻ കണ്ടു. പണ്ട് ഡയറിയിൽ കഥയെഴുതി വായിച്ച കാലത്ത് ഉണ്ടാകാത്ത അനുഭവം.
അയാൾ മൊബൈലിന്റെ അവിടെയും ഇവിടെയും തട്ടി നോക്കി. വിരലുകൾ കൊണ്ട് കുത്തി നോക്കി , ഓഫ് ചെയ്യാൻ നോക്കി. ഓഫ് ആകുന്നതുമില്ല.
കഥാകാരൻ എന്താണ് കാണിക്കുന്നത് എന്ന് മനസ്സിലാകാതെ ശ്രോതാക്കൾ ആകാംക്ഷയുടെ നോക്കിയിരുന്നു.
കൈ മുദ്രകൾ നിർത്തി കഥാകാരൻ പറഞ്ഞു: "മൊബൈൽ ഹാങ്ങ് അല്ല, വൈറസ് ബാധ ആണെന്ന് തോന്നുന്നു. വൈറസ് ക്ലീനർ ഡൗൺലോഡ് ചെയ്യാനും പറ്റുന്നില്ല, അതുകൊണ്ട് ഈ കഥ ഈ പരിപാടിയുടെ അവസാനം ഞാൻ വായിക്കാം. അല്ലെങ്കിൽ അടുത്ത തവണ വായിക്കാം, നന്ദി, നമസ്കാരം"
No comments:
Post a Comment