Friday, 23 September 2022

ചിന്താമഗ്നൻ - നാനോക്കഥ

#ചിന്താമഗ്നൻ - നാനോക്കഥ

ഞനെഴുതിയ കഥ വായിച്ച അദ്ദേഹം ചിന്താമഗ്‌നനായി എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം താഴ്ത്തി എന്റെ മുഖത്തു നോക്കാതെ അദ്ദേഹംഎന്നോടു ചോദിച്ചു:
 " എന്ത് പിണ്ണാക്കാടോ ഇത് ? "

അപാരവും അത്ഭുതകരവുമായ അജ്ഞതയിൽ നിന്ന് ഇത്തരം സംശയങ്ങൾ ഉത്ഭവിക്കാവുന്നതേയുള്ളു എന്ന എന്റെ മറുപടി കേട്ടതോടെ അദ്ദേഹം കൈകൾ കാലുകൾക്കിടയിലേക്ക് തിരുകി, മുഖം താഴ്ത്തി വീണ്ടും ചിന്താമഗ്നനായി :
- കെ എ സോളമൻ.

Thursday, 15 September 2022

വിലയേറിയ സ്വത്ത്

#വിലയേറിയ #സ്വത്ത്

കുറച്ച് കാലം മുമ്പ്, സ്വർണ്ണം പൊതിയുന്ന പേപ്പർ പാഴാക്കിയതിന് ഒരാൾ തന്റെ 3 വയസ്സുള്ള മകളെ ശിക്ഷിച്ചു. ക്രിസ്മസ് ട്രീയുടെ ചുവട്ടിൽ വയ്ക്കാൻ കുട്ടി ഒരു പെട്ടി അലങ്കരിക്കാൻ ശ്രമിച്ച് പണം നഷ്ട പ്പെടുത്തിയതിനായിരുന്നു ശിക്ഷ.

പിറ്റേന്ന് രാവിലെ കുഞ്ഞ് അവളുടെ പിതാവിന് ആ പെട്ടി സമ്മാനമായി കൊണ്ടുവന്ന് കൊടുത്തിട്ടു പറഞ്ഞു, “ഇത് അച്ഛനുള്ള എന്റെ സമ്മാനമാണ്.”

 നേരത്തെ നടത്തിയ അമിതമായ  കോപ പ്രകടനത്തിൽ  അയാൾക്ക് വിഷമം തോന്നി. പക്ഷേ പെട്ടി ശൂന്യമാണെന്ന് കണ്ടപ്പോൾ അയാൾക്ക് വീണ്ടും ദേഷ്യം വന്നു.

അയാൾ അവളോട് ഉച്ചത്തിൽ പറഞ്ഞു.: "ആർക്കെങ്കിലും ഒരു സമ്മാനം നൽകുമ്പോൾ, അതിനുള്ളിൽ എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന്  നിനക്കറിയില്ലേ?"

ആ കൊച്ചു പെൺകുട്ടി കണ്ണീരോടെ അയാളെ  നോക്കി പറഞ്ഞു, " അച്ഛാ  ഇതിനകം നിറയെ എന്റെ ഉമ്മകളുണ്ട്. എല്ലാം എന്റെ  അച്ഛനുള്ളതാ "

പിതാവിന് സങ്കടം സഹിക്കാനായില്ല. അയാൾ തന്റെ മകളുടെ ചുറ്റും കൈകൾ വച്ചു, അവളോട് ക്ഷമ ചോദിച്ചു.
ആ സ്വർണ്ണപ്പെട്ടി വർഷങ്ങളോളം ആ മനുഷ്യൻ തന്റെ കട്ടിലിനരികിൽ സൂക്ഷിച്ചു വെച്ചു.

 നിരാശപ്പെടുമ്പോഴെല്ലാം അയാൾ പെട്ടിയിൽ നിന്ന് ഒരു സാങ്കൽപ്പിക ചുംബനം പുറത്തെടുക്കുകയും മകളുടെ സ്നേഹം ഓർത്തെടുക്കുകയും ചെയ്യുമായിരുന്നു.

യഥാർത്ഥത്തിൽ, മനുഷ്യരായ നമുക്ക് ഓരോരുത്തർക്കും നമ്മുടെ കുത്തുങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ദൈവത്തിൽ നിന്നും നിരുപാധികമായ സ്നേഹവും ചുംബനങ്ങളും നിറഞ്ഞ ഒരു സ്വർണ്ണ പേടകം നൽകിയിട്ടുണ്ട്. അതിനെക്കാൾ വിലയേറിയ സ്വത്ത് വേറെയില്ല ആർക്കും .

അവളുടെ പേരു ഒലിവേര എന്നായിരുന്നു.

-കെ എ സോളമൻ

Tuesday, 13 September 2022

ഡെസ്ഡിമോണ

#ഡെസ്ഡിമോണ

അംഗലകവിതാ സ്വപ്നറാണിയാം  ആയുവസുന്ദരി ഡെസ്ഡിമോണയോ ?

1971-ൽ ഇറങ്ങിയ  ലങ്കാദഹനം എന്ന സിനിമയിലെ   "പഞ്ചവടിയിലെ മായാസീതയോ" എന്ന ശ്രീകുമാരൻ തമ്പി രചിച്ച് ജയചന്ദ്രൻ പാടിയ ഗാനത്തിലാണ് ഈ വരികളുള്ളത്. 

പ്രേംനസീറും വിജയശ്രീയും ചേർന്ന് അഭിനയിച്ച രംഗങ്ങളിൽ വിജയശ്രീ, ഡെസ്‌ഡി മോണയുടെ വേഷത്തിലും പ്രത്യക്ഷപ്പെടുന്നു. ലോകം കണ്ടിട്ടുള്ള അതിസുന്ദരിമാരിൽ ഒരാളാണ്  ഡെസ്ഡിമോണയെന്ന് ആ ഗാനം ആദ്യമായി കേട്ട നാൾ മുതൽ  തോന്നിയിരുന്നു. എഴുപതുകളിൽ മലയാള സിനിമ പ്രേക്ഷകരായ യുവാക്കളുടെ ഹാർട്ട് ത്രോബ്  ആയിരുന്നു വിജയശ്രീ

 വിശ്വ മഹാകവി ഷെയ്ക്സ്പിയറുടെ മാനസപുത്രിമാരിൽ സൗന്ദര്യവും സ്വഭാവ മഹിമയും കൊണ്ട് മുന്നിലാണ് ഡെസ്ഡിമോണ . അവൾക്ക് കാമുകനും പിന്നീടു ഭർത്താവുമായി മാറിയ ഒഥല്ലോയോടു നിസ്സീമ സ്നേഹമായിരുന്നു. കുലീനയും  സമ്പന്നയുമായ ഡെസ്ഡിമോണയുടെ കരംഗ്രഹിക്കാൻ സുന്ദരന്മാരും സമ്പന്നന്മാരുമായ കമിതാക്കൾ നിരവധി പേരുണ്ടായിന്നു. എങ്കിലും അവളുടെ മനോഗതി വേറൊരു വഴിക്കായിരുന്നു.

 പുരുഷന്മാരുടെ നിറത്തെക്കാൾ, ബാഹ്യപ്രകൃതിയേക്കാൾ ആരോഗ്യത്തിനും പെരുമാററ - ഗുണത്തിനുമാണ് മുൻതൂക്കം എന്ന് ഡെസ്ഡിമോണ കരുതി.

 ഒഥല്ലോയുടെ വീരസാഹസിക കഥകൾ സ്ത്രീസഹജമായ കൗതുകത്തോടെ അവൾ കേട്ടിരുന്നു. ഒടുക്കം. ഒഥല്ലോയുമായി രഹസ്യ വിവാഹം നടത്തുകയും വിവാദമായപ്പോൾ അവൾ ഒഥല്ലയോടൊപ്പം ചേർന്നു നിന്നു. സ്വന്തംപിതാവിനോടുള്ള കടപ്പാട് അംഗീകരിച്ചുകൊണ്ടുതന്നെ ഭർത്താവിനോടു  അവൾ ഹൃദയബന്ധം സ്ഥാപിച്ചു.  സംഘർഷഭരിതമായിരുന്നു അക്കാലത്ത് അവളുടെ ജീവിതം .

 പക്ഷേ കൂടുതൽ സംഘർഷഭരിതം ആകുന്നത് ജീവനു തുല്യം സ്നേഹിക്കുന്ന ഭർത്താവ് തന്നെ സംശയിക്കുമ്പോഴാണ് . അതിനു കാരണമായി ഒരു തൂവാല കൈമാറ്റവും അതിൻറെ നഷ്ടപ്പെടലുമുണ്ട്. സംശയത്തിന്റെ കരാള ഹസ്തത്തിൽ അകപ്പെട്ട
ഭർത്താവിൽ  നിന്ന്  സ്നേഹം നഷ്ടപ്പെടുമോ എന്ന് അവൾ ഭയപ്പെട്ടു

അവളുടെ ഭയം അസ്ഥാനത്തായില്ല. കോപാക്രാന്തനായ ഒഥല്ലോ അവളെ കഴുത്ത് ഞെരിച്ച കൊല്ലുകയായിരുന്നു

ഭർത്താവിനോടുള് സ്നേഹത്തിൽ അധിഷ്ഠിതമായ നിഷ്കളങ്കത ചിറകറ്റു  വീഴുന്ന കാഴ്ചയാണ് നാടകാന്ത്യത്തിൽ നാം കാണുന്നത്.

ഡെസ്ഡിമോണയുടെ  കഥാപാത്രസൃഷ്ടിയിൽ ഷെയ്ക്സ്പിയർ പ്രദർശിപ്പിച്ച അതുല്യ സർഗവൈഭവമാണ്. അവളെ വിശ്വസുന്ദരിയാക്കിയത്

മാർഗരറ്റ് ഹഗ്സ്, സാറാ സിദോൺ, അന്ന മോവറ്റ്, ഹെലൻ ഫൗസിററ്, എലൻ ടെറി , പെഗ്ഗി ആഷ് കോഫ്റ്റ്, ഉതാ ഹേഗൻ, എലിസബത് സ്‌ലേഡൻ, മാഗി സ്മിത്ത്, വിജയശ്രീ , കറീന കപൂർ,  ജന്നി അഗുറ്റർ, ജൂലിയ സ്‌റ്റെൽസ് തുടങ്ങി മഞ്ജു വാര്യർ വരെ ഡെസ്ഡിമോണയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നു.

ഡെസ്ഡിമോണ എന്ന വിശ്വസുന്ദരിയുടെ  പരകായ പ്രവേശത്തിന് എത്രയോ സുന്ദരിമാരെ കാലം ഇനിയും കാത്തു വെച്ചിട്ടുണ്ടാകും.

-കെ എ സോളമൻ

Saturday, 10 September 2022

#ചെമ്മീൻസിനിമ

#ചെമ്മീൻസിനിമ

കാലമേറെ കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ  നിൽക്കുന്ന സിനിമയാണ് തകഴിയുടെ, രാമകാര്യട്ടിന്റെ ചെമ്മീൻ. പരീക്കുട്ടിയും പളനിയും കറത്തമ്മയും ചെമ്പന്‍കുഞ്ഞുമൊക്കെ മധു, സത്യൻ, ഷീല, കൊട്ടാരക്കര എന്നിവരുടെ രൂപത്തിൽ ഓർമയിൽ വന്നുപോകുന്നു. വയലാർ -സലിൽ ചൗധരി ഒരുക്കിയ ഗാനങ്ങൾ നിത്യ സുഗന്ധികളായി ആയിരങ്ങളെ രസിപ്പിച്ച് ഇന്നും നിലനിൽക്കുന്നു.

ചെമ്മീൻ സിനിമ ആദ്യമായി കണ്ട അനുഭവം ഓർത്തെടുക്കുന്നത് രസകരമാണ്. സിനിമ റിലീസ് ചെയ്തത് ആയിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ച് ഓഗസ്റ്റിൽ. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം.

ചേർത്തല ഭവാനി തീയേറ്റർ റിലീസിംഗ് സെൻറർ അല്ലാതിരുന്നതിനാൽ ആഴ്ചകൾ പിന്നിട്ടാണ് ചെമ്മീൻ സിനിമ അവിടെ പ്രദർശനത്തിന് എത്തുന്നത്. നല്ല സിനിമയ്ക്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ  സ്വർണ്ണ മെഡൽ നേടിയ ചെമ്മീനിന്   മലയാളത്തിലെ ആദ്യത്തെ കളർസിനിമ എന്ന ഖ്യാതി കൂടി ഉണ്ടായിരുന്നു.  സിനിമ കാണാൻ ജനങ്ങളുടെ വൻ തിരക്കായിരുന്നു.

സിനിമയുടെ വിശേഷം ക്ലാസിലെ കുട്ടികൾ പറഞ്ഞു കേട്ടപ്പോൾ ആ സിനിമ എങ്ങനെയും കാണണമെന്നായി ആഗ്രഹം.  പക്ഷേ തടസ്സമായിനിന്നത്  സിനിമ കാണുന്നതിനുള്ള പണം കണ്ടെത്തുക എന്നതായിരുന്നു. ടിക്കറ്റിനുള്ള പണം മാത്രം പോരാ, യാത്രയ്ക്കുള്ള ബസ് ഫെയറും  ഒരു പാട്ട് പുസ്തകം വാങ്ങുന്നതിനുള്ള കാശും വേണമായിരുന്നു. ഇന്ന് കണ്ടുകിട്ടാനില്ലാത്ത സിനിമപാട്ട് പുസ്തകം അന്നു വലിയ ഹിറ്റായിരുന്നു

കാശ് എങ്ങനെയോ സംഘടിപ്പിച്ചു എന്നു പറഞ്ഞാൽ മതി

സിനിമ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പു തന്നെ തിയറ്ററിൽ എത്തി.  ടിക്കറ്റ് കൗണ്ടറിന്റെ മുന്നിലായി പാട്ടുപുസ്തകങ്ങൾ നിരത്തി തൂക്കിയിട്ടിരിക്കുന്നു.  മനോഹരമായ കടലാസിൽ പ്രിൻറ് ചെയ്ത പാഠപുസ്തകം. ഓരോ പേജിലും സ്വർണ്ണ മെഡലിന്റെ വാട്ടർ മാർക്ക് പ്രിൻറ് ചെയ്തിരുന്നു. അതിനു മുകളിലാണ് ഗാനങ്ങൾ എല്ലാം അച്ചടിച്ചിരുന്നത്. പാട്ടുപുസ്തകം ഒരെണ്ണം സ്വന്തമാക്കി പാട്ടുകൾ ഉരുവിട്ട് നോക്കി.  പാടാൻ അറിയാത്തതിൽ വളരെ വിഷമം തോന്നിയ നിമിഷം. പാട്ടു പാടുക ഒരു പ്രത്യേക സിദ്ധിയാണന്നും എല്ലാവർക്കും നന്നായി പാടാനാവില്ല എന്ന തിരിച്ചറിവ്  ഉണ്ടായിരുന്നതും  ഗൃണം ചെയ്തു

തറയിൽ ഇരുന്ന് സിനിമ കാണുന്നത് രസമാണ്. സ്ക്രീനിലേക്ക് നോക്കാൻ തല അല്പം ഉയർത്തണമെന്ന് മാത്രം കുറച്ചുകഴിയുമ്പോൾ എല്ലാം നോർമൽ ആയിക്കൊള്ളും

മാറ്റിനി സിനിമയാകുമ്പോൾ മുൻ ഷോ കണ്ടവരുടെ തുപ്പൽ അവശിഷ്ടം തറയിൽ വീഴത്തതിനാൽ മണ്ണ് മാറ്റി ഇരിപ്പിടം വൃത്തിയാക്കേണ്ട സാഹചര്യമൊന്നുമില്ലായിരുന്നു. ചെറുപ്പക്കാർ ഉൾപ്പെടെ ഒട്ടുമിക്കവരുടെയും സ്ഥിരംകലാപരിപാടി ആയിരുന്നു അന്ന് വെറ്റില മുറുക്ക് .
 
തിയേറ്ററിനകത്ത്  സിനിമാസ്വാദകർ തുപ്പുന്ന കാലമായിരുന്നു അത്. ആ ശീലം ക്രമേണ മാറി.  ഇന്ന് ആരും തിയേറ്ററിനകത്തു തുപ്പാറില്ല, തിയറ്ററിൽ കാണിക്കുന്ന ചില സിനിമകൾ അത്തരത്തിലുള്ളതാണെങ്കിൽ പോലും

തിരക്ക് കാരണം വളരെ പണിപ്പെട്ടാണ് ടിക്കറ്റ് എടുത്തത്..സിനിമയ്ക്ക് വരവും കാഴ്ചയും ഒറ്റയ്ക്കായതുകൊണ്ട് സ്വന്തമായി തന്നെ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയായിരുന്നു. 

ഏറെ തിങ്ങി ഞെരുങ്ങിയാണ് തറയിലിരുന്ന് സിനിമ കണ്ടത്. ഏതാണ്ടൊക്കെ അന്നു മനസ്സിലായി. പക്ഷേ പരീക്കുട്ടിയെയും കറുത്തമ്മയേയും ഒടുക്കം കൊല്ലണ്ടായിരുന്നു എന്ന ചിന്ത അന്ന് തോന്നിയിരുന്നു.

പ്രേമിച്ചു തുടങ്ങാൻ സംഭാഷണം എങ്ങനെ വേണം എന്നത് ആ സിനിമ കണ്ടപ്പോഴാണ് പഠിച്ചത്. പക്ഷേ ആ സമ്പ്രദായം വിജയകരമായി പ്രയോഗിക്കാൻ ഒരു ചാൻസ് കിട്ടിയില്ല എന്നത് ഒരു ദുഃഖസത്യമായി ഇന്നും അവശേഷിക്കുന്നു 

സിനിമയിലെ ആദ്യ ഡയലോഗുകൾ എവിടെയോ വായിച്ചതിങ്ങനെ ? പരീക്കുട്ടിയും കറുത്തമ്മയും കൂടിയുള്ള സംഭാഷണമാണ്.

"എന്റെ അച്ചേ വള്ളോം വലേം മേടിക്കാനെക്കൊണ്ടു പോവ്വാണേല്ലോ"".
""കറത്തമ്മേടെ ഭാഗ്യം!""
കറത്തമ്മയ്ക്ക് ഉത്തരം മുട്ടിപ്പോയി.  അവള്‍ പറഞ്ഞു. ""പഷ്ഷേല് രൂപ തെകായാത്തീല്ല. ഞങ്ങക്ക് കുറെ രൂപ തരാവോ?""
""എന്റെ കൈയിലെവടന്നാ രൂപാ?"" പരീക്കുട്ടി കൈ മലര്‍ത്തിക്കാണിച്ചു.
കറത്തമ്മ ചിരിച്ചു. ""പിന്നെന്തീനാ വല്യ കൊച്ചു മൊതാലാളി ആന്നും പറഞ്ഞു നടാക്കുന്നെ?""
""എന്നെ എന്തിനാ കൊച്ചു മുതലാളീന്നു കറത്തമ്മ വിളിക്കുന്നെ?"".
""പിന്നെന്നാ വിളിക്കണം?"",
""പരീക്കുട്ടീന്നു വിളിക്കണം"".
കറത്തമ്മ "പരീ" എന്നോളം ശബ്ദിച്ചു. എന്നിട്ടു പൊട്ടിച്ചിരിച്ചു. ആ വിളി മുഴുവനാക്കാന്‍ പരീക്കുട്ടി ആവശ്യപ്പെട്ടു. കറത്തമ്മ ചിരി അടക്കിയിട്ട് ഗൗരവം ഭാവിച്ച്, "ഇല്ല" എന്നു തലകുലുക്കി എന്നിട്ടവള്‍ പറഞ്ഞു:
""ഞാന് വിളിക്കാത്തീല"".
""എന്നാല്‍ ഞാന്‍ കറത്തമ്മേന്നും വിളിക്കത്തില്ല"".
""പിന്നെന്താ എന്നേം വിളീക്കാമ്പോണേ?""
""ഞാന്‍ വല്യ മരക്കാത്തീന്നു വിളിക്കും"".

കറത്തമ്മ പൊട്ടിച്ചിരിച്ചു. പരീക്കുട്ടിയും പൊട്ടിച്ചിരിച്ചു. നീണ്ടുനീണ്ട ചിരി. എങ്ങനെ എന്തിനായി അവര്‍ അങ്ങനെ ചിരിച്ചു? 
ആ ചിരിയുടെ പൊരുൾ എട്ടാം ക്ലാസ് കാരനും മനസ്സിലാകുമായിരുന്നു

സിനിമ കാണുന്നതിനിടയിലും പാട്ടുപുസ്തകം മുറുകെ പിടിച്ചിരുന്നു വീട്ടിൽ ചെന്ന് പാട്ടുപാടി രസിക്കാൻ.

പക്ഷേ ഞെട്ടിപ്പോയത് പുറത്തിറങ്ങി  പോക്കറ്റിൽ കൈ ഇട്ടപ്പോഴാണ്.  മടക്കയാത്രയ്ക്കുള്ള വണ്ടിക്കൂലി ടിക്കറ്റ് കൗണ്ടറിലെ തിരക്കിൽ നഷ്ടപ്പെട്ടിരിക്കുന്നു !

പിന്നീട് ഒന്നും ആലോചിച്ചില്ല , ചേർത്തല നിന്ന് വീട്ടിലേക്ക് നടന്നു, ആറു കിലോമീറ്റർ ദൂരം. ചെമ്മീൻ സിനിമയിലെ രംഗങ്ങൾ ഓരോന്നായി മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നതിനാൽ ആറ് കിലോമീറ്റർ നടപ്പ് അത്ര വലിയ പ്രയാസമുള്ളതായി തോന്നിയില്ല. പിറ്റേദിവസം സ്കൂളിൽ നടക്കാനിരിക്കുന്ന പരീക്ഷയെ കുറിച്ചുള്ള ചിന്തകളും അലോസരപ്പെടുത്തിയില്ല.

പിന്നീടുള്ള ദിവസങ്ങളിൽ പാട്ടുപുസ്തകത്തിലെ പാട്ടുകൾ പാടി രസിക്കുക, മറ്റുള്ളവരെ രസിപ്പിക്കാൻ നോക്കുക  എന്നുള്ളതായിരുന്നു പരിപാടി. പക്ഷേ ആവശ്യക്കാർ തീരെ ഇല്ലാതിരുന്നതിനാൽ എങ്ങനെയോ ആ കലാവാസന അപ്രത്യക്ഷമായി.

-കെ എ സോളമൻ

Wednesday, 7 September 2022

വൈറസ് - കഥ

#വൈറസ് 
കഥ -കെ എ സോളമൻ

കഥ എഴുതുന്നതിന് നാളുകൾക്ക് മുമ്പേ കടലാസും പേനയും ഉപേക്ഷിച്ച കഥാകാരൻ തൻറെ പുതിയ കഥ വായിക്കാനായി വേദിയിലേക്ക് വന്നു

മൈക്ക് പിടിച്ച് നേരെ ആക്കിയതിനു ശേഷം സദസ്സിൽ സന്നിഹിതരായ സാംസ്കാരിക ട്രൂപ്പ് അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞു.

"മാന്യ സുഹൃത്തുക്കളെ, എൻറെ ഏറ്റവും പുതിയ കഥയാണ്, നിങ്ങൾ ബോറടിക്കാതിരിക്കാൻ വളരെ സംക്ഷിപ്തമായിട്ടാണ് എഴുതിയിട്ടുള്ളത്. കഥയിലേക്ക് കടക്കാം. കഥയുടെ പേര് വൈറസ് "

കഥ വായിക്കുന്നതിനായി കഥാകാരൻ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ഓൺ ചെയ്തു. ഗൂഗിൾ ഡ്രൈവിൽ കടന്ന് കഥ സ്ക്രീനിലേക്ക് കൊണ്ടുവന്നു.

കഥ വായിക്കാൻ തുടങ്ങിയതും അതിലെ അക്ഷരങ്ങൾ ഓരോന്നായി താഴെ വീഴുന്നതായിട്ട് കഥാകാരൻ കണ്ടു. പണ്ട് ഡയറിയിൽ കഥയെഴുതി വായിച്ച കാലത്ത്  ഉണ്ടാകാത്ത അനുഭവം.

അയാൾ മൊബൈലിന്റെ അവിടെയും ഇവിടെയും തട്ടി നോക്കി. വിരലുകൾ കൊണ്ട് കുത്തി നോക്കി , ഓഫ് ചെയ്യാൻ നോക്കി.  ഓഫ് ആകുന്നതുമില്ല. 

 കഥാകാരൻ എന്താണ് കാണിക്കുന്നത് എന്ന് മനസ്സിലാകാതെ ശ്രോതാക്കൾ ആകാംക്ഷയുടെ നോക്കിയിരുന്നു.

 കൈ മുദ്രകൾ നിർത്തി കഥാകാരൻ പറഞ്ഞു: "മൊബൈൽ ഹാങ്ങ് അല്ല, വൈറസ് ബാധ ആണെന്ന് തോന്നുന്നു. വൈറസ് ക്ലീനർ ഡൗൺലോഡ് ചെയ്യാനും പറ്റുന്നില്ല, അതുകൊണ്ട് ഈ കഥ ഈ പരിപാടിയുടെ അവസാനം ഞാൻ  വായിക്കാം. അല്ലെങ്കിൽ അടുത്ത തവണ വായിക്കാം, നന്ദി, നമസ്കാരം"

 ശ്രോതാക്കൾ കൈയടിച്ചു.