Wednesday, 9 May 2018

പെൻഗ്വിൻ ലൈഫ് - കഥ

"കൈയിലിരിപ്പുകൊണ്ട് വേറെയാരും വിളിക്കുന്നില്ല. മാത്യുവും ഞാനും  മാത്രമാണ് ആകെയുള്ള മിത്രങ്ങൾ ". അലിയാരു കുഞ്ഞിന്റെ ഈ ആരോപണം രാമൻ നായരായ ഞാൻ പൂർണ്ണമായിഅംഗീകരിക്കുന്നില്ല.

ഒന്നാമത്തെ 'കാരണം വേറെയും മിത്രങ്ങൾ നിലവിൽ രാമൻ നായർക്കു ഉണ്ട് എന്നതാണ്. അവർ ആരൊക്കെ എന്നത്   ഇവിടെ പറയാമെന്നു വെച്ചാൽ ചിലരെയൊക്കെ വിട്ടു പോകും. അതു കൊണ്ട്  അതു വേണ്ട. നിസ്സാര കാരണങ്ങൾ മതി ചിലർക്ക് നീരസമുണ്ടാകാൻ.

സംഗതിയെന്തെന്ന്, താമസിച്ചെത്തിയർക്കായി  ചെറുതായി വിശദീകരിക്കാം
റിട്ടയർമെന്റിനു ശേഷം അത്യാവശ്യം പശുവളർത്തും കറവയുമായി കഴിയുകയായിരുന്നു. പശുകറവയ്ക്ക് കൂലി കൊടുക്കേണ്ടതായി വന്നില്ലല്ലോ യെന്നു ഭാര്യ പല പ്രാവശ്യം ഉറക്കെ പറഞ്ഞ്ആശ്വസിക്കുന്നത് കേട്ടിട്ടുണ്ട്‌. കുനിയാതെ, നിവർന്നു നിന്ന് മുറ്റമടിക്കാൻ പറ്റിയ പിടി നീളമുള്ള ചൂലും വാങ്ങിത്തന്നിട്ടുണ്ട്. അങ്ങനെ പുരയും മുറ്റവും തൊഴുത്തും വൃത്തിയാക്കുന്ന പണി യൊഴിച്ച് കാര്യമായിട്ടൊന്നും ചെയ്യാനില്ല. റിട്ടയർ ചെയ്തത് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്നല്ലാത്തതു കൊണ്ട് പെൻഷനു മുടക്കവുമില്ല.

ആകെയുള്ള വിനോദം വൈകുന്നേരം സമയങ്ങളിലെ സർവോദയഗ്രന്ഥശാല സന്ദർശനമാണ്. സർവരുടെയും ഉന്നമനത്തിനു വേണ്ടിയുള്ള സ്ഥാപനമാണെങ്കിലും വളരെക്കുറച്ചു പേരെ അവിടം സന്ദർശിക്കുറുള്ളു. പതിവായി വരുന്നവരിൽ ഒരു നോവലിസ്റ്റു, ഒരു കാർട്ടൂണിസ്റ്റു, ഒരു ബാലസാഹിത്യ കാരൻ, ഒരു പോലിസുകാരൻ എന്നിങ്ങനെ പോകും ലിസ്റ്റ് . അടുത്തൂൺ പറ്റിയ ഒന്നു രണ്ടു അധ്യാപകർ വരുമെങ്കിലും വല്ലാത്ത ധൃതിയാണ് തിരികെപ്പോകാൻ. മുളകു വാങ്ങിക്കാൻ ഭാര്യ പറഞ്ഞിട്ടുണ്ട്, ഉപ്പു വാങ്ങണം, പേരക്കുട്ടി കരയും എന്നൊക്കെ പറഞ്ഞു പെട്ടെന്നുപോകും. എങ്കിലും അഞ്ചാറു പേർ 8 മണി വരെ പോകും

ഗ്രന്ഥശാല വായിക്കാനുള്ളതാണെങ്കിലും ഞങ്ങൾ അഞ്ചു പേർ കൂടിയാൽ പിന്നെ ചർച്ചയാണു് . സൂര്യനുകീഴെയും മുകളിലുമുള്ള സകല കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യും. പക്ഷെ പ്രധാനമായ പ്രശ്നം പോലിസുകാരെ ക്കുറിച്ചു ചർച്ച ചെയ്യാൻ പാടില്ലായെന്നതാണ്. ചർച്ച ചെയ്താൽ പോലിസുസുഹൃത്ത് ചൂടാകും. അതു കൊണ്ടു അത്തരം ചർച്ചകൾ ഒഴിവാക്കുകയാണ് പതിവ്.
.
ചർച്ച ഇടക്കു വെച്ചു സ്തംഭിക്കുന്നത് അനിൽകുമാർ വരുമ്പോഴാണ്. ഡിഗ്രി വരെ പഠിച്ചെങ്കിലും എങ്ങുമെത്താനായില്ല. ഇപ്പോൾ 40 വയസു പിന്നിട്ടു. ചർച്ചയിലെ ഒച്ചപ്പാടു അനിൽകുമാറിനു പിടിക്കില്ല. അദ്ദേഹം കയറി വരുമ്പോൾ ചർച്ച നടക്കുകയാണെങ്കിൽ ഭിത്തിയിലോട്ടു വിരൽ ചൂണ്ടും
" സൈലൻസ് പ്ളീസ് " കാണുന്നതോടെ ഞങ്ങൾ ചർച്ച അവസാനിപ്പിക്കും. എന്തിനു ഒരു പാവത്തിന്റെ ടെൻഷൻ കൂട്ടണം?

അങ്ങനെ പശൂകറവയും മുറ്റമടിയും ഗ്രന്ഥശാല ചർച്ചയും ഉറക്കവുമായി ജീവിതം പുഴ പോലെ തടസ്സമില്ലാതെ ഒഴുകുമ്പോഴാണ് പഴയ കാല സുഹൃത്ത് മൊയ്തീനെ കാണുന്നത്. ശവമടക്ക് എന്ന അർത്ഥം തോന്നിക്കുന്ന രീതിയിൽ പേരുള്ള ഒരു സാംസ്കാരിക സമിതി മൊയ്തീനിന്റെ ഉടമസ്ഥതതയിൽ ടൗണിൽ പ്രവർത്തിക്കുന്നുണ്ട്-

" രാമൻ ഇങ്ങനെ വീട്ടിൽ തന്നെ കുത്തിയിരുന്നാൽ മതിയോ? ടൗണിലേക്ക് ഇറങ്ങു, റിവർവ്യൂ ഓഡിറ്റോറിയത്തിലാണു് നമ്മുടെ പരിപാടി, എവരി സെക്കന്റ് സാറ്റർഡേ, എല്ലാം രണ്ടാം ശനിയാഴ്ചയും 3 മണി സമയം ''

ആദ്യം മടിച്ചെങ്കിലും പിന്നീട് പോകാമെന്നു തീരുമാനിക്കുകയായിരുന്നു. പുത്തൻ പെണ്ണ കേറിച്ചെന്നതു പോലെയാണ് എല്ലാവരും കൂടി എന്നെ സ്വീകരിച്ചത്.

കഥാപ്രസംഗം, നൃത്തം, ഒപ്പന, ചെണ്ടമേളം, പഞ്ചവാദ്യം ഇതൊക്കെയാണ് പരിപാടി. ഇടയ്ക്ക് സുപ്രസിദ്ധ കവി കഞ്ഞിക്കുളം കൃഷ്ണൻ സ്വന്തം കവിത ചൊല്ലുന്നു എന്നൊക്കെ വിളിച്ചു പറയുന്നതു കേൾക്കാം. ഏതെങ്കിലും ഒരു കാട്ടു മാക്കാൻ വന്ന് കവിതയെന്ന മട്ടിൽ എന്തെങ്കിലും വെകിളിത്തരം കാണിക്കും
പിന്നെ പരിപാടി മഹാന്മാർക്കുള്ളഷാളു പുതപ്പിക്കലാണ്. ഷാളുകൾക്കുള്ള പണം ബന്ധപ്പെട്ടവരിൽ മുൻകൂർ ഈടാക്കിയിരിക്കും

" നമ്മുടെ പരിപാടിക്കു ചെറിയ ചെലവുള്ളതായി രാമന് അറിയാമല്ലോ? തൗസന്റ് റുപ്പീസ്, ആയിരം രൂപാ വെച്ചാണ് എല്ലാവരും എടുക്കുന്നത് "

ഇങ്ങനെ ഒരു ഇരുട്ടടി പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത്ര പെട്ടെന്നുണ്ടാകു മെന്നു കരുതിയില്ല. പോട്ടെ, മൂന്നാലു തവണ ചായയും വടയും കഴിച്ചതല്ലേ, 1000 രൂപാ കൊടുത്തു ബന്ധം സുദൃഢമാക്കി.

അങ്ങനെയിരിക്കെ ഒരു ദിവസത്തെ പരിപാടിയുടെ ഒരു ഭാഗം" ആടുജീവിതം" എന്ന നോവൽ ചർച്ചയായിരുന്നു. ബന്യാമിന്റെ ആട് ചെമ്മരിയാടോ കോലാടോ എന്ന തരത്തിലുള്ള ചർച്ചകൾ അത്ര ശക്തി പ്രാപിച്ചില്ലെങ്കിലും എന്റെ ഒരു ചോദ്യം മൊയ്ദീനെ വല്ലാതെ ചൊടിപ്പിച്ചു.

നോവൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മൊയ്ദീൻ പറഞ്ഞു
" ഏറ്റവുമധികം കോപ്പികൾ വിറ്റഴിഞ്ഞ, ഏറ്റവും കൂടുതൽ ആളുകൾ വായിച്ച മലായാള നോവൽ ആണ് ആടുജീവിതം. ഇതിന്റെ 100 എഡിഷനുകൾ ഇറങ്ങിയിട്ടുണ്ട് "

പ്രസംഗിക്കുന്നത് മൊയ്ദീൻ ആയതു കൊണ്ട് ഞാൻ വളരെ ശ്രദ്ധാപൂർവം കേട്ടിരുന്നു.
മൊയ്ദീൻ തുടർന്നു " ആടുജീവിതത്തിന് അനേക ഭാഷകളിൽ മൊഴി മാറ്റമുണ്ട്. തകഴിയുടെ ചെമ്മീനിന്റെ റിക്കാഡ് ആടുജീവിതം ഭേദിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് പരിഭാഷയുടെ പേര് പെൻഗ്വിൻ, പെൻഗ്വിൻ ലൈഫ് "

ആരൊക്കെ ഞെട്ടി എന്നറിയില്ല. ഞാൻ ശരിക്കും ഞെട്ടിപ്പോയി.
" പെൻഗ്വിൻ പ്രസാധകരുടെ പേരല്ലേ? "
ഇപ്പോൾ ഞെട്ടിയത് മൊയ്ദീനാണ്. തുടർന്നു മൊയ്ദീൻ പ്രസംഗിച്ചത് എന്തെന്നു ആർക്കും മനസ്സിലായില്ല.

ശവമടക്കു സാഹിതിയിൽ നിന്ന് മൊയ്തീൻ, രാമൻ നായരുടെ  പേരു വെട്ടി. രാമൻ നായർ തിരികെയും വെട്ടി. അലിയാരു കുഞ്ഞിനു കാര്യം പിടി കിട്ടുന്നുണ്ടല്ലോ, അല്ലേ?

അപ്പോൾ ജനനി സാഹിത്യ വേദിയിൽ നിന്ന് പുറത്തായത് എങ്ങനെയെന്നോ?

അത് ഇനിയൊരിക്കൽ പറയാം, പോരെ?
                            _ _ _ _ _
:

No comments:

Post a Comment