അന്നല്പം ഗമയിലായിരുന്നു എന്നു തന്നെ പറയാം. കുട്ടികളെ പഠിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല, വേറെ എന്തോ ഒക്കെ ആണെന്നൊരു തോന്നൽ.
" ഇവരെയൊക്കെ നന്നാക്കിയെടുത്തിട്ടു തന്നെ കാര്യം " തുടക്കക്കാരായ ചില അധ്യാപകർ ആദ്യവും കുറച്ചു പേർ തുടർന്നും ഇങ്ങനെ ചിന്തിക്കുന്നവരാകും.
ഈ ചിന്ത എനിക്കല്പം കലശലായിരുന്നുവെന്നു പറഞ്ഞാൽ മതിയല്ലോ?
വർഷാവസാനം ഒരു ദിവസം പുറത്തു നിന്നു ഊണു കഴിച്ചിട്ടു കേറി വരുകയായിരുന്നു. കോളജിന്റെ പോർട്ടിക്കോയിൽ നല്ല ആൾക്കുട്ടം. എന്തോ കാഴ്ച കാണാൻ കൂടി നില്ക്കുന്ന കുട്ടികൾ. ഒരുത്തൻ, ബാക്ക് ബഞ്ചറാണ്, നടുക്കുനിന്നു തുള്ളുന്നു. പാട്ടിന്റെയും സംഗീതത്തിന്റെയും അകമ്പടി യില്ലാതെയാണ് തുള്ളൽ .
എന്നെക്കണ്ടതും അവന്റെ തുള്ളൽ താനെ നിന്നു. അതിനു കാരണമുണ്ട്, അവന്റെ ഫിസിക്സ് അധ്യാപകനാണ് ഞാൻ. പഠിപ്പിക്കുന്ന സാറിനെ കണ്ട ബഹുമാനം. രാവിലെയും ഒരു മണിക്കൂർ പഠിപ്പിച്ചിട്ട് ഇറങ്ങിയതേയുള്ളു
ഫിസിക്സ് പഠിക്കുന്ന കുട്ടികൾക്ക് വേണ്ട അത്യാവശ്യം ഡിസിപ്ളിനെപ്പറ്റി ഞാൻ പലകുറി പറഞ്ഞു കൊടുത്തിട്ടുള്ളതാണ്. അവൻ തല കുലുക്കി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്
കുഴപ്പം കാണിച്ചാൽ ഞങ്ങൾ കോളജ്അധ്യാപകർക്ക് വിദ്യാർത്ഥികളെ തല്ലാനൊന്നും പാടില്ല. വേണേൽ ഉപദേശിക്കാം. ഇപ്പോൾ സ്കൂളിലും അങ്ങനെ ആണെന്നു കേൾക്കുന്നു
ഞാൻ അവന്റെ അടുത്തേക്കു ചെന്നു, എന്നിട്ടു പതുക്കെ ചെവിയിൽ ചോദിച്ചു
" നിന്റെ വയറ്റിൽ കിടക്കുന്ന സാധനം . ."
ഇല്ല, ഇല്ല അങ്ങനത്തെ ചോദ്യമൊന്നും ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കാൻ പാടില്ല
മറ്റുള്ളവർ കേൾക്കേ ഉറക്കേ അവനോടു ഞാൻ പറഞ്ഞു, " ഇതുപോലുള്ള കളി ഇനിയും കളിച്ചോളു, പക്ഷെ ഇവിടെ വെച്ചാകരുത്. മനസ്സിലാകുന്നുണ്ടോ, നിനക്കു കാര്യങ്ങൾ? "
"ഉണ്ടു സാർ, ഒരിക്കലുമില്ല , ഇനി ആവർത്തിക്കില്ല, സാർ"
"ങ് ഹും", എന്റെ ഘനഗംഭീരമായ മൂളലിൽ എല്ലാം അടങ്ങിയിരുന്നു. അവനു കാര്യങ്ങൾ ബോധ്യമായിട്ടുണ്ടെന്നു ഞാൻ കരുതി
ഞാൻ പതിയെ സ്റ്റേർ കേസ് വഴി മുകളിലോട്ടു നടന്നു -
പെട്ടെന്നുണ്ടായ ഉൾവിളി എന്നെ വീണ്ടും താഴേയ്ക്കു നടത്തിച്ചു
പഴയതിലും ശക്തമായി അവൻ തുള്ളുകയാണ്. ഞാൻ തിരികെ വരുമെന്ന് അവനോ അവന്റെ കൂട്ടുകാരോ സ്വപ്നത്തിൽ പോലും കരുതിയില്ല.
ഇനി നിങ്ങൾ പറയൂ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ? അതു മാത്രമേ ഞാൻ ചെയ്തുള്ളു.
എന്നെ അവൻ മറന്നില്ല, മറക്കാൻ പറ്റില്ല.
ഇന്നലെ സിങ്കപ്പൂരിൽ നിന്നു അവൻവിളിച്ചിരുന്നു. ഒരു ഷിപ്പിംഗ് കമ്പനിയുടെ ഡയറക്ടർ ബോർഡുമെമ്പറാണെത്രേ!
ഉപദേശങ്ങളുടെ സ്റ്റോക്കുതീർന്നതിനാൽ
"നീ അവിടെകിടന്നു തുള്ളി കപ്പൽ മുക്കരുത്" എന്നു ഞാൻ ഉപദേശിച്ചില്ല.
ഈ ബാക്ക് ബഞ്ചേഴ്സിന്റെ ഒരു കാര്യം
- കെ എ സോളമൻ
No comments:
Post a Comment