കഥ - കെ എ സോളമൻ
ഈരാറ്റുപേട്ടക്കാരനാണ് വർക്കിച്ചൻ. വർക്കിച്ചന്റെ ദിവസം ആരംഭിക്കുന്നത് വെളുപ്പിന് 5 മണിക്ക് പഞ്ചായത്ത് സൈറൺ മുഴങ്ങുമ്പോഴാണ്. സൈറൺ ശല്യമാണ്, ഉറക്കഭംഗം വരുത്തുമെന്നു പലരും പറയാറുണ്ടെങ്കിലും വർക്കിച്ചന് അങ്ങനെ ഒരു തോന്നലില്ല. സൈറൺ എന്നും അനുഗ്രഹമായിട്ടാണ് തോന്നിയിട്ടുള്ളത്, കൃത്യ സമയത്ത് എഴുന്നേൽക്കാമമല്ലാ?
ചില ദിവസങ്ങളിൽ സൈറൺ ഊതും മുമ്പുതന്നെ എഴുന്നേൾക്കും. അന്നേരം കാണുന്ന കാഴ്ച രസകരമാണ്. സൈറൺ ഊതുന്ന കുട്ടിയച്ചൻ പഞ്ചായത്ത് പാർട്ട് ടൈം ജോലിക്കാരനാണ്, വീട്ടിൽ നിന്നു വന്നു ഊതിയാൽ മതി. ചില ദിവസം കൂട്ടിയച്ചൻ ഒന്നോ രണ്ടോ മിനുട്ട് വൈകും. പഞ്ചായത്ത് മതില് ചാടിപ്പോയാണ് അത്തരം അവസരങ്ങളിൽ സൈറൺ ഓണാക്കുന്നത് - ചാട്ടത്തിനിടെ മതിലിൽ കുരുങ്ങിപ്പോകുന്ന മുണ്ട് തിരികെ വന്ന് വീണ്ടും ഉടുക്കും. വെളുപ്പിനല്ലേ, ആരും കാണില്ല എന്നാണ് വിശ്വാസം. പക്ഷെ വർക്കിച്ചൻ ഇതെത്ര തവണ കണ്ടിരിക്കുന്നു! ഒന്നു രണ്ടു മിനിട്ടു വൈകിയാൽ മാത്രമേ മതിലു ചാടി ഓടു, അല്ലാത്ത സമയങ്ങളിൽ ഓഫീസ് ഗേറ്റ് തുറന്നു സാവധാനം ചെന്നാണ് സൈറൺ മുഴക്കുന്നത്.
വർക്കിച്ചൻ രാവിലെ എഴുന്നേറ്റ് പറമ്പിലെ കുരുമുളക് ചെടികൾക്ക് വെള്ളമൊഴിക്കും . കൊടിയ ചൂടിൽ അല്ലെങ്കിൽ അവ വാടിപ്പോകും
കുരുമുളക് കൃഷി തുടങ്ങിയതിനു വർക്കിച്ചനു കാരണമുണ്ട് -
ചേട്ടൻ തോമച്ചന്റെ അത്യാഗ്രഹം കാരണം കൃഷിയൊന്നുമില്ലാത്ത 20 സെന്റ് സ്ഥലമണ് വീതം വെയ്പ്പിൽ
കിട്ടിയത്. നല്ല സ്ഥലം ചേട്ടൻ എടുത്തിട്ടു് ബാക്കിയുള്ള സ്ഥലമാണ് വർക്കിക്കു കൊടുത്തത്. പത്തു മൂടുറബ്ബർ ഉണ്ടെങ്കിലും അവ കടും വെട്ടിലായിരുന്നു. അതുകൊണ്ട് കുരുമുളകു കൃഷി തുടങ്ങി. കഴിഞ്ഞ മാസം വിറ്റത് 6000 രൂപയുടെ കുരുമുളകാണ്.
അയൽക്കാരനായ ചക്കോച്ചന്റ റബ്ബർ തോട്ടം നോക്കുന്നത് വർക്കിച്ചൻ തന്നെ. ചാക്കോച്ചന് രണ്ടാണ് ആൺമക്കൾ, ഒരാൾ കാലിഫോർണിയായിലും രണ്ടാമത്തെയാൾ ന്യൂഓർക്കിലും. വർഷത്തിൽ ഒരിക്കൽ വന്നെങ്കിലായി.ചാക്കോച്ചൻ ഭാര്യയും മൊത്താണ് താമസം. അകന്ന ബന്ധത്തിലെ ഒരു ചേടത്തി വീട്ടുജോലിക്കു സഹായിക്കാനുണ്ട്.
രണ്ടേക്കർ റബ്ബർ പുരയിടമുള്ളത് ചാക്കോച്ചനു നോക്കിനടത്താൻ വയ്യ. 2 വർഷമായി ഒരേ ഇരുപ്പാണ്, ആമവാതമായിരുന്നെന്നും അതു മരുന്നു കഴിച്ചു മാറ്റിയെന്നും ചാക്കോച്ചന്റെ ഭാര്യ പെണ്ണമ്മ തന്റെ ഭാര്യ റോസമ്മയോടു പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ചാക്കോച്ചൻ കുറച്ചു നാളായി മുറ്റത്തു പോലും നടക്കുന്നതു കണ്ടിട്ടില്ല.
ചാക്കോച്ചനാണ് പറഞ്ഞത്
തന്റെ സ്ഥലത്തെ മരങ്ങൾ കൂടി ടാപ്പ് ചെയ്യാൻ. അങ്ങനെ യാണ് കാര്യസ്ഥനും വേലക്കാരനുമല്ലാത്ത രീതിയിൽ വർക്കി ചാക്കോച്ചന്റ ജോലിക്കാരനായത്. എന്തെങ്കിലും തരണമെന്ന കാര്യത്തിൽ ചാക്കോച്ചന് നല്ല മനസ്സാണുളളത്. കൈയ്യയച്ചു സഹായിക്കും. മകളുടെ പ്ളസ് ടു അഡ്മിഷനുള്ള ഡൊണേഷൻ ചാക്കോച്ചനാണ് തന്നത്. വേണ്ടെന്നു പറഞ്ഞിട്ടും പിടിച്ചേൽപ്പിക്കുകയായിരുന്നു.
കുരുമുളകിൽ നിന്നു കിട്ടുന്ന വരുമാനവും ചാക്കോച്ചന്റെ റബ്ബർ കൃഷി നോക്കി നടത്തുന്നതിലെ കൂലിയും കൊണ്ട് ഒരു വിധമങ്ങനെ ജീവിച്ചു പോകുന്നു
വർക്കിച്ചന്റ ഭാര്യ റോസമ്മ, രണ്ടു മക്കൾ മൂത്തവൾ സെലിൻ, അവൾ കട്ടപ്പനയിൽ ബി എക്ക് ' രണ്ടാം വർഷം പഠിക്കുന്നു, ഇളയത് മകൻ തങ്കച്ചൻ പ്ളസ് വണ്ണിന് സ്വന്തം പഞ്ചായത്തിൽ പെട്ട ഈരാറ്റുപേട്ട ഗവ. ഹയർ സെക്കണ്ടറിയിൽ. രണ്ടു പേരും പഠിക്കാൻ അത്ര പേരാ, ശരാശരിയെന്നു വേണേൽ പറയാം
സെലിൻ പ്ളസ് ടു ജയിച്ചപ്പോൾ റോസമ്മ പറഞ്ഞതാണ് സെലിന്റെ പഠിത്തം ഇവിടെ അവസാനിപ്പിക്കാമെന്ന് ' അപ്പനുമമ്മയ്ക്കും പത്താം ക്ളാസ് പോലുമില്ല, പിന്നെത്തിന് ഇവളെ വീണ്ടും പഠിപ്പിക്കണം?
റോസമ്മയുടെ ചോദ്യം ശരിയായി തോന്നിയെങ്കിലും വർക്കിച്ചനു മനസ്സു വന്നില്ല.
"മക്കൾക്കു വേണ്ടി ചെയ്യാൻ കഴിയുന്ന നല്ല കാര്യം അവർക്കു കൊടുക്കാവുന്ന വിദ്യാഭ്യാസമാണ് "
വർക്കിച്ചന്റെ തീരുമാനത്തിന് റോസമ്മ എതിരുനിന്നില്ല അങ്ങനെയാണ് ഇരാറ്റുപേട്ടയിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള കട്ടപ്പന ഗവണ്മെന്റ് കോളജിൽ സെലിനെ ബി എ ഹിസ്റ്ററിക്ക് ചേർത്തത്. സമീപത്തുള്ള കോളജിൽ ചേർന്നു പഠിക്കാരനുള്ള മാർക്ക് സെലിന് ഇല്ലായിരുന്നു. സെലിനെക്കാൾ കുറവു മാർക്കുള്ളവർ തൊട്ടടുത്ത കോളജിൽ പഠിക്കുന്നുണ്ടെങ്കിലും മാർക്കില്ലാത്തവർക്ക് സ്വകാര്യ കോളജിൽ അഡ്മിഷൻ കിട്ടുന്നതിന് എന്താണ് ചെയ്യുകയെന്നതു വർക്കിക്ക് അറിവില്ലായിരുന്നു,
കട്ടപ്പന കോളജിൽ സെലിൻ പഠിക്കാൻ പോകുന്നത് കെ എസ് ആർ ടി സി ബസിലാണ് . അതാകുമ്പോൾ തിരക്കില്ല എഴരയ്ക്കു ഈരാറ്റുപേട്ടയിൽ നിന്നു വിട്ടാൽ ഒമ്പതരയ്ക്ക് മുമ്പായി കട്ടപ്പനയിൽ. തിരിച്ചു കട്ടപ്പനയിൽ നിന്ന് നാലരയ്ക്കു അതേ ബസ് തന്നെയാണ്, ആറരയോടെ ഈരാറ്റുപേട്ടയിൽ എത്തും. പ്രൈവറ്റു ബസ് ഏറെയുണ്ടെങ്കിലും അവയിൽ തിരക്കാണ്, അമിതമായ സ്പീഡും മത്സര ഓട്ടവും. ട്രാൻസ്പോർട്ടാവുമ്പോൾ പിള്ളേർക്ക് ഇരുന്നു വർത്തമാനമൊക്കെ പറഞ്ഞു പോകാം
" ബസിൽ നല്ല രസമാണെന്മച്ചി " സെലിൻ റോസമ്മയോടു പറയുന്നത് പല തവണ കേട്ടിട്ടുണ്ടെങ്കിലും
"എന്താടി ഇത്ര രസം?" എന്നു ഒരിക്കൽ പോലും ചോദിച്ചിട്ടില്ല
തനിക്കും റോസമ്മയ്ക്കും മൊബൈൽ ഇല്ലെങ്കിലും മക്കൾക്ക് രണ്ടുപേർക്കും വാങ്ങിക്കൊടുത്തിട്ടുണ്ട്. മറ്റു കുട്ടികളുടെ കൂട്ടത്തിൽ തന്റെ മക്കൾ മോശക്കാരാകരുതല്ലോ? വാടാനപ്പള്ളിയിൽ താമസിക്കുന്ന റോസമ്മയുടെ അനിയത്തി വിശേഷങ്ങൾ തിരക്കുന്നത് സെലിന്റെ ഫോണിലാണ്. അവൾ ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും വിളിക്കും
സെലിൻ കോളജിൽ പോകുമ്പോൾ എല്ലാദിവസവും ഫോൺ എടുക്കാറില്ല.
"മറ്റു കുട്ടികൾ ആവശ്യപ്പെടും, ചുമ്മ കാശു കളയുന്നതെന്തിനാ? " എന്നൊക്കെ അവൾ ചോദിക്കുകയും ചെയ്യും
ഒരു ദിവസം വർക്കി, ചാക്കോച്ചന്റെ റബ്ബർ വെട്ടും കഴിഞ്ഞ് വീട്ടിൽ വന്ന് ഊണുകഴിക്കാൻ ഇരിക്കുമ്പോഴാണ് ഫോൺ നിർത്താതെ ബല്ലടിക്കുന്നത് കേട്ടത്. "വാടാനപ്പള്ളിയിലെ അനിയത്തി ആവും. നീ അതെങ്ങ് എടുക്കെടി "
വർക്കിച്ചൻ ഭാര്യയോടു പറഞ്ഞു
'' ഇച്ചായനെടുക്കൂ, വല്ല കമ്പനിക്കാരുമായിരിക്കും "
വർക്കി തന്നെ ഫോൺ എടുത്തു
" ഇതു ഇൻറർനാഷണൽ ചാനലിൽ നിന്നാണ്, ആര് സെലിനിണോ? വാട്ട് സാപ്പിലെ ഫോൺ കോൾ ഷെയറിന് 2 ലക്ഷം ലൈക്കു കഴിഞ്ഞു. ആദ്യം ഇന്റർവ്യു ഞങ്ങൾക്ക്, അഡാർ ലവ് നായികയെക്കാൾ റേറ്റിംഗ് കൂട്ടാം വേറെ ആർക്കും ഇൻറർവ്യൂ കൊടുക്കരുത്. ഞങ്ങളുടെ ലേഖകൻ പീറ്റർ പത്രോസും കാമറമാൻ ആറുമുഖനും അവിടെ എത്തുന്നതാണ്. ലൊക്കേഷൻപറയു, അവിടെ എത്താനുള്ള റൂട്ട്?"
"നിർത്തെട്ടാ പുല്ലേ " വർക്കിച്ചൻ ഇത്ര കണ്ടു രോഷാകുലനായി ആദ്യമായാണ് റോസമ്മ കാണന്നത്
" കാര്യം പറ ഇച്ചായ " വർക്കി പല്ലിറുമ്മുന്നതു മാത്രമേ റോസമ്മ കേട്ടുള്ളു. വർക്കി എഴുന്നേറ്റ് ഗൗരവത്തിൽചാക്കോപ്പന്റ വീട്ടിലോട്ടു പോയി. റോസമ്മ ഭിത്തിയിലിരുന്ന മാതാവിനെ നോക്കിയിട്ടു സാവധാനം കണ്ണുകൾ അടച്ച് തൊഴു കയ്യോടെ നിന്നു
വർക്കിയെ കണ്ടതും ചാക്കോ
" എടാ വർക്കി നിന്റെ മോളു കൊള്ളാ മല്ലോ? അവളുടെ ഫോൺ സംഭാഷണമാണ് ജയശീ ചാനലിൽ. അവളും കൂട്ടുകാരും യാത്ര ചെയ്യുന്ന ബസ് ചങ്കു ബസാണെന്നും ആലുവായിലോട്ടു കൊണ്ടു പോയ ബസ് തിരികെ വേണമെന്നും. പകരം ബസുണ്ടല്ലോയെന്നു ചോദിച്ചതിന് അതു വേണ്ടെന്നും നിന്റെ മോൾ ഫോൺ ചെയ്യ പറഞ്ഞിരിക്കുന്നു, നിന്റെ മോൾക്ക് ആരോടെങ്കിലും പ്രേമമുണ്ടോടാ വർക്കി? ബസിൽ അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടോ ?"
" ചേട്ടൻ തന്നെ അതു ചോദിക്കണം. അങ്ങനെയല്ലല്ലോ ഞങ്ങൾ മക്കളെ വളർത്തിയത്. ഇപ്പോൾ ഫോണിൽ നിറയെ കാളുകൾ വന്നുകൊണ്ടിരിക്കുകയാണ്, ആ കാര്യം പറയാൻ കൂടിയാണ് ഞാൻ അകത്തോട്ടു കയറിയത് "
" നിന്റെ മകളേതായാലും കൊള്ളാം. അവളുടെ ഫോൺ കോൾ വാട്ട്സ്ആപ്പിൽ ഷെയർ ചെയ്തതു കാരണം ലോകം മുഴുവൻ അറിഞ്ഞു. നിന്റെ മകളുടെ കൊഞ്ചലിൽ ആകൃഷ്ടനായ കെ എസ് ആർ ടി സി എം ഡി ബസ് തിരികെ ഈരാറ്റുപേട്ടയിലേക്ക നൾ,കാൻ ഉത്തരവിട്ടിരിക്കുകയാണ്. അതു മാത്രമല്ല, ബസിന്റെ മുമ്പിൽ ചങ്കിന്റെ പടവും വരച്ചു വെയ്ക്കാൻ ഉത്തരവായിട്ടുണ്ട്"
" ഞാൻ എന്താണ് ചെയ്യേണ്ടതു, ചേട്ടൻ തന്നെ പറ"
" ഇതൊരു ട്രാപ്പാണ് വർക്കി, കെണി. പിടി കൊടുത്താൽ നാണം കെടും. നീ മകളോടു ദേഷ്യപ്പെടുകയൊന്നും വേണ്ട. റോസമ്മ യെക്കൊണ്ടു് പറയിപ്പിച്ചാൽ മതി. ആദ്യം ആ ഫോണങ്ങു തല്ലിപ്പൊട്ടിച്ചു കള. സിമ്മും ഒടിച്ചു കളയണം, പുതിയ ഒരെണ്ണം വാങ്ങാനുള്ള കാശു ഞാൻ തരാം"
" അവൾ ഫോൺ ചോദിച്ചാൽ ഞാൻ എന്ന പറയും "
" നിന്റെ മകൾ പരുന്തിൻ കാലിൽ പോകുന്നതിനെക്കാൾ നല്ലതല്ലേ റബ്ബർഷീറ്റിന്റെ മുകളിൽ വെച്ചിരുന്ന ഫോൺ കാക്ക എടുത്തോണ്ടു പോയെന്നു പറയുന്നത്. നീ അവളെ ശാസിക്കാനൊന്നും നിൽക്കേണ്ട, കെട്ട കാലമാണിത്., അവളുടെ അമ്മയെ കൊണ്ടു രണ്ടു പറയിപ്പിച്ചാൽ മതി, പുതിയ ഫോൺ കൊടുക്കുകയും വേണം, അപ്പോൾ എങ്ങനെയാ ഫോൺ നശിപ്പിക്കുകയല്ലേ, വൈകിട്ടുപുതിയ ഫോണിനുള്ള പണം ഞാൻ തരാം"
വർക്കിച്ചൻ വീട്ടിലെത്തി കാര്യങ്ങളുടെ വശപ്പിശക് റോസമ്മയെപറഞ്ഞു ധരിപ്പിച്ചു
" എടീ, ഇതൊരു കൈവിട്ട കളിയാണ്, നമ്മളാണ് സൂക്ഷിക്കേണ്ടത് "
റോസമ്മയ്ക്കും സമ്മതമായിരുന്നു, ഫോൺ അടപ്പു കല്ലിൻമേൽ വെച്ച് ടാപ്പിംഗ് കത്തിയുടെ മാടിന് രണ്ടു കീറ് . ക്ഷണങ്ങൾ രണ്ടു പേരും തപ്പി പെറുക്കിയെടുത്ത് പുറകിലെ തോട്ടിലെറിഞ്ഞു.
അങ്ങനെ ചങ്ക് ബസിലെ നായിക കെ. എസ് ആർ ടി സി കൺട്രോളിംഗ് ഇൻസ്പെക്ടറെയും, എംഡി യെയും, ബസ് യാത്രക്കാരെയും, സകലമാന ചാനലുകളെയും നിരാശപ്പെടുത്തി അജ്ഞാത പെൺകുട്ടി യായി മാറി.