Tuesday, 19 December 2017

സോളാർ അന്വേഷണം അഥവാ കോഴിയുടെ മുലയൂട്ട്


" ഇപ്പ പൊട്ടിക്കും " എന്നും പറഞ്ഞു് വേങ്ങര ഉപതെരഞ്ഞെടുപ്പു ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച സോളാർ റിപ്പാർട്ട് അന്വേഷണം കോഴിയുടെ മുലയൂട്ട് പോലെ നീളുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നത് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതോടെ ആ വഴിക്കു വന്നു ചേരാവുന്ന മേൽ ഗതിയും നഷ്ടമായി. കത്ത് ചര്‍ച്ച ചെയ്യരുതെന്ന കോടതിയുടെ താക്കീത് അന്തി ചർച്ചയിലൂടെ ഗ്രഹാന്തരീക്ഷം മലീമസമാക്കുന്ന ചാനലുകളുടെ അതീവ ഗുരുതരമായ ക്രിമിനൽ പ്രവൃത്തി തടയുകയും ചെയ്തു. ചാനൽ ചർച്ച കുട്ടികളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ന്യൂസ് ചാനലുകൾ കാണുന്നത് ഒഴിവാക്കിയിരിക്കുകയാണ് മിക്ക വീടുകളിലും രക്ഷാകർത്താക്കൾ.

വിവിധ പ്രശ്‌നങ്ങളില്‍പെട്ട് നട്ടംതിരിയുമ്പോൾ   ജനശ്രദ്ധ തിരിച്ചുവിടേണ്ടത് സർക്കാരിന്റെ ആവശ്യമായി. ഓഖി ദുരന്തം തൽക്കാലത്തേക്ക് ജനശ്രദ്ധ തിരിച്ചുവിട്ടെങ്കിലും  കാതലായ പ്രശ്നങ്ങൾ അവശേഷിക്കുന്നതിനാൽ ജനങ്ങളെ സോളാർ പോലുള്ള ഇക്കിളി കളിൽ തളിച്ചിടേണ്ടത് അത്യാവശ്യമാണ്

സോളാര്‍ അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടർക്കഥയായി. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചെ ഉത്തരവ് പുറത്തിറക്കാമെന്നു  വിചാരിച്ചിട്ടു ഒരു വിധ നിയമ വശവും ശരിയാകുന്നില്ല.
സോളാര്‍ കേസില്‍ സർക്കാർ ഭാഗത്ത് ഇപ്പോൾ ഒരടി മുന്നോട്ടു ഒന്നരയടി പിന്നോട്ടു എന്ന മട്ടാണ്. ജുഡീഷ്യല്‍ കമ്മിഷന്‍ പരിഗണനാ വിഷയങ്ങളുടെ പരിധി ലംഘിച്ചുവെന്ന് വ്യാപകമായ പരാതിയുണ്ട്. കേസിലെ ക്രിമിനൽ ഗൂഡാലോചനയും ചതിയും അദ്വേഷിക്കുന്നതിനു പകരം കമ്മീഷന് ഇഷ്ടപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചു റിപ്പോർട്ടുണ്ടാക്കിയെന്നതാണ് പ്രധാന ആരോപണം.  പരിഗണനാവിഷയങ്ങളുടെ പരിധിലംഘിച്ച് കമ്മീഷൻ നടത്തിയ ശുപാര്‍ശകളുടെ നിയമപരമായ പഴുതുകൾ കണ്ടത്താൻ നാട്ടിലെ വിവിധ നിയമ വിദഗ്ധരുടെ പുറകെ നടക്കയാണ് സർക്കാർ. അഡ്വക്കേറ്റ് ജനറൽ,  ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ , സുപ്രീം കോടതി ജഡ്ജി എന്നിവരെ സമീപച്ചെങ്കിലും അവർ പഠിച്ച നിയമ പാഠങ്ങളിൽ ഇത്തരമൊരു കേസ് പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ കൃത്യമായ ഉപദേശം സർക്കാരിനു ലഭിച്ചിട്ടില്ല.
സോളാറുമായി ബന്ധപ്പെട്ട് നിയമസഭയിലും പുറത്തും ഉയര്‍ന്നുവന്ന ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുമായിരുന്നു കമ്മിഷന്റെ പരിഗണനാ വിഷയം. എന്നാല്‍, സരിതയെ ലൈംഗികമായി നേതാക്കള്‍ ഉപയോഗിച്ചുവെന്ന പരാതിയാണു് കമ്മിഷന്‍ പ്രധാനമായി കണ്ടത്.  കമ്മിഷന്‍ പരിഗണനാ വിഷയങ്ങള്‍ക്ക് അപ്പുറംപോയെന്നും പരാതിതന്നെ രാഷ്ട്രീയപ്രേരിതമാണെന്നും കുറ്റപ്പെടുത്തുന്ന സാഹചര്യം അതോടെ സംജാതമായി

സാധാരണ മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനകം ഉത്തരവായി ഇറങ്ങുകയാണ് പതിവ്.. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും നിയമവശം സുരക്ഷിതമാക്കാൻ സർക്കാരിന് ആയിട്ടില്ല. നിലവിലെ സാഹ'ചര്യത്തിൽ ക്രിമിനല്‍ കേസുമായി മുന്നോട്ടു ചെന്നാൽ കേസ് കെട്ടു കോടതിമുഖത്തേക്കു വലിച്ചെറിയുമോ എന്നതാണ് സർക്കാരിന് റ പേടി.

അന്വേഷണ ഉത്തരവിറക്കുന്നതിന് അനുകൂലമായ നിയമോപദേശം എപ്പോൾ എവിടെ നിന്നു കിട്ടുമെന്ന് സർക്കാരിന് ഉറപ്പില്ല.  പ്രതിപക്ഷ നേതാക്കളെ മനപ്പൂര്‍വം വേട്ടയാടൻ വേണ്ടിയൊരു കേസ് എന്ന ചിന്ത വ്യാപകമായതിനാൽ പോലീസിന്റ തലപ്പത്തും കേസ് അന്വേഷണത്തിനു ഇറങ്ങിപ്പുറപ്പെടാൻ മടി. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നൊരു ചൊല്ലുള്ളതിനാൽ തങ്ങൾക്കെതിരെയും ഭാവിയിൽ ഇത്തരം ലൈംഗികാപവാദ കേസ് ഉണ്ടായിക്കൂടെ എന്ന ന്യായമായ ആശങ്കയും ഇടതുമുന്നണിയിലെ ചില നേതാക്കൾക്കുണ്ട് -
പ്രതിപക്ഷനേതാക്കള്‍ക്ക് കൂടുതല്‍ മാനഹാനി സൃഷ്ടിച്ച് അവരെ രാഷ്ടീയമായി ഉന്മൂലനം ചെയ്യുന്നതിനെ ചിലർ പിന്തുണയ്ക്കാതിരിക്കുന്നതിന്റെ  കാരണവും മറ്റൊന്നല്ല. ഇത്തരമൊരു സാഹചര്യത്തിൽ സോളാർ കേസ് തന്നെ പൂട്ടിക്കെട്ടാനാണ് സാധ്യത.  ഇവിടെ ഭരണ-പ്രതിപക്ഷം കളിക്കുന്നവർക്ക് കേന്ദ്രത്തിൽ മുഖ്യഎതിരാളി ബി.ജെ.പി ആയതു കൊണ്ട് സോളാർ കേസിൽ ഒരു രമ്യതപ്പെടലിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല.
-കെ എ സോളമൻ

Monday, 4 December 2017

അമരേന്ദ്ര രാഹുലും കട്ടപ്പ ആന്റണിയും

കോൺഗ്രസിലെ കാര്യങ്ങൾ രസകരമാണ്. കേരളത്തിലെ കോൺഗ്രസ്നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ കലാശക്കൊട്ട് കാറ്റൂതി പോയതാണ് അതിലൊന്ന്. പടയൊരുക്ക സമാപ്തിക്കായി കണ്ടു വെച്ച കടപ്പുറം  കടലു നക്കിപ്പോകയും നിരത്തിയ ആർച്ചുകൾ, കാമാനങ്ങൾ, കൊടിതോരണങ്ങൾ, ഫ്ളക്സുകൾ തുടങ്ങി മുഴവൻ സാമഗ്രികളും ഓഖി കൊടുങ്കാറ്റു പറത്തിക്കളയുകയും ചെയ്തു. നഷ്ടം സംഭവിച്ചതു സ്പോൺസർമാർക്കാണെങ്കിലും പ്രതിപക്ഷത്തിന്റെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഭരണപക്ഷത്തിന് കൊടുങ്കാറ്റൊഴിഞ്ഞിട്ടും സന്തോഷം വിട്ടുമാറിയിട്ടില്ല.

രസകരമായ മറ്റൊന്ന് കോണ്‍ഗ്രസ് പ്രസിഡന്റായായുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പാണ്. രാഹുലിനെ കോൺഗ്രസിന്റെ യുവരാജാവായി വാഴിക്കുമെന്നുറപ്പുണ്ടായിട്ടും അദ്ദേഹത്തിനു വേണ്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശത്തിനായി സമർപ്പിച്ചത് 93 പത്രികകളാണ്. ഒരു പത്രിക മാത്രം വേണ്ടിടത്താണ് ഇത്രയുംഎണ്ണം. ആവശ്യപ്പെട്ടിരുന്നെങ്കിൽ കേരളത്തിൽ നിന്നു തന്നെ ആയിരക്കണക്കിന് പത്രികകൾ എത്തിച്ചു കൊടുക്കാൻ ആൾക്കാരുണ്ടായിരുന്നു. കൂട്ടിയിട്ടു കത്തിക്കാൻ കടലാസ് ശേഖരിക്കുന്ന ഭരണ പരിഷ്കാരങ്ങളാണല്ലോ എല്ലായിടത്തും കാണുന്നത്. റേഷൻ വാങ്ങുന്ന യഥാർത്ഥ ബി .പി . എൽ കാരെ കണ്ടു പിടിക്കാൻ കേരളത്തിൽ  ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും നിർബ്ബന്ധമായി വാങ്ങിക്കുട്ടിയ റേഷൻ കാർഡിന്റെ  പകർപ്പുകൾ തകൃതിയിൽ കത്തിച്ചു കളയുകയാണ്  ഡിപ്പാർട്ടു മേധാവികളും ട്രഷറി ഓഫീസർമാരും.

രാഹുൽ ഗാന്ധിക്കെതിരെ പത്രികയുമായി നട്ടെല്ലു നിവർത്തി ആരും രംഗത്തു വരാന്‍ സാധ്യതയില്ലെന്നിരിക്കെയാണ് പത്രികാ സമർപ്പണത്തിന്റെ വലിയ മാമാങ്കം. അമ്മ മകനെ കോൺഗ്രസ് പ്രസിഡന്റിന്റെ കിരീടം ധരിപ്പിക്കുന്ന ചടങ്ങിന്റെ കർമ്മങ്ങൾ യഥാവിധി വേണമെന്നുള്ളതുകൊണ്ട് സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങും രാഹുലിന് വേണ്ടി നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടും. എ.കെ ആന്റണിയും ഗുലാം നബി ആസാദും പി ചിദംബരവുമടക്കമുള്ള മുതിര്‍ന്ന നേതാക്കളും പത്രികയില്‍ ഒപ്പിടുന്നുണ്ട്. ആരുടെയെങ്കിലും പേരു വിട്ടു പോയിട്ടുണ്ടെങ്കിൽ അവരും ഒപ്പിടും.

അതെങ്ങനെയായാലും രാഹുൽ ഗാന്ധിയുടെ എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള കടന്നുവരവ് ഔറംഗസേബ് രാജ് സമ്പ്രദായത്തിലുള്ള തിരഞ്ഞെടുപ്പ് രീതിയാണെന്നുള്ള പ്രധാന മന്ത്രിയുടെ ട്രോളിന് ഒരു ചെറിയ മാറ്റം വരുത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു . ഷാജഹാനു ശേഷം ഔറംഗസേബ് എന്നതു സോണിയാ ഗാന്ധിക്കു ശേഷം രാഹുൽ എന്നു പറയുമ്പോൾ ഒരു ലിംഗ പ്രതിസന്ധി ഉടലെടുക്കുന്നുണ്ട്. ഇതിന് പരിഹാരമായി ലോക പ്രസിദ്ധ ഇൻഡ്യൻ സിനിമ ബാഹുബലിയുടെ തീം പരിഗണിച്ചാൽ നന്നായിരിക്കും. രാജമാതാ ശിവകാമിക്കു ശേഷം യുവരാജാവ് അമരേന്ദ്ര ബാഹുബലിയെന്നു പറഞ്ഞാൽ  കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ കൂടുതൽ വ്യക്തമാകും.  ഇനി ജനങ്ങളുടെ അഭിപ്രായം കൂടി മനസ്സിലാക്കേണ്ടതുണ്ടെങ്കിൽ   രാജമാതാവ്,  അമരേന്ദ്ര രാഹുലിനെയും  കട്ടപ്പ ആൻറണിയയെയും ഒരുമിച്ച് മഹിഷമതി ഉൾപ്പെടെ രാജ്യം മുഴുവനും ചുറ്റിസഞ്ചരിച്ചുവരുന്നതിനായി നിയോഗിച്ചാൽ മാത്രംമതി.

- കെ എ സോളമൻ

Friday, 1 December 2017

കാറ്റടങ്ങും മുമ്പേ കണക്ക്!

കാറ്റടങ്ങിയിട്ടില്ല ,അതിനു മുമ്പേ വൈദ്യുതി ബോർഡിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തി ക്കഴിഞ്ഞു. രണ്ട് മിനിട്ട് വീശിയടിച്ച ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ വൈദ്യുതി ബോര്‍ഡിന് നഷ്ടം അഞ്ച് കോടി രൂപയെന്നതാണ് കണക്ക്.
വൈദ്യതിക്കമ്പി പൊട്ടിവീണതു ചെന്നറിയിച്ചാൽ തിരകെ വലിച്ചുകെട്ടാൻ ദിവസങ്ങൾ എടുക്കുന്ന ബോർഡിൽ നിന്നാണ് ഇത്തരമൊരു ദ്രുത പരിശോധിക്കാക്കണക്ക്. രണ്ടായിരത്തി അഞ്ഞൂറോളം വൈദ്യുതി തുണുകള്‍ ഒടിഞ്ഞു പോയത്രേ . ഇതില്‍ 11 കെവിയുടെ 500 കൂറ്റന്‍ പോസ്റ്റുകളും 150 സ്ഥലങ്ങളില്‍ 11 കെവി ലൈനുകളും 1300 സ്ഥലങ്ങളില്‍ എല്‍ടി ലൈനുകളും ഒടിഞ്ഞും പൊട്ടിയും വീണു. ഇതു കേട്ടാൽ തോന്നുക കൊടുങ്കാറ്റിൽ പെട്ടവർക്കുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പടുന്നതിനു പകരം ജീപ്പുകളിൽ പാഞ്ഞു നടന്നു ഒടിഞ്ഞ പോസ്റ്റുകൾ എണ്ണി തിട്ടപ്പെടുത്തുകയായിരുന്നെന്ന്. ഇനി ഏതായാലും ഒരു മാസക്കാലത്തേക്ക് പോസ്റ്റു ഒടിഞ്ഞ സ്ഥലങ്ങളിൽ വൈദ്യുതി പ്രതീക്ഷിക്കേണ്ടതില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാശനഷ്ടം സംഭവിച്ചതെന്നുംഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഇടുക്കിയിലെ മലയോരമേഖലയിലാണെന്നും കണക്കുണ്ട്. അതെന്തായാലും ആലപ്പുഴ ജില്ലയിൽ കടലോര മേഖലയിൽ ഒഴിച്ചുള്ള വർ രക്ഷപെട്ടിരിക്കുകയാണ്. തീരദേശ മേഖലയിലെ പോസ്റ്റുകൾ ഒടിയാത്തതാണോ അതോ കണക്കെടുക്കാൻ കടൽവെള്ളം അനുവദിക്കാത്തതാണോയെന്നു വ്യക്തമല്ല.

നൂറ്റാണ്ടു മുമ്പുള്ള പോസ്റ്റും കമ്പിയുമുപയോഗിച്ചുള്ള വൈദ്യതി വിതരണ സമ്പ്രദയമാണ് കേരളത്തിൽ എല്ലായിടത്തും . വിദേശ രാജ്യങ്ങളിൽ കാണാത്ത കാഴ്ചയാണിതു്. അവിടങ്ങളിലെല്ലാം അണ്ടർ ഗ്രൗണ്ട് കേബിളുകളിൽ വൈദ്യുതി വിതരണത്തിൽ പ്രയോജനപ്പെടുത്തുമ്പോൾ ഇവിടെ കോൺക്രീറ്റു പോസ്റ്റുകൾ വാർത്ത് ലാഭമെടുക്കുകയാണ്. ഇവയൊക്കെ റോഡിലും റോഡ്സൈഡിലും കുഴിച്ചിട്ടാലല്ലേ വാഹനാപകടം സൃഷ്ടിക്കാനും അതിന്റെ പേരിൽ വൈദ്യുതി തടസ്സപ്പെടുത്താനും കഴിയൂ?

കേരളത്തിൽ നിരന്തരം വൈദ്യതി തടസ്സമുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. വൈദ്യുതി കമ്പിയിലെ ടച്ചിംഗ്സ് വെട്ടുക എന്നതിന്റെ പേരിൽ എത്ര ദിവസങ്ങളാണ് കറണ്ട് തടസ്സപ്പെടുത്തുന്നത് ? ഓവർ ഹെഡ് ലൈനുകൾ മാറ്റി അണ്ടർ ഗ്രൗണ്ട് കേബിളുകൾ സ്ഥാപിച്ചാൽ അപകടം കുറയും, വൈദ്യതി തടസ്സം മാറും, നഷ്ടവും കുറയും, പക്ഷെചെയ്യില്ല. ചെയ്താൽ ചിലരുടെ കീശയിലോട്ടുള്ള പണമൊഴുക്കു കുറയും.

നാഷണൽ ഹൈവേ വികസനം പോലെ പ്രധാനപ്പെട്ടതാണ് ആതിരപ്പള്ളി പദ്ധതിയെന്ന് വൈദ്യുതി ബോർഡും മന്ത്രിയും പറയുന്നു.  .കമ്പിയും സിമന്റും വാങ്ങി കാശടിക്കുകയും മരങ്ങൾ വെട്ടിക്കൊടുത്തു കൊള്ള നടത്തുകയുമാണ് ഈ ഉദ്ദേശ്യത്തിനു പിന്നിൽ. ആവാസ വ്യവസ്ഥയ്ക്കുണ്ടാകുന്ന മാറ്റം ഇവരുടെ പാഠ്യപദ്ധതിയിലില്ല. പക്ഷെആർക്കും ചേതമില്ലാത്ത ഗീർവാണങ്ങൾ കൂടെക്കൂടെ തൊടുത്തുവിടുകയും ചെയ്യും. അധികാരത്തിൽ ഇരിക്കുന്ന മുന്നണി  ഡാമിനു വേണ്ടി വാദിക്കുക്കുകയും പ്രതിപക്ഷം എതിരുനില്ക്കുകയും ചെയ്യുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതായില്ല, ഏവർക്കുമറിയാം. ആതിരപ്പള്ളി ഡാമിനു മുടക്കുന്നതിന്റെ പത്തിലൊന്നു പണംപോലും തിരികെ ലഭില്ലെന്നു വിദഗ്ധർ പറയുമ്പോഴാണ് വിടുവായനായ മന്ത്രി ആതിരപ്പള്ളിക്കു വേണ്ടി നാഴികയ്ക്കു  നാല്പതു വട്ടം കുരവയിടുന്നത്.

കാറ്റടങ്ങും മുമ്പേ നഷ്ടക്കണക്കുമായെത്തിയ വൈദ്യതി വകുപ്പ് പുതുതായി ഏർപ്പെടുത്താൻ പോകുന്ന 'ഫയർസെസ്' പോലെ ഒരെണ്ണം ഏർപ്പെടുത്തി ഉപഭോക്താവിന്റെ തലയിൽ ഷോക്കടിപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ട കാര്യം.
- കെ എ സോളമൻ