Sunday, 2 April 2017

യാത്രയയപ്പ് - കഥ

കണ്ണുനീർ ധാരയായി ഒഴുകന്നു. മുഖത്തേ പേശികൾ വലിഞ്ഞു മുറകിയിരിക്കുകയാണ് വിറക്കുന്ന കൈകാലുകൾ. ഇപ്പോൾ താഴെ വീഴുമെന്ന രീതിയിൽ നില്പ്.
അതീവ ദു:ഖിത്തോടെ, ഗദ്ഗദ കണ്ഠനായി  പ്രഫസർ മാത്യു സംസാരിച്ചു തുടങ്ങി.
" നിങ്ങളെ വിട്ടുപിരിയാൻ എനിക്കു അതിയായ വിഷമമുണ്ട്. പക്ഷെ എന്തു ചെയ്യാൻ കഴിയും? വിട്ടു പോകയല്ലാതെ നിർവാഹമല്ല. നിങ്ങളെ ഞാൻ എന്നു മോർക്കും. എന്റെ പ്രാർത്ഥനയിൽ നിങ്ങൾ എന്നുമുണ്ടാകും. നിങ്ങളോടു അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ്, നിങ്ങൾ എന്നോടു ക്ഷമിക്കണം, പൊറുക്കണം"

മാത്യു സാർ കരയുക തന്നെയായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും അതീവ ദു:ഖം തോന്നി. കൂടെ ജോലി ചെയ്യുന്ന ആൾ മരണപ്പെട്ട ദുഃഖമായിരുന്നു ചിലരുടെ മുഖത്ത്. എനിക്കും വല്ലാതെ ദു:ഖം തോന്നി. പൊതുവേ ഗൗരവം നടിച്ചു നടക്കുന്ന ഞാൻ ഒരു ഘട്ടത്തിൽ കരച്ചിൽ അടക്കാൻ പ്രയാസപ്പെട്ടു. അത്രയ്ക്കു തീ വ്രമായിരുന്നു മാത്യുസാറിന്റെ വാക്കുകൾ.

റിട്ടയർമെന്റ് യാത്രയയപ്പ് ഇത്രയ്ക്കു ദു;ഖകരമോ യെന്നു  സംശയിച്ചേക്കാം.. ദുഃഖകരമെന്നു തന്നെയാണ് അതിനു മറുപടി. സാധാരണ ഗതിയിൽ അമ്പത്തിയാറാം വയസ്സിൽ സംഭവിക്കുന്ന റിട്ടയർമെന്റിന് ഇത്ര സങ്കടപ്പെടാൻ എന്തിരിക്കുന്നു ? മുമ്പായിരുന്നെങ്കിൽ 55-ൽ റിട്ടയർമെന്റ് ചെയ്യണമായിരുന്നു. ഭരണ ക്കാരുടെ സൗകര്യാർത്ഥം 56- ആക്കി .തുടർന്ന് 60 - ഓ 65 - ഓ ഒക്കെ ആക്കുമായിരിക്കും.

പക്ഷെ അത്തരമൊരു റുട്ടീൻ യാത്രയയപ്പല്ല ഇത്. കാരണം മാത്യു സാറിന് 55-ഉം 56- ളം ഒന്നും ആയിട്ടില്ല 48 വയസ്സേ ആയിട്ടുള്ളൂ.

നാൽ പത്തി എട്ടാമത്തെ വയസ്സിൽ യാത്രയയപ്പോ? അതേ, നാൽപ്പത്തി എട്ടാമത്തെ വയസ്സിൽ യാത്രയയപ്പ് . അദ്ദേഹം തന്നെ ഞങ്ങളോടു ചോദിച്ചു വാങ്ങിയതാണ്.
അദ്ദേഹം പറഞ്ഞു
" രാജേഷ് നീ തന്നെ എല്ലാവരോടും പറയണം എനിക്കു യാത്രയയപ്പു തരാൻ. നീ എന്റെ വിദ്യാർത്ഥിയാണെന്ന കാര്യം മറക്കരുത്"

ശരിയാണ് ഞാൻ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയാണ്. അദ്ദേഹത്തിന്റെ മലയാളം ക്ളാസ് കേട്ടതുകൊണ്ടാണ് എനിക്കു പ്രീഡിഗ്രിക്കു സെക്കന്റ് ക്ലാസ് കിട്ടി പാസാകാനും തുടർന്നു പഠിക്കാനും അദ്ദേഹത്തിന് റ കോളജിൽ തന്നെ അധ്യാപകനാകാനും കഴിഞ്ഞത്. പഠിപ്പിച്ച അധ്യാപകരുടെ കൂടെ പഠിപ്പിക്കാൻ കഴിയുന്നതു് വലിയ ഭാഗ്യമാണല്ലോ ?

മാത്യു സാറിന് കുവൈറ്റിൽ നിന്ന് ഒരു ഓഫർ കിട്ടി . ഇവിടുത്തെ പോലെ പഠിപ്പിക്കുകയൊന്നും വേണ്ട. എണ്ണക്കമ്പനിയിലാണ് ജോലി. പോസ്റ്റിന്റെ പേരു ക്വാളിറ്റി കൺട്രോളർ. ഇവിടെ ഇപ്പോൾ വാങ്ങുന്ന ശമ്പളത്തിന്റെ ഇരുപതിരട്ടി കിട്ടും

" മലയാളം മാത്രമറിയുന്ന സാറെങ്ങനെ അവിടെ പെട്രോളിയം കമ്പനിയിൽ ഗുണ പരിശോധന നടത്തും ? കെമിസ്ട്രി പഠിച്ചിട്ടുണ്ടോ?" ഞാൻ സംശയം പങ്കുവെച്ചു.
" പ്രീ യൂണിവേഴ്സിറ്റിക്കു ഞാൻ കെമിസ്ട്രി പഠിച്ചിട്ടുണ്ട്. പക്ഷെ ആ കെമിസ്ട്രിയൊന്നും അവിടെ വേണ്ട. ക്വാളിറ്റി കൺട്രോളറുടെ മേശപ്പുറത്തു വരും ബീക്കറിൽ പെട്രോളും ഇതര സാധനങ്ങളും . കൺട്രോളർക്കു ഒറ്റ ജോലിയേയുള്ളു. തീപ്പെട്ടിക്കൊള്ളിയുരച്ച് ഒരോന്നിലും ഇട്ടു നോക്കുക, കത്തുന്നതു പെട്രോൾ, അല്ലാത്തവ പെട്രോളല്ല. പെട്രോൾ പെട്ടെന്നു തീ പിടിക്കുന്നതായതുകൊണ്ടു് അല്പം അകന്നു നിന്നേ തീപ്പെട്ടിക്കൊള്ളി ഉരക്കാവു. അപ്പോൾ, ഏറ്റല്ലോ യാത്രയയപ്പിന്റെ കാര്യം ?"

" അതു സാറു തന്നെ സ്റ്റാഫ് സെക്രട്ടറിയോടു ആവശ്യപ്പെട്ടാൽ പോരേ? ഞാൻ പറയുന്നതിനേക്കാൾ കുറെക്കൂടി എഫക്ട് അതിനല്ലേ ?"

" അതു വേണ്ട.  മുമ്പൊരു കാര്യം ഞാൻ ഏല്പിച്ചിട്ടു അയാൾ ചെയ്തില്ല. പോരാത്തിന് ഞാൻ നിങ്ങളുടെ സംഘടനയിലുമല്ലല്ലോ ?"

"ഞാൻ പറഞ്ഞു നോക്കാം സാർ "

അങ്ങനെയാണ് മാത്യു സാറിന് ഞങ്ങൾ എല്ലാ വരും ചേർന്ന് യാത്രയയപ്പ് നൾകുകയും അദ്ദേഹം യോഗത്തിൽ കരയുയും ചെയ്തത് . യാത്രയയപ്പിനു ശേഷം പ്രത്യേകം കാറു വാടകക്കെടുത്തു വീട്ടിൽ കൊണ്ടു പോയി ആക്കുകയും ചെയ്തു. അന്നു ഞങ്ങൾക്കാർക്കും തന്നെ സ്വന്തമായി കാറില്ലായിരുന്നു. കാറുണ്ടായിരുന്നവരാകട്ടെ യാത്രയയപ്പിനു നിൽക്കാതെ സ്ഥലം വിടുകയും ചെയ്തു..

അഞ്ചു വർഷത്തേക്കുലീവെടുത്താണ് അദ്ദേഹം കൂ വൈറ്റിലേക്കു ക്വാളിറ്റി കൺട്രോളറായി പോയത്. അദ്ദേഹത്തിന്റെ ലീവ് വേക്കൻസിയിൽ ഒരാളെ മാനേജുമെന്റ് പോസ്റ്റുചെയ്യുകയും ചെയ്തു

പക്ഷെ ഞങ്ങളെയെല്ലാം അമ്പരപ്പിച്ചു കൊണ്ടു മാത്യു സാർ ലീവ് ക്യാൻസൽ ചെയ്തു അടുത്ത കൊല്ലം തന്നെ ജോലിയിൽ തിരികെ പ്രവേശിച്ചു. ലീവ് വേക്കൻസിയിൽ ജോലി ചെയ്തിരുന്ന ആളെ മാനേജുമെന്റ് പിരിച്ചുവിട്ടു.

രണ്ടു ദിവസത്തെ സാവകാശം കഴിഞ്ഞപ്പോൾ മാത്യു സാറിനോടു ഞാൻ ചോദിച്ചു
" സാറെന്താ തിരികെ പെട്ടെന്ന്? ഇനിയും നാലു വർഷം ഉണ്ടല്ലോ?"
" അതു രാജേഷ് , ആരോടും പറയേണ്ടാ. ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ 100 കിലോമീറ്റർ മാറിയുള്ള എണ്ണക്കിണറിലാണ്  ഇറാക്ക് ബോംബിട്ടത്.
അടുത്ത ബോംബ് ? എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അതാ "

പിന്നീട് ഒത്തിരി യാത്രയയപ്പുകൾ കോളജിൽ നടന്നു . പക്ഷെ ഒന്നിൽപോലും എനിക്കു കരയാൻ തോന്നിയിട്ടില്ല.

- കെ എ സോളമൻ

No comments:

Post a Comment