Sunday, 14 May 2017

വിവേകശൂന്യമായ പ്രസ്താവന

കേരളത്തിൽ എന്തു കൊണ്ടു ബി ജെ പി ഗതി പിടിക്കുന്നില്ലായെന്നറിയണമെങ്കിൽ ആ പാർട്ടിയുടെ ഫയർബ്രാന്റ് പെമ്പിളൈ നേതാവ് ശോഭാ സുരേന്ദ്രനെപ്പോലുള്ളവരുടെ പ്രസ്താവന വായിക്കണം. ഗവര്‍ണര്‍ പി. സദാശിവത്തിന് മുഖ്യമന്തി പിണറായി വിജയനെ പേടിയാണെങ്കില്‍ സ്ഥാനം ഒഴിയുകയാണ് നല്ലതെന്നാണ് ശോഭ സുരേന്ദ്രന്റെ ആവശ്യം. ഗവർണർക്കു നിയമമറിയാമെന്നതും ശോഭാ സുരേന്ദനും എം.ടി. രമേശിനുമൊക്കെ നിയമം അറിയാൻ പാടില്ലാത്തതും ഒരു പ്രശ്നമാണ്. ഗവർണർ രാജി വെച്ചൊഴിയാൻ പറയുന്നതിനു പകരം ബി ജെ.പി കേന്ദ്ര നേതാക്കളോടു ആവശ്യ പ്പെട്ടാൽ പോരെ ഗവർണരെ പിരിച്ചു വിടാൻ? അവരാണല്ലോ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സദാശിവത്തെ കേരളത്തിൽ ഗവർണരാക്കിയത് .

കേരളത്തിലെ സിപിഎം അക്രമങ്ങൾ നടക്കുന്നുവെന്നതു വാസ്തവം. പക്ഷെ അതിനെതിരെയുള്ള ബിജെപി- ആർ എസ് എസ് അക്രമങ്ങൾക്കം കുറവില്ല. പകരത്തിനു പകരം എന്ന ക്രമമനുസരിച്ചു മുന്നേറുന്ന കൊലപാതകങ്ങൾക്കു ഒടുക്കമുണ്ടാകണമെങ്കിൽ നേതാക്കന്മാർ ടാർഗറ്റ് ചെയ്യപ്പെടണം. അതു സംഭവിക്കാത്തിടത്തോളം കാലം അണികളെന്ന പാവങ്ങൾ വഴിയരുകിൽ ചത്തു വീഴുകയും നേതാക്കൾ വിവേകശൂന്യമായ പ്രസ്താവനകൾ ഇറക്കി പ്രകോപനമുണ്ടാക്കുകയും ചെയ്യും.
നിഷ്പക്ഷ ന്യായാധിപൻ എന്ന പേരെടുത്തിട്ടുള്ള ഗവർണർ സദാശിവം ശരിയായ വിധം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങളാണ് ഗവർണർ പദവി തന്നതു, അതു കൊണ്ടു ഞങ്ങൾ പറയുന്നതു കേൾക്കണം  എന്നതു വിവേകരഹിതമായ സമീപനമാണ്.

എല്ലാ പൗരന്മാരുടേയും ജീവന്റെയും സ്വത്തിന്റെയും ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്, ഗവര്‍ണർ അതു മനസ്സിലാക്കണം എന്നൊക്കെ പാടുന്നതു കേൾക്കുമ്പോൾ തോന്നുക " പ്രിൻസിപ്പാളിനു കാര്യങ്ങൾ മനസ്സിലാകുന്നുണ്ടോ?"യെന്നു മഹാരാജാസിലെ വാർക്കപ്പണിക്കാർ ചോദിച്ചതു പോലെയാണ്.

ഇനി ശോഭാ സുരേന്ദ്രന്റെ ഭീഷണി കേട്ടു ഭയന്ന് പിണറായി സർക്കാരിനെ ഗവർണർ പിരിച്ചുവിട്ടാൽ തന്നെ ബി.ജെ പി യുടെ ഏക എം എൽ എ യെ വെച്ചു് എങ്ങനെ കേരളം ഭരിക്കും ?

കെ എ സോളമൻ

No comments:

Post a Comment