Friday, 20 March 2015

കമ്യൂണിറ്റി കോളേജുകള്‍ എന്തിന്?





മലയാളികളുടെ  സൌന്ദര്യബോധം കുറയുന്നില്ലെന്ന് മാത്രമല്ല, നാള്‍ക്കുനാള്‍ അത് കൂടിക്കൊണ്ടിരിക്കുകയാണ് അതിനു തെളിവാണ് കൂണുപോലെ മുളയ്ക്കുന്ന ബ്യൂട്ടി പാര്‍ലരുകള്‍. സ്ത്രീകള്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിരുന്ന  ബ്യൂട്ടി പാര്‍ലരുകള്‍ പുരുഷന്‍മാര്‍ക്ക് വേണ്ടിയും തുറന്നുകൊടുത്തു തുടങ്ങി. പഴയ ബാര്‍ബര്‍ ഷാപ്പുകള്‍ ജെന്‍റ്സ് ക്ലിനിക്കുകളായി രൂപാന്തര്‍പ്പെട്ടു കഴിഞ്ഞു. ബാര്‍ബര്‍മാരെല്ലാം ബ്യുട്ടീഷ്യന്‍മാരോ  ബ്യൂട്ടി ടെക്നീഷ്യന്‍മാരോ ആയി, തെങ്ങ്ചെത്തു കാരെ നീരടെക്നീഷ്യന്‍ എന്നു വിളിക്കുന്നത് പോലെ.

എന്തൊക്കെയാണ് ഈ ബ്യൂട്ടി ക്ലിനിക്കുകളില്‍ ചെയ്തുകൊടുക്കുന്നത്? മുടി വെട്ടിക്കൊടുക്കും, പുരികം പറിച്ചുമാറ്റും, മുടിവെച്ചുപിടിപ്പിക്കും, മസ്സാജും നടത്തും മസാജ് നടത്തുന്ന ആളിന്റെ ജെണ്ടര്‍ അനുസരിച്ചു റേറ്റിനുംവ്യത്യാസമുണ്ട്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ ക്വാളിഫയിട് ടെക്നീഷ്യന്‍മാരെ കിട്ടാനില്ല എന്ന വലിയൊരു ഹാന്ടിക്കാപ്പുണ്ട്.അത് പരിഹരിക്കുന്നതിനാണ് കമ്യൂണിറ്റി കോളേജുകള്‍.

കമ്യൂണിറ്റി കോളേജുകള്‍ ഒട്ടുമിക്കവയും പ്രവര്‍ത്തിക്കുന്നത് ആര്‍ട്സ് ആന്ഡ്സയന്‍സ്-എന്‍ജിനിയറിങ് കോളേജുകള്‍ക്കൊപ്പമാണ്. കോളേജിന്റെ ഒരു ചാര്‍ത്തോ, കാന്‍റീനൊപ്പമുള്ള ഒരുമുറിയോ ആയിരിയ്ക്കും കമ്യൂണിറ്റി കോളേജായി പരിണമിക്കുക. ഇവ നടത്തുന്നതിന് കോളേജ് മാനേജുമേന്‍റിന് പണം മുടക്കില്ലെന്ന് മാത്രമല്ല, വലിയൊരുതുക കയ്യില്‍ തടയുകയും ചെയ്യും. അതെങ്ങനെയെന്നല്ലേ?
പ്രാഥമിക വിദ്യാലയങ്ങളില്‍ എന്തുനടന്നാലും ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം താഴേക്കു വീഴാതെ താങ്ങി  നിര്‍ത്തുന്ന കേന്ദ്ര സര്ക്കാര്‍ സ്ഥാപനമാണ് യു ജി സി എന്ന യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍. ഗ്രാന്‍റിനത്തില്‍ കോളേജുകള്‍ക്ക് കൊടുക്കാന്‍ യു ജി സിയുടെ കൈവശം ഒത്തിരി  പണമുണ്ട്. ഇതാര്‍ക്കെങ്കിലും കൊടുത്തേ പറ്റൂ. പ്രൊജക്റ്റ് വര്‍ക്ക്, നെറ്റ് കോച്ചിങ്, കമ്മുണിറ്റി കോളേജ് എന്നൊക്കെ പറഞ്ഞുകൊണ്ടു ആരെങ്കിലുംചാടിവീണാല്‍  മതി, യു ജി സി ഉടന്‍ ചെക്കെഴുത്തിക്കൊടുക്കും. ഈ തുകയത്രയും പാഴായിപ്പോകുന്നുവെന്ന് ആരെങ്കിലും പരിതപിച്ചാല്‍ അതിലും എത്രയോ ഇരട്ടിയാണ് മറ്റുവഴിയില്‍ ഒഴുകിപ്പോകുന്നത് എന്നെചോദിക്കാനുള്ളൂ. പണംഎങ്ങനെ ചെലവഴിച്ചാലും അതിന്റെ കൃത്യമായകണക്കു മാത്രം യു ജി സിക്കു ലഭിച്ചാല്‍ മതി. 10-ഉം 30-ഉം ലക്ഷം കോഴപ്പണമായി വാങ്ങിയിട്ടു, ഒടുക്കം കൈമലര്‍ത്തി കാണിക്കുന്ന മാനേജമെന്റിനാണോ കണക്കുണ്ടാക്കാന്‍  വിഷമം?

കമ്യൂണിറ്റി കോളേജുകളില്‍ പ്രധാന കോഴ്സുകളാണ്, കുക്കറി, ഫാഷന്‍ ഡിസൈന്‍, ബ്യൂടീഷിയന്‍, ഹാര്‍ഡ്വെയര്‍ മെയ്ന്‍റനന്‍സ്,ടയിലറിങ് തുടങ്ങിയവ. സമൂഹത്തിലെ പ്രായമായവരെയും, തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവരെയും ഉദ്ദേശിച്ചാണ് ഇത്തരം കോഴ്സുകള്‍ നടര്‍ത്തുന്നതെങ്കിലും ചില കോഴ്സിന് പഠിക്കാന്‍ ആളെകിട്ടുന്നില്ല. ഉദാഹരണത്തിന് സമീപപ്രദേശത്തെ ഒരു എന്‍ജിനിയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയ്ന്‍റനന്‍സ് കോഴ്സിന് ചേര്‍ന്ന ഒരു റിട്ടയര്‍ഡ് കോളേജ് അദ്ധ്യാപകനും അദ്ദേഹത്തിന്റെ റിട്ടയര്‍ ആയ ഭാര്യയും ക്ലാസില്‍ ഇരുന്നു പഴയ മധുവിധു കാലം അയ വിറക്കുകയാണ്. അവര്‍ അതിനു കാരണമായി പറയുന്നതു കൂടെ ചേര്‍ന്നവര്‍ ക്ലാസില്‍ വരുന്നില്ലെന്നത് മാത്രമല്ല പഠിപ്പിച്ചിരുന്ന ടീച്ചര്‍ വിവാഹം കഴിഞ്ഞു മധുവിധുവിന് പോയിരിക്കുകയാണെന്നാണ്. കമ്പ്യൂട്ടര്‍ കമ്പനികള്‍ ദിനം പ്രതി അവരുടെ ഉല്പന്നങ്ങള്‍ നവീകരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ കോഴ്സ് പഠിച്ചിട്ടു കാര്യമില്ലെന്നു മധു വിധു കഴിഞ്ഞു തിരികെ എത്തിയ ടീച്ചറും സമ്മിതിക്കുന്നു. അപ്പോഴെല്ലാം കമ്യൂണിറ്റി കോളേജിന് വേണ്ടി ചെലവഴിച്ച തുകയുടെ കണക്ക് യു ജി സിക്ക് വേണ്ടി കൃത്യമായി തയ്യാറാക്കുകയായിരുന്നു കോളേജ് മാനേജര്‍.
എന്നാല്‍  ബ്യൂട്ടീഷ്യന്‍ കോഴ്സിന് പഠിതാക്കുളുടെ എണ്ണത്തിന് വര്‍ദ്ധനവുണ്ട്. ആയിരം രൂപ കൊടുത്താല്‍ ഒരുവര്‍ഷം മുഴുവന്‍ കോളേജില്‍ നിരങ്ങാമെന്നുള്ളതിനാല്‍ അട്ടിമറിക്കാരും നോക്കുകൂലിക്കാരും ബ്യൂട്ടീഷ്യന്‍ കോഴ്സിന്ചേരുന്നുണ്ട്.. വെറുതെ ഷെഡും കെട്ടി വഴിയരി കില്‍ ഇരിക്കുന്നതിന് പകരം കോളേജില്‍ ഇരിക്കുക, നോക്കുകൂലി വാങ്ങേണ്ട സമയത്ത് മാത്രം പുറത്തേക്കിറങ്ങുക, അതാണ് രീതി

ബ്യൂട്ടി ക്ലിനിക്കുകളിലും, കമ്മുണിറ്റി കോളേജുകളിലും ജോലിക്കു യോഗ്യത്യുള്ള ആദ്ധ്യാപകരെ കിട്ടാത്തതുകൊണ്ടാണ് സര്ക്കാര്‍ നേരിട്ടു തടവുകാരെ ബ്യൂട്ടീഷ്യന്‍ കോഴ്സും, കുക്കറിയും ജയിലില്‍ വെച്ചുതന്നെ പഠിപ്പിക്കുന്നത് . ശിക്ഷ കഴിഞ്ഞു  ജയില്‍ നിന്നറങ്ങുന്നവര്‍ക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കട്ടും നല്കും. യു ജി സി ഫണ്ട് വിനിയോഗത്തിന് കമ്മുണിറ്റി കോളേജുകള്‍ മുന്നിട്ടറങ്ങിയിട്ടുള്ളതിനാല്‍ വരാനിരിക്കുന്നത് ജയില്‍ പുള്ളികളുടെ നല്ല കാലം. ജയിലുകളിലെ കോഴ്സ് അഡ്മിഷന് ടെസ്റ്റും റാങ്ക് ലിസ്റ്റും തലവരിയും ഉണ്ടാകുമോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ.

                                                               ----------------------------

1 comment:

  1. ഇന്നത്തെ വാര്‍ത്തകണ്ട് പെട്ടന്ന് തോന്നിയ ഒരു നിര്‍മ്മിതിയാണോ ഇതു. ? ടീച്ചര്‍ ഇതു വല്ലതുംകാണുന്നുണ്ടോ ? ആളുകളെ ജീവിക്കാന്‍ അനുവതിക്കില്ലേ...? വിട്ടേക്ക് മാഷേ.

    ReplyDelete