Wednesday, 18 March 2015

മസ്തിഷ്ക മരണം –കവിത-കെ എ സോളമന്‍




മസ്തിഷ്ക മരണം
അതെന്തെന്നെനിക്കറിയില്ല
എങ്ങനയോ അകപ്പെട്ടുപോയി
വമ്പന്‍ ആശുപത്രിയുടെ വെന്റിലേറ്ററില്‍
ശ്വാസംവലിക്കുവാനും പതുക്കെ –
പുറത്തേക്കു വിടുവാനുമാവുന്നുണ്ട്
കണ്ണുകള്‍ താനേ അടയുമെങ്കിലും
വൈകാതെ പതിയെ തുറക്കും
എന്തിനോ തിരയും
എന്റെ കണ്‍പീലികള്‍ അനങ്ങുന്നുണ്ട്
കണ്ണുകള്‍ നിറയുന്നതും കാണാം
വിരല്‍ സ്പര്‍ശം
തൊടുന്നതാരെന്ന് പോലും സ്പഷ്ടം
ഹൃദയസ്പന്ദനം
മരിക്കാതെ ചിന്തകള്‍ അകലുമോ?
അവയവദാനപത്രം കാട്ടി ഡോക്ടര്‍
“ ഇയാള്‍ മരിച്ചു, മസ്തിഷ്ക മരണം”
സര്‍വ സന്നാഹങ്ങളുമായി പോരാളികള്‍
അവരെന്റെ‍ കണ്ണുകള്‍കള്‍ ചൂഴ്ന്നെടുത്തു
കരള്‍ സുരക്ഷിതമായി പാക്ചെയ്തു
കിഡ്നികള്‍ പ്രത്യേകം കവറുകളില്‍
ഹൃദയവും രക്തധമനികളുമങ്ങനെ
വിലപ്പെട്ടഎല്ലാം വീതംവെച്ചു
എന്നിട്ട് പത്രക്കുറുപ്പില്‍ എഴുതിച്ചേര്ത്തു
“മഹാനായമനുഷ്യന്‍
മറ്റേഴുപേരിലൂടെ ജീവിക്കുന്നു”
ഏഴുപേരും പണക്കാര്‍
എന്നതു മാത്രം പറഞ്ഞില്ല
എന്റെ കുഴിമാടം
അവിടെ ഞാന്‍സുരക്ഷിതന്‍
വിലപ്പെട്ടതൊന്നുമില്ലായിരുന്നു കൂടെ
പുതുതായി വാങ്ങിയ വെള്ളമുണ്ടും
കറുത്തൊരുജോഡി പ്ലാസ്റ്റിക് ഷൂവുമല്ലാതെ.!

No comments:

Post a Comment