Thursday, 15 January 2015

അടിമാന്തുന്ന പ്രാഥമിക വിദ്യാഭ്യാസം! -കെ എ സോളമന്‍


പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ കുട്ടികളുടെ നിലവാരം ഇടിയുന്നുവെന്ന് കണ്ടെത്താന്‍ സര്‍വേ വേണ്ടിവന്നു. സര്‍വേ ഇല്ലാതെ തന്നെ  കേരളത്തിലെ സാമാന്യജനത്തിന് അറിയാവുന്ന കാര്യം സര്‍വേയിലൂടെ വെളിപ്പെട്ടെന്ന് മാത്രം. സംസ്ഥാനത്ത് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാനറിയില്ല. നാലാം ക്ലാസ്കാര്‍ ഒന്നാം പാഠ പുസ്തകവും വായിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് സങ്കലനം വ്യവകലനം, ഗുണനം ഹരണം ഇവയൊന്നും പിടിയില്ല.  

രാജ്യത്തെ പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 2014-ലെ അസര്‍ റിപ്പോര്‍ട്ടിലാണ് ഈ കണക്കൊക്കെ പറയുന്നത് അസര്‍ എന്നു വെച്ചാല്‍ ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുകേഷന്‍ റിപ്പോര്‍ട്.

റിപ്പോര്‍ടിലെ കണ്ടെത്തലുകള്‍ക്ക് ഒട്ടും അതിശയോക്തി ഇല്ലെന്നു നിലവിലെ സ്കൂള്‍ പാഠ്യ പദ്ധതി നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യമാകും. ടൈലിട്ട തറ, ടോയ് ലെറ്റ്, കുട്ടികള്‍ക്ക് കളികോപ്പുകള്‍, ജൈവ കൃഷി, തേനീച്ച വളര്‍ത്തല്‍, പ്രാവിന്‍ കൂട്, നിരവധി കമ്പ്യൂട്ടറുകള്‍, ഇവയൊക്കെയാണ് പ്രൈമറി സ്കൂളിലെ സംവിധാനം, അധ്യയനം മാത്രം ജാസ്തി. കുട്ടികളെ അക്ഷരം പഠിപ്പിക്കില്ല, അവര്‍ തനിയെ പഠിക്കണം പോലും. പണ്ട് സ്കൂളുകളില്‍ 16-ന്റെ പെരുക്കപ്പട്ടിക വരെ പഠിപ്പിക്കുമായിരുന്നു. പിന്നീടത് പത്തിന്റേതായി ചുരുങ്ങിയെങ്കിലും പഠിപ്പിക്കാത്ത അവസ്ഥ ഉണ്ടായിരുന്നില്ല. ഇന്നാകട്ടെ ഗുണനപ്പട്ടികയെ പാടില്ലെന്നാണ്. കുട്ടികളെ മാനസികമായി പീഠിപ്പിക്കാന്‍ പാടില്ല! ഇങ്ങനെ കൂട്ടാനും  ഗുണിക്കാനുമാറിയാത്ത, സ്വന്തം പേരുപോലും തെറ്റുകൂടാതെ എഴുതാനറിയാത്ത കുട്ടികളാണ് പ്ലസ് ടു വും കഴിഞ്ഞു കോളേജിലെത്തുന്നത്.

കോളേജിലാണ് വിദ്യാഭ്യാസകളിയുടെ ക്ലൈമാക്സ്. സ്കൂളില്‍ അദ്ധ്യാപകര്‍ പഠിപ്പിക്കാന്‍ ചെറിയ ശ്രമം നടത്തിയിട്ടുണ്ടെങ്കില്‍ കോളേജില്‍ അതുപോലുമില്ല.. ഇവിടെയെല്ലാം അസൈന്ന്‍മെന്‍റാണ്. അക്ഷരം കൂട്ടിവായിക്കാനാറിയാത്തവര്‍ അസ്സൈന്‍മെന്റിന്റെ പേരില്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്നു. കൂടുതല്‍ സമയവും എക്സ്ട്രാ-കരിക്കുലര്‍ ആക്റ്റിവിറ്റീസ് ആണ്.ഇവയില്‍ പശു കറവ  മുതല്‍ നീര ടെക്നോളജി വരെയുണ്ട്. കോളേജ് വിദ്യാര്‍ഥി നീരടെക്നീഷ്യന്‍  എന്നറിയപ്പെന്നത് ഒരു ഗമതന്നെ.

 പ്ലസ് ടു ക്ലാസിലെ ഫിസിക്സ് അദ്ധ്യാപകന്‍ ജലത്തിന്റെ ഡെന്‍സിറ്റി എത്രയെന്ന് ചോദിച്ചാല്‍ ഒരുകുട്ടിക്കും അറിയില്ല. സ്കൂളില്‍ അത് പഠിപ്പിച്ചിട്ടില്ല എന്നതാണു അവരുടെ ഉത്തരം.
ഇങ്ങനെ ഒന്നും അറിയാതെ, ഒന്നും പഠിക്കാതെ പരീക്ഷയ്ക്ക് എത്തുന്നവരെ ചോദ്യങ്ങള്‍ ചോദിച്ചു പരിഹസിക്കുന്നതാണ് ചോദ്യ കര്‍ത്താക്കളായ ചില അദ്ധ്യാപകരുടെ രീതി. സംശയ മുണ്ടെങ്കില്‍ 2014-ലെ സി ബി എസ് ഇ പരീക്ഷ്യ്ക്കു ചോദിച്ച ഒരു ചോദ്യം ശ്രദ്ധിയ്ക്കുക. ചോദ്യത്തിന്റെ നാടന്‍പരിഭാഷ ഇങ്ങനെ.

“ കുറച്ചുകാലമായി രാധയ്ക്ക് ക്ഷീണം , ശരീരം നേരെ നില്‍ക്കുന്നില്ല. എപ്പോഴും തലവേദനയെന്ന് പറയും. അവളുടെ അസുഖം കണ്ടുപിടിച്ചത് സഹോദരി ആരതിയാണ്. ആരതിയാണ് അച്ഛനമ്മമാരോട് പറഞ്ഞത് രാധയെ ഡോക്ടറെ കാണിക്കാന്‍. ഡോക്ടര്‍ പരിശോധിച്ചിട്ടു പറഞ്ഞു അവള്‍ക്ക് ടൂമറാണെന്ന്, തലച്ചോറില്‍. നിങ്ങളുടെ നോട്ടത്തില്‍ ഇവിടെ ആരതി പ്രകടിപ്പിച്ച മൂല്യങ്ങള്‍ എന്തൊക്കെ? റേഡിയോ ഐസോടോപ് ഉപയോഗിച്ച് ഡോക്ടര്‍ രോഗം നിര്‍ണയിച്ചത് എങ്ങനെ?
സംശയിക്കേണ്ട, പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യം തന്നെ.

ഇതിനേക്കാള്‍ വിചിത്രമാണ് കേരള ഹൈയര്‍സെക്കണ്ടറി പരീക്ഷയുടെ ചില ചോദ്യങ്ങളും.
പഠനം മതിയാക്കി കുട്ടികള്‍ മാവോ വാദികള്‍ ആയില്ലെങ്കിലെ അല്‍ഭുത പ്പെടേണ്ടതുള്ളൂ.


              -------------------------------------------------------

No comments:

Post a Comment