Saturday, 10 January 2015

മലയാള സാഹിത്യത്തിലെ പുതിയ പ്രവണതകള്‍


ലേഖനം-കെ എ സോളമന്‍



മാറ്റത്തിന് വിധേയമാണ് ജീവിതം, അതുകൊണ്ടു സാഹിത്യവും മാറ്റത്തിന് വിധേയം. നിത്യ ജീവിതത്തിൽവന്നുകൂടുന്ന വ്യതിയാനങ്ങൾ മനുഷ്യമനസ്സിൽ പുതിയ ഭാവതലങ്ങള്‍ സൃഷ്ടിക്കുകയും അവ കലയിലും സാഹിത്യത്തിലും പ്രത്യക്ഷ മാവുകയും ചെയ്യുന്നു. നമ്മുടെ എഴുത്തുകാരെല്ലാം തന്നെ  കാലത്തിന്ടെ ഈ മാറ്റത്തിനൊത്തുനീങ്ങിയവരാണ്..
മലയാളിയുടെ സാമൂഹ്യ-സാഹിത്യ ജീവിതത്തിൽ മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനം വിപുലമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ അച്ചടിക്കൊപ്പം റേഡിയോ, സിനിമ എന്നീ രണ്ടു പുതിയ മാധ്യമങ്ങള്‍ സാഹിത്യത്തെ പരിപോഷിപ്പിച്ചു. ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവ മലയാള സാഹിത്യത്തില്‍ ശക്തമായ മാറ്റങ്ങള്‍ക്ക് നിദാനമായി.

ഉത്തരാധുനികത
ആഗോളതലത്തിൽ മാധ്യമരംഗത്തുണ്ടായ വിസ്‌മയകരമായ കുതിപ്പും  ഉപഭോഗസംസ്‌കാരവും എഴുത്തുകാരെ പുതിയ ചില നിലപാടുകളിലേക്ക്‌ നയിച്ചു. ഇക്കാര്യത്തിൽ അവർക്ക്‌ സൈദ്ധാന്തികമായ പിൻബലം നൽകാൻ പാശ്ചാത്യ ചിന്തകരുടെ സംഭാവനകളും ഉണ്ടായിരുന്നു. ഇതിനെ നമ്മുടെ സാഹിത്യവേദികളില്‍  ആധുനികോത്തരത അഥവാ ഉത്തരാധുനികത എന്നു പറഞ്ഞുതുടങ്ങി. എന്നാൽ ഇപ്പോഴും ഉത്തരാധുനികത ഒരു പ്രസ്ഥാനമെന്നരീതിയില്‍  മലയാളത്തിൽ പ്രതിഷ്‌ഠ നേടിയിട്ടില്ല.എന്നതാണു വാസ്തവം.  

എഴുത്തിന്റെ പുതുരീതി
എത്ര സങ്കീര്‍ണമായ യാഥാർത്ഥ്യത്തെയും  ചോദ്യരൂപത്തിൽ അവതരിപ്പിക്കാനാണ്‌ പുതിയ എഴുത്തുകാർ ശ്രമിക്കുന്നത്‌. മാത്രമല്ല. മലയാള കഥയിൽ ഈ മാറ്റം ഏത്‌ അളവിൽ സംഭവിച്ചു എന്നറിയാൻ എം.മുകുന്ദൻ, കാക്കനാടൻ ആനന്ദ്‌, എൻ.എസ്‌.മാധവൻ, ടി.വി.കൊച്ചുബാവ എന്നിവരുടെ രചനകല്‍ വായിച്ചാൽ മതി. കവിതയിൽ സംഭവിച്ച മാറ്റം ബോദ്ധ്യപ്പെടാന്‍ , അയ്യപ്പപണിക്കർ, സച്ചിദാനന്ദന്‍  എന്നിവരുടെ കവിതകള്‍ വായിക്കണം.

സുതാര്യത.
മാധ്യമരംഗത്തെ വിസ്ഫോടനങ്ങുളും സൌകര്യങ്ങളും എഴുത്തുകാരെ സംബന്ധിച്ചിടത്തോളം കാമ്പില്ലായ്മ  എന്ന അവസ്ഥയിലേക്ക്‌ നയിച്ചു.. സൃഷ്ടികള്‍ എല്ലാം വളരെ സുതാര്യമായി, ഒന്നും ഒളിച്ചുവയ്‌ക്കാനില്ലാത്ത അവസ്ഥ. ഇത് നല്ലതെന്നും അല്ലെന്നും അഭിപ്രായമുണ്ട്.. അതോടൊപ്പം പുതിയ വിജ്ഞാനശാഖകളിലെ സാങ്കേതിക പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട്‌ ഭാഷയെ നവീകരിക്കാനുള്ള  ശ്രമങ്ങള്‍ പുതിയ എഴുത്തുകാര്‍ നടത്തുകയും ചെയ്യുന്നു.  

വികലചരിത്ര നിര്‍മ്മിതി.
ചരിത്രത്തെ വികലമാക്കന്‍ എന്നും എഴുത്തുകാരുടെ ഭാഗത്ത് നിന്നു ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. രചനകൾ ആഴമുളളതാക്കാൻ ചരിത്ര സന്ദർഭങ്ങളെ ആശ്രയിക്കുന്ന ഈ എഴുത്തുകാര്‍ . ജീവചരിത്രവും  ദേശചരിത്രവും മാറ്റിയെഴുതുന്നു. ഒരു ബദൽ ചരിത്രം എഴുത്തുകാരന്‍ സൃഷ്ടിക്കാന്‍ശ്രമിക്കുന്നത്‌ പലപ്പോഴും വിവാദത്തിന് വേണ്ടിയാണ്.  കാലത്തെ തടവിലിടുന്ന ഇവരുടെ കൃതികൾ സാംസ്‌കാരിക വിമർശം ഒരു ബാദ്ധ്യതയായി എറ്റെടുക്കുന്നു. ഇക്കൂട്ടരുടെ ഭാവനയില്‍ ഗാന്ധിജിയെക്കാള്‍ മഹാനായി മഹാസഭാസ്ഥാപകന്‍മാരെയും ഗോദ്സെയുമൊക്കെ അവരോധിക്കപ്പെടുന്നു. മാഹാത്മഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ കന്ദസ്വാമികള്‍ മാത്രമല്ല ബുക്കര്‍ പ്രൈസ് ജേതാക്കള്‍ വരെയുണ്ട്. വിവാദം എന്നു വിറ്റഴിക്കപ്പെടുന്ന ചരക്കായി ഇവര്‍ കരുതുന്നു. ജവഹര്‍ലാല്‍ നെഹ്രുവിനെക്കാള്‍ മഹാനാണ് പട്ടേല്‍ എന്നു വാദിക്കുന്ന രാഷ്ട്രീയ പാര്‍ടിക്കുവേണ്ടി ചരിത്രം തിരുത്തുന്ന സാഹിത്യകാരന്‍മാരും മലയാളത്തിലുമുണ്ട്. പട്ടേലാണ് മിടുക്കന്‍ എന്നു ഉത്തമ ബോധ്യമുണ്ടെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയായില്ല എന്ന ചോദ്യം അവശേഷിക്കുകയും ചെയ്യുന്നു.  

പെണ്ണെഴുത്ത്
പുതിയ ലോകത്ത്‌ സ്‌ത്രീ നേരിടുന്ന സ്വത്വപ്രതിസന്ധികൾ അവളുടെതന്നെ കാഴ്‌ചപ്പാടിൽ അവതരിപ്പിക്കുന്ന കൃതികള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്. അവയെ    ‘പെണ്ണെഴുത്ത്‌’ എന്ന പേരില്‍ വിളിക്കാനാണ് ഇത്തരം സൃഷ്ടികളോട് ആഭിമുഖ്യം കുറവുള്ളവര്‍ ശ്രമിക്കുന്നത്. .അതുകൊണ്ടു സാറാ ജോസഫ്‌, ഗ്രേസി, അഷിത, പ്രിയ.എ.എസ്‌., റോസ്‌മേരി, വി.എം.ഗിരിജ എന്നിവരുടെ കൃതികളെ പെണ്ണെഴുത്തില്‍പ്പെടുന്നതായി കരുതുകയും ചെയ്യുന്നു.   
.
സമാന്തര സാഹിത്യം
പുതിയകാലത്തിന്റെ സംഭാവനയാണു സമാന്തര സാഹിത്യം. സമാന്തരസാഹിത്യത്തില്‍ സാഹിത്യ സദസ്സുകള്‍ക്കും ചെറുപ്രസിദ്ധീകരണങ്ങള്ക്കും ഉള്ള പങ്ക് വളരെ വലുതാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെവളര്‍ച്ച മനുഷ്യന്റ. പുരോഗതിയിലേക്കുള്ള   വഴിയിലെ നാഴികക്കല്ലാണ്. മനുഷ്യരാശിയുടെ ധൈഷണിക വികാസത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാധ്യമങ്ങള്‍ കലയുടെയും സാഹിത്യത്തിന്റെയുംപുതിയ  ലോകം തുറന്നുവെച്ചിരിക്കുന്നു. മുഖ്യധാരാ മാധ്യമത്തമ്പുരാക്കന്മാരുടെ നിഷേധമനസ്ഥിതി മൂലം സൈബര്‍സാഹിത്യമെന്ന സമാന്തരസാഹിത്യമേഖല വളര്‍ന്നു.. സ്വന്തം കയ്യക്ഷരത്തിലുള്ള എഴുത്തു ഉപേക്ഷിച്ചു നവ എഴുത്തുകാര്‍ കീബോര്‍ഡു എഴുത്തിലേക്ക് മാറി. എല്ലാവര്ക്കും ഒരേകയ്യക്ഷരം എന്ന മനോഹരമായ അവസ്ഥ, വേണമെങ്കില്‍ ചെറിയമാറ്റം വരുത്താം, അതിനെ ടൈംസ് ന്യൂ റോമന്‍ എന്നോ, കൂരിയര്‍ ന്യൂ, ജോര്‍ജിയ, കാര്‍ത്തിക, മഞ്ജരി എന്നക്കൊയോ  വിളിക്കാം.

ബ്ലോഗെഴുത്ത്.
പ്രതിഭാസ്പര്‍ശമുള്ള ചെയിയ  എഴുത്തുകാര്‍  പക്ഷപാതിത്വ- നിയന്ത്രണങ്ങളുമുള്ള കുത്തക മാധ്യമതന്പുരാക്കാന്‍മാരുടെ പുറകെ നടക്കാതെ ഓണ്‍ ലൈനായി സ്വയം പബ്ലിഷ് ചെയ്യാന്‍തുടങ്ങി. ഇങ്ങനെ പബ്ലിഷ് ചെയുന്ന ഇടത്തെ ബ്ലോഗ്, ഫേസ്ബുക്ക്, ട്വിറ്റെര്‍, ലിങ്ക്ഡെന്‍ എന്നൊക്കെ വിളിക്കാം. ലക്ഷക്കണക്കിന് വായനക്കാരേകിട്ടില്ലെങ്കിലും  ആയിരമൊയാ പതിനായിരമോ പേര്‍ സൃഷ്ടികള്‍ വായിച്ചെന്നിരിക്കും. മിക്ക ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ആയിരവും അന്‍പത്തിനായിരവും പേര്‍ ആംഗങ്ങളായുണ്ട്. . അങ്ങനെ കെട്ടിയമര്‍ത്തിവെച്ചിരുന്ന ഭാവനകള്‍ക്ക് ചേക്കേറാനൊരു ചില്ലയായിത്തീര്‍ന്നു ഇന്റര്‍നെറ്റുലോകം. മലയാളസാഹിത്യത്തിലെ അതിനൂതനപ്രവണതയായി ഇന്‍റര്‍നെറ്റ് പ്രസിദ്ധീകരണത്തെ കാണണം.  

ഇ-എഴുത്ത്

കല കലക്കുവേണ്ടിയോ ജീവിതത്തിനുവേണ്ടിയോഎന്ന തര്‍ക്കം തുടര്‍ന്നുകൊണ്ടേ യിരിക്കുന്നു. എന്നാല്‍ മറ്റുചിലരുടെ അഭിപ്രായ്ത്തില്‍ ഇതിന് രണ്ടിനുമല്ല കല മറിച്ചു , സാമൂഹിക പരിവര്‍ത്തനത്തിന്നുവേണ്ടിയുള്ളതാണെന്ന്.  ഈ തര്‍ക്കത്തില്‍ തീരെ ശ്രദ്ധിക്കാതെയാണ് ബ്ലോഗ്, ഫേസ്ബുക്ക് തുടങ്ങി എഴുത്ത് ഉണ്ടായത്. ഇവായെ  പൊതുവായി ഇ-എഴുത്ത് എന്നു വിളിക്കാം.ഇ-എഴുത്തില്‍ ഓരോരുത്തര്‍ക്കും അവനവന്റെ ഇടം സ്വയം നിശ്ചയിക്കാന്‍ കഴിയുന്നു. തന്റെ സൃഷ്ടിയെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നിരുത്തുക എന്നുള്ളത് ഓണ്‍ലൈന്‍ പ്രസിദ്ധീകരണവഴിയില്‍ ഏറ്റവും ലളിതമാണ്. അതാതുസമയങ്ങളിലെ അവനവന്റെ ഭാവനകളെ, നിലപാടുകളെ സ്വയം പ്രസിദ്ധം ചെയ്യാനുള്ള വഴിയാണ് ഇ-എഴുത്ത്. ഇ-എഴുത്തില്‍ എഴുത്തുകാരനും പ്രസാധകനും ഒരാള്‍ തന്നെ. ഇ-എഴുത്തു മുഖ്യധാരാമാധ്യമങ്ങളും അവയിലെ എഴുത്തുകാരും വിമര്‍ശിക്കുന്നു. എന്നാല്‍ ത തിരികെവിമര്‍ശിച്ചു സമയം കളയാന്‍ ഇ-എഴുത്തുകാര്രില്‍ അധികംപേരും തയ്യാറാകുന്നില്ല.  ഒട്ടുമിക്കപ്പോഴും ഇ-എഴുത്തുകാര്‍ക്കെതിരെയുള്ള വിമര്‍ശം അപക്വവും അല്‍പത്തവും  ആയിത്തീരാറുണ്ട്.

ടോയിലെറ്റ് സാഹിത്യം.

നല്ലതും എന്നാല്‍  വളരെ ചീത്തയും ആയ സിനിമകല്‍ നിര്‍മ്മിക്കുന്ന ആളാണു രെഞ്ജിത്ത്. പ്രാഞ്ചിയേട്ടനും സെയിന്റും അദ്ദേഹത്തിന്റെ നല്ല സിനിമയാണെങ്കില്‍ സ്പിരിറ്റ് അറുപൊളിയാണ്. ഇതിനാണ് സംസ്ഥാന സര്ക്കാര്‍ നികുതിയിളവ് ചെയ്തുകൊടുത്തതെന്നത് വലിയതമാശ. രഞ്ജിത് പറയുന്നതിങ്ങനെ.:”പണ്ട് കക്കൂസിന്റെ ഭിത്തിയില്‍ സാഹിത്യ രചന നടത്തിയവരാണ് ഇന്ന് ഫേസ്ബുക്കില്‍ എഴുതുന്നത്” എന്നു വെച്ചാല്‍ പണ്ട്  കക്കൂസിന്റെ ഭിത്തികള്‍ നോക്കി വായിച്ചുനടന്നവര്‍ ഇന്ന് ഫേസ്ബുക്ക് വായിക്കുന്നു എന്നര്‍ഥം. എല്ലാത്തരം വായനക്കാരെയും ആകര്‍ഷിക്കാന്‍ ഫെസുബുക്കിനാകുന്നുഎന്നത് വലിയ കാര്യം തന്നെ.

അപക്വ വിമര്‍ശം

ബാലചന്ദ്രന്‍ ചുള്ളിക്കാടിനുശേഷം മലയാളകവിതയേയില്ല എന്ന് ഈയിടെ ഒരു നിരൂപകപറഞ്ഞിരുന്നു. ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ അപക്വം മാത്രമല്ല അര്‍ഥശൂന്യവുമാന്. . ചുള്ളിക്കാട് എത്ര ഭാവനാവിലാസമുള്ള കവിയായാലും  അദ്ദേഹത്തിന്റെ എഴുത്തിന് ശേഷവും മലയാളത്തില്‍ നല്ല കവിതകള്‍ ഉണ്ടായിട്ടുണ്ട്, ഉണ്ടായിക്കൊടിരിക്കുകയും ചെയുന്നു,

ഇ-എഴുത്തിനെ കുറിച്ചു ‘വെറും കൊള്ളിമീനുകള്‍ ‘ മാത്രമാണെന്നാണ് പറഞ്ഞു ആക്ഷേപിക്കുന്നവരും ഉണ്ട്. .എന്നാല്‍ ഇത്തരം കൊള്ളിമീനുകളിലെ ഒരുവരിക്ക് പരണിത പ്രഞ്ജന്റെ ഒരു പേജിനെക്കാള്‍ കൂടുതല്‍ ആദരം കിട്ടുന്നു എന്നതും വാസ്തവം.  മുഖ്യധാരാമാധ്യമങ്ങളില്‍ എഴുതുന്ന ചിലരേക്കാള്‍ ഉയര്‍ന്നതലത്തില്‍ സാഹിത്യത്തോടും തന്റെ വായനക്കാരോടും ഈ കൊള്ളിമീനുകള്‍ നീതി പുലര്‍ത്തുകയും ചെയ്യുന്നു..

അച്ചടി മാധ്യമങ്ങളില്‍ പിറക്കുന്ന പ്രമുഖരുടെ എല്ലാ എഴുത്തുകളുംസംപൂര്‍ണമെന്ന് പറയാന്‍ കഴിയില്ല. ഇവയെക്കുറിച്ചുള്ള വിമര്‍ശവും അവര്‍ക്ക് ലഭിക്കാറില്ല. എന്നാല്‍ ഇ-എഴുത്തു വായിക്കുന്ന സമയത്ത് തന്നെ വായനക്കാര്‍ എഴുതുന്ന കമന്റുകളിലൂടെ തന്റെ രചനയെ കുറിച്ചൊരു രൂപം രചയിതാവിന് കിട്ടുന്നു. തന്റെ എഴുത്ത് നവീകരിക്കാന്‍ ഇത് ഏറെ സഹായകകരമാവുകയും ചെയ്യുന്നു.നിരന്തരമായ വായനകളിലൂടെയും സമകാലിക സാഹിത്യകാരന്മാരുമായുള്ള സമ്പര്‍ക്കത്തിലൂടെയും സ്വന്തം രചനകളെ  നവീകരിക്കുക്കാന്‍ ഇ-എഴുത്തുകാരന് കഴിയുന്നു വെന്നത് സാഹിത്യത്തിലെ ഓരു നൂതന്ന പ്രവണതയാണ്.  .
2009 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ‘ആടുജീവിത’ത്തിന്റെ കര്‍ത്താവായ ബെന്യാമിന്‍ പറയുന്നത്ഇങ്ങനെ.
“സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോഗുകളുമൊക്കെ ഇന്നൊരു സാമൂഹിക യാഥാത്ഥ്യമാണ്. ഇന്നിന്റെ കഥ പറയുന്ന ഒരാള്‍ക്ക് അതിനെ ഒഴിവാക്കി ക്കൊണ്ട് ഒന്നും പറയാന്‍ കഴിയില്ല. ചില എഴുത്തുകാരുടെ അത്തരത്തിലുള്ള അഭിപ്രായം പരിജ്ഞാനക്കുറവു കൊണ്ടു മാത്രം സംഭവിക്കുന്നതാണ്”.

സാഹിത്യത്തിന്റെഭാവി കയ്യക്ഷരത്തിലും, പത്രപുസ്തകവായനയിലും മാത്രം ഒതുങ്ങുന്നില്ല. അത് ഇ-എഴുത്തിലും ഇ-വായനയിലുംഅധിഷ്ഠിതമാണ്.. മലയാളസാഹിത്യത്തിന്റെ കുതിപ്പും അങ്ങനെതന്നെ.,    

                =========================

No comments:

Post a Comment