Sunday, 21 September 2014

സമദൂരന്‍ -കഥ- കെ എ സോളമന്‍


കടുത്ത ഇടതുപക്ഷവാദിയായിരുന്നു കൃഷ്ണന്‍ നായര്‍. അദ്ദേഹം എങ്ങനെ ഇപ്പോള്‍ സമദൂരന്‍ ആയി എന്നത് സുഹൃത്തു രാമന്‍ നായര്‍ പറയും.

ഞാന്‍ കൃഷ്ണനെ പരിചയപ്പെട്ടത് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ഓര്‍ത്തോ വാര്‍ഡില്‍ വെച്ചാണ്. എന്റെ അനന്തിരവന്‍ ഒടിഞ്ഞകാലില്‍ പ്ലാസ്റ്ററിട്ട് കിടന്നപ്പോള്‍ കൂട്ടിരിക്കാന്‍ പോയതാണ് ഞാന്‍. മുട്ടുചിരട്ട ഓപ്പറേഷനായി പ്രവേശിപ്പിച്ചതായിരുന്നു കൃഷ്ണനെ.

എസ് പീതാംബരന്‍ ആചാരി ദൈവനിഷേധം പ്രസംഗിക്കാന്‍ തുടങ്ങും മുന്പെ ഭൌതിക വാദിയായിരുന്നു കൃഷണന്‍. യുക്തിവാദം തലയ്ക്ക് പിടിച്ചതിനാല്‍ അമ്പലം. പള്ളി എന്നൊക്കെ കേള്‍ക്കുന്നത് തന്നെ കലിയാണ്.  സപ്താഹ-നവാഹക്കാരെ കണ്ടാല്‍ ഓടിച്ചിട്ടു തല്ലും തികഞ്ഞ ഇടതുപക്ഷ ചിന്താഗതി ക്കാരനായതിനാല്‍ വലതുപക്ഷക്കാരെ കാണുന്നതും വലത്തോട്ട് നോക്കുന്നതും തീരെ ഇഷ്ടമില്ലാത്ത സംഗതികളായിരുന്നു. റോഡ് മുറിച്ച് കടക്കുമ്പോള്‍പോലുംവലത്തോട്ടു നോക്കില്ല, ഇടതുവശം മാത്രം ശ്രദ്ധിക്കും.

അങ്ങനെ ഒരിക്കല്‍ ഇടത്തോട്ടുനോക്കി നടന്നപ്പോഴാണ് വലതുവശം ചേര്‍ന്നുവന്ന കാര്‍ കൃഷ്ണനെ ഇടിച്ചതും വലതുകാല്‍മുട്ടുചിരട്ട തെറിപ്പിച്ചു കളഞ്ഞതും.

തക്കസമയത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ തെറിച്ചുപോയ മുട്ടുചിരട്ട യഥാസ്ഥാനത്ത് വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം റോഡുകടക്കുമ്പോള്‍ ഇടത്തും വലത്തും മാറിമാറി നോക്കും-തികച്ചും സമദൂരന്‍.” രാമന്‍ നായര്‍ പറഞ്ഞുനിര്‍ത്തി.


                    ---------------------

No comments:

Post a Comment