മനുഷ്യന് സമൂഹജീവിയാണ്. ആ നിലയില്‍ചുറ്റുപാടുമുള്ളവരുമായി സംവദിക്കാതെ
മനുഷ്യന് സ്വാഭാവിക ജീവിതം നയിക്കാനാവില്ല.
ജീവിതത്തെ സ്വാധീനിക്കുന്ന പ്രകൃതി പ്രതിഭാസത്തെ മനസ്സില്‍ സൂക്ഷിച്ചുവെയ്ക്കാന് മനുഷ്യന്‍
ശ്രദ്ധിക്കുന്നു. ആവശ്യം വരുമ്പോള്‍ അവ പുറത്തെടുത്തു പ്രയോഗിക്കുകയും ചെയ്യുന്നു.
ഭാഷയെ ചേതോഹരമാക്കുന്നവയാണ് ശൈലികള്‍. ശൈലി എന്നത് ശീലം എന്നവാക്കില്‍ നിന്നു ഉല്‍ഭവിച്ചത്. അനുഭവങ്ങളിലൂടെ സമൂഹം ശീലിച്ചുവന്ന
പ്രയോഗങ്ങളാണ് ശൈലികള്‍. വ്യംഗ്യമായ അര്‍ത്ഥം വരുന്ന ഭാഷാപ്രയോഗമാണിത്. ഒരു പദം
വാച്യാര്‍ഥത്തില്‍ പ്രയോഗിച്ചാല്‍ ശൈലിയാവില്ല. ശൈലികള്‍ വാക്കുകളായും
വാക്യങ്ങളായും വരാം. ശരീരാവയവങ്ങള്‍, ജീവിത
പരിസരം, പുരാണ കഥാപാത്രങ്ങള്‍, മൃഗങ്ങള്‍, തൊഴിലുകള്‍,
അഭ്യാസമുറകള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ശൈലിക്ക് കാരണമാകുന്നു. ഏറെപ്രതീക്ഷയോടെ തെരെഞ്ഞെടുക്കപ്പെട്ട
സര്‍ക്കാരില്‍ നിന്നു ട്രയിന്‍ ചാര്‍ജ് വര്‍ദ്ധന, ഗ്യാസ്–പെട്രോള്‍ വിലവര്‍ധന എന്നൊക്കെ വാര്ത്ത ശ്രവിക്കുമ്പോള്‍ “വല്ലാത്ത
ഇരുട്ടടി” എന്നു ജനം പറഞ്ഞുപോകും. ഇവിടെ ഇരുട്ടടി എന്നത് - രഹസ്യമായി നേരിടുന്ന അപകടം എന്നാണ്.
."കറവപ്പശു" പതിവായുപയോഗിക്കുന്ന ഒരു ശൈലിയാണ്.
കറക്കുന്ന പശുതന്നെ. ഉദ്യോഗമുള്ള മക്കളെ ഈ ശൈലികൊണ്ടാണ് ഇക്കാലത്ത്
വിശേഷിപ്പിക്കുന്നത്. ശമ്പളം മുഴുവന്‍ അച്ഛന്റെ കൈയില്‍ കൊണ്ടുക്കൊടുക്കുന്ന
മക്കളെ വിശേഷിപ്പിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ വേറൊരു ശൈലിയുണ്ടോ? "മിണ്ടാപ്പൂച്ച
കലമുടച്ചു" എന്ന് കേട്ടാലോ? പൂച്ചയെക്കുറിച്ചും
കലത്തെക്കുറിച്ചും ആരെങ്കിലും ചിന്തിക്കാറുണ്ടോ? പാവത്താനെന്ന്
തോന്നിച്ചിരുന്ന ആരോ അതിസാഹസികമായ കൃത്യം ചെയ്തു എന്നേ അര്‍ത്ഥമാക്കൂ.
"അണ്ടികളഞ്ഞ അണ്ണാന്‍"-പുതിയ കാലത്ത് വളരെയധികം പ്രയോഗിക്കപ്പെടുന്ന
ശൈലിയാണിത്. സ്ഥാനം കിട്ടുമെന്ന് കരുതി ആറ്റുനോറ്റിരിക്കയും ഒടുവില്‍, സ്ഥാനം
കിട്ടാതെ അപമാനിതനാവുകയും ചെയ്ത ആളെനോക്കി ഇങ്ങനെ കളിയാക്കാറുണ്ട്. “കണ്ണേ കരളേ വി
എസ്സെ”എന്നു ഏതെങ്കിലും കോംറെഡ് മുദ്രാവാക്യം മുഴക്കിയാല്‍ അത് നേതാവിനോടുള്ള സ്നേഹാധിക്യമാണ്
കാണിക്കുന്നത്.
“കണ്ണിലെണ്ണയൊഴിച്ച്” കാത്തുസംരക്ഷിച്ചു എന്ന് കേള്‍ക്കുമ്പോള്‍, ജാഗ്രതയോടെ
കാവലിരുന്നു എന്നേ അര്‍ത്ഥമുള്ളൂ. അല്ലാതെ
ആരും കണ്ണിലെണ്ണ ഒഴിക്കാറില്ല. ചെമ്പ് തെളിയുക, കുതിര
കയറുക, കാല് പിടിക്കുക, മറുകണ്ടം
ചാടുക, മുടന്തന്‍ന്യായം, പൊടിക്കൈപ്രയോഗം, ചെണ്ടകൊട്ടിക്കുക.....
തുടങ്ങി ഭാഷയെ ചോതോഹരമാക്കിത്തീര്‍ക്കുന്ന എത്രയെത്ര ശെലികള്‍.
ഒരു ജനതയുടെ സ്വത്വം തിരിച്ചറിയാന്‍ അവരുടെ ഭാഷയുടെ
സവിശേഷതകള്‍ വിശകലനം ചെയ്‌താല്‍ മതി . സംസ്കാരത്തിന്റെ തന്നെ പ്രതിഫലനമാണ് ഭാഷ
.ഭാഷയിലെ ശൈലികള്‍ സ്വാഭാവികമായും രൂപപ്പെട്ടുവരുന്നത് ഈ സാംസ്കാരിക
പശ്ചാത്തലത്തിലായിരിക്കും. ഒരു ജനതയുടെ സ്വഭാവസവിശേഷതകള്‍ ശൈലിയില്‍ പ്രകടമാണ്. ഭാഷയ്ക്കകത്തെ
കൂട്ടായ്മയില്‍ നിന്നാണ് ഇതു രൂപം കൊള്ളുന്നത് .നിരവധി കാലത്തെ
തേച്ചുമിനുക്കലിലൂടെയാണ് ശൈലികള്‍ സമൂഹം രൂപപ്പെടുത്തിയെടുക്കുന്നത് .
ഏതാനും ശൈലികളും
അവയുടെ പൊരുളും ഇങ്ങനെ വായിയ്ക്കാം
അക്കരപ്പച്ച
– മിഥ്യാഭ്രമം, അധരവ്യായാമം - വ്യര്‍ത്ഥഭാഷണം
·അബദ്ധപഞ്ചാംഗം
– പരമാബദ്ധം, ആകാശക്കോട്ട - മനോരാജ്യം
·ഇരുട്ടടി -
രഹസ്യമായി നേരിടുന്ന അപകടം
·ഇല്ലത്തെ
പൂച്ച - എവിടെയും പ്രവേശനം ഉള്ള ആള്‍
·ഉരുളയ്ക്കുപ്പേരി
- തക്ക മറുപടി, ഉര്‍വശി ചമയുക - അണിഞ്ഞ്
ഒരുങ്ങുക
·ഊതി വീര്‍പ്പിക്കുക
- പെരുപ്പിച്ചു കാണിക്കുക
·എണ്ണിച്ചുട്ട
അപ്പം - പരിമിത വസ്തു, ഏട്ടിലെ പശു - നിഷ്ഫല വസ്തു
ഓട്ട പ്രദക്ഷിണം - തിടുക്കത്തില്‍ നിര്‍വഹിക്കുന്ന കൃത്യം
കടശ്ശിക്കൈ - അവസാനകര്‍മ്മം, കണ്ടകശനി - വലിയ കഷ്ടകാലം
കാക്കപ്പൊന്ന് - വിലകെട്ട വസ്തു, കുറുപ്പില്ലാകളരി - നാഥനില്ലായ്മ
ഗജനിമീലനം - കണ്ടാലും കണ്ടില്ലെന്ന നാട്യം, ഗോപി തൊടുക - വിഫലമാവുക
ചാക്കിട്ടു പിടുത്തം - സ്വാധീനത്തില്‍ വരുത്തുക
·ചെമ്പ്
തെളിയുക - പൂച്ച് വെളിപ്പെടുത്തു, തിരയെണ്ണുക
- നിഷ്ഫല പ്രവൃത്തി
ദീപാളികുളിക്കുക - ധൂര്‍ത്തടിക്കുക
ധൃതരാഷ്ട്രലിംഗനം - ഉള്ളില്‍ പകവെച്ച സ്നേഹ പ്രകടനം
·നിര്‍ഗുണ
പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു
പതിനെട്ടാമത്തെ അടവ് - അവസാനമാര്‍ഗ്ഗം
പള്ളിയില്‍ പറയുക – വിലപ്പോവാതിരിക്കുക,
പൊട്ടന്‍ കളി - വിഡ്ഢിവേഷം അഭിനയിക്കുക, മര്‍ക്കടമുഷ്ടി
- അയവില്ലാത്ത നില
കുതികാല്‍വെട്ടുക – വഞ്ചിക്കുക, മുട്ടുശാന്തി - താല്‍ക്കാലികമായ ഏര്‍പ്പാട്
രാമേശ്വരത്തെ ക്ഷൌരം - പൂര്‍ത്തിയാക്കാത്ത കാര്യം
വളംവച്ചു കൊടുക്കുക – പ്രോത്സാഹിപ്പിക്കുക, വിഷമവൃത്തം - ദുര്‍ഘടസ്ഥിതി
വെടിവട്ടം – നേരംപോക്ക്, വെള്ളിയാഴ്ചക്കറ്റം - ദുര്‍ബലമായ
തടസ്സവാദം
·
എല്ലാം ശൈലികളും കണ്ടെത്തി പഠിക്കുകയും എഴുതിവെയ്ക്കുകയും ചെയ്യുന്നത് ഭാഷാസ്നേഹികളുടെ രീതിയാണ്.
വിദ്യാര്‍ഥികള്‍ക്ക്, പ്രാസംഗികര്‍ക്ക്, എഴുത്തുകാര്‍ക്ക് ശൈലിയിലുള്ള ജ്ഞാനം
കൂടിയേ തീരൂ.
ഒട്ടുമിക്ക ശൈലികളും എഴുതിവെയ്ക്കുക എന്ന ശ്രമകരമായ ജോലിയാണ്
തന്റെ “ഭാഷാതിലകം” എന്ന ഗ്രന്ഥത്തിലൂടെ ശ്രീ കൊക്കോതമംഗലം എ വി നായര്‍ നിര്‍വഹിച്ചിരിക്കുന്നത്.
ശൈലികല്‍ എഴുതി നേരിട്ടു അര്ത്ഥം പറയുന്നതിന് പകരം ഒരു നൂതന സമീപനം എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നു.
പതിനഞ്ചു ചാര്‍ട്ടുകളിലായാണ് അദ്ദേഹം ശൈലികല്‍ക്രോഡീകരിച്ചിരിക്കുന്നത്. തലങ്ങും വിലങ്ങുംകോണോടുകോണും
ശൈലികല്‍ വായിച്ചെടുക്കകയും അര്ത്ഥം കണ്ടെത്തുകയുമാവാം. ഭാഷാപ്രേമികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും
വളരെ പ്രയോജനപ്പെടുന്നതാണ് ഈ ഗ്രന്ഥം. ഒരു മല്‍സരക്കളിയുടെ രൂപത്തിലും ഗ്രന്ഥപാരായണം
സാധ്യമാകുന്നു.
ശ്രീ കൊക്കോതമംഗലം എ വി നായര്‍ എഴുതിയ ഇരുപതാമത്തെ പുസ്തകമാണിത്.
കഥ, കവിത, നാടകം എന്നിവയായിരുന്നു
19 പുസ്തകങ്ങളും. ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ട മലയാളത്തിന് ശ്രീ നായര്‍ നല്കിയ
മികച്ച സംഭാവനയാണ് അദ്ദേഹത്തിന്റെ “ ഭാഷാതിലകം”.
എഴുത്തുകാരന്റെ സൃഷ്ടികള്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്ന
സമൂഹമാണ് വളര്‍ന്ന് വരുന്നത്. പത്ര-പുസ്തക വായനയില്‍നിന്നു ജനം ചാനല്‍-ലാപ് ടോപ്-മൊബൈല്‍ പോലുള്ള ഇ- വായനയിലേക്ക്
മാറുകയും ചെയ്യ്ന്നു. എഴുത്തിലെ
വിഷയങ്ങള്‍ അതുകൊണ്ടുതന്നെ ഏറിയ പങ്കും പ്രണയം,വാണിഭം, പീഡനം, ക്രൂരത, കുറ്റപത്രം തുടങ്ങിയവയാണ്. ഇത്തരമൊരു സാഹചര്യത്തില്‍
“ഭാഷാതിലകം” പോലുള്ളവേറിട്ട ഗ്രന്ഥം എഴുതാന്‍ തയ്യാറായ ഈ എഴുത്തുകാരനെ അഭിനന്ദിക്കണം.
നമ്മുടെ പൈതൃകവും, സംസ്‌കാരവും, നന്മയുമെല്ലാം
വരും തലമുറകള്ക്കു കൈമാറാന്‍ എളിയ ശ്രമംനടത്തിയ . ശ്രീ കൊക്കോതമംഗലം
എ വി നായര്‍ക്കു സര്വ്വവിധ ആശംസകളും! .
ചേര്‍ത്തല പ്രൊഫ. കെ എ സോളമന്‍
28-6-2014
No comments:
Post a Comment