Friday, 27 June 2014

പ്രകൃതിയും മനുഷ്യനും എന്റെ കവിതകളില്‍- കെ എ സോളമന്‍


ഒട്ടുമിക്ക കവിതകളിലെയും പ്രമുഖമായ ഉള്ളടക്കം പ്രകൃതിയും മനുഷ്യനുമാണ്.  ഇവ രണ്ടും അവലംബമാക്കി തന്നെയാണ് മറ്റു ഉള്ളടക്കങ്ങൾ. ഈ ഉള്ളടക്കങ്ങളില്‍ കഥകള്‍ കാണും, ദര്‍ശനമുണ്ടാകും, തത്വചിന്തയും ജീവിതവീക്ഷണവും വിശകലനവുമൊക്കെയുണ്ടാകും. മാനുഷികഭാവങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ പ്രകൃതി യഥേഷ്ടം കടന്നു വരിക യാദൃച്ഛികമല്ല .

കവിതയിലും  കലാസൃഷ്ടികളിലുംപ്രകൃതിയും മന്‍ഷ്യനും ഇഴചേർന്നു നില്ക്കുന്നു.  ഇക്കാണാവുന്ന പ്രകൃതിഭംഗിയെ മനോഹരമായി  വർണ്ണിക്കുന്നതി ലൂടെ മാത്രമല്ല, കാവ്യത്തിന്റെ ഭാഷ, താളം, പദാവലി, പ്രമേയം, ദർശനം എന്നിവയിലെല്ലാം ഈ  പ്രകൃതി സൌന്ദര്യം നമുക്ക് കണ്ടെടുക്കാനാവും.  അതു കാവ്യത്തിന്റെ അല്ലെങ്കില്‍ കലാശില്‍പത്തിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കും..

പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാവേണ്ടത് സര്‍ഗാത്മകതയുടെ സാദൃശ്യ മാണെന്ന തിരിച്ചറിവാണ് പ്രകൃതി സൌന്ദര്യത്തിന്റെ കാതല്‍. ജൈവവൈവിധ്യങ്ങളുടെ നാശം ഈ സാദൃശ്യത്തെ  കാര്യമായി ബാധിക്കുന്നു.  ഒരു കുന്നിടിച്ചാല്‍, ഒരു പുഴവരണ്ടാല്‍  അത് പ്രകൃതിയെ നൊംബരപ്പെടുത്തും, മനുഷ്യനെയും.  മരവും പക്ഷിയും പൂക്കളും തവളയും  മല്‍സ്യങ്ങളും ചെറുപ്രാണികളും മൃഗങ്ങളും  മനുഷ്യനുമൊക്കെ തമ്മിലുള്ള ബന്ധങ്ങള്‍ ലോകത്താകമാനമുള്ള കവിഹൃദയങ്ങളില്‍ രൂപം കൊണ്ടിട്ടുണ്ട്.  

ഈ ലോകപ്രകൃതി മനുഷ്യനു മാത്രമായി സ്വന്തമല്ല. കോടാനുകോടി  സൂക്ഷ്മജീവികളുടെയും അനേകം ചെറുപ്രാണികളടക്കമുള്ളവയുടെയും ആവാസകേന്ദ്രമാണ് ഈ ഭൂമി. ഭൂമിയെ ഈ വിധം സംരക്ഷിക്കുന്നതില്‍ മനുഷ്യനെക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം സൂക്ഷ്മജീവികള്‍ കാട്ടുന്നതുകൊണ്ടു. ഭൂമിയുടെ മേല്‍ അവയ്ക്കുള്ള അവകാശം നിഷേധിക്കാനാവില്ല. ഇതുകൊണ്ടുതന്നെയാണ് കവിതകളില്‍പരിസ്ഥിതി വാദം ശക്തമായി കടന്നു വരുന്നത്.

‘തോരത്തെ മഴയെന്‍ നിരാശ’ എന്ന എന്റെ കവിത ഒരുപക്ഷേ ഒരു വിരോധാഭാസമായി ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. മഴയെ സ്നേഹിക്കാത്ത കവിയോ? പ്രകൃതിയെ സ്നേഹിക്കുന്ന കവിക്കും എന്തുകൊണ്ട് മഴയയെ സ്നേഹിക്കാന്‍ കഴിയുന്നില്ല? അതിനു കാരണം മഴ ഈ കവിയെ സംബന്ധിച്ചിടത്തോളം പട്ടിണിയുടെ പ്രതീകമാണ്. തോരാത്ത മഴ കര്‍ഷകര്‍ക്കും, കായല്‍, കടല്‍ എന്നിവിടങ്ങളില്‍ പണിയെടുത്ത് ജീവിക്കുന്നവര്‍ക്കും വറുതി യുടെ കാലമാണ്. പണിയില്ലാതെ കഷ്ടപ്പെടുകയും അടുപ്പില്‍ തീ പുകയാതെ സങ്കടപ്പെടുകയും ചെയ്യുന്ന മഴക്കാലം എങ്ങനെ സന്തോഷദായകമാവും. മഴയില്ലെങ്കില്‍ ജലമില്ല, കായലില്ല, മരങ്ങളില്ല എന്നൊക്കെയുള്ള വലിയകാര്യങ്ങള്‍ മഴമൂലം വയര്‍  പൊരിയുന്നകുട്ടിക്ക്  മനസ്സിലാവില്ല. മഴയുടെ രാവ് ഇന്നും ഈ കവിക്ക് തരുന്നത് പേക്കിനാവിന്റെ ഓര്‍മ്മകളാണ്. എങ്കിലും മഴയെ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കാണു കഴിയുക.? മഴയെ വര്‍ണ്ണിക്കുക മാത്രം ചെയ്യുന്നവരുടെ ബോധമില്ലായ്മ തിരുത്താനകില്ലെങ്കിലും ഈ ലോകത്ത്  മഴകൊണ്ട് കഷ്ടപ്പെടുന്നവര്‍ ഉണ്ട് എന്നു ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഈ കവിത.

മാനം കറുത്താല്‍ ഉള്ളില്‍ തീയാണെന്ന് എഴുതിയത് സത്യം തന്നെ. പക്ഷേ എല്ലാവര്‍ക്കുമുണ്ടല്ലോ  ജീവിതത്തില്‍ പല ഋതുക്കള്‍.

പ്രകൃതിയിലെ എന്തിനെയും സ്നേഹിക്കാനും മരങ്ങളോട് സംവദിക്കാനും ഈ കവിക്ക് ഇന്നും കഴിയുന്നുവെന്നത് യാഥാര്‍ഥ്യം. ഇപ്പോള്‍ മഴയും ഇഷ്ടമാണ്. ദശാ സന്ധികള്‍ പിന്നിടുംബോള് മനുഷ്യനു ഇഷ്ടങ്ങള്‍ മാറും എന്നത് തന്നെ ന്യായീകരണം.

നിര്‍മലവും നിഷ്കളങ്കവുമായ മനുഷ്യഹൃദയത്തെയും സ്നേഹിക്കാന്‍ ഈ കവിക്ക് കഴിയും. ഈ ലോകം ഗുസ്തിക്കാര്‍ക്ക് മാത്രമല്ല നിസ്സഹായനും ജീവിക്കാനുള്ളതാണ് എന്നു കവിയാകുമ്മുന്‍പേ കണ്ടുപിടിച്ചിരുന്നു. ഈ കവിയുടെ മനുഷ്യസ്നേഹം അറിയിക്കുന്നകവിതകളാണ് മരം, മറയില്ല മായില്ല നിന്റെ മന്ദസ്മിതം, പറക്കുകപ്പക്ഷി , പച്ചമരതകക്കല്ല്, മൃദുസ്പര്‍ശങ്ങള്‍ തുടങ്ങിയവ. മരത്തിന്റെ വിലാപം ഹൃദയസ്പര്‍ശിയായി തോന്നുന്നുവെങ്കില്‍ അനുവാചകന് ആര്‍ദ്രമായ ഒരു ഹൃദയമുണ്ട്, പ്രകൃതിയോട് ആകൃത്രിമമായ ഒരടുപ്പമുണ്ട്. പ്രകൃതിയെയും മരങ്ങളെയും നശിപ്പിക്കുന്നവരുടെ തിരിച്ചറിവിനായുള്ള ചോദ്യ്ങ്ങല്‍ ഉള്ളില്‍ത്തട്ടി വന്നതാണ്.

പറക്കുക പക്ഷി എന്ന കവിത തീര്‍ച്ചയായും ജീവിതാഹ്വാനത്തിന്റെ കവിതയാണ്. പ്രതീക്ഷ ആരും കൈവിടരുത്. ആയിരം വാതിലുകള്‍ അടഞ്ഞുകണ്ടാലും ഒരുവാതില്‍ തുറന്നു കിടപ്പുണ്ടാകും.
മനുഷ്യന്‍ എന്ന കവിതയില്‍ ഒരു യഥാര്‍ത്ഥ മനുഷ്യന്‍ എങ്ങനെയെന്ന് വെളിപ്പെടുത്താന്‍ തന്നെയാണ് ശ്രമിച്ചത്.
മധുരം, സുഖം, സന്തോഷം മാലാഖയുടെ
ഈ സ്വര്‍ഗജീവിതം എനിക്കു മടുത്തു
ഞാന്‍ പിശാചാകാന്‍ തീരുമാനിച്ചു
കൈപ്പു, ദു:ഖം, കൊലവെറി, കൊല
ഈ നരകവും എനിക്കു മടുത്തു
ഒടുക്കം
ഞാന്‍ മനുഷ്യനാകാന്‍ തീരുമാനിച്ചു.!

സുഖദുഖ സമ്മിശ്രമല്ല മനുഷ്യ ജീവിതം എന്നാര്‍ക്കാണു പറയാന്‍ കഴിയുക?

മുതിര്‍ന്ന പൌരന്‍ എന്ന കവിതയില്‍ വാര്‍ദ്ധക്യകാല വ്യെഥതന്നെയാണ് വിഷയം
മരവിച്ചുപോയൊരു മാനസവും
ചിരിയൊടുങ്ങിപ്പോയ ചൂണ്ടുകളുമായി
നഷ്ടപ്പെടാനായി ഒന്നുമില്ലാതെ നടന്നുപോകുന്ന മുതിര്‍ന്ന പൌരന്‍ എന്റെ എക്കാലത്തെയും ദുഖമാണ്.

ആലപ്പുഴ ആര്‍ ബ്ളോക്ക് കേന്ദ്രമായിനടക്കുന്ന കായല്‍ ടൂറിസത്തില്‍ മനുഷ്യന്‍ പ്രകൃതിയെകാണാതെ മദ്യത്തില്‍ അഭിരമിക്കുന്ന കാഴ്ച ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ‘പരല്‍ മീന്‍’ എന്ന കവിതയില്‍.

ഇങ്ങനെ സ്വന്തം കവിതയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ കവികള്‍ക്ക് മതിവരില്ല ഈ സത്യം ഉള്‍ക്കൊണ്ട് എന്റെ കുറിപ്പുഇവിടെ അവസാനിപ്പിക്കുന്നു. നന്ദി.

  
-കെ എ സോളമന്‍   

No comments:

Post a Comment