Tuesday, 24 June 2025

ആർദ്ര പ്രഭാതം

#ആർദ്രപ്രഭാതം
ഒരു പുഞ്ചിരിയിൽ ഉണരേണ്ടാ മനസ്സുകൾ,
ഒരു സ്നേഹത്താൽ തളിർക്കേണ്ട സ്വപ്‌നങ്ങൾ,
പൊഴിഞ്ഞൊരാ മന്ദസ്മിതത്തിൻ ഓർമ്മയിൽ,
ചിറകറ്റെത്രയോ ബാല്യങ്ങൾ തകർന്നുപോയ്!

ഈ ധരണിയിൽ എത്രയോ
ബാലാർക്ക മനസ്സുകൾ
ഹൃദയത്തിൽ മുറിവേറ്റു തകർന്നടിഞ്ഞിടുന്നു
നാമെന്തറിയുന്നു സത്യമാം ചരിത്രങ്ങൾ
സമാനകാലങ്ങൾ തുടരുന്നു ഭൂമിയിൽ,

പുതിയ ഭാവത്തിൽ തളർത്തും വിപത്തുകൾ.
തകർന്നടിയുന്നു തിളങ്ങേണ്ട നന്മകൾ;
വിടരേണ്ട രമ്യ നവബാല്യ പുലരികൾ.
യുദ്ധക്കെടുതിയിൽ കരിനിഴൽ പോലെയായ്

ജന്മനാ അംഗപരിമിതർ, കുരുന്നുകൾ 
ഓർമ്മയിൽ പോലും
സുകൃതം വെടിഞ്ഞവർ
ചിറകറ്റ വ്യഥിത മനസ്സുമായ് ലോകത്ത്
 ഒരുശോകഗാനമായ് നിറയുന്നു 
നിത്യവും

നോവുകൾ ഓർമ്മകൾ, യാതനാ ചിത്രങ്ങൾ
മാറിലൊതുങ്ങിയുറങ്ങുന്ന കുഞ്ഞുമായ്
അണയും യുവത്വമേ, നിൻ മനമാളുന്നോ?
സ്നേഹപ്രദീപമാം കണ്ണുകളാൽ ചിലർ
എറിയുന്ന  നാണയത്തുട്ടുമായ് അകലുന്നതെന്തു നീ?

ഇരുൾ മൂടും മനസ്സുകളാർദ്രമായ് നിൽക്കേ,.
നിർമ്മല സ്നേഹവസന്തമായ് നമ്മൾതൻ
സ്വർഗ്ഗഭവനങ്ങളിൽ കഴിയുന്ന മക്കളെ
ഓർത്തിടാം; അവരെത്ര സൗഭാഗ്യ ജന്മങ്ങൾ 

തെരുവിൽ കഴിയുന്ന ബാല്യങ്ങളേ നമ്മൾ
ഒരു നിമിഷമോർത്തിടും കൂടെ നിർത്തും
ആരാണതിൻ ഹേതു ഓർക്കുക, നേർന്നിടാം
ആർദ്രപ്രഭാതമായ് നവ്യമാം സ്വപ്നങ്ങൾ.!

കെ എ സോളമൻ

No comments:

Post a Comment