Tuesday, 8 October 2024

തപാൽ ദിനത്തിൽ -കഥ

#തപാൽദിനത്തിൽ - മിനിക്കഥ
ഹെഡ്മിസ്ട്രസ് സ്കൂൾ അസംബ്ലിയിൽ :

 പ്രിയപ്പെട്ട വിദ്യാർത്ഥികളെ, ഇന്ന് ഒക്ടോബർ 9,  ലോക തപാൽ ദിനം . ഈ ദിനം  പ്രമാണിച്ച് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ സുകുമാരൻ സാർ നിങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്. പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരിക്കുന്നത് കൊണ്ടാണ് അദ്ദേഹം ഈ വിലപ്പെട്ട സമയം നിങ്ങൾക്ക് വേണ്ടി ചെലവഴിക്കാൻ തീരുമാനിച്ചത്.

തപാൽ ഓഫീസിന്റെ പ്രവർത്തനം എങ്ങനെയാണെന്ന് വിശദമാക്കുന്നതിൻ്റെ ഭാഗമായി അദ്ദേഹം  തപാൽ പെട്ടിയുടെ ഒരു മാതൃക ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. നിങ്ങൾ ഒരുപക്ഷേ കണ്ടിരിക്കാൻ ഇടയില്ലാത്ത ഈ സാധനത്തിൻ്റെ ഉപയോഗം പറഞ്ഞുതരുന്നതിന്റെ ഭാഗമായി  കത്ത് എഴുതുന്നത് എങ്ങനെയെന്നും  കത്തിന്റെ ഏത് ഭാഗത്ത് മേൽ വിലാസം എഴുതണമെന്നും പെട്ടിയുടെ ഏതു ഭാഗത്തുകൂടി കത്ത് അകത്തേയ്ക്ക്  ഇടണമെന്നും അദ്ദേഹം വിശദീകരിക്കും.

അങ്ങനെ ഇട്ട കത്തുകൾക്കും പിന്നീട് എന്ത് സംഭവിക്കും, എന്ന്, ഇപ്പോൾ സർവീസിൽ ഇല്ലാത്തതുകൊണ്ട്, കൃത്യമായി  പറഞ്ഞു തരാൻ പ്രയാസമുണ്ടെന്ന്  അദ്ദേഹം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം പോസ്റ്റ് ഓഫീസില്‍ നിന്ന് സ്റ്റാമ്പ് വിൽക്കുമ്പോൾ, വാങ്ങാൻ വന്ന ആളിൽ നിന്ന് പണം വാങ്ങി പെട്ടിയിൽ ഇട്ടതിനു ശേഷം  മാത്രം സ്റ്റാമ്പ് കൊടുക്കുന്നതിൻ്റെ മനശാസ്ത്രപരമായ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം നിങ്ങളെ ബോധവൽക്കരിക്കുന്നതാണ്.

മൈക്ക്  ഞാൻ സുകുമാരൻ സാറിന് കൈമാറുകയാണ്. അപ്പോൾ ഓർക്കുക, ഇന്ന് ഒക്ടോ ബർ 9 ലോക തപാൽ ദിനം , നാളെ ഒക്ടോബർ 10, ദേശീയ തപാൽ ദിനം .

കത്തെഴുതാൻ അക്ഷരം അറിയണം എന്ന സത്യം കൂടി നിങ്ങളെ ഓർമിപ്പിച്ചുകൊണ്ട് ഞാൻ നിർത്തുന്നു നന്ദി, ഹാവ് എ നൈസ് ഡേ !
-കെ. എ സോളമൻ

No comments:

Post a Comment