Sunday, 13 October 2024

സംഗീതത്തിൻറെ മഹത്വം

#സംഗീതത്തിൻ്റെ മഹത്വം - പ്രസംഗം
ഇക്കൊല്ലത്തെ വിദ്യാരംഭത്തോടനുബന്ധിച്ച് എസ് എൽ പുരം ശ്രീ രഞ്ജിനി സംഗീത അക്കാദമിയിൽ നടത്തിയ ആശംസാപ്രസംഗം

എല്ലാ ലോകസംസ്കാരങ്ങളുടെയും ഭാഗമാണ് സംഗീതം. മനുഷ്യരുടെ ജീവിതത്തിൽ അത്യന്തം പ്രധാനപ്പെട്ട ഒരു ഭാഗം സംഗീതത്തിനുണ്ട്.. എല്ലാവിധ സംസ്കാരങ്ങളിലും, എല്ലാ കാലത്തും സംഗീതം ഉണ്ടായിട്ടുണ്ട്. 
സംഗീതം ശാരീരികം, മാനസികം സാമൂഹികം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഗുണങ്ങളാണ് മനുഷ്യന് പ്രധാനം ചെയ്യുന്നത് '

കുട്ടികൾക്ക് സംഗീതം പഠിക്കാൻ അവസരം നൽകുന്നത്  അവരുടെ സൃഷ്ടിപരത്വം, സർഗവാസന വർദ്ധിപ്പിക്കാനുള്ള  വഴിയാണ്. സംഗീതം പഠിക്കുമ്പോൾ സംസാരത്തിൻ്റെയും കേൾവിയുടെയും പരിമിതികൾ മാറിക്കിട്ടുന്നു. കൂടാതെ സ്വരം, താളം എന്നിവയെ പറ്റി കൂടുതൽ അറിയാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു. 

സ്കൂൾ പാഠ്യപദ്ധതിയിൽസംഗീതം ഒരു വിഷയമാണ്. സംഗീത ടീച്ചർമാരും സ്കൂളുകളിൽ ജോലി ചെയ്യുന്നുണ്ട് - പക്ഷേ അതിൻറെ തക്കതായ പ്രയോജനം കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയം. സംഗീത ടീച്ചർ, ഡ്രിൽ മാസ്റ്റർ ഡ്രോയിങ് സാർ ഇവരെല്ലാം അധ്യാപക വൃന്ദ്രത്തിലെ പുറം ജോലിക്കാരായാണ് പരിഗണിക്കപ്പെട്ടു പോരുന്നത്.. ഈ അവസ്ഥ മാറേണ്ടതുണ്ട്.

സംഗീതം മനുഷ്യർ തമ്മിലുള്ള പരസ്പരബന്ധം  കൂടുതൽ ദൃഢമാക്കാൻ സഹായകരമാണ്. 
ഒരു പാട്ടിലൂടെ ചില കുട്ടികൾ അധ്യാപകരോടു കൂടുതലായി അടുക്കുന്നത് നമ്മൾ സ്കൂളുകളിലും കോളേജുകളിലും കണ്ടിട്ടുണ്ട്.

അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം - അന്നു
നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം 
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം - അന്നു
നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...

പി ഭാസ്കരൻ എഴുതി ജോബിൻ്റെ  സംഗീതത്തിൽ യേശുദാസ് ശങ്കരാഭരണം  രാഗത്തിൽ റോസി എന്ന സിനിമയിൽ പാടിയ ഗാനം

ഈ പാട്ട്  തുടർച്ചയായി പാടി വിദ്യാർത്ഥിനികളടെ മനം കവർന്ന ചില അധ്യാപകരെ എനിക്ക് നേരിട്ട് അറിയാം. സംഗീതത്തിന്റെ മാസ്മരികതയാണ് ഇത്തരം അടുപ്പങ്ങൾക്ക് കാരണം

കൂട്ടായുള്ള സംഗീതം,  അനുഭവങ്ങൾ പങ്കുവെക്കാൻ ഉത്തമ മാർഗം കൂടിയാണ്. വിവിധ സാഹചര്യങ്ങളിൽ, ആഘോഷങ്ങളിലോ, പൊതു പരിപാടികളിലോ, നമ്മെ ഒന്നിച്ച് ചേർക്കുവാനായി സംഗീതത്തിനു കഴിയും.

സംഗീതം നമ്മുടെ മാനസിക ആരോഗ്യത്തിനും വലിയ പ്രാധാന്യം നൽകുന്നു. രസകരമായ സംഗീതം കേൾക്കുന്നത്, വിഷാദം ഒഴിവാക്കുന്നു, നല്ല ചിന്തയും സന്തോഷവും നമുക്ക് പ്രദാനം ചെയ്യുന്നു

കൗസല്യാ സുപ്രജാരാമാ 
പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ, 
ഉത്തിഷ്ഠ നരശാര്‍ദൂല! 
കര്‍ത്തവ്യം ദൈവമാഹ്നിതം 

ഈ സംഗീതം കേട്ടുണരുന്നതു  എത്രയോ സന്തോഷപ്രദമായ കാര്യമാണ്. നാനാജാതി മതസ്ഥരും പുലർകാലത്ത് കേൾക്കുന്ന ഈ പാട്ടിൽ ഗൃഹാതുരത്വം അനുഭവിക്കുന്നവരാണ്.

സംഗീതം, അതിന്റെ ശീർഷകങ്ങളിൽ നിന്ന് ആശയവിനിമയം ആരംഭിച്ച്, ലോകം ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു അദ്വിതീയ ഭാഷയാണ്. 

സംഗീതം സർവ്വത്രിക ഭാഷയാണെന്നു ഞാൻ നേരത്തെ പറഞ്ഞു. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ. ഒരു സംഭവംപറയാം

നോർവിജിയൻ ഡിജെ അലൻ വാക്കർ ഈയിടെ കൊച്ചി ബോൾഗാട്ടിയിൽ നടത്തിയ സംഗീത നിശ ഇതിനുദാഹരണം. അദ്ദേഹത്തിൻറെ മാതൃഭാഷയോ ഇംഗ്ലീഷോ കൊച്ചിയിലെ ജനങ്ങൾക്ക് അത്ര പരിചയം വേണമെന്നില്ല. പക്ഷേ ഈ സംഗീത നിശയിൽ എത്തിച്ചേരുന്നത് ആയിരക്കണക്കിന് ആളുകളാണ്, കൊച്ചിയിലും സമീപ പ്രദേശത്തുമുള്ളവർ. സംഗീതം ഒരു സാർവത്രിക ഭാഷയാണെന്നതിന് ഉദാഹരണം കൂടിയാണ് ഈ സംഭവം

രസകരമെന്ന് പറയട്ടെ ഈ സംഗീത നിശയിൽ വച്ചാണ് 26 ഐഫോണുകൾ കളവു പോയത്. ഡൽഹിയിലും മറ്റു സ്ഥലങ്ങളിലും നിന്നുമായി ഈ ഫോണുകൾ പോലീസ് ഇപ്പോൾ കണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. കള്ളന്മാരിലും സംഗീത പ്രേമികൾ ഉണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവു വേണം

അതിനാൽ, സംഗീതത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും, നമ്മുടെ ജീവിതത്തിലെ ഓരോ ചുവടുവെയ്പിലും അത് ഉൾക്കൊള്ളാൻ  നാം ശ്രമിക്കേണ്ടതുമാണ്. കുട്ടികളുടെ സംഗീതം പഠനം, അവരുടെ ഭാവിയെ കൂടുതൽ പ്രകാശ പൂർണ്ണമാക്കും
സംഗീതത്തെ സ്നേഹിക്കുകയും, പഠിക്കുകയും, കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത്!അതുകൊണ്ടുതന്നെ അത്യാവശ്യമാണ്.

വിഖ്യാത സാഹിത്യകാരൻ മാർക്ക് ട്വയിനിനെ പറ്റി നിങ്ങൾ കേട്ടുകാണും. അമേരിക്ക കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും തമാശക്കാരനായ എഴുത്തുകാരൻ. അദ്ദേഹം സംഗീതത്തെക്കുറിച്ച് പറഞ്ഞത് കേൾക്കൂ.

All of us contain Music & Truth, but most of us can't get it out.

നമ്മൾ എല്ലാവരിലും സംഗീതമുണ്ട് സത്യവും ഉണ്ട് എന്നാൽ മിക്കവർക്കും അത് പുറത്തെടുക്കുവാൻ ആകുന്നില്ല.

സത്യം പുറത്ത് പറയുന്നതും പറയാതിരിക്കുന്നതും സാഹചര്യങ്ങളുടെ സമ്മർദ്ദത്തെ ആശ്രയിച്ചിരിക്കും. സംഗീതം പുറത്തെടുക്കാൻ കഴിയാതെ പോകുന്നത് നമുക്ക് അത് സംബന്ധിച്ച് ആത്മവിശ്വാസം ഇല്ലാതെ പോകുന്നകൊണ്ടാണ് ' സംഗീതം പുറത്തെടുക്കാൻ പരിശീലനം വേണം
സംഗീത ഗുരുക്കന്മാർ ചെയ്യുന്നത് ഈ പരിശീലനം നൽകലാണ്.

മാതരിക്കുളത്തും  ചേർത്തലയിലുള്ള ഒട്ടുമിക്ക സംഗീത വിദ്യാർഥികളും ഒരിക്കലെങ്കിലും ശ്രീരഞ്ജിനിയിൽ വന്ന് പോയിട്ടുള്ളവരാണ്. 34 വർഷമായി അവർ അവരുടെ സപര്യ തുടരുന്നു. ശ്രീ രഞ്ജിനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു

ഈ യോഗത്തിൽ സംബന്ധിക്കുന്ന എല്ലാവർക്കും വിജയദശമി ആശംസകൾ

കെ എ സോളമൻ

No comments:

Post a Comment