Wednesday, 8 September 2021

#ആശുപത്രിവരാന്തയിൽ

കഥ -കെ എ സോളമൻ

ഒരു സുഹൃത്തിൻറെ  സമാധാനത്തിനു വേണ്ടിയാണ് അദ്ദേഹത്തിൻറെ കൂടെ ഞാൻ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രി കോവിഡ് ചികിത്സയ്ക്ക് മാത്രമായി മാറ്റിയതോടെ സന്ദർശകർ തീരെക്കുറഞ്ഞു.
പേഷ്യന്റിനെ കാണാൻ ആരെയും വാർഡിലേക്ക് കടത്തിവിടാറില്ല

അഡ്മിറ്റ് ആകുന്ന രോഗിയുടെ വിവരങ്ങൾ അറിയാൻ ഫോൺ വിളിച്ചു ചോദിച്ചാൽ മതി. അതിനായുള്ള മൊബൈൽ നമ്പറും കൊടുത്തിട്ടുണ്ട്.

വിളിച്ചു ചോദിക്കുമ്പോൾ എല്ലാം ഒരേ മറുപടിയാണ് ലഭിക്കുന്നത്
"ഡോക്ടറുടെ റൗണ്ട്സ് കഴിഞ്ഞാലേ രോഗിയുടെ നിലയെ പറ്റി പറയാൻ കഴിയൂ"

"എപ്പോഴാണ് ഡോക്ടറുടെ റൗണ്ട്സ് കഴിയുക ? " എന്നുതിരികെ ചോദിച്ചാൽ പിന്നെ വിളിക്കൂ എന്ന് പറയും

ഇത് ഒരാളുടെ മാത്രം അനുഭവമല്ല, എല്ലാവരുടെയും അനുഭവമാണ്.

ഈ വിളിയിലും മറുപടിയിലും സമാധാനം ഒട്ടും കിട്ടാത്തത് കൊണ്ടാണ് സുഹൃത്ത് എന്നെയും കുട്ടി ആശുപത്രിയിലേക്ക് പോകാമെന്ന് കരുതിയത്

ഡബിൾ മാസ്ക്, സാനിറ്റൈസർ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ആയിട്ടാണ് ഞങ്ങൾ ആശുപത്രിയിലേക്ക് പോയത്. കൂടാതെ ഒരു ഡോസ് വാക്സിൻ എടുത്തു എന്ന രക്ഷാബോധവുമുണ്ട്.

കോവിഡ് വാർഡിന്റെ പരിസരത്തേക്ക് പോലും ആളുകൾക്ക് പ്രവേശനമില്ല.
എന്നെ വിശ്രമിക്കാൻ വിട്ടുകൊണ്ട്  സുഹൃത്ത് കോവിഡ് വാർഡിനെ ലക്ഷ്യമാക്കി നടന്നു.  ഇടയ്ക്കെങ്ങോ അദ്ദേഹം തിരിഞ്ഞു നോക്കുന്നതായി ഞാൻ കണ്ടു.

വിശാലമായി പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു മരത്തിനു കീഴെ ഒത്തിരി ആകാംക്ഷയോടെ ആളുകൾ കാത്തിരിപ്പുണ്ട്. അവരുടെയൊക്കെ  മാതാവോ പിതാവോ അല്ലെങ്കിൽ അടുത്ത ബന്ധുക്കളോ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ടാവാം. 

മരത്തിനു സമീപത്തുള്ള  കെട്ടിടത്തിലാണ് ഡോക്ടർമാരുടെ റസ്റ്റുറൂമുകൾ തയാറാക്കിയിരിക്കുന്നത്. ഒരു റസ്റ്റ് മുറിയോട് ചേർന്നുള്ള വരാന്തയിൽ ഇരിക്കാൻ എനിക്ക് ഇടം കിട്ടി.  വരാന്തയിൽ വെയിൽ ആയതുകൊണ്ട് മരച്ചോട്ടിൽ ആയിരുന്നുകൂടുതൽ പേരും  വിശ്രമിച്ചിരുന്നത്. എല്ലാവരുടെ മുഖത്തും വേദനയും ആകാംഷയും നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു

അടഞ്ഞു കിടന്നിരുന്ന ഡോക്ടറുടെ റസ്റ്റ് റൂം തുറന്നു കൊണ്ട് കുറച്ചുപേർ  അതിനുള്ളിലേക്ക്  കയറി. വന്നവരിൽ  രണ്ടു ഡോക്ടർമാരും ഏതാനും നേഴ്സുമാരും ്് ഉണ്ട് . സീനിയർ ഡോക്ടർ മുറിക്കകത്ത് തന്നെയുണ്ട്. അദ്ദേഹത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായം പൊതുജനങ്ങൾക്കിടയിലില്ല . കാര്യവിവരം ഇല്ലാത്ത പൊങ്ങനും മറ്റുള്ളവരെ തീരെ അംഗീകരിക്കാത്തവനും ആണ് ഈ സീനിയർ ഡോക്ടർ.

അടുത്ത ഷിഫ്റ്റിൽ വാർഡിലേക്ക് പ്രവേശിക്കേണ്ട നഴ്സുമാരുടെയും ഡോക്ടർമാരുടെയും ഡിസ്കഷൻ ആണ് അതിനുള്ളിൽ നടക്കാൻ പോകുന്നത്. ജൂനിയർ ഡോക്ടർമാരും നഴ്സുമാരും അഭിപ്രായങ്ങൾ പങ്കു വയ്ക്കും, സീനിയർ ഡോക്ടർ നിർദ്ദേശം നൽകും. 

കൂട്ടത്തിലുള്ള ഒരു ജൂനിയർ ഡോക്ടർ  ജർമ്മനി സന്ദർശിച്ച് കോവിഡ് ചികിത്സയെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയ  ആളാണ്. അദ്ദേഹത്തിൻറെതായി കോവിഡിനെ സംബന്ധിച്ച് കുറച്ചു വീഡിയോ ക്ലിപ്പുകൾ  സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്

ഡിസ്കഷൻ ആരംഭിച്ചുകൊണ്ട് സീനിയർ ഡോക്ടർ പറഞ്ഞു
"നമുക്കൊന്നും കാര്യമായിട്ട് ഇവിടെ ചെയ്യാനില്ല  ആകെയുള്ളത് ട്രിപ് കൊടുക്കുക, പാരസെറ്റമോൾ നൽകുക,
 ഓക്സിജൻ വേണ്ടവർക്ക് ലഭ്യത അസരിച്ച് അതും നൽകുക. ഇവിടെ ഐസിയുവിൽ പ്രവേശിക്കുന്നവർ ആരും തിരികെ പോകാറില്ല എന്നൊരു സംസാരം പുറത്തുണ്ട്, അത് കാര്യമാക്കേണ്ടതില്ല. രോഗി ക്രിട്ടിക്കലാണ്  എന്ന സന്ദേശം അവരുടെ ബന്ധുവിന്റെ മൊബൈലിൽ അയച്ചു കൊണ്ടിരിക്കണം, ഓക്സിജൻ ലെവൽ താഴെയാണെന്ന് പറയണം , പുതിയ രോഗികൾക്ക്  റെംഡിസിവർ ട്രീറ്റ്മെൻറ് ആരംഭിക്കാൻ പോവുകയാണ് എന്നുള്ളതിന്റെ  സമ്മതം മൊബൈലിലൂടെ വാങ്ങണം, ഒന്നും വിട്ടു സംസാരിക്കരുത്. ടെക്നിക്കൽ ടേംസ് കൂടുതൽ ഉപയോഗിക്കണം , കാറ്റഗറി എ കാറ്റഗറി ബി കാറ്റഗറി സീ എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നാൽ സാധാരണക്കാർക്ക് കാര്യങ്ങൾ പെട്ടെന്ന് പിടികിട്ടില്ല"

" റെം ഡിസിവർ നമുക്ക് സ്റ്റോക്കുണ്ടോ ഡോക്ടർ ? ഫാവിപ്പിരാവിർ ?" : വിദേശ ടെയിനിംഗ് കഴിഞ്ഞെത്തിയ ജൂനിയർ ഡോക്ടർ.

" അവയൊന്നും നമുക്കിവിടെ സ്റ്റോക്കില്ല : ആകെയുള്ളത് ഡോളോയാണ്. 
ഇവയൊന്നുമില്ലാത്തത് സത്യവാങ്മൂലം എഴുതി വാങ്ങുന്നതിന് തടസ്സമല്ല "

"ആട്ടെ, ജർമ്മനിയിൽ ആരുടെ ക്ലിനിക്കിൽ ആയിരുന്നു ഡോക്ടറുടെ പരിശീലനം, ഡോക്ടർ ടെയ്ലർ, ഡോക്ടർ വാട്സൺ, ഡോക്ടർ പ്രകാശ് ?"   ജൂനിയർ ഡോക്ടറോട് സീനിയർ ഡോക്ടർ ചോദിച്ചു.

" ഡോക്ടർ പാണ്ഡ്യ "
" ഓഹ്, ഡോക്ടർ പാണ്ട്യ, ഐ നോ ഹിം. വി മെറ്റ് വൺസ് ഇൻ എ കോൺഫറൻസ് അറ്റ് മെൽബൺ " സീനിയർ ഡോക്ടർ തന്റെ  പൊങ്ങത്തരം വിളമ്പാൻ മറന്നില്ല.

" യെസ് ഗേൾസ്, ഡു യു ഹാവ് എനിത്തിംഗ്  ടു സേ ? നഴ്സ്മാരുടെ നേരെ നോക്കി സീനിയർ ഡോക്ടർ ചോദിച്ചു.
" നോ ഡോക്ടർ " കൂട്ടത്തിൽ ഒരുത്തി മറുപടി പറഞ്ഞു
"ദെൻ ഒ കെ  ഫ്രണ്ട്സ്,  മീറ്റിംഗ് ഈസ് ഓവർ"

വാർഡ് തിരക്കി പോയ എൻറെ സുഹൃത്തിനെയും ഒരിക്കലും തിരിച്ചു വരാൻ സാധ്യതയില്ലാത്ത അദ്ദേഹത്തിന്റെ ബന്ധുവിനെയും ഓർത്ത് ഞാനാ വരാന്തയിൽ ഏറെ നേരം കാത്തിരുന്നു..

                                * * *

No comments:

Post a Comment