Thursday, 31 December 2020

ഓർമ്മകൾ


*വറ്റിയ കരപ്പാടങ്ങളിൽ മഴയോടുകൂടി വെള്ളം നിറയുമ്പോൾ ഒത്തിരി ഞമണിക്ക ഉണ്ടാകും. ഇവ പെറുക്കിയെടുത്ത് വറുത്തരച്ച് കറിവെയ്ക്കും. നല്ല ടേസ്റ്റാണ്, പക്ഷെ ഇതു പാവങ്ങൾക്ക് മാത്രം വിധിക്കപ്പെട്ടതാണ്. ഞമണിക്ക പെറുക്കൽ നാണക്കേടായി കണ്ടവർ ഇതിൻ്റെ ടേസ്റ്റ് അറിഞ്ഞു കാണില്ല. എൻ്റെ അമ്മകറി വെച്ചു തന്ന ഞമണിക്ക കറിയുടെ ടേസ്റ്റ് ഇന്നും നാവിൻതുമ്പിൽ.
ഞമണിക്ക മൂത്താൽ കൊള്ളില്ല

*തിരി പിടുത്തത്തിനു മുമ്പ് അമ്പല കുളത്തിൽ മുങ്ങി ഈറനണിയുന്ന സ്ത്രീകളുടെയും അവർക്കായുള്ള മൈക്ക് അനൗൺസ്മെൻ്റിൻ്റെയും കഥ പ്രസിദ്ധമാണ്. " ആണുങ്ങാ തെക്കേക്കടവിലുടെയും പെണ്ണുങ്ങാ വടക്കേക്കടവിലൂടെയും കുളത്തിൽ ഇറങ്ങേണ്ടതാണ് " ഇതു വകവെക്കാതെ ഇരു കടവിലൂടെയും ഇറങ്ങിയ പെണ്ണുങ്ങളെ കണ്ട അനൗൺസർ മുതലാളി അസിസ്റ്റൻ്റിനോട്  " രാകവാ, സമ്മതിക്കേല ......... കാ (ഭരണിപ്പാട്ടു സ്റ്റൈൽ). മൈക്ക് ഓൺ ആണെന്നതു ഓർത്തില്ല

*അന്നും ടീച്ചർ എന്ന വിളിയുണ്ടായിരുന്നു സ്കൂളുകൾ മറുമ്പോൾ വ്യത്യാസപ്പെടും. തങ്കി സ്കൂളിൽ ഏഴാം ക്ളാസ്സുവരെ എനിക്ക് റിസോളി ടീച്ചർ ഉണ്ടായിരുന്നു. 8 - ൽ കണ്ടമംഗലത്ത് എത്തിയപ്പോൾ രാധ സാർ, ലീലാമണി സാർ, കൗസല്യ സാർ എന്നിവരായി. കൗസല്യ സാറാണ് മലയാള അക്ഷരങ്ങൾ പൂർണ്ണമായും പഠിപ്പിച്ചത്. സാർ എങ്ങനെ മനസ്സിലാക്കിയാവോ എട്ടാംക്ളാസിലെ മുഴുവൻ എണ്ണത്തിനും അക്ഷരങ്ങൾ പൂർണ്ണമായി അറിയില്ലെന്ന് .

*പഴയ തലമുറയിൽ പെട്ട സാധാരണക്കാരായ എല്ലാവരുടെയും കഥ ഇതൊക്കെ തന്നെ. ദേവിയിൽ, അല്ലെങ്കിൽ മാതാവിൽ അതുമല്ലെങ്കിൽ പുണ്യാളച്ചനിൽ എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുക. മരുന്നു പോലും വിശ്വസിച്ച കഴിച്ചാലെ ഫലമുണ്ടാകു. അതു കൊണ്ടു വിശ്വാസത്തിന് അന്നും ഇന്നും ഫലം നഷ്ടപ്പെട്ടിട്ടില്ല. എൻ്റെ അമ്മ മാതാവിനെ വിളിച്ചു പ്രാർത്ഥിച്ചു, അതു കൊണ്ടു ഞാനും. അവിടെ ശാസ്ത്രീയ വിശകലനത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്. കണിച്ചുകുളങ്ങര ദേവിയും അർത്തുങ്കൽ പുണ്യാളനും ഒത്തിരി പേരെ സൗഖ്യപ്പെടുത്തിയിട്ടുണ്ട്.
*അന്നത്തെ നാട്ടുമരുന്നുകളുടെ പ്രാധാന്യം ഇന്നു വർദ്ധിച്ചിട്ടേയുള്ളു. പക്ഷെ ഇതു സംബന്ധിച്ച് അറിവുള്ളവരുടെ എണ്ണം കുറഞ്ഞു. മുക്കുറ്റി പോലും തിരിച്ചറിയാനാവാത്ത പുതുതലമുറ. എല്ലാവരും അലോപ്പതിയിലോട്ടു തിരിഞ്ഞു. അതിലെ ചതി കറെ പേരെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങി. ആയുർവേദവും ഇന്ന് ബിസിനസാണ്‌.
വാഹനവുമായി കുട്ടികൾ പുറത്തിറങ്ങുന്നത് എല്ലാ മുതിർന്നവരിലും ആശങ്കയുളവാക്കുന്നു. അതു തുടരും

*സ്കൂളിൽ ഉപ്പുമാവ് ഉണ്ടായിരുന്നു. പക്ഷെ 4-ാം ക്ളാസ് വരെ മാത്രം. അഞ്ചാം ക്ളാസ് കാരൻ്റെ വിശപ്പ് നാലാം ക്ളാസ് കാരൻ്റെ വിശപ്പിനും മേലെയായിരുന്നുവെന്ന് അന്നത്തെ സ്കൂൾ ഭരണാധികാരികൾക്ക് അറിയില്ലായിരുന്നു. പ്രൈമറി കുട്ടികൾ ഉപ്പുമാവ് കഴിക്കുന്നത് നോക്കി നില്ക്കാനുള്ള വിഷമം കൊണ്ടു പള്ളിയിൽ  പോയി കുറെ നേരമിരിക്കും. അങ്ങനെയിരുന്നാൽ വിശപ്പൊക്കെ താനെ മറക്കും. ഇതു കണ്ട മലയാളം പഠിപ്പിക്കുന്ന റിസോളി ടീച്ചർ എത്രയോ തവണ അവരുടെ മകനോടൊപ്പം വിളിച്ചിരുത്തി ചോറു തന്നിരിക്കുന്നു. ചില മനുഷ്യർ അങ്ങനെയാണ്. ടീച്ചർ വിളിച്ചാൽ ചെല്ലാതിരിക്കാനുള്ള അഭിമാനബോധമൊന്നും അന്നില്ലായിരുന്നു. എല്ലാവർക്കും തോന്നുന്ന പ്രവൃത്തി അല്ലത്

വേറെയും ചില പട്ടിണിക്കാർ കൂടെയുണ്ടായിരുന്നത് ആശ്വാസം. ഒട്ടുമിക്ക മനഷ്യരുടെയും കഥ സമാനമെന്നതുകൊണ്ട് വായിക്കാൻ രസമുണ്ട്.
കഥ തുടരട്ടെ

*പുഴുക്കു വഴിപാട് അർത്ഥവത്തായ ഒന്നാണ്. പൂക്കളും കരിമരുന്നു പ്രയോഗവും പോലെ വേസ്റ്റ് ആകുന്നില്ല.. പുഴുക്കുവഴിപാടിലെ  ചെറിയൊരു പ്രശ്നമെന്തെന്നു വെച്ചാൽ ഓരോരുത്തരുടെ പുഴുക്കിനും ഓരോരോ ടേസ്റ്റ്. ചേരുവകളുടെ ഏറ്റക്കുറച്ചിലാകാം കാരണം. ചിലതിൽ മണ്ണു കടിക്കുകയും ചെയ്യും. പൊങ്കാല അടുപ്പുകൾക്ക് സമീപത്തുകൂടി നടന്നു പോകുന്നവരുടെ കാലിൽനിന്നു കലങ്ങളിലേക്ക് തെറിച്ചു വീഴുന്ന മൺതരികളാണ് മണ്ണു കടിക്കു കാരണം

*ഏറ്റവും അർത്ഥവത്തായ പൂജയാണ് സൂര്യപൂജ.. സൂര്യനമസ്കാരവും അങ്ങനെ തന്നെ. ലോകത്തിലെ സർവ്വ ഊർജത്തിനും ഉറവിടം സൂര്യൻ. സുര്യൻ അടുത്തു വന്നാലും അകന്നാലും ഭൂമിയിൽ ജീവനില്ല, ഇതു ശാസ്ത്രം. അതുകൊണ്ട് സൂര്യഭഗവാനെ ജാതി മതഭേദമെന്യേ പൂജിക്കേണ്ടതാണ്.

ചെറുപ്പത്തിൽ  അടുത്തുള്ള ഡ്റൈവർ തങ്കപ്പൻ സാറിൻ്റെ സൂര്യ പൂജാ ചടങ്ങു നടക്കുന്ന കരപ്പാടത്തായിരുന്നു ഞങ്ങളുടെ നടപ്പും കിടപ്പുമെല്ലാം. രണ്ടു ദിവസത്തെ ഭക്ഷണം കുശാൽ.. 
പൂജാപ്പവും തരും. അപ്പം മുറിച്ച് ഓരോ കഷണം ഓരോ വീട്ടിലും കൊടുക്കും. ഒരു മുഴുവൻ അപ്പം കിട്ടുകയെന്നത് നടക്കില്ല. പക്ഷെ പല വീടുകളിൽ നിന്നാവുമ്പോൾ ഒരപ്പത്തിൽ കൂടുതലൊക്കെ ലഭിക്കും. തങ്കപ്പൻ സാർ ഇന്നില്ല . മക്കൾ പൂജ നടത്തുന്നുണ്ട്. പക്ഷെ പോകാനോ കാണാനോ ഉള്ള ചാൻസ് ഇനിവിരളം

എൻ്റെ പ്രോഗ്രസ് കാർഡ് ഒപ്പിടുന്നതും ഞാൻ തന്നെയായിരുന്നു. അതും അമ്മയെ കാണിച്ചതിനു ശേഷം. ഒരു കുരിശു വരച്ച് വട്ടത്തിലാക്കുന്നതായിരുന്നു ഒപ്പ്. ഒരു വര വട്ടം വരച്ച് നീളത്തിലുള്ള വര താഴെ നിന്ന് കറക്കിക്കൊണ്ടുവന്ന് മുകളിൽ മുട്ടിക്കുക പലപ്പോഴും മുട്ടാറില്ല. ഇത് ഞാൻ മനസ്സിലാക്കിയതിനാൽ എല്ലാ ഒപ്പും ഞാൻ തന്നെയാണ് ഇടുക. കുരിശു വട്ടത്തിനുളളിൽ ആക്കുന്ന ഏതവസരം വന്നാലും ഞാൻ എൻ്റെ അമ്മയെ ഓർക്കും, ഇന്നു പോലും. ഓൺലൈനിൽ തയ്യാറാക്കുന്ന ക്ളാസിൽ എക്സോർ ഗയിറ്റ് എന്നൊരു വിഷയമുണ്ട്. അവിടെ റൗണ്ടിനകത്ത് കരിശിടുന്ന ഏർപ്പാടുണ്ട്. അതു ചെയ്യന്നോൾ തെളിയുന്ന ചിത്രം മറ്റാരുടെ ആകാനാണ്, കൂടെ ഒരു നിശ്വാസവും
*
പുര കെട്ടി മേയുന്നത് ഞങ്ങൾക്കും ഉത്സവമായിരുന്നു. ആറുകാൽ പുര കെട്ടി മേയാൻ 3-4 പേർ കാണും. എല്ലാവർക്കും നല്ല ഭക്ഷണവും കൂലിയും. കടക്കരപ്പള്ളി മാർക്കറ്റിൽ അന്നു കിട്ടുന്ന ഏറ്റവും നല്ല മീൻ വാങ്ങും. അമ്മ നന്നായി മീൻ കറിവെയ്ക്കും. പുര കെട്ടുകാർക്ക് ഉച്ചയക്ക് പന്തിഭോജനമാണ്. അമ്മ മക്കളെയും പണിക്കാരുടെ കൂടെയിരുത്തും. പന്തിയിൽ പക്ഷാ ഭേദമില്ല എല്ലാ പുരകെട്ടി മേയലും നല്ല ഭക്ഷണത്തിൻ്റെ ദിവസങ്ങളായിരുന്നു. ഇതു ഞാൻ ബി എസ് സി രണ്ടാം വർഷം പഠിക്കുന്നതുവരെ തുടർന്നു. അതിനു ശേഷമാണ് ഇഷ്ടിക കെട്ടി രണ്ടു മുറി വീടുണ്ടാക്കിയത്. തേയ്ക്കാൻ കുമ്മായം വാങ്ങാൻ കാശില്ലാതിരുന്നതിനാൽ കുറെ നാൾ അങ്ങനെ കിടന്നു. ജനലുമില്ലായിരുന്നു. പഴന്തുണികൊണ്ടു മറച്ചാലും ജനലിലൂടെ അരിച്ചു വരുന്ന ഡിസംബറിലെ മരം കോച്ചുന്ന തണുപ്പ് സഹിക്കാവുന്നതിനുമപ്പുറം. കറണ്ടുകിട്ടാൻ പിന്നെയും കാലം പിടിച്ചു. പെർമിഷന് വിസമ്മതിച്ച അയൽക്കാരനെ സാന്ത്വനപ്പെടുത്താൻ ആദ്യമായി ഞാൻ കളക്ടറെ നേരിൽ പോയി കണ്ടു.

പിന്നെ തൊണ്ടു തല്ലിൻ്റെ കാര്യം, അതു കഥനകഥയാണ്. അതൊക്കെ എഴുതി ഹരികുമാറിൻ്റെ കഥയുടെഒഴുക്കിന് തടസ്സമുണ്ടാക്കുന്നില്ല.
ഒരു തരത്തിൽ സാറും അമ്മുമ്മയും ഭാഗ്യം ചെയ്തവരാണ്. സ്വന്തമായി തെങ്ങും പുരയിടവുമൊക്കെ ഉണ്ടായിരുന്നല്ലോ? ഇതൊന്നുമില്ലാത്ത കുടികിടപ്പുകാരൻ്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടുണ്ടോ?
 ഞങ്ങൾ കുടികിടപ്പായിരുന്നു.. രണ്ടാം മാസം തെങ്ങുകയറാൻ മൊതലാളൻ വരുമ്പോൾ 10 തേങ്ങ ആനുകൂല്യം.. പക്ഷെ കുല വെട്ടിയിടുമ്പോൾ നല്ല തേങ്ങയൊക്കെ മാറ്റിയിടീക്കും. അവയ്ക്ക് വെളിച്ചെണ്ണ തേങ്ങയെന്ന് ഓമനപ്പേർ. മറ്റു തേങ്ങകളിൽ നിന്ന് വെളിച്ചെണ്ണ കിട്ടില്ലേ എന്ന് ആരോടു ചോദിക്കാൻ? കുടികിടപ്പവകാശത്തിൽ വെളിച്ചെണ്ണ തേങ്ങ ഉൾപ്പെടില്ല. ഓരോരോ തമാശകൾ

വേനൽക്കാലത്ത് തെങ്ങുകൾ നനയ്ക്കുന്നതിന് പ്രത്യേകം തേങ്ങ തരും. ഒരു തെങ്ങിന് നാലു തൂക്കു വെള്ളം. മൺകുട മാണ് ഉപയോഗിച്ചിരുന്നത്. അലൂമിനിയം കുടം പ്രചാരത്തിലില്ല. എല്ലാ തെങ്ങിനും നാലു തൂക്കം വെള്ളം തീർത്തും ഒഴിക്കണമെന്ന് എൻ്റെ അമ്മയ്ക്ക് നിർബ്ബന്ധമുണ്ടായിരുന്നു, ഒരു തൂക്കു രണ്ടു കുടം. അതു തെങ്ങുകളോടുള്ള സ്നേഹം കൊണ്ടു തന്നെയായിരുന്നു. ഇതിനൊക്കെ മാറ്റം വന്നത് പത്ത് സെൻ്റ് അവകാശം കിട്ടിയതോടെയാണ്. പത്തു സെൻ്റ് അനുവദിച്ചതിൻ്റെ എല്ലാം കെഡിറ്റും, മറ്റാരു തന്നെ അവകാശവാദമുന്നയിച്ചാലും, കെ.ആർ ഗൗരിയമ്മയ്ക്ക് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ അമ്മയുടെ എല്ലാ കാലത്തേയും വോട്ട് ഗാരിയമ്മയ്ക്കായിരുന്നു.

അതിരിക്കട്ടെ, അമ്മുമ്മയെ പറ്റിയല്ലാതെ അമ്മയെക്കുറിച്ച് ഒന്നും പറയാത്തത് എന്ത്?

*സമാന്തര രേഖകളിലെ താഴെത്തെ ലൈനിൽ ഇതു കൂടി ചേർത്തു വായിക്കാവുന്നതാണ്. ഞാൻ ആശാൻ കളരി കണ്ടിട്ടില്ല. പൂജയെടുപ്പിന് അമ്മ സ്കൂളിലെത്തിച്ചു. വൃശ്ചികം 6 (നവം 22) എന്ന ജനനത്തീയതി അമ്മ കൃത്യമായി പറഞ്ഞെങ്കിലും സ്കൂൾ അധികൃതർ പത്തു മാസതോളം പുറകോട്ടു മാറ്റി ഫെബ്രു 13 ആക്കി. അങ്ങനെയാണ് 13 എൻ്റെ ലക്കീ നമ്പർ ആയത്.
ദൈവത്തിൻ്റെ കണക്കിൽ പെടാതെ ഏകദേശം ഒരു കൊല്ലം നഷ്ടം. ഇത് പലരുടെയും കേസിൽ സംഭവിച്ചിട്ടുള്ളതാണ്. 

5 മാസം തുടർച്ചയായി ഒന്നാം ക്ളാസിൽ ഇരുന്നിട്ടും കുറെ കഞ്ഞിയും കപ്പക്കുഴയും കഴിച്ചതല്ലാതെ ഒരക്ഷരം പഠിച്ചില്ല. വാർഷിക പരീക്ഷയിൽ 1 എന്ന് എഴുതാൻ അറിയാഞ്ഞിട്ട് ഹെഡ്മാസ്റ്ററുടെ പൂരത്തല്ല്. വലിയ വായിൽ നിലവിളിച്ച നില്ക്കുന്ന ഒരുകൂട്ടി,  ഇപ്പോഴും ആ രംഗം മനസ്സിൽ ഓടിയെത്തും. അറിഞ്ഞിട്ട് വേണ്ടേ 1 എന്നു വരയ്ക്കാൻ . ആരോ പുറകിൽ നിന്ന് പറഞ്ഞു ഒരു വര സ്ളേറ്റിൽ വരക്കാൻ . ഇല്ല, അതുപറഞ്ഞുതന്ന ആളെ എനിക്കോർമ്മയുണ്ട്. നീളത്തിൽ ഞാൻ വരച്ച വരയാണ് ഹെഡ്മാസ്റ്ററുടെ കലിയടക്കിയത്.
വളരെ ദാരുണമായ, ദയനീയമായ സംഭവങ്ങൾ വേറെയും. നന്ദികേടു് എന്ന് വിവക്ഷിക്കുമെങ്കിലും സത്യം സത്യമല്ലാതാകുന്നില്ല.
5 മുതലാണ് എന്തെങ്കിലും പഠിച്ചു തുടങ്ങിയത്.  ABCD..... മുഴുവൻ അഞ്ചാം ക്ളാസിൽ  കൂട്ടുകാരൻ പഠിപ്പിച്ചു. മലയാള അക്ഷരങ്ങൾ മുഴുവൻ കണ്ടമംഗലം ഹൈസ്കൂളിലെ കൗസല്യ സാർ എട്ടാം ക്ളാസിൽ പഠിപ്പിച്ചു.

അന്നൊക്കെ കൂടുതൽ വിജ്ഞാനമുണ്ടായിരുന്ന എൻ്റെ സഹപാഠികൾ തേങ്ങാ വെട്ടും കൊപ്രാ കച്ചവടവുമായി കൂടി. എനിക്ക് ഇങ്ങനെയൊരു വിധി. ദൈവമുണ്ടെന്ന് ഒത്തിരി തവണ തോന്നിയിട്ടുണ്ട്‌.

Wednesday, 18 November 2020

ഒറ്റമരം


പടർന്നാകെ പന്തലിച്ചുള്ള ശിഖരങ്ങളും കാറ്റത്തിളികിയാടുന്നൊരിലകളും പൂക്കളും
ഇടയിലൂർന്നിറങ്ങും സൂര്യ കിരണങ്ങളും
ചേർന്നോരുലകമായ് നില്ക്കുമീ ഒറ്റമരം

കിളികളേനേകം വന്നു പോയെന്നാകിലും
കടൽത്തിര പോലെ വന്നു പിന്നെയും കൂട്ടുകാർ
കണ്ണീരുറഞ്ഞ വയോധികരും പുതുസ്വപ്ന
സഞ്ചാരികളും വന്നാശ്വസിച്ചീടുന്നു.

ഒരു നല്ലകാലം വരുമെന്ന്  കാണുവാൻ.   
ഇനിയില്ല മോഹവും മോഹഭംഗങ്ങളും
ഈ തീരത്തിങ്ങനെ ഏതാനും നാൾ കൂടി
നിന്നിട്ടു ശാന്തമായി താനേ മറഞ്ഞീടാം
-കെ എ സോളമൻ

..

Tuesday, 18 August 2020

പ്രതീക്ഷ - കഥ


'കുഞ്ഞൂട്ടി , കുഞ്ഞൂട്ടി?'

' എന്താച്ചാ'

നീ എന്തെടുക്കവാ?

എന്താച്ചാ കാര്യം?

നനക്ക്  എന്നതാണ് വേണ്ടത്?

അച്ചൻ കാര്യാന്താന്നു പറ.

ഈ ഇരിക്കുന്ന ചിക്കുപായെല്ലാം വിറ്റു കാശു കിട്ടുമ്പോൾ അച്ചൻ നനക്ക് എന്നതാ വാങ്ങിത്തരേണ്ടത്.

എപ്പഴാ വിൽക്കുന്നത്?

അതു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ? പള്ളിപ്പുറത്തമ്മയുടെ പെരുനാളു വരുമ്പോ, ആഗസ്റ്റ് 15 ന്

എനിക്കൊരു മഞ്ഞച്ചുരിദാർ മതി, അച്ചാ

മഞ്ഞച്ചുരിദാറോ  , പ്പോ, ചൂച്ചൂന് എന്തു ട്ട് വേണം?

അവൾക്ക് ഉടുപ്പ് മതിയെന്ന് .

അപ്പോ അനുവിനോ?

അവള് കൊച്ചല്ലേ അച്ചാ, ദേ,. ചിരിച്ചോണ്ടിരിക്കുവാ?

അവൾക്കും ഒരു മഞ്ഞ ഉടുപ്പു വാങ്ങാം, ല്ലേ ?

അച്ചൻ വാങ്ങിത്തരാതിരിക്കുമോ?

ഇല്ല മോളെ, ഇതെല്ലാം വിറ്റു കാശു കിട്ടട്ടെ. നിൻ്റെ മ്മക്കും ഒരു സാരി വാങ്ങി ക്കൊടുക്കണം

"അച്ചനും  വേണം നല്ലഒരു മുണ്ടും ഷർട്ടും
ഉം, നമുക്കൊരുമിച്ചു പോയ് വേണം വാങ്ങാൻ " കുഞ്ഞുട്ടി

കുമാരൻ്റെയും മകൾ കുഞ്ഞൂട്ടിയുടേയും സംഭാഷണം അങ്ങനെ നീണ്ടുനീണ്ടു പോയി.

അനിൽ കുമാർ എന്ന് പേര്. കുമാരൻ എന്ന് നാട്ടുകാർ വിളിക്കും. വാർപ്പു പണി യായിരുന്നു. 

ലോകത്തെ മുഴുവനായി ഞെട്ടിച്ച് കോ വിഡ് രോഗം വ്യാപകമായതോടെ അയാൾക്ക് പണിയില്ലാതായി. ചിട്ടി അടവുൾപ്പെടെ എല്ലാം മുടങ്ങി

താത്കാലിക ആശ്വാസത്തിനാണ്  കായൽ ഇറമ്പത്തെ  കൈതോല വെട്ടി പായ് നെയ്ത്  ഭാഗ്യം കൂട്ടി വെച്ചത്. പള്ളിപ്പുറത്തമ്മയുടെ പെരുന്നാളിനു വില്ക്കണം
                      * * * * *
'അച്ചാ അച്ചാ?'
എന്താ, കുഞ്ഞൂട്ടി?
ഇന്നല്ലേ, ആഗസ്റ്റ് 15, ഞങ്ങട ടീച്ചർ  മൊബീലിൽ പറഞ്ഞു. ചുരിദാർ വാങ്ങണ്ടേ?

അതിന് പായ് വിറ്റില്ലല്ലോ മകളേ,, വില്ക്കാൻ പാടില്ലെന്ന്. സർക്കാരിൻ്റെ വിലക്കുണ്ട്, രോഗം പടരും

അപ്പോ, എന്തു ചെയ്യും, അച്ചാ ?

"നമുക്ക് മുത്തിയമ്മയുടെ പെരുന്നാളിന്  വില്ക്കാം, വെച്ചൂര് നമുക്കൊരുമിച്ചു പോകാം, അടുത്ത മാസമാണ് പെരുന്നാൾ. രോഗമൊക്കെ അപ്പോഴെക്കും മാറും. മോളു വിഷമിക്കണ്ടാ, ട്ടോ " മകളുടെ പ്രതീക്ഷ അയാൾ വിമാനത്തിലേറ്റി. ഒപ്പം അയാളുടെ പ്രതീക്ഷയും

സംശയത്തോടെ നോക്കുന്ന മകളുടെ കണ്ണുകളിലേക്ക് ദയനീയമായ നോട്ടം പായിച്ച്. ആശ്വസിപ്പിക്കാനെന്ന വണ്ണം അവളുടെ മുടിയിൽ  അയാൾ സാവകാശം തലോടി.

അച്ചന് വിഷമം തോന്നാതിരിക്കാൻ എല്ലാം സമ്മതിച്ചെന്ന മട്ടിൽ ആ മുന്നാം ക്ളാസ്കാരി ചെറുതായി പുഞ്ചിരിച്ചു.

                       ....................

Tuesday, 28 July 2020

അസാധാരണ കാലം

അടയാളപ്പെടുത്താൻ
 ഒരു കല്ലു പോലുമില്ലാതെ,
വിജനമായ ഒരിടത്ത്,
പോഷകസമൃദ്ധമായ മണ്ണിനടിയിൽ
പുഴുക്കൾ വിരുന്നുവരുന്നതും കാത്ത്
എൻ്റെ ശവക്കുഴിക്കു മുകളിൽ
വേണ്ടപ്പെട്ടവരാരോ നട്ട ചെടി
വൻമരമായി വളരുന്നതും കണ്ട്
ഞാൻ പതുക്കെ പതുക്കെ
ഭൂമിയിലേക്കു തിരികെ
മണ്ണോടുമണ്ണടിയുന്നത് ....
കാവ്യാത്മകം ഈ ശിഥിലചിന്തകൾ?

(പക്ഷേ അസാധാരണ കാലത്ത്,  അസാധാരണ ഇടങ്ങളിൽ ബറിയൽ എന്ന ലക്ഷ്വറി ആഗ്രഹിക്കരുത്. ക്രിമേഷനാണ് അഭികാമ്യം)
- കെ എ സോളമൻ

Monday, 20 July 2020

സമാധാനം

.
അതെ, സംശയമില്ല, അന്നു പള്ളി വൈദ്യുതീകരിച്ചിരുന്നില്ല. വൈദ്യുതിയും വിളക്കുകളും വരുന്നത് പിന്നീടാണ്. ഫാൻ വരുന്നത് അതിനും എത്രയോ കാലത്തിനു ശേഷം.

തങ്കി സെൻ്റ് മേരീസ് പള്ളിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. പള്ളിക്കകത്ത് കറണ്ട് വന്നത് എന്നാണെന്നു കൃത്യമായി ഓർമ്മയില്ല 1964 ലോ മറ്റോ ആകണം, കൃത്യമായ തിയതി ഓർമ്മയുള്ളവർ പറയട്ടെ.400 കൊല്ലം പഴക്കമുള്ള പള്ളിയാണെങ്കിലും വൈദ്യതിക്ക് അവിടെ പത്തറുപതു കൊല്ലത്തെ ചരിത്രമേയുള്ളു.

അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാകണം. പള്ളിക്കകത്ത് വയറിംഗ് നടക്കുമ്പോൾ പോയി നോക്കി നിന്നിട്ടുണ്ട്. സ്കൂളിൽ നിന്ന് പള്ളിയിലേക്ക് ഒറ്റ ഓട്ടത്തിനെത്താം. വയറിംഗ്കാരൻ്റെ കലാവിരുത് കണ്ട് ഭാവിയിൽ ആരംഗത്തു ചുവടുറപ്പിച്ചാലോ എന്നൊരു മോഹവും തോന്നാതിരുന്നില്ല.

വൈദ്യുതി വരുന്നതിനു മുമ്പ് സക് റാ  രിയിലും പുറത്തും വെളിച്ചം വിതറിയിരുന്നത് വലിയ കാലുകളിൽ സൂക്ഷിച്ചിരുന്ന മെഴുകുതിരികളാണ്. പളളിക്കകം പ്രകാശമാനമാക്കാൻ കുറ്റൻ തൂണുകളിൽ സ്ഥാപിച്ച മെഴുകുതിരി തട്ടുകളുണ്ട്. ഈ തട്ടുകളെല്ലാം അർദ്ധഗോളാക്വതിയലുള്ള വലിയ ചില്ലു പാത്രങ്ങളിലാണ് സംരക്ഷിച്ചിരുന്നത്.  കാറ്റടിച്ചാലും മെഴുകുതിരികൾ അണഞ്ഞു പോകില്ലായിരുന്നു.

പകൽ കുർബ്ബാനകളിൽ തൂണുകളിലെ വിളക്കുകൾ തെളിക്കുമായിരുന്നില്ല. ക്രിസ്മസ്, ഈസ്റ്റർ രാവുകളിൽ ഇവയെല്ലാം പ്രകാശിച്ചു നില്ക്കുന്നതു കാണാൻ നല്ല രസമായിരുന്നു. തൂണുകളിലെ വിളക്കുകൾ തെളിക്കുന്നതും കെടുത്തുന്നതും ശ്രമകരമായ ജോലിയായിരുന്നു. കപ്യാർ മത്തായി സാർ ഒരു നിയോഗം പോലെ ഈ ജോലി നിർവഹിച്ചിരുന്നു. 

കപ്യാർ മത്തായി സാറിന സാറെന്നു ചേർക്കാതെ വിളിക്കാനാവില്ല. സ്കൂൾ എൽ പി വിഭാഗത്തിൻ്റെ ഹെഡ്മാസ്റ്റർ കുടിയിരുന്നു അദ്ദേഹം. മത്തായി സാറിനോട് എനിക്കു വളരെ വലിയ കടപ്പാട് ഉണ്ടെങ്കിലും അദ്ദേഹം എൻ്റെ ഹെഡ്മാസ്റ്റർ ആയിരുന്നില്ല. തങ്കി സ്കൂളിൽ ഞാൻ പഠിക്കാൻ ചേർന്നത് അഞ്ചാം ക്ളാസ് മുതലാണ്. ഒന്നു മുതൽ നാലുവരെ കോനാട്ടുശേരി ഗവ.എൽ പി സ്കൂളിലെ പഠനത്തിനു ശേഷമാണ് തങ്കി സെൻ്റ് ജോർജ് യു പിയിൽ ഞാൻ ഉപരിപഠനത്തിനെത്തുന്നത്.

പറഞ്ഞു കൊണ്ടുവന്നത് മെഴുകുതിരി ക്കാലുകളെ കുറിച്ചാണല്ലോ? സാക്റാരിയിൽ ഉയരത്തിൽ സൂക്ഷിച്ചിട്ടുള്ള മെഴുകുതിരികൾ കത്തിക്കാൻ ഒരു ഇരുമ്പുകമ്പിയുണ്ട്. കമ്പിയുടെ അറ്റത്ത് മെഴുകുതിരി ഹോൾഡറും പ്ളാവിലക്കുമ്പിൾ പോലെ തിരി അണക്കാനുള്ള ഒരു സംവിധാനവുമുണ്ട്. കുമ്പിൾ തിരിക്കു മുകളിൽ ചേർത്തു പിടിച്ചാൽ ഓക്സിജൻ കിട്ടാതെ അണഞ്ഞുപോകും. തീ കത്തുന്നതിന് ഓക്സിജൻ വേണം, സ്കൂളിൽ പഠിപ്പിച്ചതാണ്.

കുർബ്ബാനയ്ക്കക്കുമുമ്പു് തിരികൾ കത്തിക്കാൻ കമ്പിയിലെ ഹോൾഡറിൽ ചെറിയ തിരിi കത്തിച്ചു വെയ്ക്കും. കൊടുത്താനായി കുമ്പിളും ഉപയോഗിക്കും.

ഞായറാഴ്ചകളിൽ പള്ളിയിൽ നേരത്തെ എത്തുകയും താമസിച്ചു പോരുകയും ചെയ്യുന്നതിനാൽ ഈ തിരികൾ കത്തിക്കുന്നതും കെട്ടുത്തുന്നതും ഞാൻ എത്രയോ പ്രാവശ്യം നോക്കി നിന്നിരിക്കുന്നു. ഒന്നു രണ്ടു തവണ തിരികെടുത്താൻ സാർ അനുവദിച്ചിരുന്നു. പക്ഷെ അദ്ദേഹം ചെയ്തിരുന്ന വേഗത്തിലും ഭംഗിയിലും ഞങ്ങൾക്കാർക്കും അതു ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല.

അങ്ങനെ പണ്ടു സിനിമാകൊട്ടകയിൽ ഒടുക്കം ജനഗണമന കേൾക്കുന്നതു പോലെ കുർബ്ബാന കഴിഞ്ഞ് മെഴുകതിരികൾ ഇരുമ്പുകമ്പിയിലെ കുമ്പിൾ കൊണ്ടു് അണക്കുന്നത് കാണുന്നത് ഞങ്ങൾക്ക് പ്രത്യേകിച്ച് എനിക്കു ഒരു ശീലമായി. 

ഏതെങ്കിലും ആഴ്ച അതു കാണാനായില്ലെങ്കിൽ എനിക്ക് യാതൊരുവിധ സമാധാനവുമില്ലായിരുന്നു.

കെ എ സോളമൻ

Sunday, 5 July 2020

രാത്രിയിലെശബ്ദങ്ങൾ


പാതിരാ കോഴിയുടെ കൂവൽ കേട്ടാണ് കണ്ണു തുറന്നത്. നേരം വെളുക്കാൻ ഇനിയുംഒത്തിരി നേരമുണ്ട്. ഒരു ചെമ്പോത്ത് പാടുന്നതിൻ്റെ ശബ്ദം കേൾക്കാം. അതിനു കൗണ്ടറായി
 പിന്നാലെ മറ്റൊന്നിൻ്റെ ശബ്ദവും. ഒരു പ്രത്യേക താളത്തിലാണ് രണ്ടും ശബ്ദമുണ്ടാക്കുന്നത്. ഒരെണ്ണം ശബ്ദമുണ്ടാക്കിത്തീരുന്നതുവരെ രണ്ടാമത്തേതു കാത്തു നില്ക്കും

പെട്ടെന്നാണ് ചീവിടുകളുടെ ശബ്ദം ഉച്ചത്തിലായത്. തവളകൾ പെക്ക് റോം പൊക്ക് റോം എന്നു ഒച്ചവെച്ചു തുടങ്ങി. മഴവരുന്നുണ്ടെന്ന് തോന്നുന്നു.  കാതിനു ചുറ്റും കൈക്കുമ്പിൾ പിടിച്ചു മഴയുടെ വരവ് ഉറപ്പു വരുത്തി. അതെ, മഴ വരുന്നുന്നുണ്ട്. 

മഴത്തുള്ളികൾ ഓലക്കീറുകളിൽ പതിച്ച് പഴയ നോസ്റ്റാൾജിക് ശബ്ദമുണ്ടാക്കി, ഓലപ്പുരയിൽ മഴത്തുള്ളികൾ വീഴുമ്പോഴുള്ള ഇമ്പമേറിയ ശബ്ദം. ഈ ശബ്ദമുണ്ടാകാൻ മുറിയോടു ചേർന്നുള്ള ഷെഡിൻ്റെ ഷീറ്റിനു മുകളിൽ ഓലക്കീറുകൾ നിരത്തിയിരുന്നു ഞാൻ, ആരും കാണാതെ.

ഷീറ്റിനു മേൽ ഓലക്കീറുകൾ നിരത്തുന്നതു കണ്ടാൽ  ഓരോർത്തർക്കായി വിശദീകരണം നൾകേണ്ടി വരും. അവർക്കറിയില്ലല്ലോ ബാല്യത്തിലേക്ക് തിരികെ പ്പോകുന്നതിൻ്റെ സുഖം.

കോഴിയുടെ കൂവൽ നിന്നു. ചെമ്പോത്തുകൾ സംഗീതം മതിയാക്കി. ചീവീടു കൾ ഒന്നടങ്കം നിദ്രയിലായി. തവളകളുടെ പൊക്രാം ശബ്ദവും നിലച്ചു. മഴ തിമിർത്തു പെയ്യുന്നുണ്ട്. ഓലക്കീറുകളിൽ മഴത്തുള്ളികൾ തീർത്ത സംഗീതം കൺപോളകളിൽ കനം തീർത്തു.

ബാല്യകാല സുഖസുഷുപ്തിയിലേക്ക് ഞാൻ പതിയെ പതിയെ ....

- കെ എ സോളമൻ

Thursday, 14 May 2020

മറക്കുമോ എന്നെനീ ?

നിനക്കു സുഖമാണെന്നു കരുുതട്ടെ
എൻ്റെസ്നേഹ ചുംബനം 
മറക്കുമോ എന്നെ നീ ?

ഓർമ്മകൾ എപ്പോഴും പുതിയതാണ്,
നിന്നോടൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മരിക്കാനും .
ഞാൻ അകലെയാണ് 
കാതങ്ങൾ അകലെ ,പ്രതിസന്ധികളുടെ നടുവിൽ ജീവിക്കുന്നു.
ഈ മരുഭൂമിയിൽ ഒരു മരുപ്പച്ചയുണ്ട്.
സന്തോഷകരമായ സ്പന്ദനങ്ങളും, കുറെ സ്വപ്നങ്ങളും

ഒരിക്കലും നിൻ്റെ പ്രതീക്ഷകൾ മങ്ങരുത്
ആകാശത്തേക്ക് നോക്കു നീ.
ശാന്തഗംഭീരമായ നീല നിറം കാണന്നില്ലേ?
ഒരു കാര്യം ഞാൻ പറഞ്ഞുകൊള്ളട്ടെ
എന്റെ ഹൃദയം എപ്പോഴും   നിന്നോടൊപ്പമുണ്ട്
ചിരിയും സൗഹൃദവും നേരമ്പോക്കും കരച്ചിലടക്കാനുള്ള
എൻറെ മരുന്നുകളാണവ
ഞാൻ എങ്ങനെ സുഖമായിരിക്കുന്നുവെന്ന് കൊടിയ വൈറസ് പോലും അത്ഭുതപ്പെടുന്നു.

ഞാൻ നിന്നെ കാണാൻ കാത്തിരിക്കുകയാണ്,
ജീവിതം ആ നിമിഷം തിരികെത്തരുമെന്ന പ്രതീക്ഷയിൽ
വാക്കുകൾ ഇല്ലാത്ത ഹൃദയ ഗാനം
എനിക്കതു പാടാൻ കഴിയുന്നതേയില്ല.

നമ്മെ എങ്ങനെ തിരുത്താമെന്ന് പ്രകൃതിക്ക് അറിയാം, കാലത്തിനും.
ഭൂമിയും അതു തന്നെപറയുന്നു, 
നിന്നെ  സ്നേഹപൂർവ്വം ആലിംഗനം ചെയ്യുന്നു,
മറക്കുമോ എന്നെ നീ ?

- കെ എ സോളമൻ

Wednesday, 13 May 2020

ഇൻ്ററാക്ടീവ്സെഷൻ!

ഇൻ്ററാക്ടീവ് ക്ളാസിൽ പരമേശ്വരപിള്ള സാറിനോട് വിദ്യാർത്ഥി കുശാൽ കുമാർ:
സാർ, ഒരു സംശയം

പിള്ളസാർ: ചോറിക്കൂ, ചോദിക്കൂ, പറയാം

കൃശാൽ: അപ്പോ സാർ, നമ്മൾ പരീക്ഷയ്ക്ക് എസ്സേ ക്വസ്റ്റ്യന് എന്തുമാത്രം ഉത്തരം എഴുതണം, പാരഗ്രാഫ് ക്വസ്റ്റ്യന് എങ്ങനെ, ഷോർട്ട് ആൻസറിന്?

പിള്ളസാർ: അത്രേയുള്ളോ സംശയം, പറഞ്ഞു തരാം. അതായത് നമ്മൾ പരീക്ഷയ്ക്ക് എസ്സേ എസ്സേയായിട്ടു തന്നെ എഴുതണം, പാരഗ്രാഫിന് പാരഗ്രാഫ് മതി, ഷോർട്ട് ആൻസർ ക്വസ്റ്റ്യന് ഉത്തരം ഫോർട്ടു ആയിരിക്കുകയും വേണം. ഇപ്പോ മനസ്സിലായോ?
- കെ എഎസ്

Saturday, 2 May 2020

ഇന്ന്ലോകചിരിദിനം!


തുറന്നു വെച്ച ബാറിലേക്ക്‌ ഓടിച്ചെന്നവരിൽ ഒന്നാമൻ:
എനിക്ക് ഒരു കുപ്പി ബിയർ വേണം.
രണ്ടാമൻ:  എനിക്ക് അര കുപ്പി മതി
മൂന്നാമൻ: കാൽ കുപ്പി ബിയർ എടുക്കാൻ പറ്റുമോ? എങ്കിൽ അതു മതി
നാലാമർ: അതിൻ്റെ പകുതി

ബാർ ടെൻ്റർ: ഇതാ രണ്ടുകുപ്പി ബിയർ. നിങ്ങൾ ആവശ്യമനുസരിച്ച് ഒഴിച്ചു കുടിച്ചോളു.

എൻബി: മാത്തമാറ്റിക്സ് അറിയാവുന്നവർ മാത്രം ചിരിക്കുക. അല്ലാത്തവർ കോവിഡ് എപ്പിസോഡു കണ്ടു ചിരിച്ചോളു.
ചിരിദിന ആശംസകൾ!
- കെ എ സോളമൻ

Wednesday, 22 April 2020

കൊറോണക്കാലത്തെ ഹൈടെക് ബാങ്കിംഗ് - കഥ

സത്യവാങ്മൂലം, ആധാർ കോപ്പി, ബാങ്ക് പാസ് ബുക്ക്, ചെക്ക് ലീഫ് ഇവയെല്ലാമെടുത്താണ് ഒറ്റ നമ്പർ സ്കൂട്ടറിൽ ബാങ്കിലോട്ടു പോയത്. ബാക്കിയുള്ള സേവിംഗ്സിൽ നിന്നു ആയിരം രൂപ എടുക്കണം. പത്തിരുപതു ദിവസം തുടർച്ചയായി വീട്ടിൽ കത്തിയിരുന്ന ശേഷം പുറത്തിറങ്ങിയതാണ്.

ബാങ്ക് എട്ടുകിലോ മീറ്റർ അകലെയാണ്. ഭാഗ്യം കൊണ്ടു വഴിയിൽ പോലീസ് തടഞ്ഞില്ല

ബാങ്ക് കവാടത്തിൽ സൂക്ഷിച്ചിരുന്ന
സാനിറ്റൈസർകൊണ്ട് കൈ തിരുമ്മി ബാങ്കിനുള്ളിൽ പ്രവേശിച്ചു. മാസ്കു ധരിച്ച 5 ജീവനക്കാർ, നാലു സ്ത്രീകളും ഒരു പുരുഷനും . കസ്റ്റമേഴ്സായി രണ്ടോ മൂന്നോ സ്ത്രീകളുൾപ്പെടെ ഏഴെട്ടു പേർകാണും. ഒരുത്തിയുടെ കൂടെ അവരുടെ മകളുമുണ്ട്

പെട്ടെന്നാണ് ഒരു ഒച്ച കേട്ടത്

" എന്തോന്നാടി പെണ്ണുങ്ങളെ ഇത്. ഒരു പാസ്ബുക്ക് പതിക്കാൻ തന്നിട്ടു എത്ര നേരമായി? പാന്റും കോട്ടുമിട്ട ആണുങ്ങളുടെ *k*k*tt. കണ്ടപ്പോൾ നിനക്കൊക്കെ ഇളകിപ്പോയോ? എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്", x?n*txg*.

" അമ്മേ, അമ്മേ, മിണ്ടാണ്ടിരി" മകൾ അമ്മയെ തടഞ്ഞു.

" നീ പോടി, ഇവളുമാർക്ക് ഭവാനിയെ അറിയില്ല. ഭവാനി കുറെ കണ്ടിട്ടുള്ളതാ"

" ഏതാണ് നിങ്ങളുടെ പാസ് ബുക്ക്?" :ബാങ്ക് ഉദ്യോഗസ്ഥ.

" ഇപ്പോ അതുമില്ലേ?  *ke *#oa*y എന്നെ ക്കൊണ്ടു പറയിപ്പിച്ചേ അടങ്ങു, " :ഭവാനി

" അമ്മേ, മിണ്ടാണ്ടിരി" : മകൾ

ഇതിനകം പാസ്ബുക്ക് എവിടന്നോ തപ്പിയെടുത്ത് ഭവാനിക്കു പതിച്ചു കൊടുത്തു. പൂരപ്പറമ്പിനെ അനുസ്മരിപ്പിക്കുന്ന മട്ടിൽ എന്തോ യൊക്കെ ഉറക്കെ പറഞ്ഞു കൊണ്ടു ഭവാനി മകളോടൊപ്പം പുറത്തേക്കു ഇറങ്ങി.

ബാങ്ക് മാനേജർ മാഡം പീയൂണിനോട് : " അവരീക്കണ്ട തെറിയൊക്കെപറയുമ്പോൾ തനെങ്ങോട്ടാണ് ഓടിയത് ?"

"എങ്ങാട്ടും ഓടിയില്ല മാഡം , സി സി ടി വി ഓഫ് ചെയ്യുകയായിരുന്നു "

ബാങ്കിൽ നിന്ന് തിരികെ യിറങ്ങിയ ഞാൻ മൗസും പാന്റ്സും യഥാസ്ഥാനങ്ങളിൽ തന്നെ ഇരിപ്പുണ്ടോയെന്നു ഉറപ്പു വരുത്തി സ്കൂട്ടറിനു നേരെ നടന്നു.
- കെ എ സോളമൻ

Thursday, 2 April 2020

നമ്മുടെ മദ്യകേരളം!



മദ്യം ഒഴുകുന്ന നാടാണ് നന്മുടെ
മദ്യം മണക്കുന്ന  കേരള ദേശം
ഒന്നാണ് നമ്പരെന്നുള്ളോരു തള്ളലിൽ
ഒന്നിച്ചിരുന്നു നാം നാണിച്ചു പോകുന്നു

കേരളം മുങ്ങുന്ന നീറും കയങ്ങളിൽ
തീരുന്നു ദുരിതമായ് മദ്യപാനോൽസവം
നേട്ടങ്ങളെല്ലാമേ പാഴായ് മാറുന്നു
കോട്ടങ്ങളിൽ കൂപ്പുകുത്തിനാംവീഴുന്നു

മദ്യം ഒഴുകുന്ന നാടാണ് നന്മുടെ
മദ്യം മണക്കുന്ന  കേരള ദേശം

മദ്യം പാടില്ലെന്നാരോ പറഞ്ഞു.
മദ്യമേ പാടുള്ളു,  നാമിന്നറിഞ്ഞു
മദ്യം വിഷമെന്നു ചൊല്ലിയ ഗുരുവിനെ
മദ്യംമരുന്നെന്നു ചൊല്ലി തിരുത്തുന്നു

മദ്യം ഒഴുകുന്ന നാടാണ് നന്മുടെ
മദ്യം മണക്കുന്ന  കേരള ദേശം

മദ്യത്തിനെതിരെ നാവൊന്നനങ്ങിയാൽ
മദ്യാനുകൂലികൾ കൂട്ടമായെത്തും
ചാനലിൽ തുപ്പും നടക്കും പെടുക്കും
ജനകീയമെന്നങ്ങതിനെ പുകഴ്ത്തും

മദ്യം ഒഴുകുന്ന നാടാണ് നന്മുടെ
മദ്യം മണക്കുന്ന  കേരള ദേശം

- കെ എ സോളമൻ