Sunday, 5 July 2020

രാത്രിയിലെശബ്ദങ്ങൾ


പാതിരാ കോഴിയുടെ കൂവൽ കേട്ടാണ് കണ്ണു തുറന്നത്. നേരം വെളുക്കാൻ ഇനിയുംഒത്തിരി നേരമുണ്ട്. ഒരു ചെമ്പോത്ത് പാടുന്നതിൻ്റെ ശബ്ദം കേൾക്കാം. അതിനു കൗണ്ടറായി
 പിന്നാലെ മറ്റൊന്നിൻ്റെ ശബ്ദവും. ഒരു പ്രത്യേക താളത്തിലാണ് രണ്ടും ശബ്ദമുണ്ടാക്കുന്നത്. ഒരെണ്ണം ശബ്ദമുണ്ടാക്കിത്തീരുന്നതുവരെ രണ്ടാമത്തേതു കാത്തു നില്ക്കും

പെട്ടെന്നാണ് ചീവിടുകളുടെ ശബ്ദം ഉച്ചത്തിലായത്. തവളകൾ പെക്ക് റോം പൊക്ക് റോം എന്നു ഒച്ചവെച്ചു തുടങ്ങി. മഴവരുന്നുണ്ടെന്ന് തോന്നുന്നു.  കാതിനു ചുറ്റും കൈക്കുമ്പിൾ പിടിച്ചു മഴയുടെ വരവ് ഉറപ്പു വരുത്തി. അതെ, മഴ വരുന്നുന്നുണ്ട്. 

മഴത്തുള്ളികൾ ഓലക്കീറുകളിൽ പതിച്ച് പഴയ നോസ്റ്റാൾജിക് ശബ്ദമുണ്ടാക്കി, ഓലപ്പുരയിൽ മഴത്തുള്ളികൾ വീഴുമ്പോഴുള്ള ഇമ്പമേറിയ ശബ്ദം. ഈ ശബ്ദമുണ്ടാകാൻ മുറിയോടു ചേർന്നുള്ള ഷെഡിൻ്റെ ഷീറ്റിനു മുകളിൽ ഓലക്കീറുകൾ നിരത്തിയിരുന്നു ഞാൻ, ആരും കാണാതെ.

ഷീറ്റിനു മേൽ ഓലക്കീറുകൾ നിരത്തുന്നതു കണ്ടാൽ  ഓരോർത്തർക്കായി വിശദീകരണം നൾകേണ്ടി വരും. അവർക്കറിയില്ലല്ലോ ബാല്യത്തിലേക്ക് തിരികെ പ്പോകുന്നതിൻ്റെ സുഖം.

കോഴിയുടെ കൂവൽ നിന്നു. ചെമ്പോത്തുകൾ സംഗീതം മതിയാക്കി. ചീവീടു കൾ ഒന്നടങ്കം നിദ്രയിലായി. തവളകളുടെ പൊക്രാം ശബ്ദവും നിലച്ചു. മഴ തിമിർത്തു പെയ്യുന്നുണ്ട്. ഓലക്കീറുകളിൽ മഴത്തുള്ളികൾ തീർത്ത സംഗീതം കൺപോളകളിൽ കനം തീർത്തു.

ബാല്യകാല സുഖസുഷുപ്തിയിലേക്ക് ഞാൻ പതിയെ പതിയെ ....

- കെ എ സോളമൻ

No comments:

Post a Comment