കണ്ടക്ടര്‍ നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് പോലും നിയമനം നല്‍കാന്‍ സാധിക്കില്ലെന്ന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവന പ്രതിഷേധാർഹമാണ്.
ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്, അത് ദേശിയ ശരാശരിക്കൊപ്പമാക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. അതു കൊണ്ടാണ് നിയമനം നടത്താൻ ഉദ്ദേശമില്ലാത്തതെന്നു മന്ത്രി.
ചാനൽ മൂരി ശൃംഗാരത്തിനു ശേഷം ഈ മന്ത്രി ജീവിച്ചിരുപ്പുണ്ടോയെന്നറിയുന്നത് ഈ പ്രസ്താവന കേട്ടപ്പോഴാണ്. ചങ്ക് ബസ്, കറണ്ട് ബസ്, ഷോക്കു ബസ്, കണ്ടക്ടർ പണി, ചെക്കിംഗ് പണി, തൂപ്പുപണി, മേസ്തരി പണി ഇവയെല്ലാം പോലീസ് എംഡി നേരിട്ടു നടത്തി പ്രസ്താവന ഇറക്കുന്നതിനാൽ മന്ത്രിക്ക് പ്രസ്താവനയ്ക്കു അവസരമില്ലാതിരിക്കുകയായിരുന്നു. ഇപ്പോഴാണ് ഒരെണ്ണം ഒത്തു കിട്ടിയത്. അതു വെച്ച് പാവം ഉദ്യോഗാർത്ഥികളുടെ തലക്കിട്ടു തന്നെ കിഴുക്കാമെന്നു കരുതി.
കണ്ടക്ടര്‍ തസ്തികയിലേക്ക് 4051 പേര്‍ക്കാണ് പിഎസ്‌സി വഴി അഡ്വൈസ് മെമ്മോ ലഭിച്ചിരിക്കുന്നത്. അഡ്വൈസ് മെമ്മോ ലഭിച്ചാൽ 3 മാസത്തിനകം നിയമനം നടത്തിയിരിക്കണമെന്നതാണ് നിയമം. സ്റ്റാ ട്യൂട്ടറി സ്ഥാപനമായ പി എസ് സി യെ കുരങ്ങു കളിപ്പിക്കാമെന്നാണോ മന്ത്രി കരുതുന്നത്? വേക്കൻസി ഇല്ലായി രുന്നെങ്കിൽ എന്തിന് പരീക്ഷ നടത്താനും റാങ്കുലിസ്റ്റു തയ്യാറാക്കാനും അഡ്വൈസ് മെമ്മോ അയയ്ക്കാനും പി എസ് സി യെ ചുമതലപ്പെടുത്തി? ഉത്തരവാദിത്യപ്പെട്ട ഒരുത്തനുമില്ലേ കെ എസ് ആർ ടി സി യിൽ ?
ഇലക്ട്രിക് ബസ്സെന്നെ വെള്ളാനയെ കെട്ടി എഴുന്നള്ളിച്ചിട്ടുണ്ട്. അധികം വൈകാതെ കട്ടപ്പുറത്തു നിരന്നു നില്ക്കുന്ന ലോ ഫ്ളോറുകൾക്കൊപ്പമാകും ഇവയുടെ അവസ്ഥയും.. ഇലക്ട്രിക്കും, നന്നാക്കിയെടുക്കുന്ന ലോ ഫ്ളേറ്റുകളും ഓടിക്കാൻ ആള് വേണ്ടേ? അവയെല്ലാം മന്ത്രിയും എം ഡിയും കൂടി മാറി മാറി ഓടിക്കുമോ? അതോ അന്യ സംസ്ഥാന നൊഴിലാളികളെ വെച്ചു ദിവസക്കൂലിക്കു ഉന്തിക്കുമോ?
അഡ്വൈസ് മെമ്മോ ലഭിച്ച 4051 പേരും ഒരുമിച്ച് നഷ്ടപരിഹാരത്തിനും തൊഴിൽ നിഷേധത്തിനും വിശ്വാസ വഞ്ചനയ്ക്കും കെ എസ് ആർ ടി സി ക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്
- കെ എ സോളമൻ
No comments:
Post a Comment