പാട്ടുകാരാ, താങ്കൾ എപ്പോ, എവിടെ പ്രസംഗിച്ചാലും ദാരിദ്യത്തെക്കുറിച്ചു പറയും. കൊടിയപട്ടിണി അനു ഭവിച്ചതിനെക്കുറിച്ചു പറയും. അത്ര കണ്ടു ദയനീയമായിരുന്നോ താങ്കളുടെ ജീവിതം? താങ്കളുടെ മാതാപിതാക്കൾക്ക് വരുമാനമുള്ള ഒരു ജോലിയുമില്ലായിരുന്നോ? പട്ടിണിയെക്കുറിച്ച് താങ്കൾക്ക് എന്തെല്ലാം കഥകൾ അറിയാം ? പത്തറുപതു കൊല്ലം മുമ്പ് ഇവിടെ ഭൂരിപക്ഷം പേർക്കും പട്ടിണിയായിരുന്നുവെന്ന കാര്യം താങ്കൾ സമ്മതിക്കുമായിരിക്കും?
അത്തരം ഒരു പട്ടണിയുടെ കഥയാണ് ഇവിടെ പറയാൻ പോകുന്നത്. എപ്പോഴുമെപ്പോഴും ദാരിദ്യത്തിന്റെ കഥ എന്തിനിങ്ങനെ വിളമ്പുന്നു എന്നു ചോദിച്ചത് ഓർത്തു കൊണ്ടു തന്നെയാണ് ഈ കഥ ഞാൻ പറയുന്നത്
60 കൊല്ലം മുമ്പു് എന്നു പറയുമ്പോൾ കൂടുതൽ വീടുകളും ഓല മേഞ്ഞതും ചോർന്നു ഒലിക്കുന്നവയും. കോഴിമുട്ടയുണ്ടെങ്കിൽ അത് പീടികയിൽ കൊടുത്ത് കപ്പലണ്ടി പ്പിണ്ണാക്കു വാങ്ങി വിശപ്പടക്കുന്ന ബാർട്ടർ സിസ്റ്റത്തിന്റെ കാലം. ഒരു മുട്ട പുഴുങ്ങി വീട്ടിലെഎല്ലാവരും കൂടി പങ്കിട്ടു കഴിച്ചാൽ ഒന്നുമാകില്ല. ശരീരത്തിന്റെ ദഹന വ്യവസ്ഥ പ്രവർത്തിക്കണമല്ലോ? കപ്പലണ്ടി പിണ്ണാക്കാകുമ്പേൾ വെള്ളം കുടിച്ചു വീർക്കും. ഡൈജസ്റ്റീവ് സിസ്റ്റം പ്രവർത്തിക്കാൻ നല്ലതാണ്. ചക്കക്കുരുവും നല്ലതാണ്, പക്ഷെ അതെവിടെ കിട്ടാൻ? ഒരു അണക്ക് ഒരു കഷണം കൂഴച്ചക്ക ചന്തയിൽ നിന്നു വാങ്ങിക്കൊണ്ടു വന്നാൽ അതിന്റെ പൊല്ലവരെ ഭക്ഷിക്കും. ആഹാരത്തിൽ ഫൈബർ വേണം എന്ന മഹത്തായ അറിവ് അന്ന് പൊല്ല തിന്നുമ്പോൾ ഇല്ലായിരുന്നു. ചക്ക തന്നെ അപൂർവമാകുമ്പോൾ എവിടെന്നാണ് ചക്കക്കുരു?
ഇത്തരം ദരിദ്രവാസിക്കഥകൾ എഴുതരുതെന്ന് ഞാൻ പലകുറി ആലോചിച്ചിട്ടുള്ളതാണ്'. പക്ഷെ പാട്ടുകാരാ, താങ്കളുടെ പഴയകാല കഥന കഥകൾ കേൾക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്. എന്നു വെച്ചാൽ ഈ എഴുത്തിനു താങ്കൾ തന്നെയാണ് കാരണക്കാരൻ.
വീട്ടിൽ അംഗങ്ങൾ നാലു പേരുണ്ട്. പക്ഷെ ഇക്കഥയിൽ ഞങ്ങൾ രണ്ടു സഹോദരങ്ങൾക്കേ റോളുള്ളു. രണ്ടാമത്തെയാൾ ചേട്ടനാണ്, 3 കൊല്ലവും ഒരു മാസവും ഒരു ദിവസവും മൂത്തത്. സ്കൂളിലൊക്കെ പോകുന്നില്ലേയെന്നു ചോദിച്ചാൽ പോകുന്നുണ്ട്. ആഴ്ചയിൽ 7 ദിവസവും സ്കൂളു പ്രവർത്തിക്കാത്തതിൽ വിഷമവും ഉണ്ട്. പഠനമില്ലെങ്കിൽ രണ്ടു ദിവസത്തെ ഉച്ചക്കഞ്ഞി കൃത്യസമയത്ത് കിട്ടില്ല. വീട്ടിൽ കപ്പപുഴങ്ങിയത് ഉണ്ടെങ്കിൽ തന്നെ അതിന് സ്കൂളിലെ കപ്പക്കറിയുടെ ടേസ്റ്റില്ല .
സ്കൂളിലെ ഉച്ചക്കഞ്ഞിക്കു ശേഷം പിന്നീടെപ്പോഴോ ആണ് ഉപ്പുമാവ് വന്നത്. ഉപ്പുമാവ് അധികം നാൾ കഴിക്കാൻ യോഗമുണ്ടായില്ല. നാലാം ക്ളാസ് പിന്നിട്ടാൽ വിശപ്പ് പ്രശ്നമല്ല എന്നതായിരുന്നു അന്നത്തെ സ്കൂൾ അധികൃതരുടെ നിലപാട്.
വീട്ടിലെ പട്ടിണി കലശലാകുമ്പോൾ ചേട്ടനും ഞാനും കൂടി വീടുവിട്ടു പോകുന്ന ശീലമുണ്ട്. വല്ല ഇടത്തേക്കുമല്ല, 8മൈൽ അകലെയുള്ള അമ്മ വീട്ടിലേക്ക്. അവിടെ എന്തെങ്കിലും തിന്നാൻ കിട്ടും, അവിടത്തെ പിള്ളാരുമായി കളിക്കാം എന്നാക്കെയാണ് പ്രതീക്ഷ. ഒട്ടുമിക്ക അവസരങ്ങളിലും പ്രതീക്ഷ സഫലമാകാറുമുണ്ട്.
പക്ഷെ ചിലപ്പോൾ അവിടത്തെ പ്രശ്നവും സങ്കീർണ്ണമാകും. എന്തു ചെയ്യണമെന്നറിയാതെ അവർ നക്ഷത്രമെണ്ണമ്പോഴാണ് രണ്ടു വിരുന്നുകാർ കൂടിചെല്ലുന്നത്. തിരികെ പറഞ്ഞു വിടില്ലെങ്കിലും കുറച്ചു നേരം ചുറ്റിക്കറങ്ങി നിന്നിട്ട് വൈകിട്ടു മടങ്ങും.
പിന്നെപ്പോയാൽ പോരെ എന്നൊക്കെ ചോദിക്കുമ്പോൾ ഒഴിവു കഴിവ് എന്തെങ്കിലും പറയും.
അങ്ങനെ ഒരു ദിവസംതിരികെ പോരുമ്പോൾ ഞാൻ വലിയ വിഷമത്തിലായി. പൊരിയുന്ന വയറുമായി 8 മൈൽ തിരികെ നടക്കുന്നത് ഓർക്കാനെ വയ്യ.
നടന്ന് നടന്ന് ഒരു ദൂരമെത്തിയപ്പോൾ വയറു വിശന്ന് , കാലു കുഴഞ്ഞു ഞാൻ നിലത്തിരുന്നു പോയി - സംരക്ഷകനായ സഹോദരന് എന്നെ വിട്ടിട്ട് പോകാനും പറ്റുന്നില്ല.
അടുത്തു കണ്ട വീട്ടിൽ പോയി കിണർ വെള്ളം കോരിക്കടിച്ചു. ഏറെ നേരം അങ്ങിനെ വഴിയിൽ കുത്തിയിരുന്നു.
അല്ല ഗായകാ, താങ്കൾക്ക് എന്റെ കഥ കേട്ടു ബോറടിയായോ ? താങ്കൾ പറഞ്ഞിട്ടുള്ള കഥകളും ഏതാണ്ട് ഇമ്മാതിരി അല്ലേ?
സന്ധ്യയായി, വഴിയിൽ കുത്തിയിരുന്ന ഞങ്ങളെക്കടന്ന് സ്ത്രീകളും കൂട്ടികളുമുൾപ്പെടെ കുറെപ്പേർ കടന്നു പോയി.
അടുത്തൊരു വീട്ടിൽ കല്യാണമാണു് നാളെ. ഇന്ന് അത്താഴ മൂട്ട്.
നടക്കാൻ വയ്യാതിരുന്ന എന്നെ ചേട്ടൻ വലിച്ചെഴുന്നേൾപ്പിച്ചു. ഞങ്ങളും അവർക്കൊപ്പം നടന്നു. അന്നത്തെ രാത്രിഭക്ഷണത്തിന്റെ വിലഎങ്ങനെ മറക്കാൻ?
വളരെ സ്മാർട്ടായിരുന്നു എന്റെ സഹോദരൻ. എന്തെങ്കിലും ഒരു വഴികാണാതിരിക്കില്ല എന്നു എപ്പോഴും വിശ്വസിക്കുന്ന പ്രകൃതക്കാരൻ
" നമുക്ക് നാളത്തെ കല്യാണ സദ്യയും കഴിഞ്ഞിട്ടു പോയാൽ മതി. ഇവിടെ പന്തലിൽ ഒരുപാട് പേരുണ്ടല്ലോ"
യാതൊരു വിധ എതിരഭിപ്രായവും എനിക്കില്ലായിരുന്നു. കല്യാണ വീട്ടിലെ തിരക്കിൽ ചെറിയ ജോലികൾ ചെയ്തു ഞങ്ങളും കൂടി. രാത്രിഒരുമിച്ച് ഞങ്ങൾ പന്തലിൽക്കിടന്നു ഉറങ്ങി. ഞങ്ങൾ എവിടെന്നു വന്നുവെന്ന് ആരും ചോദിച്ചില്ല. അനിയനെ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത ചേട്ടൻ വീട്ടിലില്ലാത്ത മുൻകരുതലുകളാണ് സ്വീകരിച്ചത്.
അക്കാലത്ത് നിക്കറ് ധരിക്കുന്നത് പണക്കാരായ കുട്ടികളായിരുന്നു, ഞങ്ങൾ - പാവങ്ങൾക്കൊക്കെ മുണ്ടായിരുന്നു വേഷം, സ്കൂളിൽ പോകുന്നതു കൊണ്ട് ഉടുപ്പുമുണ്ട് -
മുണ്ടിന്റെ അറ്റം അനിയന്റെ മുണ്ടിൽ ചേർത്തു കെട്ടി ചേട്ടൻകിടന്നുറങ്ങി. വീട്ടിലായിരിക്കുമ്പോൾ ഉറക്കത്തിൽ എഴുന്നേറ്റ് അമ്മയെ തിരക്കി അറുകാൽപുരയുടെ മെടല വാതിൽ നീക്കി പുറത്തേയ്ക്കു പോകുന്ന സ്വഭാവം അനിയനുണ്ടായിരുന്നു. ഇവിടെയും അവൻ ഉറക്കത്തിൽ എഴുന്നേറ്റു പോയാലോ ?
ആ സമയം മുഴവനും നാളെത്തെ സദ്യയിൽ തങ്ങളെ കാത്തിരിക്കുന്ന അതിവിശിഷ്ട വിഭവങ്ങളെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു അനിയൻ.
പാട്ടുകാരാ, ചോദിച്ചോട്ടേ , അങ്ങയുടെ പട്ടണി ക്കാലത്തെക്കുറിച്ച് ഇങ്ങനെ വല്ല ഓർമ്മയും? വിളിക്കാത്തിടത്തു പോയി കല്യാണം കൂടി വിഭവസമൃദ്ധമായ സദ്യയുണ്ട അനുഭവം ?
- കെ എ സോളമൻ