കേരള ബജറ്റിലെ സാഹിത്യ വൈവിധ്യം.
കേൾക്കുന്നത് എന്താണെന്നു വെച്ചാൽ ഇത്തവണത്തെ കേരള ബജറ്റ് വീണ്ടും വീണ്ടും വായിക്കപ്പെടും എന്നുള്ളതാണ്. ആദ്യം വായിക്കുന്നത് തിരുർ തുഞ്ചൻ പറമ്പ് സാഹിത്യ സമ്മേളനത്തിൽ, പിന്നീട് ജയ്പൂർ സാഹിത്യോൽസവത്തിൽ പ്രത്യേക വിഭാഗത്തിൽ പ്പെടുത്തിയും. ജയ്പ്പൂർ സാഹിത്യോൽസവത്തിൽ കേരള ബജറ്റു വായന ഉൾപ്പടുത്താനുള്ള മുഖ്യ കാരണം ബജറ്റിൽ ഇതര സാഹിത്യ കൃതികളികളിൽ നിന്ന് ഭാഗങ്ങൾ ഉൾപ്പെടുത്തിയതു മാത്രമല്ല യാഥാർത്ഥ്യങ്ങളിൽ നിന്നകന്ന് കൂടുതൽ കാല്പനികത കൊണ്ടുവന്നതിനാലാണ്.
പത്താം ക്ലാസ്സുകാരി സ്നേഹ മുതൽ പ്രശസ്ത കവി ബാലാമണിയമ്മ വരെയുണ്ട് ഐസക്കിന്റെ ബജറ്റിലെ സാഹിത്യ വെെവിധ്യത്തിൽ.
പത്തം ക്ളാസുകാരുടെ നാലുവരി-എട്ടു വരി കവിതകൾ മുമ്പും പ്രശംസിക്കപ്പെട്ടു കണ്ടിട്ടുണ്ട്. മുമ്പൊരിക്കൽ ഇടപ്പള്ളി സാഹിത്യോത്സവത്തിൽ പങ്കെടുത്തപ്പോൾ കൊടുമുണ്ട ഹൈസ്കൂളിലെ പത്താം ക്ളാസുകാരൻ ഇസ്മായിലിന്റെ കവിത കുമാരാ നാശന്റേതിനെക്കാൾ മികച്ചതാണെന്ന് ഒരു സാഹിത്യ നിരൂപകൻ പറയുന്നതു കേൾക്കയുണ്ടായി. പിന്നീട് പ്രസംഗിച്ചവർ നിരൂപകനെ പൊങ്കാലയിട്ടെങ്കിലും ആസ്വാദന നിലവാരം അങ്ങനെയൊക്കെയാണ് . സ്നേഹയുടെ കവിതയിൽ സോഡിയം ക്ലോറൈഡ് എന്നൊക്കെ എഴുതി വെച്ചിരിക്കുന്നതു കണ്ടാൽ സാഹിത്യപുരന്ദരനായ മന്ത്രിയെ എങ്ങനെയാണ് അത് ആകർഷിക്കാതിരിക്കുക?
മലയാളം ലെക്സിക്കനും കേരളാ ഗസറ്റും പകർത്തി മന്ത്രി ഐസക് സുകര പ്രസവം പോലെ കുറെ പുസ്തകമെഴുതിയിട്ടുണ്ടെങ്കിലും അവയൊന്നും ആരും വായിക്കുന്നില്ലെന്നു അദ്ദേഹത്തിനു തന്നെവ്യക്തം. അല്ലെങ്കിൽ പെണ്ണെഴുത്തു വരികൾ ഇടതടവില്ലാതെ ബജറ്റിൽ ചേർത്തതിന്റെ കൂടെ ഒരു പാരഗ്രാഫ് തന്റെ നാല്പത്തിയൊന്നാം പുസ്തകത്തിന്റെ പതിനാലാം പുറത്തിൽ നിന്നാണെന്ന് അദ്ദേഹത്തിനു എഴുതി വെയ്ക്കാമായിരുന്നു.
ബജറ്റ് വായന സ്റുഷ്ടിക്കുന്ന ബോറടി ഒഴിവാക്കാന്‍ സാഹിത്യം ആവശ്യമാണെന്ന അഭിപ്രായക്കാരനാണ് ധനമന്ത്രി തോമസ് ഐസക്. അത് ഒരു കണക്കിനു ശരിയുമാണ്. ബജറ്റ് വായന തുടങ്ങുമ്പോൾ തന്നെ കേൾവിക്കാരായ ഒട്ടുമിക്ക എം എൽ എ മാരും ഉറക്കം തുടങ്ങും. ഉറക്കത്തിന്റെ കൂടെ നേരിയ സംഗീതം കൂടി ആയാലോ, സുഖസുഷുപ്തിയിലെത്തും. പാട്ടും കവിതയും ചേർക്കുന്നത് ഈ ഉദ്ദേശത്തിലാണെന്നു അദ്ദേഹം പറയാതെ പറഞ്ഞന്നേയുള്ളൂ.
സ്വന്തം വ്യക്തിത്വവും അന്തസ്സും സ്ഥാപിച്ചുകിട്ടാനുള്ള സ്ത്രീകളുടെ പടയോട്ടത്തിന് ഈ ബജറ്റ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു വെന്ന് അദ്ദേഹം പറയുമ്പോൾ കോരിത്തരിക്കാത്ത സ്ത്രീകളാര്? എല്ലാ സ്ത്രീകളുടെയും അന്തസ്സു വർദ്ധിക്കുന്നതോടെ പുരുഷന്മാരെല്ലാം നാടുകടത്തപ്പെടുമോ യെന്ന ചോദ്യവും ബാക്കിയാവുന്നു, പ്രത്യേകിച്ചും സരിതാ നായരുടെ കബഡി കളി യഥേഷ്ടം അരങ്ങേറിയ കേരള നാട്ടിൽ.
ബജറ്റിലെ സ്ത്രീസാഹിത്യ വൈവിധ്യം എന്തു തന്നെയായാലും അവിവാഹിതകളായ സ്ത്രീകൾക്ക് 2000രു പാ വെച്ചുകൊടുക്കാനുള്ള നിർദ്ദേശം അവരോടുള്ള വെല്ലുവിളിയായി . മുമ്പു കരുണാകരൻ ഭരണകാലത്ത് ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് 5000 രൂപാ 'പാരിതോഷികം' പ്രഖ്യാപിച്ചിരുന്നു. പണം ആവശ്യപ്പെട്ട് ആരും തന്നെ ഇക്കാര്യത്തിൽ അപേക്ഷയുമായി വരാതിരുന്നതിന്നാൽ അഞ്ചു പൈസ ഖജനാവിൽ നിന്ന് നഷ്ടമായില്ല. ഇത് തന്നെയല്ലേ സാഹിത്യ നിപുണനായ ധനമന്ത്രിയും ഉദ്ദേശിക്കുന്നത്?
- കെ എ സോളമൻ
No comments:
Post a Comment