കോളജിൽ പഠിക്കാൻ വന്നതാണല്ലേ?
ബഹുമാനപ്പെട്ട സിസ്റ്ററിന്റെചോദ്യത്തിൽ പരിഹാസമാണോ സ്നേഹമാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഏയ്, പരിഹാസമാവില്ല. കന്യാസ്ത്രിമാർക്ക് പരിഹസിക്കനാവില്ല അവരുടെ ട്രെയിനിംഗ് അങ്ങനെയാണ്. സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പാഠങ്ങളാണ് പരിശീലന കാലത്ത് അവർ അഭ്യസിക്കുന്നത്.
അല്ല, പരിഹാസമാണ് ചോദ്യത്തിലെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എന്റെ വേഷവും മുടിയുമൊക്കെ കണ്ടാൽ അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു, ചാരക്കൂനയിൽ നിന്ന് എഴുന്നേറ്റു വന്നു നടൂ നിവർത്തുന്ന നാടൻ ശുനകനെ പോലെ.
" അതേ, ഒരു ആപ്ളിക്കേഷൻ, അല്ല അപേക്ഷഫാറം വേണം, എത്രയാ?"
"രണ്ടു രൂപാ "
ഫാറം വില്ക്കുന്ന സിസ്റ്ററും മറ്റു രണ്ടു സിസ്റ്റർ മാരും വലിയ പ്രൗഢിയിലാണു് ഇരുപ്പ്. ബഞ്ചുകൾ കൂട്ടിയിട്ട് തട്ടുണ്ടാക്കി തട്ടിനു പുറത്ത് കയർമാറ്റ് വിരിച്ച് അതിനു മുകളിൽ മേശയും കസേരയു മിട്ടാണ് ഇരുപ്പ്. അക്ഷേഫാറം വാങ്ങനെത്തുന്നവർ കൈയുയർത്തി വേണം പണം ന ൾകാനും ഫാറം വാങ്ങാനും . മറ്റു ജീവനക്കാർ അവിടവിടങ്ങളിലായി ഇരുന്നു ജോലി ചെയ്യുന്നുണ്ട്. സിസ്റ്റർമാർ മാത്രം ഉയരത്തിൽ. ഉയർന്ന ജോലി ചെയ്യുന്നവരും പണം കൈകാര്യം ചെയ്യുന്നവരും ഉയർന്നു തന്നെ ഇരിക്കണം എന്ന് നിയമമുണ്ടാകാം. സ്ഥലം സബ്ട്രഷറിയിൽ നോട്ട് പുറത്തേക്കു വലിച്ചെറിഞ്ഞു കൊടുക്കുന്ന ഒരു കാഷ്യർ തട്ടിലിരുന്നു ജോലി ചെയ്ത സംഭവം ഓർമ്മയിലുണ്ട്.
രണ്ടു രൂപാ വാങ്ങി മേശയിൽ ഇടുമ്പോൾ സിസ്റ്റർ ചോദിച്ചു, "എത്ര മാർക്കുണ്ട് ?"
ആ ചോദ്യത്തിലും എന്തോ പിശകുണ്ട്. കഷ്ടിച്ചു കടന്നു കൂടിയതാണെന്നും ഈ കോളജിൽ അഡ്മിഷൻ കിട്ടാൻ സാധ്യതയില്ലായെന്ന ധ്വനിയും ആ ചോദ്യത്തിൽ ഉള്ളതായി തോന്നി- ഇവിടെ സെന്റ് മൈക്കിൾസിൽ അല്ലാതെ അടുത്തുള്ള എസ് എൻ കോളജിലും എൻ എസ് എസ് കോളജിലും അഡ്മിഷൻ കിട്ടില്ലെന്നു ഉറപ്പ്. ജാതി വെറി ഇന്നത്തെ അത്രയുമില്ലെങ്കിലും അന്ന് എസ് എൻ കോളജിൽ ഈഴവർക്കും, എൻ എസ് എസിൽ നായന്മാർക്കുമായിരുന്നു പ്രിഫറൻസ്. അതിലാകാട്ടെ തെറ്റുകാണാനുമില്ല. ജാതി സംഘടനകൾ നടത്തുന്ന കലാലയങ്ങളിൽ അവരുടെ ആൾക്കാർക്കല്ലാതെ മറ്റാർക്കാണ് മുൻഗണന കൊടുക്കുക?
അഡ്മിഷൻ കിട്ടില്ലായെന്ന തോന്നൽ കൊണ്ടാവാം എന്റെമുഖത്തിന്റെ ഇടതു വശത്ത് കറുപ്പു ബാധിക്കുന്നതായി ഒരു തോന്നൽ. ഒരു പക്ഷെ മരവിക്കുന്നതാകാം, കറുപ്പു പരക്കുന്നതായാണ് അനുഭവപ്പെടുക. അങ്ങനെ തോന്നിയാൽ പ്രയാസം തരണം ചെയ്യാൻ മനസ്സുസജ്ജമാകുകയും ചെയ്യും. ഇന്നും ആ പതിവുതുടരുന്നു
" 376 മാർക്ക്, ഇംഗ്ലീഷ് 53, മലയാളം 52, ഹിന്ദി 51, സോഷ്യൽ സ്റ്റഡീസ് 66, ജനറൽ സയൻസ് 73, കണക്ക് 81. ഫസ്റ്റു ക്ളാസ് ഉണ്ടു സിസ്റ്റർ "
സിസ്റ്റർക്കറിയുമോ ഇതു എസ് എസ് എൽ സി ടാബ്ലറ്റിലെ മുസ്തഫാ റാവുത്തരും രത്തൻ ലാൽ സേട്ടും അനുഗ്രഹിച്ചു കിട്ടിയ മാർക്കാണെന്ന് ?
കസേരയിൽ നിന്ന് എഴുന്നേറ്റുനിന്ന് സിസ്റ്റർ എന്റെ നേരെ കൈകൂപ്പി. ഇതെന്തൽഭുതം. സ്തുതി പറയേണ്ടത് സാധാരണ അങ്ങോട്ടല്ലേ, സിസ്റ്റർ ഇങ്ങോട്ടു സ്തുതി പറയുന്നോ?
"ഓരോ വിഷയത്തിനും കിട്ടിയ മാർക്കു പറയേണ്ടതില്ല. മൊത്തം പറഞ്ഞാൽ മതി. ഇതാ അപേക്ഷാ ഫാറവും പ്രോസ്പെക്ടസും. വേറെ ഒരു കോളജിലും പോകരുത് കേട്ടോ, ഇവിടെത്തന്നെ ചേരണം"
ഞാൻ അവിടെത്തന്നെ ചേർന്നു പഠിച്ചു.
ഇന്നുസിസ്റ്ററെ ചില മരണവീടുകളിൽ വെച്ചു കാണാറുണ്ട്. വിവാഹ സത്കാരങ്ങളിൽ അവർ അപൂർവ്വമായേ പങ്കെടുക്കാറുള്ളു. ഒരിക്കൽ ഞാൻ സിസ്റ്ററോടു ചോദിച്ചു.
" സിസ്റ്ററെന്തിനാ അന്നു അപേക്ഷഫാറം തരാൻ നേരത്തു എന്നോടു സ്തുതി പറഞ്ഞത് ?"
" അതോ, ഞാൻ ഫാറവിതരണത്തിനു ഇരുന്നിട്ട് വാങ്ങാൻ വരുന്നതെല്ലാം 220 കാർ. ഒരുത്തനു പോലെ 300 മാർക്കിൽ കൂടുതലില്ല. ആദ്യമായാണ് ഒരു ഒന്നാം ക്ളാസ് കാരൻ ഫാറം വാങ്ങാൻവരുന്നത്, എങ്ങനെ വണങ്ങാതിരിക്കും, അതു കൊണ്ടാണ് എഴുന്നേറ്റു കൈകൂപ്പിയത് "
- കെ എ സോളമൻ
No comments:
Post a Comment