Sunday, 27 July 2014

പ്ലസ്‌ ടു കച്ചവടം


















പ്ലസ്‌ ടു ഇല്ലാത്ത പഞ്ചായത്തുകളില്‍ പ്ലസ്‌ ടു അനുവദിക്കാനുളള തീരുമാനം പരണത്ത് കേറ്റിയെങ്കിലും നിലവിലെ ഹയര്‍ സെക്കന്ഡറി സ്കൂളുകളില്‍ അധികബാച്ച് അനുവദിക്കുന്നതില്‍ കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടായി. അധിക ബാച്ച് ഇടപാടില്‍ കോടികളുടെ തിരിമറി നടന്നിട്ടുണ്ട് എന്ന ആരോപണം തള്ളിക്കളയനാവാത്ത വിധമാണു ആലപ്പുഴ ജില്ലയില്‍ നിന്നുള്ള വാര്ത്തകള്‍. പ്ലസ് ടൂ ഇടപാടില്‍ ജില്ലയിലെ തീരദേശമേഖല പാടെ അവഗണിക്കപ്പെട്ടിരിക്കുകയാണ്.

ചേര്‍ത്തല താലൂക്ക് തുറവൂര്‍ പഞ്ചായത്തിലെ പള്ളിത്തോട് സെയിന്‍റ് സെബാസ്റ്റിയന്‍സ് സ്കൂള്‍ പത്താം ക്ലാസ് പരീക്ഷയ്ക്ക് 100 ശതമാനം വിജയം കൈവരിച്ചതാണ്. കോഴകൊടുക്കാത്തതു കൊണ്ടാവണം ഈ സ്കൂള്‍ മാനേജുമെന്‍റിന്റെ അപേക്ഷ പരിഗണിക്കപ്പെട്ടില്ല. ചെല്ലാനം, പള്ളിത്തോട്, അഴീക്കല്‍, ഒറ്റമശേരിഎന്നിവടങ്ങളിലെ കുട്ടികള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പ്ലസ് ടുപഠനം നടത്തുന്നത്.

തീരദേശ മേഖലയിലെ മറ്റൊരു ഹൈസ്കൂളായ തങ്കി സെയിന്‍റ് ജോര്‍ജസ് സ്കൂളില്‍ പ്ലസ് ടു തുടങ്ങാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. തീരദേശത്തെ മല്സ്യത്തൊഴിലാളികളെ സംരക്ഷിക്കുമെന്ന് പറയുന്ന സര്ക്കാര്‍ അവരുടെ ഉന്നമനത്തിന് വേണ്ട യാതൊന്നും ചെയുന്നില്ല എന്നതിന് തെളിവാണ് ഈ സ്കൂളുകളോടുള്ള അവഗണന.

ഇ.കെ.നയനാര്‍ സര്‍ക്കാരിന്റെ കാലത്താണ്‌ വിപുലമായി ഒടുവില്‍ പ്ലസ്‌ ടു അനുവദിച്ചത്‌. അന്ന്‌ പി.ജെ. ജോസഫായിരുന്നു വിദ്യാഭ്യാസ മന്ത്രി. അദ്ദേഹത്തിനെതിരെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഒരു നേതാവിനെതിരെയും അക്കാലത്ത്‌ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട്‌ ആ നേതാവും മന്ത്രിയും തെറ്റി. ഒടുവില്‍ ഇരുവരും യു.ഡി.എഫിലെത്തി. അന്ന്‌ നടന്നതു പോലെയുളള വലിയ അഴിമതിയാണ്‌ പ്ലസ്‌ ടു കച്ചവടത്തിലൂടെ ലീഗും യു.ഡി.എഫ്‌ സര്‍ക്കാര്‍ നടത്തുന്നത്.
ഓരോ പ്ലസ്‌ ടു ബാച്ച്‌ അനുവദിക്കുമ്പോഴും ലക്ഷങ്ങള്‍ കൈക്കൂലികൊടുക്കണമെന്നതും . കൈക്കൂലി ഇല്ലെങ്കില്‍ അദ്ധ്യാപക പോസ്റ്റുകള്‍ നല്‍കണമെന്നതും ലജ്ജാകരമാണ്.


കെ എ സോളമന്‍

Thursday, 10 July 2014

ഓപ്പറേഷന്‍ കൂബര്‍- കഥ –കെ എ സോളമന്‍




പഠിക്കാന്‍ അല്പം പിന്നോക്കമായിരുന്നെങ്കിലും പ്രായോഗികതയില്‍ വളരെ മുന്നിലായിരുന്നു ഫ്രാന്‍സിസ്- ഞങ്ങളുടെ ആറാം ക്ലാസ് സഹപാഠി. ക്ലാസ് ടീച്ചര്‍ കുമാരപിള്ള സാര്‍ അവനെ പൊറിഞ്ചു എന്നാണ് വിളിക്കുക. പീറ്ററെ പത്രോസെന്നും, മൈക്കളിനെ മിഖായേല്‍ എന്നും ജേക്കബ്ബിനെ യാക്കോബ് എന്നും ജോര്‍ജിനെ ഗീവര്‍ഗീസെന്നും, ഫ്രാന്‍സീസിനെ പൊറിഞ്ചുവെന്നും മലയാളത്തില്‍ വിളിക്കാമെന്നു പിള്ളസാര്‍. എങ്കില്‍ കുമാരപിള്ളയ്ക്ക് ഇംഗ്ലിഷില്‍ എന്തുവിളിക്കാമെന്ന് ചോദിക്കണമെന്ന് പലകുറി തോന്നിയിട്ടുണ്ടെങ്കിലും സാറിന്റെ മുന്നിലെത്തുംപോള് ഞങ്ങളൊക്കെ ചോദ്യം മറക്കും. ഫ്രാന്‍സിസ് മാത്രമേ സാറിന്റെ മുന്പില്‍ അല്പമെങ്കിലും ധൈര്യം കാട്ടിയിരുന്നുള്ളൂ.

ഞങ്ങളുടെ ക്ലാസിലെ വെളുത്തുതുടത്തകുട്ടിയായിരുന്നു ഉഷാകുമാരി, സ്കൂളിലെ തന്നെ ഗീത ടീച്ചറിന്റെ മോള്‍. ഞങ്ങളെല്ലാം വളരെ അല്‍ഭൂതത്തോടെയാണ് ഉഷാകുമാരിയെ കണ്ടിരുന്നത്. കുമാരപിള്ളസാറിനു പോലും ഉഷാകുമാരി കഴിഞ്ഞിട്ടേ ക്ലാസില്‍ മാറ്റുകൂട്ടികള്‍ ഉള്ളൂ.പള്ളിവക സ്കൂളാണെന്കിലും മറ്റുസാമുദായങ്ങളില്‍ നിന്നുള്ളവരെയും സ്കൂളില്‍ നിയമിക്കുമായിരുന്നു. അങ്ങനെയാണ് കുമാര്‍പിള്ള സാറും ഗീതട്ടീച്ചറുമൊക്കെ സ്കൂളില്‍ എത്തിയത്.

ഒരിക്കല്‍ ഇന്‍റര്‍വല്‍ സമയത്ത് ഉഷാകുമാരി ക്ലാസില്‍ തലകറങ്ങി വീണു.കുമാരപിള്ളസാറിനെ വിവരമറിയിക്കാന്‍ ഞങ്ങള്‍ തിരക്കുകൂടിയപ്പോള്‍ ഫ്രാന്‍സിസ് പുറത്തേക്ക് ഓടുന്നതാണ് കണ്ടത്.
“ഇവനെന്തിനാണ് ഓടുന്നത്, ഉഷാകുമാരിയുടെ തലകറക്കത്തിന് കാരണം ഇവനാണോ?” മറ്റുള്ളവര്‍ക്ക് ഇങ്ങനെയൊക്കെ തോന്നാമെങ്കിലും ഞങ്ങല്‍ക്കാര്‍ക്കും അവനെക്കുറിച്ച് ഒരു സംശയവും ഇല്ലായിരുന്നു.

പള്ളിക്കവലയിലെ സന്ധ്യാവ് ചേട്ടന്റെ മുറുക്കാന്‍ കടയില്‍നിന്നു ഒരു സോഡ വാങ്ങിക്കൊണ്ടുവന്നു ഉഷാകുമാരിയുടെ മുഖത്ത് തളിച്ചതിന് ശേഷമാണ് അവന്‍ ശ്വാസം വിട്ടത്. തലകറക്കം വിട്ടെഴുന്നേറ്റ ഉഷാകുമാരി ഫ്രാന്‍സിനെ നോക്കിച്ചിരിച്ചപ്പോള്‍ അവന്റെ മുഖത്തെ നിര്‍വൃതിഒന്നു കാണേണ്ടത് തന്നെയായിരുന്നു.. ഈ ബുദ്ധി എന്തുകൊണ്ട് ആദ്യം തോന്നിയില്ല എന്ന നിരാശ ഞങ്ങള്‍ എല്ലാവരുടെയും മുഖത്തു നിഴലിക്കുകയും ചെയ്തു. ഉഷാകുമാരി ഇനി എപ്പോഴെങ്കിലും തലകറങ്ങുംപോള് ആദ്യംതന്നെ സോഡ വാങ്ങാന്‍ ഓടണമെന്ന് വിചാരിച്ചെങ്കിലും പിന്നീടൊരിക്കലും അവള്‍ക്ക് തലകറക്കം ഉണ്ടായില്ല. കുമാരപിള്ള സാറിനും ഗീതട്ടീച്ചറിനുംഫ്രാന്‍സിസ്നോട്തുടര്‍ന്നങ്ങോട്ട് വല്യ കാര്യമായിരുന്നു.

“ഫ്രാന്‍സീസിനെ കണ്ടുപഠിക്കൂ കുമാരപിള്ളസാര്‍ ഞങ്ങളെ തുടന്ന് ഉപദേശിച്ചത് ഇങ്ങനെയായിരുന്നു.അത്രയും നാള്‍ പൊറിഞ്ചുവെന്ന് വിളിച്ചിരുന്ന സാര്‍ അവനെ പിന്നീട് ഫ്രാന്‍സിസ് എന്നെ വിളിച്ചിട്ടുള്ളൂ.


സ്കൂളിനോട് ചേര്‍ന്നുള്ള പള്ളിയിലെ കുമ്പസാരത്തിന്റെ മുന്‍ഗണനാനിയമം ഞങ്ങള്‍ കൂട്ടുകാര്‍ക്ക് പറഞ്ഞുതന്നത് ഫ്രാന്‍സിസ് ആണ്. കുമ്പസാര ക്യൂവില്‍ പലപ്രാവശ്യം നിന്നിട്ടും ഞങ്ങളെ കുമ്പസാരിരിപ്പിക്കാന്‍ അച്ഛന്‍ സമ്മതിച്ചില്ല, എന്നാല്‍ ഫ്രാന്‍സീസിനെ അതിനുവദിക്കുകയും ചെയ്തു.

“ഇതെന്തു സൂത്രം?” ഞങ്ങള്‍ അവനോടു ചോദിച്ചു.
“കുമ്പസാരിച്ചിട്ടു എത്ര നാളായെന്ന് ആദ്യം പറയണം, എന്നിട്ടേ ചെയ്ത പാപങ്ങള്‍ ഏറ്റുപറയാവു.
അവന്‍ പറഞ്ഞത് വളരെ ശരിയാണെന്ന് അടുത്ത ശ്രമത്തില്‍ ഞങ്ങല്‍ക്കെല്ലാം ബോധ്യമാകുകയും ചെയ്തു.

ആറാം ക്ലാസ്സും ഏഴും കഴിഞ്ഞു ഞങ്ങളെല്ലാം യു പി സ്കൂള്‍ വിട്ടു, പലപല സ്കൂളുകളില്‍ ചേര്‍ന്ന്. ഫ്രാന്‍സിസും ഉഷാകുമാരിയും ഏതൊക്കെ സ്കൂളില്‍ ചേര്‍ന്നെന് ചിലരോടെക്കേ അന്വേഷിച്ചെങ്കിലും ആര്‍ക്കും കൃത്യമായഅറിവില്ലായിരുന്നു.

അങ്ങനെ കൊല്ലങ്ങള്‍ കുറെ പിന്നീട്ടു, കൃത്യമായി പറഞ്ഞാല്‍ 40കൊല്ലം. ഫ്രാന്‍സീസിനെ വല്ലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഉഷാകുമാരിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. ഇപ്പോഴിതാ ഫ്രാന്‍സിസിനെ അടുത്തു കിട്ടിയിരിക്കുന്നു. ഒത്തിരി സംസാരിക്കണമെന്നുണെങ്കിലും അവന്റെവേഷം കണ്ടപ്പോള്‍ എനിക്കു തെല്ലു വിഷമം തോന്നി. ഷര്‍ട്ട് തോളില്‍ അല്പം പിഞ്ചിയിരിക്കുന്നു, ഒറ്റമുണ്ടാണ് ഉടുത്തിരിക്കുന്നത്, അതും പുതിയതല്ല. കുടയുടെ ശീല നരച്ചിരിക്കുന്നു. എങ്കിലും അവന്റെ മുഖത്ത് പഴയ ചിരിയുണ്ട്.

സംസാരിച്ച് കഴിഞ്ഞപ്പോളാണ് എനിക്കുതോന്നിയത് അവന്‍ സാമ്പത്തികമായി അല്പം വിഷമിത്തിലാണെന്ന്. പത്തിരുന്നൂറു രൂപകൊടുത്തു സഹായിക്കാമെന്ന് വെച്ചാല്‍ മൂന്നാമതൊരാള് കൂടെയുള്ളപ്പോള്‍ എങ്ങനെയാണതൂ ചെയ്യുക? ഞാന്‍ അവന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി.

വീട്ടിലെത്തി അത്താഴമൊക്കെ കഴിച്ചു കിടന്നിട്ടും ഉറക്കം വന്നില്ല. ഒരു 100 രൂപ കൊടുത്തുപോലും എന്റെ ആറാം ക്ലാസ് സ്നേഹിതനെ സഹായിക്കാന്‍ കഴിയാത്ത വിഷമമായിരുന്നു എനിക്ക്.

രാവിലെ എഴുന്നേറ്റെങ്കിലും ഫ്രാന്‍സിസ്നേ കുറിച്ചുള്ള വിചാരമായിരുന്നു. പത്രംവായിക്കാന്‍ തുടങ്ങിയപ്പോഴും തെളിഞ്ഞുവന്നത് ഫ്രാന്‍സിസ്ന്‍റെ മുഖമാണ്. 

ഇന്നുതന്നെ അവന്ഒരു അഞ്ഞൂറുരൂപ  കൊടുക്കണം, ഞാന്‍ തീരുമാനിച്ചു.

പത്രത്തില്‍ എന്തൊക്കെയാണ് വിശേഷങ്ങള്‍? 

മോഡി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവില്ല. 

പ്രാദേശിക വാര്‍ത്താപേജ് വായിച്ചപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്..

കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ പുതുപ്പറമ്പില്‍വീട്ടില്‍ ഫ്രാന്‍സിസ്നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്നു 15 മുദ്രപ്പത്രങ്ങള്‍, 25 പ്രമാണങ്ങള്‍, 250 ചെക്ക് ലീഫുകള്‍ എന്നിവ പിടിച്ചെടുത്തു. ഓപ്പറേഷന്‍ കൂബര്‍!

                 ---------------------------------------   

Monday, 7 July 2014

പുഴയൊഴുകും വഴി -ഹൈക്കു കവിത –കെ എ സോളമന്‍



1)പുഴയൊഴുകും  വഴി

പുല്ലാനിപ്പരപ്പില്ല,
പുഴയൊഴുകും വഴിയില്ല, എങ്ങും
മാര്‍ബിള്‍ സൌധങ്ങള്‍ മാത്രം

2) ദൈവം
ഞാന്‍ മരിക്കും, നീ ജീവിക്കും
ഏതാണ് മെച്ചം?
അറിയാം, ദൈവത്തിനു മാത്രം.

3) കാലം
കാലം ഒരു പ്രവാഹം
നാട്ടറിവുകള്‍ അന്യം
നാടന്‍ പൂക്കളെപ്പോലെ

4) പച്ച

പച്ചനിറമുള്ളവര്‍ നിങ്ങള്‍
ഞങ്ങള്‍ മഞ്ഞനിറക്കാര്‍
പൂക്കളും കലഹിക്കുന്നു

5) അന്യന്‍

അമ്മയും മകളും കൂട്ട്
അച്ഛനാണന്യന്‍,
കാലത്തിന്ടെ നെറികേട്.

6) കോട്ട

മതിലുകള്‍ തകര്‍ക്കേണം
കോട്ടകള്‍ കെട്ടിടേണം
മനസ്സുകളില്‍ മാത്രം


(കുറിപ്പ്: സ്ഥലകാല ബോധം പകര്‍ന്നു നല്‍കുന്ന ജാപ്പനീസ് കവിതാരൂപം ഹൈക്കു. മൂന്നുവരിയാണ് ചിട്ട. പ്രാദേശിക മാറ്റങ്ങള്‍ അനുവദനീയം )