Tuesday, 27 August 2013

KAS Life Blog: ഡി-അഡിക്ഷന്‍!

KAS Life Blog: ഡി-അഡിക്ഷന്‍!: പ്രതിമാസ സാഹിത്യസംഗമമാണ്‌. 30 ഓളം വരുന്ന കവികളും കാഥികരുമുണ്ട്‌. ആനുകാലികങ്ങളില്‍ സ്പേസ്‌ കണ്‍സ്ട്രയിന്റ്സ്‌ ഉള്ളതിനാല്‍ സാംസ്കാരിക സംക്...

ഡി-അഡിക്ഷന്‍!

Photo: Get Amazing Posts ► Lovely Roses
Get Amazing Posts ► Beautiful Garden

പ്രതിമാസ സാഹിത്യസംഗമമാണ്‌. 30.  5അന്‍പതോളം  വരുന്ന കവികളും കാഥികരുമുണ്ട്‌. ആനുകാലികങ്ങളില്‍ സ്പേസ്‌ കണ്‍സ്ട്രയിന്റ്സ്‌ ഉള്ളതിനാല്‍ സാംസ്കാരിക സംക്രമ വേളയിലാണ്‌ തങ്ങളുടെ സൃഷ്ടികള്‍ വെളിച്ചം കാണുന്നത്‌. എത്ര പേര്‍ കേള്‍ക്കുന്നു, ആസ്വദിക്കുന്നു എന്നത്‌ പ്രശ്നമല്ലെങ്കിലും ഏവരും കൃതികള്‍ അവതരിപ്പിക്കും. വയലാര്‍ കൃതി പോലും സ്വന്തം കവിതയായി അവതരിപ്പിക്കുന്നവരുണ്ട്‌.

സംഗമത്തില്‍ ആദ്യമായെത്തുന്ന അപൂര്‍വം അപരിചിതരും കാണും. ക്ഷണിച്ചിട്ടല്ല, കേട്ടറിഞ്ഞു വരുന്നതാണ്‌. അങ്ങനെ വരുന്നവരും ചിലപ്പോള്‍ സൃഷ്ടികള്‍ അവതരിപ്പിക്കും.

അപരിചിതരെ പങ്കെടുപ്പിച്ചാല്‍ പുലിവാലാകുമോയെന്ന ശങ്കയുള്ളതിനാല്‍ അധ്യക്ഷന്‍ വടുതല ഗോപാലന്‍ മാസ്റ്റര്‍ അല്‍പ്പമൊന്നു മടിച്ചു. എങ്കിലും ഒടുക്കം അനുവാദം കൊടുത്തു. അക്ഷര പൂജയെന്നും പറഞ്ഞുവന്നയാളല്ലേ, നിരാശപ്പെടുത്തിക്കൂടാ.

അപരിചിതന്‍ വേദിയേയും സദസ്സിനെയും വണങ്ങി, എന്നിട്ട്‌ പരിചയപ്പെടുത്തി. “ഞാന്‍ എഴുത്തുകാരനാണ്‌, എഴുതണമെന്ന്‌ തോന്നിയാല്‍ എഴുതാതിരിക്കാനാവില്ല, ഒരുതരം അഭിനിവേശം. യഥാര്‍ത്ഥ എഴുത്തുകാര്‍ അങ്ങനെയാണ്‌. എഴുത്തിനോടുള്ള ഭ്രാന്തമായ നിലപാട്‌. എ.അയ്യപ്പനാണ്‌ എന്റെ ആരാധകന്‍.”

“വിപ്ലവ കവിതകള്‍ പാടി കാമ്പസ്‌ തോറും ചുറ്റി കഞ്ചാവടിച്ചു നടന്ന പഴയ കാലം മറന്ന്‌ ഒടുക്കം വൃത്തികെട്ട ചാനലുകളുടെ വൃത്തികെട്ട സീരിയലുകളില്‍ വില്ലന്‍ വേഷം കെട്ടുന്ന മുന്‍കാല കവികളെ എനിക്ക്‌ വെറുപ്പാണ്‌.”
അപരിചിതന്റെ പ്രസംഗം കേട്ട്‌ ശ്രോതാക്കള്‍ അത്ഭുതത്തോടെ നോക്കിയിരുന്നു.
അപരിചിതന്‍ തുടര്‍ന്നു.
“ഞാന്‍ എന്തിന്‌ വന്നുവെന്ന്‌ നിങ്ങള്‍ ചോദിച്ചില്ല. ഇത്തരം കൂട്ടായ്മകള്‍ എന്നെ ആവേശം കൊള്ളിക്കാറുണ്ട്‌. എന്റെ നാട്ടില്‍ ഇന്ന്‌ ഇത്തരം കൂട്ടായ്മകളില്ല. അവിടെയുള്ളത്‌ മദ്യ കൂട്ടായ്മകളാണ്‌. ഇത്തരമൊരു സാഹിത്യ കൂട്ടായ്മയ്ക്ക്‌ എത്തിയ നിങ്ങളെ ഞാന്‍ വാഴ്ത്തുന്നു, വണങ്ങുന്നു.”

ശ്രോതാക്കളുടെ മുഖത്ത്‌ സംതൃപ്തിയുടെ ഭാവം. “ഇവിടെ ഭൂരിപക്ഷം എഴുത്തുകാരും കാപട്യം നിറഞ്ഞവരാണ്‌. ഈ നാടു ജീവിക്കാന്‍ കൊള്ളില്ല. പക്ഷെ ഞാന്‍ ഇവിടെ എത്തിയത്‌ മറ്റൊരു കാര്യത്തിനാണ്‌. എന്റെ മകന്‍ അടുത്തൊരു ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഡി-അഡിക്ഷന്‍-ലഹരി മോചനം അവന്‍ മയക്കുമരുന്നിന്‌ അടിമയാണ്‌.”

ഒരു പിതാവിന്റെ സങ്കടം കണ്ട്‌ ശ്രോതാക്കള്‍ക്ക്‌ കരയാതിരിക്കാന്‍ കഴിഞ്ഞില്ല.
പെട്ടെന്നാണ്‌ ഒരു നിഴല്‍ വാതുക്കല്‍ പ്രത്യക്ഷമായത്‌. നിഴല്‍ സംസാരിക്കാന്‍ തുടങ്ങി.

“അച്ഛന്‍ എന്തു പണിയാണ്‌ കാട്ടിയത്‌. ഡോക്ടര്‍ എന്നെ ഒത്തിരി വഴക്കു പറഞ്ഞു. ലഹരി മോചന ചികിത്സക്ക്‌ എത്തിയ പേഷ്യന്റ്‌ ആശുപത്രി വാര്‍ഡ്‌ വിട്ട്‌ പുറത്തുപോവാന്‍ പാടില്ല. ചികിത്സയ്ക്ക്‌ എത്തിയാല്‍ റൂള്‍സ്‌ അനുസരിക്കണം. അച്ഛനെ ഉടന്‍ കൂട്ടിക്കൊണ്ടുവരാന്‍ ഡോക്ടര്‍ പറഞ്ഞു.”

ശ്രോതാക്കളുടെ ആശ്ചര്യം എന്നെങ്കിലും പൊട്ടാനിരിക്കുന്ന മുല്ലപ്പെരിയാര്‍ അണപോലെ പുറത്തേക്ക്‌ പൊട്ടിയൊഴുകി.


കെ.എ.സോളമന്‍

Tuesday, 20 August 2013

KAS Life Blog: പരല്‍ മീന്‍ - കെ എ സോളമന്‍

KAS Life Blog: പരല്‍ മീന്‍ - കെ എ സോളമന്‍: മിനിക്കഥ   ഹൌസ് ബോട്ടിലെ ശീതീകരിക്കാത്ത മുറിയില്‍ ഇരുന്നു അയാള്‍ കായല്‍പ്പരപ്പിലേക്ക് നോക്കി. പോക്കുവെയില്‍തിളക്കത്തില്‍  പരല്‍മീനു...

പരല്‍ മീന്‍ - കെ എ സോളമന്‍

Photo: നാട്ടിന്നൊരു ചിത്രം ...!!

മിനിക്കഥ 

ഹൌസ് ബോട്ടിലെ ശീതീകരിക്കാത്ത മുറിയില്‍ ഇരുന്നു അയാള്‍ കായല്‍പ്പരപ്പിലേക്ക് നോക്കി. പോക്കുവെയില്‍തിളക്കത്തില്‍  പരല്‍മീനുകള്‍ നീന്തിത്തുടിക്കുന്നത് അയാള്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു. പരല്‍മീനുകളില്‍ ഒന്നായിത്തീരാന്‍ മോഹം. കയ്യിലെ ഗ്ലാസ്സും ടീപ്പോയിലെ ഒഴിഞ്ഞ കുപ്പിയും അയ്യാളെ പ്രലോഭിപ്പിച്ചു.

ഒട്ടും വൈകിയില്ല, അയാളും ഒരു പരല്‍മീനായി നീന്താന്‍ തുടങ്ങി, എന്നേയ്ക്കുമായി.


-കെ എ സോളമന്‍ 

Monday, 19 August 2013

ഫേസ്ബുക്ക്‌ നോക്കരുത്‌! .

Photo: Get lots of Great Posts at ➸ Be Happy :-)

ലോകവും മനുഷ്യനുമായി ബന്ധപ്പെട്ട സകലതിനെക്കുറിച്ചും പ്രതിപാദ്യമുണ്ടെന്നതാണ്‌ മഹാഭാരതം, രാമായണം പോലുള്ള ഇതിഹാസങ്ങളുടെ പ്രസക്തി. ഇതുവരെ കണ്ടുപിടിച്ചതും കണ്ടുപിടിക്കാന്‍ പോകുന്നതുമായ ശാസ്ത്രാത്ഭുതങ്ങള്‍ പുരാണങ്ങളില്‍ നിറഞ്ഞു കിടക്കുന്നു. ശാസ്ത്രജ്ഞനെക്കാള്‍ മുമ്പേ പറക്കുന്നവനാണ്‌ സാഹിത്യകാരന്‍ എന്നത്‌ ഏറ്റവുമധികം പ്രകടമാകുന്നത്‌ വേദ സംഹിതകളിലാണ്‌.

1960 ലെ മഹത്തായ ശാസ്ത്ര കണ്ടുപിടിത്തമാണ്‌ ലേസര്‍ ബീം. ടി.എച്ച്‌.മെയമാന്‍ റൂബി ദണ്ഡ്‌ ഉപയോഗിച്ച്‌ കണ്ടുപിടിച്ച ലേസറില്‍നിന്ന്‌ ഒട്ടേറെ പുരോഗതി കൈവന്നിരിക്കുന്നു. ഗ്യാസ്‌ ലേസര്‍, സെമി കണ്ടക്ടര്‍ ലേസര്‍, ഡെ ലേസര്‍, എന്‍.ഡി.യാഗ്ലേസര്‍, ഇവയെല്ലാം ലേസറിന്റെ നവീന രൂപങ്ങളാണ്‌.
കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ഇത്രയും വ്യാപകമായത്‌ ലേസറിന്റെ വരവോടെയാണ്‌. സിഡി എഴുത്തും സിഡി വായനയും ഒക്കെ നടക്കണമെങ്കില്‍ കൃത്യം 53 കൊല്ലം മുമ്പ്‌ കണ്ടുപിടിച്ച്‌ പിന്നീട്‌ പരിഷ്ക്കരിച്ച ലേസര്‍ കിരണം കൂടിയേ തീരൂ. ആധുനിക യുദ്ധമുറയിലെ ഒഴിവാക്കാനാവാത്ത ആയുധം-അതാണ്‌ ലേസര്‍. അടുത്തും അകലെയുമുള്ള ഏതു വസ്തുവിനെ കത്തിച്ചു ചാമ്പലാക്കാന്‍ പര്യാപ്തമായ അതിഭീമ ഊര്‍ജ്ജം സംഭരിച്ച കിരണം- ഐതിഹാസിക മരണകിരണം- ലേസര്‍.

5000 കൊല്ലം മുമ്പ്‌ രചിക്കപ്പെട്ടു എന്നു കരുതുന്ന മഹാഭാരതത്തില്‍ ലേസറിനെക്കുറിച്ച്‌ വിവരണമുണ്ട്‌. പരമശിവന്‍ തൃക്കണ്ണ്‌ തുറന്നു കാമദേവനെ ചാമ്പലാക്കിയ കിരണം ലേസര്‍ അല്ലെങ്കില്‍ മേറ്റ്ന്താണ്‌. ‘ശിവാലേസര്‍’ എന്ന്‌ അമേരിക്കക്കാരന്‍ ലേസറിന്‌ പേരിടണമെങ്കില്‍ അതിന്റെ പിന്നില്‍ ഒരു ചരിത്രം ഉണ്ട്‌.

1945 ല്‍ ഹിരോഷിമ, നാഗസാക്കി തകര്‍ത്തു തരിപ്പണമാക്കിയ ആറ്റംബോംബുകളെ പുരാണങ്ങളില്‍ ബ്രഹ്മാസ്ത്രം എന്നു വിളിക്കും. 500 കൊല്ലം മുമ്പ്‌ പരാമര്‍ശിക്കപ്പെട്ട ബ്രഹ്മാസ്ത്രത്തിന്റെ ശാസ്ത്രീയ പഠനം ആരംഭിക്കുന്നത്‌ 1939 ല്‍. പഠനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

വിമാനം കണ്ടുപിടിച്ചത്‌ ആരെന്ന്‌ ചോദിച്ചാല്‍ റൈറ്റ്‌ ബ്രദേഴ്സ്‌ എന്ന്‌ പുസ്തകം കരണ്ടു തിന്നുന്ന പിള്ളേര്‍ പറയും. റൈറ്റ്‌ ബ്രദേഴ്സിന്‌ മുമ്പ്‌ പലരും വിമാനം കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പറന്നിട്ടില്ലായെന്ന ഉറപ്പിലാണ്‌ഇത് പറയുന്നത്.  റൈറ്റ്‌ സഹോദരന്മാര്‍ വിമാനം പറപ്പിക്കുന്നതിന്‌ എത്രയോ മുമ്പുതന്നെ ലങ്കേശ്വരന്‍ സിലോണില്‍ നിന്ന്‌ ഇങ്ങോട്ടും തിരികെ അങ്ങോട്ടും പുഷ്പക വിമാനം പറപ്പിച്ചിരിക്കുന്നു!

ദീര്‍ഘിപ്പിക്കേണ്ടല്ലോ, ഏതു കണ്ടുപിടിത്തവും നടത്തണമെങ്കില്‍ ഇതിഹാസങ്ങള്‍ വായിച്ചാല്‍ മതി. പക്ഷെ നമ്മെ അത്ഭുതപ്പെടുത്തുന്നത്‌ മറ്റൊന്നാണ്‌. ഇന്റര്‍നെറ്റിലെ വമ്പന്‍ സൈറ്റുകളായ ഫേസ്ബുക്കും ട്വിറ്ററും ഇസ്ലാം മതഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നുവെന്നതാണത്‌. മുസ്ലിം മതപണ്ഡിതരുടെ അഭിപ്രായത്തില്‍ ഫേസ്ബുക്ക്‌, ട്വിറ്റര്‍ എന്നിവയില്‍ ചിത്രങ്ങള്‍ അപ്ലോഡ്‌ ചെയ്യുന്നത്‌ അനിസ്ലാമികമാണ്‌. നിരീക്ഷണം താലിബാന്റേതാണെങ്കില്‍ പോട്ടെന്ന്‌ വെയ്ക്കാം. മഴ പെയ്യാത്തത്‌ ബാമിയന്‍ പ്രതിമകള്‍ മൂലമാണെന്നുള്ള വങ്കത്തരം എഴുന്നള്ളിച്ചവരാണവര്‍. ലക്നൗ കേന്ദ്രമായുള്ള സുന്നി-ഷിയാ പണ്ഡിതര്‍ ആണ്‌ ഫേസ്ബുക്ക്‌ സാന്നിദ്ധ്യം മത ഗ്രന്ഥത്തില്‍ കണ്ടെത്തിയെന്നത്‌ ഭാരതീയരെ സംബന്ധിച്ച്‌ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌.

ഫേസ്ബുക്കിലൂടെ സ്നേഹവും സൗഹൃദവും പങ്കിടുന്നത്‌ തെറ്റാണെന്ന്‌ കാണുന്ന മതപണ്ഡിതര്‍, മുസ്ലിം സ്ത്രീകള്‍ പിതാവ്‌, സഹോദരന്മാര്‍, ഭര്‍ത്താവ്‌ എന്നിവരെ മാത്രമേ മുഖം കാണിക്കാവുവെന്നും പറയുന്നു. എങ്കില്‍ ഇത്രയും കൂടി പറയണമായിരുന്നു പണ്ഡിതരെ! “മുസ്ലിം സത്രീകള്‍ പിതാവ്‌, സഹോദരന്‍ ഭര്‍ത്താവ്‌ ഒഴിച്ച്‌ ആരുടെയും മുഖത്ത്‌ നോക്കരുത്, ഫേസ്‌ ബുക്കില്‍ പോലും.”

കെ.എ.സോളമന്‍

KAS Life Blog: അഞ്ചരയ്ക്കുള്ള വണ്ടി - കഥ – കെ എ സോളമന്‍

KAS Life Blog: അഞ്ചരയ്ക്കുള്ള വണ്ടി - കഥ – കെ എ സോളമന്‍: നട്ടപ്പാതിരായ്ക്കുള്ള ഫോണ്‍ ബെല്ലടി കേട്ടാണ് മാത്തുക്കുട്ടിചേട്ടന്‍ ഞെട്ടി ഉണര്‍ന്നത്. എലിക്കുട്ടിയുടെ ഫോണ്‍  ആണ് , അവള്‍ ഈ സമയത് വിളി...

അഞ്ചരയ്ക്കുള്ള വണ്ടി - കഥ – കെ എ സോളമന്‍

Photo: A sunset beauty...

നട്ടപ്പാതിരായ്ക്കുള്ള ഫോണ്‍ ബെല്ലടി കേട്ടാണ് മാത്തുക്കുട്ടിചേട്ടന്‍ ഞെട്ടി ഉണര്‍ന്നത്. എലിക്കുട്ടിയുടെ ഫോണ്‍  ആണ്, അവള്‍ ഈ സമയത് വിളിക്കാത്തതാണല്ലോ.

“ എന്താടി, ഈ പാതിരായ്ക്കു?

“ ഞാന്‍ തീവണ്ടിയില്‍ ആണ്, വെളുപ്പിന് അഞ്ചരയ്ക്ക് അവിടെ സ്റ്റേഷനില്‍ എത്തും , ഒരു ഓട്ടൊറിക്ഷായുമായി അവിടെ നിന്നേക്കണം”

“ എന്താടി കാര്യം? ഒരു മുന്നറിയിപ്പുമില്ലാതെ,പെട്ടന്നിങ്ങനെ.?”

“അതവിടെ വന്നിട്ട് പറയാം, ഏലിക്കുട്ടി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

ഏലിക്കുട്ടി ചേടത്തിക്ക് വയസ്സു 59., ഭര്‍ത്താവ് മാത്തുക്കുട്ടിക്ക് 62-ഉം. 17 വയസ്സുള്ളപ്പോള്‍ മാത്തുക്കുട്ടിയുടെ കൂടെ കൂടിയതാണ് ഏലിക്കുട്ടി. ചുമ്മാ കൂടിയതതൊന്നുമല്ല, അന്തസായി മാതാവിന്റെ നടയില്‍ മുട്ടുകുത്തി നിന്നു താലികെട്ടിയതാണ്. ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു തങ്കി  സെയിന്‍റ് മേരീസ് പള്ളിയില്‍ നടന്ന വിവാഹചടങ്ങുകള്‍.

മാത്തുക്കുട്ടി പറയുന്നതു ഇന്നുവരെ ഏലിക്കുട്ടി കേള്‍ക്കാതിരുന്നിട്ടില്ല, മറിച്ചും. അത് തന്നെയാണ് അവരുടെ ജീവിതവിജയവും. രണ്ടുപേര്‍ക്കും കാര്യമായ അസ്സുഖമൊന്നുമില്ല.
എലിക്കുട്ടിച്ചേടത്തിക്ക് കുഞ്ഞുങ്ങള്‍ എന്നുവെച്ചാല്‍ ജീവനാണ്, ഏത് കുഞ്ഞിനെ ക്കണ്ടാലും താലോലിക്കും. പള്ളിപ്പുറത്ത് പള്ളിയില്‍ പെരുന്നാളിന് പോകുമ്പോള്‍ അവിടെ വരുന്ന എത്ര പേരെയാണ് പരിചയപ്പെട്ടിട്ടുള്ളത്. അവരുടെകൂടെയുള്ള കുഞ്ഞുങ്ങളെയെല്ലാം ഏലിക്കുട്ടി താലോലിച്ചിട്ടുണ്ട്, ഉമ്മകൊടുത്തിട്ടുണ്ട്. അത്രയ്ക്കാണു കുഞ്ഞുങ്ങളോടു സ്നേഹം. കുഞ്ഞുങ്ങളെല്ലാം കൊച്ചു മാലാഖമാരെന്നു ചേടത്തി പറയും.

എലിക്കുട്ടിക്കും മാത്തുക്കുട്ടിക്കും കൂടി 3 ആണ്മക്കള്‍. മൂത്തവന്‍ തങ്കച്ചന്‍, പിന്നെ ജോയിച്ചന്‍, ഏറ്റവും ഇളയവന്‍ സേവിച്ചന്‍ എന്ന സേവിയര്‍ . മൂത്തവന് മൂന്നുകുട്ടികള്‍, രണ്ടാമത്തേവനു രണ്ടുപേര്‍ , ഇളയവനു ഒന്ന്‍. മൂത്തവര്‍ക്ക് രണ്ടുപേര്‍ക്കും വലിയ പഠിത്തമില്ല, അതുകൊണ്ടുതന്നെ അവരുടെ ഭാര്യമാര്‍ക്കും പഠിത്തമില്ല. തങ്കച്ചന്റെ ഭാര്യക്ക് അടുത്തുള്ള ചെമ്മീന്‍ ഫാക്ടറിയിലാണ് ജോലി, ജോയിച്ചന്റെ ഭാര്യയ്ക്ക് ഗാര്‍മന്‍റ് കടയിലും. എന്നാല്‍ സേവിച്ചന്‍ ശരിക്ക് പഠിച്ചു, അവന്റെ ഭാര്യയ്ക്കും നല്ല പഠിത്തമുണ്ട്. അവര്‍ക്ക് രണ്ടാള്‍ക്കും അങ്ങ് മദ്രാസ്സില്‍ ആണ് ജോലി, ഐ ടി കമ്പനിയില്‍.

മൂത്തമക്കളുടെ 5 കുട്ടികളെയും ഏലിക്കുട്ടി ത്തന്നെയാണ് പൊന്നുപോലെ നോക്കിയത്. ഒന്നിനെ തോളത്തിരുത്തുംപോള് രണ്ടാമത്തേതിനെ ഒക്കത്തിരുത്തും. വെറോരണ്ണത്തെ തൊട്ടിലില്‍ ആട്ടുമ്പോള്‍ മറ്റേതിന് പാലുകൊടുക്കും. കുഞ്ഞുങ്ങളുടെ അമ്മമാര്‍ ജോലിക്കു പോകുന്നതിനാല്‍ അഞ്ചെണ്ണത്തെയും എലിക്കുട്ടിയാണ് താരാട്ടുപാടിഉറക്കിയത്. കുട്ടികള്‍ക്കാണെങ്കില്‍ സ്വൊന്തം അമ്മമാരെക്കാള്‍ ഇഷ്ടമാണ് എലിക്കുട്ടിയോട്.

ഇളയമകന്റെ കുഞ്ഞ് ഒരുവസ്സാകുന്നതുവരെ മരുമകള്‍ അവളുടെ വീട്ടില്‍ ആയിരുന്നു താമസം. ഇപ്പോള്‍ അവര്‍ മദ്രാസ്സില്‍ താമസമാക്കിയത് കൊണ്ടാണ് എലിക്കുട്ടിയെ അങ്ങോടുകൂട്ടിയത്. മാത്തുക്കുട്ടിയെയും പേരക്കുട്ടികളെയും തനിച്ചാക്കിയിട്ടു പോകാന്‍ മനസ്സ് വന്നില്ലെങ്കിലും ഇളയ മകന്റെ കുഞ്ഞല്ലേ എന്നു ഓര്‍ത്താണു പോകാന്‍ തീരുമാനിച്ചത്.

മകനും മരുമകളും ഏത് സമയവും കമ്പനിയില്‍ തന്നെ. രാവിലെ പോയാല്‍ രാത്രിവരും, പക്ഷേ എപ്പോഴെന്നുനിശ്ചയമില്ല. ഏതുസമയവും ഫ്ലാറ്റില്‍ എലിക്കുട്ടിയും കുഞ്ഞും തനിച്ചാണ്. അവര്‍ വന്നു കഴിഞ്ഞാല്‍ തന്നെ ഫേസ്ബുക്ക്, ട്വിറ്റെര്‍, ഇന്‍റര്‍നെറ്റ് എന്നൊക്കെ പറഞ്ഞു കംപുട്ടറില്നു മുന്നില്‍ ഇരിക്കും. മകനും മകള്‍ക്കും ആഹാരമുണ്ടാക്കുന്നത് വരെ എലിക്കുട്ടിയുടെ പണിയാണു. പക്ഷേ എല്ലാദിവസവും വേണ്ട, കമ്പനികാന്റീനില്‍ നിന്നു പാര്‍സല്‍ കൊണ്ടുവരാത്ത ദിവസം മാത്രം വല്ലതുമുണ്ടാക്കിയാല്‍  മതി.

പ്രശ്നം തുടങ്ങിയത് ഒരുമാസം പിന്നിട്ടപ്പോഴാണ്.

ഏലിക്കുട്ടി കുഞ്ഞിനെ നോക്കുന്നതിലെ അപാകത മരുമകള്‍ ഇന്‍റര്‍നെറ്റ് നോക്കി കണ്ടുപിടിക്കാന്‍ തുടങ്ങി. കുഞ്ഞിനു തുമ്മല്‍ വന്ന ദിവസം ചുക്കും കുരുമുളകുമിട്ട വെള്ളം  കൊടുത്തത് വലിയ തെറ്റായിപ്പോയി. തുമ്മല്‍ ഒരു രോഗമല്ല, അതിനു മരുന്നു വേണ്ട, തനിയെ മാറിക്കോളും, ഇന്റെര്‍നെറ്റിലെ മെഡിക്കല്‍ ജേര്‍ണല്‍ ഉദ്ധരിച്ചു മരുമകള്‍ എലിക്കുട്ടിയെ തിരുത്തി.
 “പനി വന്നാല്‍ പാരസെറ്റമോള്‍ കൊടുക്കണം, രണ്ടു പ്രാവശ്യം കൊടുത്താല്‍ പനിമാറും. മരുന്ന് പിടിച്ചുകഴിഞ്ഞാല്‍ രണ്ടുമണിക്കൂര്‍ കഴിഞ്ഞു കുഞ്ഞ് മൂത്രാമഴിക്കും. അതുകൊണ്ടു പാരസെറ്റമോളെ കൊടുക്കാവു”. മരുമകള്‍ എലിക്കുട്ടിയെ താക്കീതു ചെയ്തു. കൂട്ടത്തില്‍ ഇന്റെര്‍നെറ്റില്‍ നിന്നു കുറിച്ചെടുത്ത ചില നിര്‍ദ്ദേശങ്ങളും  നല്കി.

കുട്ടിയെ ഡെര്‍ട്ടിക്ലോത്ത് ധരിപ്പിക്കരുത്, ഓരോ മണിക്കൂറും ഇടവിട്ട് ഡയപ്പര്‍ മാറ്റണം, കുഞ്ഞിന്റെ മേല് തുടക്കാന്‍ ടിഷ്യൂ പേപ്പര്‍ തന്നെ ഉപയോഗിക്കണം, കുട്ടിയെ താരാട്ടുപാ ടി ഉറക്കേണ്ട, തനിയെ ഉറങ്ങിക്കോളും, കുട്ടിയെ മടിയില്‍ കിടത്തരുത്, തൊട്ടിലിലെ ഉറക്കാവു, പഴയപാട്ടൊന്നും പാടിക്കൊടുക്കരുത്, വേണേല്‍ സ്റ്റീരിയോ ഓണ്‍ ചെയ്തു മോഡേണ്‍ മുസിക്ക്  കേള്‍പ്പിക്കാം, കുട്ടിയെ ഫീഡ് ചെയ്യുമ്പോള്‍ ബോട്ടില്‍ കുത്തനെ പിടിക്കാതെ, 45 ഡിഗ്രീ ചരിച്ചുപിടിക്കണം, കുട്ടിക്ക് ഇക്കിളുണ്ടായാല്‍ ഫീഡിങ് ഉടന്‍ സ്റ്റോപ്പ് ചെയ്യണം, അടുത്ത ഡോറിലെ താമസക്കാരുമായി സംസാരിക്കരുത് തുടങ്ങിയവയായിരുന്നു നിര്‍ദ്ദേശങ്ങള്‍.

കുറിപ്പു വായിച്ച ഏലിക്കുട്ടി മരുമകളോട് പറഞ്ഞു: “ നിന്റെ കെട്ടിയോനുണ്ടല്ലോ, ആ മരക്കോന്തന്‍, അവന് ഇക്കിളു വന്നപ്പോള്‍ മാറ്റിയത് പാലുകൊടുത്തും പുറത്തു തട്ടിയുമാണ്, അത് വേണ്ടെങ്കില്‍ വേണ്ട. പിന്നെ അടുത്ത വീട്ടുകാരുമായസംസാരിക്കരുതെന്ന് പറഞ്ഞത്, അത് നിന്റെ കെട്ടിയോന്റെ അമ്മായിയപ്പനോടു പറഞ്ഞാല്‍ മതി. ഞാന്‍ പോകേണ്”

പറഞ്ഞപടി മാത്തുക്കുട്ടിചേട്ടന്‍ അഞ്ചരയ്ക്ക് തന്നെ സ്റ്റേഷനില്‍ എത്തി. ട്രയിന്‍ അര മണിക്കൂര്‍ ലേറ്റ്. ട്രയിന്‍ നിര്‍ത്തി ഏലിക്കുട്ടി തീവണ്ടിയില്‍ നിന്നറങ്ങി വരുന്നത് മാത്തുക്കുട്ടി കൌതുകത്തോടെ നോക്കി. കുര്‍ബാന കഴിഞ്ഞു അവള്‍ പള്ളിയില്‍ നിന്നറങ്ങി വരുന്നതുപോലെ.
“ എങ്കിലും എന്റെ ഏലിക്കുട്ടി, നീ ഒറ്റയ്ക്കിങ്ങനെ?” ചോദ്യം മാത്തുക്കുട്ടിയുടെതായത്കൊണ്ട്  ഏലിക്കുട്ടി ചിരിക്കുക മാത്രം ചെയ്തു.

“അതല്ലടി, നീ പോരാനെന്താ കാര്യം?”


“അതോ”, നമ്മുടെ മരുമോള്‍ പറകേണ് അവളുടെ കൊച്ചിനെ ഇന്റെര്‍നെറ്റ് കാര് നോക്കിക്കോളുമെന്നു. എന്നാല്‍ നോക്കിക്കോട്ടെന്നു ഞാനും പറഞ്ഞു, ഹല്ല പിന്നെ?”

                                                       ---------------------

Tuesday, 13 August 2013

KAS Life Blog: പ്രണയത്തിനും ഡിഗ്രി!

KAS Life Blog: പ്രണയത്തിനും ഡിഗ്രി!: “എന്റെ പ്രണയത്തിനും നിന്റെ മൃദുലാധരത്തിനും ഈ മനോഹര റോസാദളത്തിനും ഒരേ നിറമാണ്‌, ഒരേ സുഗന്ധമാണ്‌ നമ്മുടെ സ്വപ്നങ്ങളുടെ ചന...

പ്രണയത്തിനും ഡിഗ്രി!





















“എന്റെ പ്രണയത്തിനും
നിന്റെ മൃദുലാധരത്തിനും
ഈ മനോഹര റോസാദളത്തിനും
ഒരേ നിറമാണ്‌,
ഒരേ സുഗന്ധമാണ്‌
നമ്മുടെ സ്വപ്നങ്ങളുടെ
ചന്ദന സുഗന്ധം”

പ്രണയത്തെക്കുറിച്ചുള്ള കവി വചനമാണ്‌. പ്രണയം ദുഃഖം പോലെ തന്നെ ശാശ്വതഭാവമാണ്‌, ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ കാശിന്‌ കൊള്ളാത്തവര്‍, പ്രണയത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ്‌ സിനിമാ-നടീനടന്മാരും കവികളും എഴുത്തുകാരും കുറെ കോളേജ്‌ പ്രിന്‍സിപ്പാളുമാരും പറയുന്നത്‌. കുട്ടികള്‍ പ്രണയിച്ചു നടന്നാല്‍ കലാലയത്തില്‍ കുഴപ്പങ്ങള്‍ കുറഞ്ഞുകിട്ടും. പ്രണയമെന്തെന്നറിയാത്തവരാണ്‌ ബസ്സിന്‌ കല്ലെറിയാനും റോഡ്‌ ഉപരോധിക്കാനും സകലതും സ്തംഭിപ്പിക്കാനും മുന്നിട്ടിറങ്ങുന്നതത്രെ. വര്‍ണ-വര്‍ഗ രഹിത സമൂഹത്തിന്‌ പ്രണയവിവാഹങ്ങള്‍ അനിവാര്യമെന്ന്‌ പ്രണയത്തില്‍ അഭിരമിച്ചവര്‍ വാദിക്കും. എന്നാല്‍ സ്വന്തം മകനോ മകളോ പ്രേമിച്ചാല്‍ അതംഗീകരിച്ചു കൊടുക്കാന്‍ തയ്യാറാകാത്ത മുന്‍ കമിതാക്കളും കുറവല്ല.
കേരളത്തിന്റെ തൊഴില്‍ മേഖല ഐടിയില്‍ കുടുങ്ങിയപ്പോള്‍ പ്രണയ വിവാഹിതരുടെ എണ്ണം കൂടി. മക്കള്‍ വരനെ, അല്ലെങ്കില്‍ വധുവിനെ അന്വേഷിച്ചു നടക്കേണ്ട രക്ഷിതാക്കളുടെ ജോലി കുറഞ്ഞു. വരനും വധുവും പരസ്പ്പരം നോക്കിയെടുത്തു കൊള്ളും, രക്ഷിതാക്കള്‍ക്ക്‌ വേണമെങ്കില്‍ വിവാഹത്തിന്‌ സഹകരിക്കാം.
പ്രണയിച്ചു വിവാഹം ചെയ്ത ചില വിദ്വാന്മാര്‍ പിന്നീട്‌ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ആവുന്ന കാഴ്ചയും കേരളത്തില്‍ സുലഭം. മിശ്രവിവാഹിതര്‍, തങ്ങള്‍ വിപ്ലവകാരികളാണെന്നും സമൂഹത്തിന്‌ നല്‍കിയ സംഭാവന പരിഗണിച്ചു പെന്‍ഷന്‍ നല്‍കണമെന്നും ആവശ്യപ്പെടും. സമുദായ നേതാക്കള്‍ ആരും തന്നെ പിന്തുണക്കാനില്ലാത്തതിനാല്‍ ആവശ്യം നിരാകരിക്കപ്പെടുകയാണ്‌ പതിവ്‌.
ചുരുക്കിപ്പറഞ്ഞാല്‍, പ്രണയിക്കാമെന്നല്ലാതെ പ്രണയത്തിന്‌ വലിയ അംഗീകാരമൊന്നും സമൂഹത്തിലില്ല. ജനിച്ചാലും മരിച്ചാലും പഞ്ചായത്തില്‍നിന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാം, പ്രണയിച്ചതിന്‌ ഒരു പഞ്ചായത്തും സര്‍ട്ടിഫിക്കറ്റ്‌ നല്‍കാറില്ല. എന്നാല്‍ ഇതിന്‌ മാറ്റം വരാന്‍ പോകുന്നു, അങ്ങ്‌ ബംഗാളില്‍ നിന്നാണ്‌ വാര്‍ത്ത.
ബംഗാളിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റിയാണ്‌ പ്രസിഡന്‍സി. വൈസ്‌ ചാന്‍സലര്‍ ഒരു മഹതിയാണ്‌, പേര്‌ മാളവിക സര്‍ക്കാര്‍. വിപ്ലവകരമായ തീരുമാനമാണ്‌ മാളവിക സര്‍ക്കാരിന്റെ കീഴിലുള്ള സിന്‍ഡിക്കേറ്റ്‌ എടുത്തിരിക്കുന്നത്‌. അടുത്ത കൊല്ലം മുതല്‍ പ്രസിഡന്‍സി യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ “ലവ്‌” എന്ന വിഷയത്തില്‍ ഡിഗ്രിയെടുക്കാം. ഇതര ഇന്ത്യന്‍ സര്‍വകലാശാലകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത്തരമൊരു അദൃഷ്ട പൂര്‍വമായ ആശയം മറ്റൊരിടത്തും ജനിച്ചിട്ടില്ല.
‘ലവ്‌’എന്ന വാക്കിന്‌ സ്നേഹം, താല്‍പ്പര്യം, പ്രേമം, പ്രേമഭാജനം, സൗഹാര്‍ദ്ദം, അഭിനിവേശം, പ്രതിപത്തി, കാമുകന്‍, കാമുകി, ആസക്തി എന്നൊക്കെ അര്‍ത്ഥമുണ്ടെങ്കിലും വൈസ്‌ ചാന്‍സലര്‍ വിവക്ഷിക്കുന്നത്‌ പ്രണയം തന്നെയാവണം. ‘ആസക്തി’യില്‍ ഡിഗ്രി എടുത്ത്‌ എന്നൊക്കെ പറഞ്ഞാല്‍ അതിന്‌ സ്വീകാര്യത തീരെ കിട്ടില്ല.
മാളവിക സര്‍ക്കാരിനെ സഹായിക്കാന്‍ ഫിസിക്സ്‌ പ്രൊഫസര്‍ റായ്‌ ചൗധരിയുമുണ്ട്‌. മാറ്ററും റേഡിയേഷനും തമ്മിലുള്ള അഭേദ്യ ബന്ധത്തെക്കുറിച്ചായിരുന്നു ഇത്രയും നാള്‍ പഠിപ്പിച്ചുപോന്നത്‌. ഇനിയങ്ങോട്ട്‌ ആണും-പെണ്ണും തമ്മിലുള്ള അഭിനിവേശം പഠിപ്പിക്കും.
കീഴ്‌വഴക്കം നോക്കിയാല്‍ പ്രണയം കഴിഞ്ഞാല്‍ പിന്നെ പ്രസവമാണ്‌. അതുകൊണ്ട്‌ ഡിഗ്രിക്ക്‌ ‘പ്രണയം’ പഠിക്കുന്ന പ്രസിഡന്‍സി യൂണിവേഴ്സിറ്റി കുട്ടികള്‍ക്ക്‌ തുടര്‍ പഠനത്തിന്‌ കാണിക്കാന്‍ പരുവത്തില്‍ നാലു കാമറ വെച്ചു ഷൂട്ട്‌ ചെയ്ത ഒരു ‘പ്രസവം’ സിനി കേരളത്തില്‍ റിലീസ്‌ കാത്തുകിടപ്പുണ്ട്‌. ഈ വിവരം മാളവികാ സര്‍ക്കാരിനും റായ്‌ ചൗധരിക്കും അറിയുമോ എന്തോ?

കെ.എ.സോളമന്‍, 

ജന്മഭൂമി 13-8-13

Friday, 9 August 2013

KAS Life Blog: ഏവര്‍ക്കും സമാധാനം കവിത- കെ എ സോളമന്‍

KAS Life Blog: ഏവര്‍ക്കും സമാധാനം കവിത- കെ എ സോളമന്‍: കണ്ണീര്‍ വാര്‍ക്കുന്ന നിന്റെ മുഖം എൻറെ മുഖം തന്നെയാണ് നിന്റെ ദയനീയമായ നോട്ടം എന്റെ നോട്ടം പോലെയാണ് നീ എന്റെ സഹാദരനാണ്. നിന്...

ഏവര്‍ക്കും സമാധാനം കവിത- കെ എ സോളമന്‍

Photo: ℓιкє тнιѕ ραgє Pixelz

Click here for unlimited store of free HD pictures 3D wallpapers..http://goo.gl/oJzpgK

കണ്ണീര്‍ വാര്‍ക്കുന്ന നിന്റെ മുഖം
എൻറെ മുഖം തന്നെയാണ്
നിന്റെ ദയനീയമായ നോട്ടം
എന്റെ നോട്ടം പോലെയാണ്
നീ എന്റെ സഹാദരനാണ്.

നിന്റെ പെണ്‍മക്കളെ
പിച്ചിചീന്തിഎറിഞ്ഞവരോടു
നിനക്കു പകയുണ്ട്,
അവരോടു എനിക്കും കടുത്ത പകയാണ്
നീ എന്റെ സഹാദരനാണ്.

ഭീകരര്‍ കൊന്നൊടുക്കിയ നിന്റെ മിത്രങ്ങള്‍
എന്റെയും മിത്രങ്ങളാണ്
അവര്‍ രാജ്യസ്നേഹികളാണ്.
ഈ നാടിന്റെ വീരപുത്രര്‍
അവരെ നീ സ്നേഹിക്കും പോലെ
ഞാനും സ്നേഹിക്കുന്നു
നീ എന്റെ സഹോദരനാണ്.

അവര്‍ ഏറ്റുവാങ്ങിയ ഓരോ വെടിയുണ്ടയും
തകര്‍ത്തത് മനസ്സാണ്,
എന്റെയും നിന്റെയും മനസ്സ്.
അവര്‍ മുറിവേലപിച്ചത്
എന്റെയും നിന്റെയും ഹൃദയങ്ങളെയാണ്
നീ എന്റെ സഹോദരനാണ്.

ഉറക്കംനഷ്ടപ്പെട്ട ഭീകരരൂപികള്‍
സ്വപ്നം കാണുന്നതു ഏത് നരകം?
അവിവേകികളവര്‍ കൊന്നൊടുക്കിയത്
നിന്റെ സഹോദരങ്ങളെയാണ്,എന്റെയും
നീ എന്റെ സഹോദരനാണ്.

അഹങ്കാരികൾ അവര്‍ ഭീകരര്‍  
കീറിയ ചോരച്ചാലുകളെല്ലാം  
എന്റെയും നിന്റെയും നെഞ്ചകങ്ങളിലാണ്
നീ എന്റെ സഹോദരനാണ്.

എങ്കിലും പ്രാര്‍ഥിക്കയാണ്
അതിരുകളില്ലാത്ത ലോകത്ത്
സ്വാർത്ഥത നശിക്കട്ടെ
സ്നേഹം പൂത്തുലയട്ടെ  
ഭീകരനും വർഗീയവാദിയും
ആയുധവ്യാപാരിയും കപടരാഷ്ട്രീയവാദിയും
തുലയട്ടെ
വെള്ളരിപ്രാവുകൾ പറക്കട്ടെ
എന്റെയും നിന്റെയും
അവന്റെയും മനസ്സുകളില്‍
സമാധാനംപുലരട്ടെ.

ഏവര്‍ക്കും സമാധാനം.

Sunday, 4 August 2013

KAS Life Blog: എന്നെ മന്ത്രിയാക്കല്ലേ!

KAS Life Blog: എന്നെ മന്ത്രിയാക്കല്ലേ!: പണ്ടത്തെ കാലം, കാലണ, അരയണ വെച്ചുള്ള നാടന്‍ ചീട്ടുകളി. പാക്കരനും കളിക്കും, തെങ്ങു കേറി കിട്ടുന്ന മുഴുവന്‍ കാശും ചീട്ടുകളിയില്‍ തുലയ്ക്കുകയ...

എന്നെ മന്ത്രിയാക്കല്ലേ!

Photo: ℓιкє тнιѕ ραgє Pixelz

പണ്ടത്തെ കാലം, കാലണ, അരയണ വെച്ചുള്ള നാടന്‍ ചീട്ടുകളി. പാക്കരനും കളിക്കും, തെങ്ങു കേറി കിട്ടുന്ന മുഴുവന്‍ കാശും ചീട്ടുകളിയില്‍ തുലയ്ക്കുകയാണ്‌ പതിവ്‌.  ഇന്നത്തെപോലെ മൊബെയില്‍ സിം കാര്‍ഡും, ലോട്ടറിയുമില്ലാത്തതിനാല്‍ കാശു കളയാന്‍ ഈ ഒരു മാര്‍ഗമേയുള്ളൂ. ഇടവഴിയിലും ഒഴിഞ്ഞ പറമ്പുകളുമാണ്‌ ചീട്ടുകളി സംഘത്തിന്റെ താവളം. കളിയിലെ കള്ളത്തരങ്ങള്‍ വശമില്ലാത്തതിനാല്‍ പാക്കരന്‌ വരവു-ക, ഇല്ല-ക, ചെലവു-ക, ഉണ്ടു-ക (റുപ്പിക) എന്നതാണ്‌ മട്ട്‌.

അന്ന്‌ പോലീസ്‌ ഇന്നത്തെ മാതിരി ലെഗ്ഗിംഗ്സ്‌ ഇട്ട്‌ വയര്‍ തള്ളിയവരല്ല. കൊമ്പന്‍ മീശയും കൂര്‍ത്ത തൊപ്പിയുമാണ്‌ പോലീസിന്റെ സ്റ്റാറ്റസ്‌ സിംബല്‍. , ട്രൗസര്‍ മുട്ടിന്‌ മുകളില്‍ നില്ക്കും , നല്ല   ലൂസും കാണും, കള്ളന്മാരെ ഓടിച്ചിട്ടു പിടിക്കാനാണത്രെ ഇത്രഇറക്കം. ലെഗ്ഗിംഗ്സ്‌ ആകുമ്പോള്‍ കാലുകള്‍ക്ക്‌ വേണ്ടത്ര ആയം കിട്ടില്ല.

പോലീസിനന്ന്‌ മുഖ്യ വരുമാന സ്രോതസ്സ്‌ നാട്ടിലെമ്പാടുമുള്ള ചീട്ടുകളി സംഘമാണ്‌. ഹോട്ടലുകളിലും കള്ളുഷാപ്പിലും പ്രൈവറ്റ്‌ ബസിലും പോലീസിന്‌ സര്‍വം ഫ്രീയാണെങ്കിലും എന്തെങ്കിലും പുത്തന്‍ തടയണമെങ്കില്‍ ചീട്ടുകളിക്കാരെ ഓടിച്ചിട്ടു പിടിക്കണം. ജനത്തിനാണെങ്കില്‍ ചീട്ടുകളിക്കാതെ വയ്യ, എന്തെങ്കിലും വിനോദം വേണ്ടേ? ഇന്നത്തെപ്പോലെ അന്ന്‌ ചാനലുകളില്ല, ചാനലുകളിലെ ഉരുട്ടിപ്പിടുത്തവുമില്ല. കള്ളുഷാപ്പുകളൊന്നും ഫാമിലി റസ്റ്റോറന്റുമായിരുന്നില്ല. ഓപ്പണായി മദ്യപിക്കാന്‍ യുവാക്കള്‍ക്ക്‌ അല്‍പ്പം ജാള്യതയുമുണ്ടായിരുന്നു.

പോലീസിന്റെ വെട്ടം കാണുമ്പോള്‍ ചീട്ടുകളി സംഘം ഉടുതുണിയും ഉപേക്ഷിച്ച്‌ ഓടിക്കളയും. കൂട്ടത്തില്‍ ചീട്ട്‌ നഷ്ടപ്പെടും, കാശും. അടുത്ത തവണ കളിക്കണമെങ്കില്‍ പുതിയ കുത്തു ചീട്ട്‌ വാങ്ങണം.

പോലീസിനെ കണ്ട്‌ പേടിച്ച്‌ ഒത്തിരി തവണ ഉടുതുണിയുമുപേക്ഷിച്ച്‌ പാക്കരനും തോടു ചാടിയിട്ടുണ്ട്‌.  വെള്ളം കണ്ടാല്‍ പോലീസ്‌ അറയ്ക്കും. കുട്ടനാട്ടിലും മറ്റു വാറ്റു കേന്ദ്രങ്ങളിലും കാണുന്ന പതിവ്‌ കാഴ്ചയില്‍ പോലീസിന്റെ കനാല്‍ വിരോധം പ്രകടം.  പക്ഷെ ഒരിക്കല്‍ പാക്കരനെ പോലീസ്‌ പിടികൂടുക തന്നെ ചെയ്തു.

പാക്കരന്റെ ശബ്ദം, പേടി കൊണ്ടാവണം, പതറിപ്പോയി. വളരെ പണിപ്പെട്ടാണ്‌ ഒരു കണക്കിന്‌ ഇത്രയും പറഞ്ഞൊപ്പിച്ചത്‌ “എന്നെ വിട്ടേക്കല്ലേ ഏമാനെ” ഞാന്‍ നിരപരാധിയാണ്‌, ചീട്ടു കളിച്ചിട്ടില്ല, കളി കാണുകയായിരുന്നു, അതുകൊണ്ട്‌ എന്നെ വെറുതെ വിടണം"  പക്ഷെ പറഞ്ഞപ്പോള്‍ തിരിഞ്ഞുപോയെന്ന്‌ മാത്രം. ഭാസ്കരന്‍ എന്ന പാക്കരന്റെ കഥ അവിടെ നില്‍ക്കട്ടെ. നമ്മുടെ കെപിസിസി പ്രസിഡന്റ്‌ ആരോടന്നില്ലാതെ പറയുന്നതും “എന്നെ മന്ത്രിയാക്കല്ലേ” എന്നാണ്‌.

കുറച്ചുനാളായി കേരളത്തില്‍ ഒരു ആഭ്യന്തര മന്ത്രി സ്ഥാനം അനാഥപ്രേതം പോലെ അലയുകയാണ്‌. . ഒരു ‘കോപ്പനെ’ അറസ്റ്റ്‌ ചെയ്തു. നിലവിലെ ആഭ്യന്തര മന്ത്രി ആപ്പിലായി. അദ്ദേഹത്തെ മാറ്റുന്നതോടൊപ്പം കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പിണക്കംഇല്ലാതാക്കുകയും വേണം. അതുകൊണ്ടു  ആഭ്യന്തര മന്ത്രി, ചെന്നിത്തല ഗാന്ധിയാകട്ടെ എന്നു കരുതി. ആ സ്ഥാനം വാങ്ങി രമ്യതപ്പെടാമെന്ന്‌ ചെന്നിത്തല കരുതിയതുമാണ്‌.   അപ്പോഴാണ്‌ മൂന്ന്‌ രൂപാ മെമ്പര്‍ഷിപ്പിനായി ദല്‍ഹി-തിരുവനന്തപുരം ഷട്ടില്‍ അടിച്ചുകൊണ്ട്‌  അച്ഛന്റെ ആത്മാവുമായി നടന്ന മുന്‍ കെപിസിസി പ്രസിഡന്റ്‌  ചെന്നിത്തല ഗ്രൂപ്പിന്റെ ചുമതലയേറ്റത്‌. .. “ഗ്രൂപ്പോ, ഛെ,” എന്നാണ്‌ അദ്ദേഹം കുറച്ചുനാള്‍ മുമ്പുവരെ പറഞ്ഞത്‌. . അതെല്ലാം വെള്ളം തൊടാതെ വിഴുങ്ങിയതോടെ ഒട്ടകത്തിന്‌ ഇടം കൊടുത്ത അറബിയെപ്പോലെയായി ചെന്നിത്തല. 
പ്രതിപക്ഷത്തിന്റെ രാപ്പകല്‍ ഭക്ഷണം മൈന്‍ഡ്‌ ചെയ്യാത്ത ഉമ്മന്‍ ചാണ്ടി-മുരളീധരന്റെ നീക്കം തടയിടാനാണ്‌ ഉണ്ണിത്താനെ ചാനലില്‍ കേറ്റിയത്‌.  ഉണ്ണിത്താന്‌ മുരളീധരനോട്‌ പഴയൊരു ഉദയംമുണ്ടിന്റെ കണക്ക്‌ പറഞ്ഞു തീര്‍ക്കാനുണ്ട്‌.  ഉണ്ണിത്താന്‍ വന്നതോടെ ചാനല്‍ റേറ്റിംഗ്‌ കൂടുകയും ചാനല്‍പ്പണി ഹൈ-റിസ്ക്‌ ജോബാണെന്ന്‌ ജീവനക്കാര്‍ക്ക്‌ തോന്നുകയും ചെയ്തു.

കെ.എ.സോളമന്‍

Saturday, 3 August 2013

KAS Life Blog: എനിക്കെന്തുണ്ട് ചൊല്ല് നീ- കവിത- കെ എ സോളമന്‍

KAS Life Blog: എനിക്കെന്തുണ്ട് ചൊല്ല് നീ- കവിത- കെ എ സോളമന്‍: ചൊല്ല് സഖേ നിനക്കിഷ്ടമെന്നോടോ. ഇല്ലകള്ളം പറഞ്ഞെന്നെ കളിപ്പിക്കയാണോ ? സുന്ദരാണാണെന്നോ , ഹ , നല്ല കാര്യംപിന്നെ സത്യമായും  നിനക...

എനിക്കെന്തുണ്ട് ചൊല്ല് നീ- കവിത- കെ എ സോളമന്‍



Photo: ksheeramullorakidim naduvilum chora thanne kothikinnu kowthukam........................

ചൊല്ല് സഖേ നിനക്കിഷ്ടമെന്നോടോ.
ഇല്ലകള്ളം പറഞ്ഞെന്നെ കളിപ്പിക്കയാണോ?
സുന്ദരാണാണെന്നോ, , നല്ല കാര്യംപിന്നെ
സത്യമായും  നിനക്കെന്നൊടിഷ്ടമാണെന്നോ?

നീണ്ടതല്ലേ മുഖം തടിച്ച ചുണ്ടുകള്‍
മൂക്കിന്‍ തുമ്പിലെ മറുകു നീ കണ്ടില്ലേ
ഇടുമ്പിയകണ്ണിലെ കറുത്ത വരകളും
നിന്നിഷ്ടപാകത്തില്‍ എനിക്കെന്തുണ്ട് ചൊല്ല് നീ

എന്റെ കണ്‍കളില്‍ നക്ഷ്ത്രമുണ്ടെന്നോ  
എന്റെയീരൂപം വശ്യമാണെന്നോ ?
ചിരിക്കുമ്പോള്‍ പൊഴിയും മുത്തുകളുണ്ടെന്നോ
നിനക്കെന്നോടിത്തിരി ഇഷ്ടമാണെന്നോ?

എങ്കില്‍ പറയട്ടെ പ്രിയസഖേ, എന്നുടെ
ഉള്ളിലെ കണ്ണാടിയില് നിന്‍ ചിത്രമാണപ്പെഴും  
ആ മുഖം കാണ്‍കെ എന്‍നെഞ്ചകം തുടിക്കുന്നു
ആ സ്വരം കേള്‍ക്കെ എന്‍ മാനസംതളിര്‍ക്കുന്നു.

ചൊല്ല് സഖേ നിനക്കിഷ്ടമെന്നോടോ.
ഇല്ലകള്ളം പറഞ്ഞെന്നെ കളിപ്പിക്കയാണോ?
സുന്ദരാണാണെന്നോ, , നല്ല കാര്യംപിന്നെ
സത്യമായും  നിനക്കെന്നൊടിഷ്ടമാണെന്നോ?


കെ എ സോളമന്‍