#കാലം #കണക്ക്ചോദിക്കുമ്പോൾ -
ഭാഗം 1 1975 – ഡൊണേഷൻ്റെ കാലം.
1975. ഓഗസ്ത് 1 കോളേജ് ഗേറ്റിൽ ഒരു വിറയലോടെ രാമൻനായർ നിന്നു. കൂടെ മകൻ രഘു. രഘുവിൻ്റെ നെഞ്ചിൽ 92 ശതമാനം മാർക്കിൻ്റെ 'ബ്ലാക്ക് ആൻഡ് വൈറ്റ്' അഭിമാനം. ലക്ഷ്യം ഒന്നു മാത്രം – ഫിസിക്സ് ഡിഗ്രി.
പ്രിൻസിപ്പലിൻ്റെ മുറി. മേശപ്പുറത്ത് പുസ്തകങ്ങളുടെയും ഫയലുകളുടെയും ചെറിയ ഒരു ശേഖരം. പ്രിൻസിപ്പൽ സാർ കണ്ണടയുടെ മുകളിലൂടെ ഒന്നു നോക്കി.
"എൻ്റെ മോൻ... നന്നായി പഠിക്കും സാർ! ഒരു അഡ്മിഷൻ, ഫിസിക്സ് ആണ്." രാമൻ നായർ വിനയത്തോടെ പറഞ്ഞു.
'പഠിക്കും' എന്ന വാക്ക് കേട്ട് പ്രിൻസിപ്പൽ ചെറുതായി ഒന്നു മൂളി.
"മാർക്ക്?" പ്രിൻസിപ്പലിന് വലിയ താല്പര്യമില്ലാത്തതുപോലെ. മാർക്കിന് വലിയ വിലയില്ലെന്ന് ഭാവം.
"പറയൂ നിൻ്റെ മാർക്ക് എത്രയെന്ന്." പിതാവ് രഘുവിനോട് ആവശ്യപ്പെട്ടു.
രഘു പ്രതീക്ഷയോടെ തലയുയർത്തി: "സാർ, സബ്ജക്റ്റിന് 450-ൽ 413 ഉണ്ട്. 92%."
"ഓഹോ. എല്ലാവർക്കും നല്ല മാർക്കാണല്ലോ ഇപ്പോൾ. മാർക്കിലൊന്നും വലിയ കാര്യമില്ല." പ്രിൻസിപ്പൽ പേപ്പറിൽ നോക്കാതെ പറഞ്ഞു.
രഘുവിൻ്റെ പ്രതീക്ഷയുടെ ബലൂൺ ശബ്ദമില്ലാതെ പൊട്ടിയതുപോലെ.
"ഇല്ല സാർ! ഒന്നാംറാങ്കുകാരന് 415 മാർക്കേ ഉള്ളൂ! മാർക്ക് ലിസ്റ്റ് ഞാൻ കണ്ടതാണ് "
രഘു ഇടയ്ക്ക് കയറി സംസാരിച്ചതു പ്രിൻസിപ്പലിന് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നു തോന്നി.
പ്രിൻസിപ്പൽ: " പയ്യൻ വിഷയം നന്നായി പഠിക്കുമെന്ന് തോന്നുന്നു. എന്തായാലും ഒരു അഡ്മിഷൻ തരാം. പക്ഷേ, മാനേജ്‌മെൻ്റ് ഫണ്ടിലേക്ക് 2000 രൂപ ഡൊണേഷൻ ഉണ്ട്. ഫീസ് കൂടാതെ."
രാമൻ നായരുടെ വയറ്റിൽ ഒരു തണുപ്പ് കയറി. ഫീസ് എങ്ങനെയും അടക്കാം പക്ഷെ 2000 രൂപ? 20 രൂപ പോലും പെട്ടെന്ന് എടുക്കാൻ ഇല്ലാത്ത അവസ്ഥ!
"സാർ, അന്നന്ന് ജോലി ചെയ്തു കഴിയുന്നവനാണ് ഞാൻ! ഈ 2000 രൂപ എന്നെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്. അങ്ങ് മനസ്സുവെച്ചാൽ..."
രാമൻനായരുടെ തൊണ്ട വരണ്ടു. കണ്ണുകൾ നിറഞ്ഞോ?
പ്രിൻസിപ്പൽ: "നിങ്ങൾ ഇപ്പോൾ പോകു! അടുത്ത ആളെ വിളിക്കു!" ഒരു ദയയുമില്ലാത്ത പ്രിൻസിപ്പൽ പീയൂണിനോട് പറഞ്ഞു.
നിരാശയുടെ ഭാരം പേറി അച്ഛനും മകനും പുറത്തിറങ്ങി. രഘു പിതാവിനെ നോക്കി:
"സാരമില്ലച്ഛാ, എനിക്ക് പഠിക്കണമെന്നില്ല! ഞാനും നാളെ മുതൽ പണിക്ക് പോകാം.
രാമൻ നായർ മകനെ നോക്കിയില്ല. ഒരു നെടുവീർപ്പ് മാത്രം. ആ രാത്രി മുഴുവൻ അയാൾ ഉറങ്ങിയില്ല. ഡൊണേഷൻ എന്ന ഭീകര സ്വപ്നം മനസ്സിൽ നിന്ന് പോയില്ല.
കൂട്ടുകാർ, പരിചയക്കാർ, ദൂരെയുള്ള ബന്ധുക്കൾ ' ഒരുദിവസം മുഴുവൻ നടന്നു.
'ഉടൻ തരാൻ പണമില്ല' എന്ന മറുപടിയാണ് എല്ലായിടത്തും കേട്ടത്. അവസാനം 800 രൂപ സംഘടിപ്പിച്ചു. ഒരു വല്ലാത്ത ഭാരം നെഞ്ചിൽ വെച്ച് പിറ്റേന്ന് രാവിലെ വീണ്ടും കോളേജിൽ.
പ്രിൻസിപ്പൽ: "എന്താ? വീണ്ടും വന്നോ?"
"അഡ്മിഷൻ, കുറച്ചു രൂപയുണ്ട്. വേറെ വഴിയില്ല, സാർ."
രാമൻ നായർ വിറയ്ക്കുന്ന കൈകളോടെ കവർ നീട്ടി.
പ്രിൻസിപ്പൽ കവർ തുറന്ന് പണം എണ്ണി. 800 രൂപ . പണം എണ്ണിത്തീർന്ന ശേഷം ഒന്നും മിണ്ടാതെ അത് പാന്റിൻ്റെ പോക്കറ്റിൽ തിരുകി.
അനന്തരം രഘുവിനെ നോക്കി. ആ നോട്ടത്തിൽ ഒരു വാത്സല്യത്തിൻ്റെ നേരിയ അംശം - ഒരുപക്ഷേ തൻ്റെ മകനെ ഓർത്തു പോയതാകാം.
പ്രിൻസിപ്പൽ പറഞ്ഞു " നീ, നന്നായി പഠിക്കണം. സമരം, ബഹളം, യൂണിയൻ ... ഇതിനൊന്നും പോകരുത്. പോയാൽ പഠനം അവിടെ അവസാനിക്കും.
"മനസ്സിലായി സാർ." അച്ഛനും മകനും തലകുനിച്ചു. രഘു നന്നായി പഠിച്ചു. പാസ്സായി. കാലം ആരെയും കാത്തുനിൽക്കാതെ കടന്നുപോയി.
ഭാഗം 2: 2025 - കണക്കുതീർപ്പിൻ്റെ കാലം
2025, ഓഗസ്റ്റ്.
പിതാവ് രാമൻ നായർ ഇന്ന് ജീവിച്ചിരിപ്പില്ല. രഘു (പഴയ രഘു, ഇപ്പോഴത്തെ രഘു സാർ) തൻ്റെ പൗത്രൻ അഭിലാഷിന് (മകൻ്റെ മകൻ) അഡ്മിഷൻ എടുക്കാൻ കോളേജിലെത്തി.
പ്രിൻസിപ്പലിൻ്റെ കസേരയിൽ പഴയ പ്രിൻസിപ്പലിൻ്റെ മകൻ. ആ പഴയ മേശ, പഴയ അന്തരീക്ഷം.
പുതിയ പ്രിൻസിപ്പൽ: "എന്താ വന്നത്?"
ചോദ്യം പഴയത് തന്നെ
രഘു സാർ: "ഡിഗ്രി ഫിസിക്സിന് അഡ്മിഷൻ. അപേക്ഷ സമർപ്പിച്ചതാണ്."
പ്രിൻസിപ്പൽ പിയൂണിനെ വിളിച്ചു: "ഇവരെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി അഡ്മിഷൻ കൊടുക്കാൻ സൂപ്രണ്ടിനോട് പറയൂ. ഫിസിക്സ്!"
ഓഫീസിൽ ഊഷ്മളമായ സ്വീകരണം! സൂപ്രണ്ട് പല വിശേഷങ്ങളും ചോദിച്ചു.
"വേറെ കോളേജിൽ പോകരുത്. ഇവിടെ തന്നെ പഠിക്കണം." സൂപ്രണ്ട് അഭ്യർത്ഥന പോലെ പറഞ്ഞു.
അഡ്മിഷൻ കിട്ടി സന്തോഷത്തോടെ തിരികെ വന്നപ്പോഴാണ് വീടിനടുത്തുള്ള മറ്റൊരു കോളേജിൽ നിന്ന് വിളി വന്നത്.
"നിങ്ങളെന്താണ് വരാത്തത്? ഫിസിക്സിന് അഡ്മിഷൻ ഓഫർ ലെറ്റർ അയച്ചതാണല്ലോ!"
പുതിയ കോളേജിൽ ചെന്ന് വിവരങ്ങൾ തിരക്കി. അവിടത്തെ പ്രിൻസിപ്പൽ പറഞ്ഞു: "വേറെ കോളേജിൽ ചേർന്നതിൽ പ്രശ്നമില്ല. ടി.സി. വാങ്ങി ഇവിടെ വന്നാൽ മതി."
അപ്പോൾ പ്രിൻസിപ്പലിന്റെ സമീപത്തിരുന്നചെറുപ്പക്കാരനായ ഒരദ്ധ്യാപകൻ പറഞ്ഞു:
"സ്റ്റുഡൻ്റിന് വേണ്ട അത്യാവശ്യ സാമ്പത്തിക സഹായങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്.. യാത്ര ചെയ്യാൻ സൈക്കിൾ, സ്റ്റേഷനറി, കാൻ്റീൻ ഫുഡ് ഫ്രീ, പോക്കറ്റ് മണി, സ്കോളർഷിപ്പ്... എല്ലാം ഞങ്ങൾ തരും!"
രഘു സാർ അമ്പരന്നു. 1975-ൽ 2000 കൊടുക്കണം, 2025-ൽ കോളേജ് പണം ഇങ്ങോട്ട് നൽകും. അത് കൊള്ളാമല്ലോ'
അദ്ധ്യാപകൻ തുടർന്നു: "ഇപ്പോൾ ഡിഗ്രി പഠനം 'FYUGP' ആണ്, മൾട്ടി ഡിസിപ്ലിനറി. ഫിസിക്സിനൊപ്പം മറ്റു വിഷയങ്ങളും പഠിക്കാം, വേണമെങ്കിൽ വിഷയങ്ങൾ മാറുകയും ആവാം. അതുകൊണ്ട് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പോലുള്ള വിഷയങ്ങൾ പഠിക്കാൻ ആളില്ല! കുറച്ചു പേരെങ്കിലും വരാൻ വേണ്ടിയാണ് ഈ ഓഫർ!"
അദ്ധ്യാപകൻ്റെ ശബ്ദത്തിൽ നിരാശ. "ആരും പഠിക്കാൻ വന്നില്ലെങ്കിൽ ഞങ്ങളുടെ ജോലിയാണ് പോവുക! അതുകൊണ്ട് ദയവായി ടി.സി. വാങ്ങി ഇവിടെ വരണം. കൈയ്യിൽ നിന്ന് കുറച്ചു പണം പോയാലും ക്ലാസ്സുകൾ നടക്കുമല്ലോ!"
രഘു സാർ (പഴയ രഘു) ഓർത്തു:
1975-ൽ, 800 രൂപ ഡൊണേഷൻ.
സ്വർണ്ണവില വർദ്ധനവ് വെച്ച് നോക്കിയാൽ ഇന്ന് അത് 2 ലക്ഷം!
കർഷക വികാസ് പത്ര നിക്ഷേപം വെച്ച് നോക്കിയാൽ 8 ലക്ഷത്തി ഇരുപതിനായിരം!
രഘു സാർ തൻ്റെ പൗത്രൻ്റെ സൈക്കിളിന് കൊടുക്കാൻ പോകുന്ന പണവും, ഫീസ് ഫ്രീയും, പോക്കറ്റ് മണിയും ഓർത്തു. പണ്ട് മുടക്കിയ കാശിന് ഇതാ ഇന്ന് പലിശ സഹിതം ഒരു 'റിട്ടേൺ'.
രഘു സാർ മനസ്സിൽ ചിരിച്ചു: "പണ്ട് 2000 രൂപ ചോദിച്ചത് കണക്ക്. ഇന്ന് അവർ പതിനായിരം തരാൻ തയ്യാറായതും കണക്ക്. കാലം കണക്ക് ചോദിക്കാതിരിക്കില്ല!"
അതാണ് കാലത്തിൻ്റെ ഗതി. അല്പം കടുപ്പമുള്ളതും, അല്പം തമാശയുള്ളതുമായ ഒരു കണക്ക് പുസ്തകം.
-കെ എ സോളമൻ
No comments:
Post a Comment