#കരുണൻ #മുതലാളിയും #മക്കളും
കഥ -കെ എ സോളമൻ
ഒരുകാലത്ത് ഐശ്വര്യത്തിൻ്റെ പര്യായമായിരുന്നു "കരുണൻ തമ്പുരാൻ". പക്ഷേ കാലം മാറി, കഥ മാറി. ഇന്ന് തമ്പുരാൻ പണയ വസ്തുവായ ഒരു കൊട്ടാരത്തിലിരിക്കുന്ന 'കരുണാൻ'മുതലാളിയാണ്. ഖജനാവിലെ പണം കണ്ടിട്ട് ഒരുപാട് കാലമായെന്ന് തമ്പുരാൻ തന്നെ സ്വകാര്യമായി പറയുന്നുണ്ട്.
തമ്പുരാൻ്റെ തലവേദനയ്ക്ക് പ്രധാന കാരണം അദ്ദേഹത്തിൻ്റെ മക്കളാണ്. കൃഷിമുതൽ കലാരംഗം വരെ, വിദ്യാഭ്യാസം മുതൽ വിനോദം വരെ ഓരോ മേഖലയും ഓരോ മകനാണ് നോക്കുന്നത്. ഓരോ മകനും വന്നാൽ പറയുന്നത് ഒറ്റ കാര്യമേയുള്ളൂ: "അച്ഛാ, ഫണ്ട്! ഫണ്ട് ഇല്ലെങ്കിൽ എല്ലാം തകരും!"
ഇതിനിടയിലാണ് നാട്ടിൽ ഒരു സംസാരം''തമ്പുരാന് അധികാരം വിട്ട് അഞ്ച് മാസത്തിനുള്ളിൽ ഇറങ്ങിപ്പോകേണ്ടി വരുമത്രെ. ഈ അഞ്ച് മാസം എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണം. അധികാരം നഷ്ടപ്പെടാതെ നോക്കുകയും വേണം.
ഒരു ദിവസം തമ്പുരാൻ്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു. അദ്ദേഹം മക്കളെ വിളിച്ചുകൂട്ടി. ഹാളിൻ്റെ നടുക്ക് ഒരു വലിയ കസേരയിലിരുന്ന് അദ്ദേഹം അധികം അലങ്കാരമില്ലാത്ത ഒരു കടലാസ് കയ്യിലെടുത്തു.
"പ്രിയപ്പെട്ട മക്കളേ," തമ്പുരാൻ ഗൗരവം അഭിനയിച്ചു. "നമ്മുടെ കുടുംബം... ക്ഷമിക്കണം, നമ്മുടെ സാമ്രാജ്യം ഇപ്പോൾ ലോകത്തിൻ്റെ നെറുകയിലാണ്, അതായത് നമ്പർ വൺ ! :ഇനി അധികാരം എൻ്റെ കയ്യിൽ എത്രകാലം ഉണ്ടാകുമെന്ന് പറയാൻ പറ്റില്ല. അതിനാൽ ഇതാ, ഞാൻ എൻ്റെ സ്വത്തുക്കൾ ഭാഗം വെക്കാൻ തീരുമാനിച്ചിരിക്കുന്നു!"
മക്കൾ പരസ്പരം നോക്കി. സ്വത്തോ? കഴിഞ്ഞ മാസം ശമ്പളം തരാൻ പോലും അച്ഛൻ പാടുപെട്ടത് അവർക്കോർമ്മ വന്നു.
ആദ്യം വിളിച്ചത് മൂത്തമകൻ 'വിദ്യാഭ്യാസനെയാണ്.
"വിദ്യാഭ്യാസൻ, നിനക്കായി ഞാൻ 2000 കോടി വിലമതിക്കുന്ന 'വിജ്ഞാന വിഹാരം' എന്ന പദ്ധതി പ്രഖ്യാപിക്കുന്നു! ലോകോത്തര നിലവാരത്തിലുള്ള 10 പുതിയ യൂണിവേഴ്‌സിറ്റികൾ! ഇതാ, അതിൻ്റെ പ്രെസ്‌നോട്ടീസിൻ്റെ പകർപ്പ്!"
വിദ്യാഭ്യാസൻ കൈകൂപ്പി.
"അച്ഛാ, നിലവിലുള്ള യൂണിവേഴ്‌സിറ്റികളിൽ ലൈറ്റ് ഇടാൻ പോലും പണമില്ല."
തമ്പുരാൻ ചെവി കേൾക്കാത്തപോലെ അടുത്ത മകനെ ആരോഗ്യ ദാസനെ വിളിച്ചു.
"ദാസാ, നിനക്ക് ഞാൻ 1500 കോടിയുടെ 'ആയുസ്സാരോഗ്യം' പ്രഖ്യാപിക്കുന്നു! 5 പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ! ഇതാ, പേപ്പറിൽ ഒപ്പിട്ടത് നോക്കൂ!"
ദാസൻ്റെ കണ്ണുകൾ നിറഞ്ഞുപോയി.
. "അച്ഛാ, കഴിഞ്ഞ വർഷം വാങ്ങിയ പഞ്ഞിയുടെയും നൂലിൻ്റെയും സിറിഞ്ചിൻ്റെയും കടം വീട്ടാൻ പോലും ഞാൻ എവിടെനിന്ന് പണം കണ്ടെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ്."
"അതൊന്നും സാരമില്ല മോനേ. ഇതൊരു സുവർണ്ണാവസരമാണ്!" തമ്പുരാൻ ചിരിച്ചു.
പിന്നീട്, 'ഗതാഗതനെ' വിളിച്ചു.
"നിനക്ക് 4000 കോടിയുടെ 'സൂപ്പർ ഫാസ്റ്റ് പാത'! ആകാശത്തുകൂടി പോകുന്ന പാത, ഭൂമിയിലൂടെ പോകുന്ന മെട്രോ ലൈൻ... ഇതാ, ഒരു ഭീമൻ മാപ്പ് ഞാൻ നിനക്കായി വരച്ചിരിക്കുന്നു!"
ഗതാഗതൻ ആ മാപ്പ് വാങ്ങി നോക്കി. അത് സാധാരണ കടലാസിൽ പെൻസിൽ കൊണ്ട് വരച്ച ഒരു രൂപരേഖയായിരുന്നു.
"അച്ഛാ, ബസ് ഓടിക്കാനുള്ള ഡീസൽ വാങ്ങാൻ പണമില്ല, അപ്പോഴാണ് ആകാശപ്പാത!"
തമ്പുരാൻ്റെ മുഖത്ത് അപ്പോഴാണ് കലിപ്പ് വന്നത്.
"എന്താടാ, നീ എൻ്റെ വാക്കിനെ ചോദ്യം ചെയ്യുകയാണോ? കരുണൻ തമ്പുരാൻ ഒരു വാക്ക് പറഞ്ഞാൽ, അത് നടന്നിരിക്കും! നീ എൻ്റെ പ്രഖ്യാപനത്തിൻ്റെ മഹിമയെ കുറയ്ക്കാൻ ശ്രമിക്കരുത്, ശ്രമിച്ചാൽ കടക്കു പുറത്ത് "
അപ്പോഴാണ് 'കൃഷിനാഥൻ' അലമുറയിട്ടത്.
"അച്ഛാ, എൻ്റെ കർഷകർക്ക് ഒരു വർഷത്തെ സബ്‌സിഡി കുടിശ്ശികയുണ്ട്. ഇല്ലാത്ത സ്വത്ത് വേണ്ട, ദയവായി ആ കുടിശ്ശികയെങ്കിലും..."
"എന്താ മോനേ," തമ്പുരാൻ ചിരിച്ചു, "കുടിശ്ശികയോ? നിനക്ക് ഞാൻ 500 കോടിയുടെ 'സമ്പൂർണ്ണ സമൃദ്ധി' പദ്ധതി പ്രഖ്യാപിക്കുന്നു! എല്ലാവർക്കും സൗജന്യമായി അഞ്ചേക്കർ ഭൂമി! ഇതാ 'അഞ്ചേക്കർ വിതരണ പ്രഖ്യാപനത്തിൻ്റെ നോട്ടീസ്'."
അഞ്ചേക്കർ വിതരണ നോട്ടീസ് കണ്ടപ്പോൾ കൃഷിനാഥൻ തല കറങ്ങി വീഴാതിരിക്കാൻ ചുമരിൽ പിടിച്ചു നിന്നു.
അപ്പോഴാണ് 'സാമൂഹ്യ സുരക്ഷിതൻ' മുന്നോട്ട് വന്നത്.
"എൻ്റെ പെൻഷൻകാർക്ക് 5 മാസമായി പെൻഷൻ കൊടുത്തിട്ടില്ല, അച്ഛാ!"
തമ്പുരാൻ വാത്സല്യത്തോടെ അവനെ നോക്കി.
"അതിനാണ് മോനേ, നിനക്ക് ഞാൻ 5000 കോടിയുടെ 'ചാന്ദ്ര-പെൻഷൻ' പദ്ധതി പ്രഖ്യാപിക്കുന്നത്! ഇനി പെൻഷൻകാർക്ക് ഓരോ മാസവും ചന്ദ്രനിൽ നിന്ന് നേരിട്ട് പണം എത്തിക്കും! അതിന് വേണ്ട 'സ്‌പേസ് ഏജൻസി കോൺട്രാക്ട് ലെറ്റർ' ഇതാ എൻ്റെ കയ്യിലുണ്ട്! ഇലോൺ മസ്കാണ് സംരംഭകൻ""
ഒരിടത്തും ഇല്ലാത്ത സ്വത്ത്
അങ്ങനെ ഓരോ മകനും വേണ്ടി തമ്പുരാൻ ഭാഗിച്ചു പതിനായിരം കോടിയിലധികം വിലമതിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചു. കയ്യിലുള്ളത് മൊത്തം അച്ചടിച്ച പ്രെസ്‌നോട്ടുകളും, കൈകൊണ്ട് വരച്ച രൂപരേഖകളും, കള്ള ഒപ്പിട്ട കരാറുകളുമാണ്.
മക്കളെല്ലാം തമ്പുരാൻറെ മുന്നിൽ തലകുനിച്ച് നിന്നു. തമ്പുരാൻ വിജയിയുടെ ഭാവത്തിൽ കസേരയിൽ ചാരിയിരുന്നു.
"ഇനി നിങ്ങൾ സന്തോഷത്തോടെ പോയി പദ്ധതികൾ നടപ്പാക്കാൻ തുടങ്ങുക. പേടിക്കേണ്ട, ഈ കരുണൻ മുതലാളിക്ക് ഒരു വാക്കേ ഉള്ളൂ! പണം ഒരു പ്രശ്‌നമല്ല, പ്രഖ്യാപനമാണ് പ്രധാനം!"
എല്ലാവരും പുറത്തിറങ്ങി. മക്കളിൽ മൂത്തവരെല്ലാം വിഷമിച്ചിരിക്കുമ്പോൾ, 'സാംസ്‌കാരികൻ' എന്ന ഇളയ മകൻ ചിരിച്ചുകൊണ്ട് മുന്നോട്ട് വന്നു.
"നിങ്ങളെന്താ ഇങ്ങനെ വിഷമിക്കുന്നത്?" അവൻ ചോദിച്ചു.
"വിഷമിക്കാതിരിക്കാൻ പറ്റുമോ? നമുക്ക് ആർക്കും ഒരു ചായ കുടിക്കാനുള്ള കാശ് പോലും ഇപ്പോൾ കയ്യിലില്ല. അപ്പോഴാണ് പതിനായിരം കോടിയുടെ പദ്ധതികൾ!" ഗതാഗതൻ നെടുവീർപ്പിട്ടു.
"അതുതന്നെയാണ് അച്ഛൻ്റെ 'മാസ്റ്റർ പ്ലാൻ'," സാംസ്‌കാരികൻ ചിരി തുടർന്നു.
"ആരെങ്കിലും എവിടെയെങ്കിലും ഈ സ്വത്ത് കാണാൻ വന്നാൽ, നമുക്ക് ധൈര്യമായി പറയാമല്ലോ: 'അതിൻ്റെ രേഖകൾ ദാ ഇരിക്കുന്നു! പക്ഷേ ഈ സ്വത്ത് എവിടെയാണ് ചോദിച്ചാൽ, ഒരിടത്തും ഇല്ല! അച്ഛൻ പ്രഖ്യാപിച്ചതേയുള്ളൂ. അത് നടപ്പാക്കുന്നത് അടുത്ത അഞ്ച് വർഷത്തെ പ്രകടന പത്രികയിലാണ്!'."
എല്ലാവരും അവനെ നോക്കി. അതൊരു കിടിലൻ ആശയമായിരുന്നു.
അപ്പോഴാണ് കൃഷിനാഥൻ ചോദിച്ചത്:
"അപ്പോൾ, നമ്മുടെ കർഷകരുടെ കുടിശ്ശികയോ?"
സാംസ്‌കാരികൻ തൻ്റെ കയ്യിലുള്ള കറുത്ത പേപ്പർ ഉയർത്തിക്കാട്ടി. "ഇതാ, അച്ഛൻ എനിക്ക് തന്നത് 'സമ്പൂർണ്ണ സാഹിത്യ വിപ്ലവ'ത്തിനായുള്ള 100 കോടിയുടെ പദ്ധതിയാണ്. അതിൽ നിന്ന് ഞാൻ 20 രൂപ എടുത്ത് നിങ്ങൾക്ക് ചായ വാങ്ങിത്തരാം. ബാക്കി 99 കോടി 99 ലക്ഷത്തി 99 ആയിരത്തി 980 രൂപ അടുത്ത സർക്കാരിൻ്റെ ചുമതലയാണ്!"
എല്ലാവരും ആ തമ്പുരാൻ്റെ ബുദ്ധിയോർത്ത് ചിരിച്ചുപോയി. കടലാസിലെ കോടീശ്വരന്മാരായി അവർ ആ തകർന്നുപോയ സാമ്രാജ്യത്തിൽ ആ കറുത്ത ചായ (ബ്ളാക് ടീ) കുടിച്ച് നിന്നു.
ഒരു കാര്യം അവർക്ക് ഉറപ്പായിരുന്നു: പ്രഖ്യാപനങ്ങൾ ഒരിക്കലും കടം കയറി മുടിഞ്ഞുപോവുകയില്ല!