Friday, 19 September 2025

ഓർമ്മയുടെ തീരങ്ങളിൽ

ഓർമയുടെ തീരങ്ങളിൽ -കവിത - കെ എ സോളമൻ

ഓർക്കാനേറെയുണ്ട്.                  

 പക്ഷെ ഓർത്തു നോക്കാൻ ഭയം.       ഓർമ്മ വന്നാൽഉറക്കം ദൂരേയ്ക്ക് ഒഴുകിപ്പോകും,
രാത്രികൾ തീർന്നാലും തീരാത്ത യാത്രയായി.

നെഞ്ചിൽ തീ പടർത്തിയ
പ്രണയ നിമിഷങ്ങൾ,
കഥകളായും കവിതകളായും
സ്വപ്നങ്ങളായും ഇന്നും കൂടെയുണ്ട്
ദുഃഖവും ഭാവസാന്ദ്രവും ചുമന്ന്
ഒരു നിഴലായ് കൂട്ടിനൊപ്പം.

പഴയ കടലാസുകൾ, ഡയറിക്കുറിപ്പുകൾ,
വായിക്കരുതെന്ന് പറയുമ്പോഴും
വായിക്കാതെ വയ്യ,
വിധിയാകാതെ പോയ
സ്വപ്നക്കുരുക്കുകൾ
വീണ്ടും വിരിയുന്നു, രൗദ്രഭാവങ്ങളിൽ

പാടിയ വരികളിലും മധുരം,
പക്ഷെ പാടാതെ പോയവയിൽ
ഇനിയും വേദനിച്ചുനിൽക്കുന്ന രാഗം.
എഴുതിയ കഥകളിലും സൗന്ദര്യം,
പക്ഷെ എഴുതാത്തവയിൽ
അതിലേറെ നിശ്ശബ്ദ സുഗന്ധം.

എന്തിനുവേണ്ടി?
എഴുതണം, പാടണം, ഓർക്കണം?
എന്തെന്നാൽ അവയൊക്കെയാണ്
ജീവിതം
ഇന്നും ഹൃദയം പൊള്ളിക്കുന്ന
മൗനഗാഥകൾ.
- കെ എ സോളമൻ



No comments:

Post a Comment