#മാധ്യമനൈതികത - ലേഖനം
മാധ്യമങ്ങൾ എന്നു പറയുമ്പോൾ പ്രധാനമായിട്ടും പത്രമാധ്യമങ്ങളുണ്ട് ദൃശ്യമാധ്യമങ്ങളുണ്ട്. പത്രമാധ്യമങ്ങളെ ഇവിടെ ചർച്ചയ്ക്ക് വിധേയമാക്കുന്നില്ല, കാരണം പത്രം വായിക്കുന്നവരുടെ എണ്ണം തീരെ കുറഞ്ഞുവരുന്നു. വായനക്കാർ തീരെ കുറവായതിനാൽ വായനക്കാരുടെ പംക്തിയും പ്രധാന പത്രങ്ങളിൽ കാണാറില്ല.
പ്രധാനപത്രങ്ങൾ ഇപ്പോൾ പരസ്യ നോട്ടീസുകളാണ്, നമ്മുടെ വീട് മുറ്റത്ത് ദിവസവുമെത്തുന്ന പരസ്യ നോട്ടീസ്. ഫ്രണ്ട് പേജ് പരസ്യത്തിന് താരിഫ് കൂടുതൽ ആയതിനാൽ പല പത്രങ്ങൾക്കും രണ്ടും മൂന്നും ഒന്നാം പേജുകളാണ്. അതുകൊണ്ട് പത്രങ്ങൾ വായിക്കുന്നവർ തന്നെ ചുരുങ്ങി, പത്ര വരിക്കാരും കുറഞ്ഞു. പത്രത്തിൽ വരുന്ന ഒരു പ്രാദേശിക വാർത്ത ആകെ കാണുന്നത് 100 പേരിൽ കൂടുതൽ വരില്ല. അതിൽ കൂടുതൽ ആളുകൾ വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നുണ്ട്. പത്രമാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് ഒരു ദിവസത്തെ കാലതാമസമുള്ളതിൽ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ഇംപാക്ട് അത്ര ഗുരുതരമാകാറില്ല
അതുകൊണ്ട് ഇവിടെ പ്രധാനമായും ചർച്ചയ്ക്ക് വിധേയമാക്കുന്നത് ദൃശ്യ വാർത്താ മധ്യമനൈതികതയാണ്
#ദൃശ്യമാധ്യമങ്ങൾ
ദൃശ്യമാധ്യമങ്ങളുടെ പ്രവർത്തനം ജനങ്ങളുടെ ആശങ്കകൾ വർദ്ധിപ്പിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്
കഴിഞ്ഞ കുറച്ച് കാലങ്ങളായി ദൃശ്യമാധ്യമങ്ങളുടെ പ്രവർത്തനം പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. വാർത്താ ചാനലുകൾക്ക് സമൂഹത്തിൽ വളരെ വലിയ സ്വാധീനമുണ്ട്. വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനും മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
എന്നാൽ, ചിലപ്പോൾ ഈ സ്വാധീനം ദുരുപയോഗം ചെയ്യപ്പെടുന്നതായി കാണാം. തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, വ്യക്തിപരമായ ആക്രമണങ്ങൾ എന്നിവ സമൂഹത്തിൽ സ്പർദ്ധയും ഭിന്നിപ്പും ഉണ്ടാക്കുന്നു എന്നുള്ള അഭിപ്രായത്തോട് പലർക്കും യോജിപ്പുണ്ടാകും. ഇത് വളരെ ഗൗരവമായ ഒരു വിഷയമാണ്.
#മാധ്യമങ്ങളുടെഉത്തരവാദിത്തം
വാർത്താ മാധ്യമങ്ങൾ എന്നത് സമൂഹത്തിന്റെ നാലാം തൂണായിട്ടാണ് അറിയപ്പെടുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങൾ സത്യസന്ധവും നീതിയുക്തവുമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്. സർക്കാരിന്റെയും അധികാരികളുടെയും പ്രവർത്തനങ്ങളെ വിമർശനപരമായി വിലയിരുത്താനും അഴിമതിയും അനീതികളും പുറത്തുകൊണ്ടുവരാനും മാധ്യമങ്ങൾക്ക് വലിയൊരു ഉത്തരവാദിത്തമുണ്ട്. എന്നാൽ, വാർത്തകൾ അവതരിപ്പിക്കുമ്പോൾ അതിന്റെ സത്യസന്ധത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും, റേറ്റിങ്ങിനും കാഴ്ചക്കാരെ കൂട്ടുന്നതിനും വേണ്ടി വാർത്തകളെ വളച്ചൊടിക്കാനും സെൻസേഷണലിസത്തിന് പ്രാധാന്യം നൽകാനും മാധ്യമങ്ങൾ ശ്രമിക്കാറുണ്ട്.
ടിആർപി ( Telivison Rating Point) വർദ്ധിപ്പിക്കുക എന്നതാണ് ടിവി ചാനലുകളുടെ പ്രധാന ലക്ഷ്യം
ഇത്തരം പ്രവണതകൾ മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്നു.
അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ചില പ്രധാന പ്രശ്നങ്ങളുണ്ട്
#തെറ്റായവാർത്തകൾ (Fala news)
വാർത്താ വിശകലനത്തിന്റെ പേരിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും.
മതസ്പർദ്ധയും ഭിന്നിപ്പും: ചില ചാനലുകൾ പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് വാർത്തകൾ നൽകുന്നത് സമൂഹത്തിൽ വർഗീയ വിദ്വേഷം വളർത്താൻ കാരണമാകും. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് ഭീഷണിയാണ്.
#സാമ്പത്തികലക്ഷ്യങ്ങൾ:
ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ചില മാധ്യമങ്ങൾ, ധാർമികതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യാൻ മടി കാണിക്കാറില്ല. പണത്തിനു വേണ്ടി എന്ത് വാർത്തയും നൽകാം എന്ന ചിന്ത സമൂഹത്തിന് ദോഷകരമാണ്
പണ്ടൊക്കെ പീഡനമടക്കം ഒരു കുറ്റകൃത്യം നടന്നാല്‍ നേരേ പോലീസ് സ്റ്റേഷനിലേക്കാണ് പരാതി പറയാന്‍ കേരളത്തിലെ സ്ത്രീകള്‍ പോയിക്കൊണ്ടിരുന്നത്. ഇക്കാലത്ത് അവര്‍, പ്രത്യേകിച്ച് സിനിമാനടികളെന്ന് പറയപ്പെടുന്നവരും എഴുത്തകാരികളും ഫെമിനിസ്റ്റ് ചിന്താഗതിക്കാരും നേരേ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ മുന്നിലേക്കാണ് പോകുന്നത്. പരാതിക്കാരി സിനിമ നടി ആണെങ്കിൽ ചാനലുകൾ ആഴ്ചയോളം വാർത്ത ആഘോഷമാക്കും. സാമൂഹ്യദുരന്തം എന്നേ ഇതിനെ വിശേഷിപ്പിക്കാനാവു.
പോലീസ് സ്റ്റേഷന്‍, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയ വ്യവസ്ഥാപിത ജുഡീഷ്യല്‍ , അര്‍ദ്ധ-ജുഡീഷ്യല്‍ സ്ഥാപനങ്ങളില്‍ ഇത്തരം പരാതിക്കാരികൾക്ക് വിശ്വാസമില്ല എന്നുവെച്ചാൽ ഭരിക്കുന്നവരിൽ വിശ്വാസമില്ല എന്നുവേണം കരുതാന്‍. മാധ്യമങ്ങള്‍ തങ്ങള്‍ക്ക് നീതി വാങ്ങിത്തരുമെന്ന തെറ്റായ വിശ്വാസമായിരിക്കാം ഇതിന് കാരണം.
നീതി ലഭിക്കുകയും കുറ്റവാളി ശിക്ഷിക്കപ്പെടുകയും ചെയ്തില്ലെങ്കിലും കാര്യം നാലാളറിയട്ടെ എന്ന ചിന്താഗതിയുമാകാം ചില സ്ത്രീകളുടെ ഇത്തരം സമീപനം കാരണം.
പോലീസിലും കോടതിയിലും പോയാല്‍ കിട്ടാത്ത പബ്ലിസിറ്റി ചാനലിലൂടെ കിട്ടുമെന്ന് ചില പരാതിക്കാരികൾ കരുതുകയും ചെയ്യുന്നു. ചാനലിൽ വ്യാജ പരാതികൾ ഉന്നയിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനും ഇവിടെ നിയമ സംവിധാനം വേണം.
#നിയമനിർമാണത്തിന്റെആവശ്യകത
വ്യാജവാർത്തകളും വിദ്വേഷ പ്രസംഗങ്ങളും തടയാൻ കർശനമായ നിയമങ്ങൾ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നിലവിൽ, ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യാൻ ചില വകുപ്പുകളുണ്ടെങ്കിലും, അവ പലപ്പോഴും ഫലപ്രദമല്ലാത്തതിനാൽ പുതിയ നിയമനിർമാണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കേണ്ടതുണ്ട്.
#സ്വതന്ത്രഏജൻസി
തെറ്റായ വാർത്തകൾ കണ്ടെത്തി ശിക്ഷിക്കാൻ ഒരു സ്വതന്ത്ര ഏജൻസി രൂപീകരിക്കുക എന്നത് ഒരു പരിഹാരമാണ്. ഈ ഏജൻസിക്ക് വാർത്തകളുടെ സത്യസന്ധത പരിശോധിക്കാനും ആവശ്യമെങ്കിൽ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും അധികാരം നൽകണം. ഇതിനാകട്ടെ കാലതാമസവും പാടില്ല
.
#ഡിജിറ്റൽമാധ്യമനിയമങ്ങൾ:
ടെലിവിഷൻ ചാനലുകൾക്കൊപ്പം, ഓൺലൈൻ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതിനാൽ ഈ മേഖലകളിലും ശക്തമായ നിയമങ്ങൾ ആവശ്യമാണ്.
എന്നാൽ, നിയമനിർമാണം നടത്തുന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. കാരണം, മാധ്യമ സ്വാതന്ത്ര്യം ഒരു ജനാധിപത്യത്തിന്റെ ജീവനാണ്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെയും അതേസമയം, അവരുടെ ഉത്തരവാദിത്തം ഉറപ്പുവരുത്തിക്കൊണ്ടും വേണം നിയമങ്ങൾ ഉണ്ടാക്കാൻ.
മാധ്യമങ്ങളുടെ നിലവാരം ഉയർത്തുന്നതിൽ പ്രേക്ഷകർക്കും വലിയ പങ്കുണ്ട്. തെറ്റായ വാർത്തകൾ നൽകുന്ന ചാനലുകളെ ബഹിഷ്കരിക്കാനും സത്യസന്ധമായ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങൾ തയ്യാറാകണം. അപ്പോൾ പ്രേക്ഷകരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനും മര്യാദയാടെ പ്രവർത്തിക്കാനും മാധ്യമ സ്ഥാപനങ്ങളും നിർബന്ധിതരാകും.
ഇത്തരം വിഷയങ്ങളിൽ പൊതുചർച്ചകൾ ഉണ്ടാകുന്നത് നല്ലതാണ്. ഇത് സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ഈ വിഷയത്തെ കൂടുതൽ ഗൗരവമായി കാണാനും ചർച്ച ചെയ്യാനും സമൂഹത്തെ പ്രേരിപ്പിക്കും.