Sunday, 18 May 2025

#വേലിയകം തെക്കിനി- കഥ -

#വേലിയകം തെക്കിനി- കഥ - -കെ എ സോളമൻ
(മറക്കാതെ ബാല്യം - 8ാം ഭാഗം)
പുരയിടം നിറഞ്ഞുള്ള വീടുകൾ ആയിരുന്നു അന്ന് അവിടെയുള്ള പണക്കാർക്ക്. രണ്ടുനില കെട്ടിടങ്ങൾ പ്രചാരത്തിൽ ഇല്ല. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ കേറി പരിസര നിരീക്ഷണം നടത്താൻ അന്നവിടെ ഇരുനിലകെട്ടിടങ്ങൾ ഇല്ലായിരുന്നു. ആകെ ഉള്ളത് കടക്കരപ്പള്ളി ചന്തയിലെ കോൺഗ്രസ് ഓഫീസ് ആണ് അതുകൊണ്ട് ഞങ്ങൾ കുട്ടികൾ  കോൺഗ്രസ് ഓഫീസിലാണ് കയറുക. പലകത്തട്ടിലാണ് ഓഫീസിൻ്റെ മുകളിലത്തെ നില പണിഞ്ഞിരുന്നത്.

1964 കാലഘട്ടം ആണെന്നാണ് ഓർമ്മ. കോൺഗ്രസ് ഓഫീസിൽ ആർക്കും കയറാം. അവിടെ ഇരുന്നു നോക്കിയാൽ ചുറ്റുപാടും കാണാം. ചന്തയിൽ പോകുന്നവരെയും വരുന്നവരെയും കൃത്യമായി കാണാം. ആരും തന്നെ നമ്മുടെ ദൃഷ്ടിയിൽ പ്പെടാതെ രക്ഷപെടില്ല. ആ കാഴ്ച അന്ന് ഏറെ ആസ്വദിച്ചിരുന്നു.

വലിയ വീടുകളുടെ ഒരു ആകർഷണമായിരുന്നു  തെക്ക് കിഴക്ക് ആയുള്ള തെക്കിനി. മെയിൻ കെട്ടിടത്തിന്റെ പത്തിലൊന്ന് ചെലവ് മതിയാകും തെക്കിനി നിർമിക്കാൻ. ഞങ്ങളൊക്കെ അന്ന് താമസിച്ചിരുന്ന അറുകാപുര നിർമ്മിക്കാൻ തെക്കിനി നിർമ്മാണ ചിലവിന്റെ നൂറിൽ ഒന്ന് തുക മതിയാകും. ഒറ്റ ഹാൾ ആയിട്ടാണ് തെക്കിനി നിർമ്മിക്കുക. 

വേലിയകം വീടിൻറെ തെക്കിനി അതി മനോഹരമായിരുന്നു. രണ്ടു വാതിലുകൾ പടിഞ്ഞാറും വടക്കും. ചുറ്റിനും ജനലുകൾ.  ആഞ്ഞിലിത്തടിയിൽ തീർത്ത നിർമ്മിതികൾ. പോളിഷ് ചെയ്തു മനോഹരമാക്കിയിരുന്നു വാതിലുകളും ജനലുകളും

തെക്കിനിക്കു പടിഞ്ഞാറും വടക്കും വീതികൂടിയ വരാന്തകളും ഉണ്ടായിരുന്നു . കട്ടിൽ, കോച്ചി, മേശ, കസേര എന്നിവ തെക്കിനിക്കകത്ത്യ കാണും.  വീട്ടിലെ  കാരണവർ വിശ്രമിക്കാനാണ് സാധാരണ തെക്കിനി ഉപയോഗിച്ചിരുന്നത്. 

വേലിയകം തെക്കിനിയിൽ  വേലിയകൻ തന്നെയായിരുന്നു വിശ്രമിച്ചിരുന്നത്. ലഘു ഭക്ഷണം കൃത്യസമയത്ത് തെക്കിനിയിൽ അദ്ദേഹത്തിൻറെ  മേശപ്പുറത്ത് എത്തണം, അതായിരുന്നു ചിട്ട. 

ഞങ്ങൾ കുട്ടികൾക്ക് തെക്കനിയുടെ വരാന്തയിൽ ഇരിക്കാൻ അനുവാദം ഉണ്ടെങ്കിലും അകത്തേക്ക്  പ്രവേശനം ഇല്ലായിരുന്നു.

കുളത്തിൽ വീണുള്ള വേലിയകൻ്റെ പെടുമരണത്തിനു ശേഷം ഏതാനും മാസങ്ങൾ തെക്കിനി അടച്ചിട്ടിരിക്കുകയായിരുന്നു ഞങ്ങൾ തെക്കിനിയിലേക്ക് പോകാതായി.  വലിയ പേടിയായിരുന്നു കാരണം..

 വീടിൻ്റെ തെക്കുപടിഞ്ഞാറെ മൂലയിലെ ചെമ്മീപ്പുളിയിലെ അറുകൊലയും വേലിയകൻ്റെ പ്രേതവും ചേർന്ന് തെക്കിനിയിൽ വിഹരിക്കയാണെന്ന് ഇതു സംബന്ധിച്ചു അറിവുള്ളവർ പറഞ്ഞ് ഞങ്ങളെ പേടിപ്പിച്ചിരുന്നു  വേലിയകൻ്റെ സഹോദരി കല്യാണി മൂത്തമ്മയും ഇതേ താണ്ട് അംഗികരിച്ച മട്ടിലായിരുന്നു '

ഞങ്ങൾ പതിവായി സമ്മേളിക്കുന്ന വർക്ക് ഏരിയയിൽ വെച്ച് ആരെങ്കിലും തെക്കിനിയുടെ കാര്യം പരാമർശിച്ചാൽ കല്യാണി മൂത്തമ്മ അൽപനേരം കണ്ണുകളടച്ച് കൈകൂപ്പി നിൽക്കും, അറുകെലയും അന്തരിച്ച സഹോദരനും ഒരുമിച്ച് തെക്കനിയിൽ സമ്മേളിക്കുന്ന കാര്യം അംഗീകരിക്കുന്ന മട്ടിൽ.

ഏതാണ്ട് ആറുമാസം കഴിഞ്ഞ് തെക്കനിക്കു മുന്നിലെ മുറ്റത്ത് ആഴി കൂട്ടി അഗ്നിപൂജയോടെ ഉച്ചാടനവും ആവാഹനവും നടത്തി കാരണവരുടെ  പ്രേതത്തെ നാടുകടത്തിയെങ്കിലും അറുകൊല അവിടം വിട്ടുപോയില്ല.  അറുകൊലയുടെ സെറ്റപ്പ് അങ്ങനെയാണെന്നാണ് അന്ന് ഞങ്ങളോട് മുതിർന്നവർ വിശദീകരിച്ചു തന്നത്. ഭാഗ്യത്തിന് യക്ഷി അങ്ങോട്ടൊന്നും തിരിഞ്ഞുനോക്കിയില്ല, അവർ തെക്കേ കുളക്കരയിലെ പനയിൽ സുഖമായി വസിക്കുകയായിരുന്നു.

കല്യാണ മൂത്തമ്മയുടെ ഏകമകൾ ലക്ഷ്മിക്കുട്ടിയും, ഭർത്താവ് വാസുദേവനും വേലിയകം വീടിൻറെ പൂർണ ചുമതല ഏറ്റെടുത്തു. വാസുദേവൻ കോട്ടയത്ത് പോലീസ് സിഐഡി ആയിരുന്നതുകൊണ്ട് വീട്ടിലെ ലൊട്ടുലൊടുക്കു പ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചിരുന്നതേയില്ല. പോലീസിനെ ഭീകര പട്ടികയിൽ പെടുത്തിരുന്ന അക്കാലത്ത് സിഐഡി വാസുദേവനെയും ഞങ്ങൾ ആക്കൂട്ടത്തിൽ പെടുത്തി. ഞങ്ങൾ അദ്ദേഹത്തിൻറെ കണ്ണും വെട്ടത്ത് പോയില്ല. ആഴ്ചയുടെ അന്ത്യം അദ്ദേഹം വീട്ടിലെത്തുന്ന സമയത്ത് വേലിയകത്ത് പൂരത്തിന്റെ ബഹളം ആയിരുന്നു. 

സി ഐ ഡിക്കു വേണ്ടി സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരിക്കും മാലക്കുഞ്ഞമ്മയും കല്യാണി മൂത്തമ്മയും പരിവാരങ്ങളും. ലക്ഷ്മിക്കുട്ടി അമ്മയെ മാലക്കുഞ്ഞമ്മ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്.

വരാൽ കറിയുടെ റെസിപ്പി കൃത്യമായി അറിയാത്തതുകൊണ്ട് കുഞ്ഞാമ്മയെ വിളിക്കും.  കുഞ്ഞാമ്മ എൻറെ അമ്മ ത്രേസ്യയാണ്. കുഞ്ഞാമ്മ വെച്ച വരാൽ കറി ആണെങ്കിൽ സിഐഡിക്ക് ധൈര്യമായി വിളമ്പാം എന്ന് മാലക്കുഞ്ഞമ്മയ്ക്ക് അറിയാം. എപ്പോഴും പോയി വരാൽ കറി വെച്ചു കൊടുക്കാൻ താല്പര്യം ഇല്ലെങ്കിലും മകൻ അവിടെ കറങ്ങുന്നതിനാൽ എൻറെ അമ്മ സന്തോഷത്തോടെ ആ ജോലി സ്വീകരിച്ചു പോന്നു.

സി ഐ ഡി -മാലക്കുഞ്ഞമ്മ ദമ്പതികൾക്ക് അഞ്ചു മക്കൾ - രണ്ടാണും,  മൂന്നുപെണ്ണും കൊച്ചപ്പൻ, ബേബി, കുഞ്ഞുമോൾ, മോഹൻ, അമ്പിക്കുഞ്ഞ്. എല്ലാവരും എന്നെക്കാൾ മൂത്തവർ. ഇവരാരും തന്നെ ഞങ്ങളോടു അധികം സംസാരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങാടി പിള്ളേരും നാട്ടു പിള്ളാരും   തമ്മിലുള്ള കൂട്ട് കെട്ടിന്  പണ്ടുമുതലേ വിലക്ക് ഉള്ളതാണ്.

സിഐ  ഡിയുടെ അക്കാലത്തെ സമ്പാദ്യത്തിൻ്റെ ഒരു ഭാഗം  കോട്ടയത്ത് വീടും പുരയിടവുമായി പിന്നീടു രൂപാന്തരപ്പെട്ടു.  വേലിയകം വീട്ടിൽ നിന്ന് എല്ലാവരും ചില ദിവസങ്ങളിൽ അവിടെ പോയ താമസിക്കുന്ന പതിവും തുടങ്ങി. എന്നാൽ അമ്മയെ പിരിഞ്ഞ് മാറി നിൽക്കാൻ കല്യാണി മൂത്തമ്മയുടെ മകൾ ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് കഴിഞ്ഞില്ല. അവർ കൂടുതൽ ദിവസവും അമ്മയുടെ കൂടെ  വീട്ടിൽ തന്നെ ആയിരുന്നു.

പുതുക്കി പണിത തെക്കിനി മോൻ (മോഹൻ) ചേട്ടൻറെ സ്റ്റുഡി റൂമായി മാറി.  

തെക്കിനി പുതുക്കി പണിത കാലത്തെ ഒരു സംഭവം എന്റെ ജീവിതത്തിലെ ടേണിംഗ് പോയിൻ്റായി ഇന്നും ഓർമയിൽ.

തെക്കിനിക്കെട്ടിടത്തിൻ്റെ സകല ഓടുകളും ഇറക്കി താഴെ വച്ചു. പൂപ്പല് പിടിച്ച് കറുത്തിരുന്ന ഓടുകൾ തേച്ച് വെടിപ്പാക്കുക എന്ന ജോലി ഞങ്ങൾ കുട്ടികൾക്കായി കൊച്ചപ്പൻ ചേട്ടൻ ടെൻഡർ ചെയ്തു. കുട്ടികളാവുമ്പോൾ ചെലവിൽ ചെറിയ ലാഭം അദ്ദേഹം പ്രതീക്ഷിച്ചു കാണണം  . ബാലവേല നിരോധിക്കണം എന്ന ഒരു ചിന്ത പോലും അക്കാലത്ത് ആരുടെയും തലയിൽ ഉദിച്ചിരുന്നില്ല

 ഒരു ഓട് വെളിപ്പിക്കാൻ രണ്ടു പൈസ. 10 പൈസയ്ക്ക് ഒരു ചായ കിട്ടുന്ന അക്കാലത്ത് കാശിന് വളരെ വില ഉണ്ടായിരുന്നു. 

കരിപുരണ്ട  മേച്ചിൽ ഓടുകൾ വാർപ്പിലെ വെള്ളത്തിൽ മുക്കിവയ്ക്കുക, കുറച്ചു കഴിഞ്ഞ് അവ ഓരോന്നായി എടുത്ത് പൊതി മടൽ കൊണ്ട് ഉരച്ച് വെളുപ്പിക്കണം. മടൽ വീട്ടിൽ നിന്ന് കൊണ്ടുവരേണ്ട അവിടെ തന്നെ ധാരാളം ഉണ്ട്.

വീട്ടിലെ ദാരിദ്ര്യം ശരിക്ക് അറിയാവുന്ന തൊട്ടയൽവക്കത്തെ  ഞങ്ങൾ മൂന്നു കുട്ടികൾ പണി ഏറ്റെടുത്തു.  ഓട് ഉരച്ച് തുടങ്ങിയപ്പോഴാണ് മനസ്സിലായിയത് ഒരെണ്ണം വെളുപ്പിക്കാൻ കാൽ മണിക്കൂറെങ്കിലും വേണം. വെളുത്തത് പോരെങ്കിൽ കൊച്ചപ്പൻ ചേട്ടൻ വീണ്ടും പറയും , ഒന്നുകൂടി ഉരക്കാൻ.

 കൊച്ചപ്പൻ ചേട്ടൻ വക്കീലിന് പഠിക്കുന്ന ആളാണ്.

ഉരച്ച് വെളുപ്പിക്കുമ്പോൾ  ഓടിലെ പൂപ്പൽ അല്ല പകരം കൈയ്യിലെ തൊലിയായിരുന്നു നഷ്ടപ്പെട്ടുകൊണ്ടിരുന്നത്.

10 ഓട് വെളുപ്പിച്ചാൽ 20 പൈസ, 100 ഓടിന് രണ്ടുരൂപാ . രണ്ടു രൂപ കൂലി കിട്ടുന്നത് അന്ന് നിസ്സാര കാര്യമല്ലായിരുന്നു. തുമ്പാപണിക്കാർക്ക് അന്ന് ദിവസക്കൂലി  10 രൂപയായിരുന്നു !
ഒരു ദിവസം വെളുപ്പിച്ച ഓടിൽ അല്പം പൂപ്പൽ അവശേഷിക്കുന്നത് കൊച്ചപ്പൻ കണ്ടുപിടിച്ചു.

അദ്ദേഹം ചോദിച്ചു:
" നിന്നോട് പറഞ്ഞത് മനസ്സിലായില്ലേ? നീ ഇപ്പോഴും പഴയ പോഴൻ തന്നെ ആണോ?"

പണ്ടുമുതലേ ഞാൻ പോഴൻ ആണെന്നറിഞ്ഞതു കേട്ടു ചിരിച്ചുകൊണ്ട്  ഞാൻ നിന്ന്. നിസ്സഹായർ പോഴന്മാരായി അഭിനയിക്കുന്നത് ബുദ്ധിപൂർവമായ ഒരു പ്രവൃത്തിയാണ്.

പക്ഷെ എൻറെ ഉള്ളു പൊള്ളിയ ചോദ്യമായിരുന്നു അത് എന്ന് എനിക്ക് പിന്നീട് തോന്നി.  ക്ളാസിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ പഠിക്കുന്ന ഞാൻ പോഴൻ ആണെന്ന് മുദ്രകുത്തപ്പെട്ടത് എൻ്റെ ചങ്കിൽ തട്ടി .  പിന്നീടുള്ള ജീവിതകാലം മുഴുവനും " ഞാൻ പോഴനല്ല " എന്ന് തെളിയിക്കാനുള്ള ശ്രമമായിരുന്നു.. ഇങ്ങനെ ഒരു ചോദ്യം എൻറെ മുന്നിൽ പിന്നീടു വന്നു പെട്ട ഒരു കുട്ടിയോടും ഞാൻ ചോദിച്ചിട്ടില്ല. 

ചില ചോദ്യം നമ്മെ പൊള്ളിക്കുമെങ്കിലും അത് ജീവിതത്തിലെ വഴിത്തിരിവായി മാറും എന്നുള്ളത് ഒരു സത്യമാണ്.
(തുടരും....)

No comments:

Post a Comment