കാല്പനിക ബജറ്റ് കാവ്യം (Repost from 21-2-2018)
കേരള ബഡ്ജറ്റ് അവതരണത്തിന് ശേഷം മന്ത്രിയും പരിവാരങ്ങളും ആലോഷത്തിലാണ്. പലർക്കും ചാനലിൽ നിന്ന് താഴെ ഇറങ്ങാൻ നേരം കിട്ടിയിട്ടില്ല. ബഡ്ജറ്റിനൊപ്പം തൊട്ടുകൂട്ടാൻ ചൈനീസ് പെൺ കവികൾ ലഭ്യമല്ലാത്തതിനാൽ മലയാള കവയിത്രിമാരാണ് ബജറ്റ് എമ്പാടും. ഇതൊടെ ഇവരെല്ലാം എഴുത്തു നിർത്തി നാടുവിടുമോയെന്ന സംശയവും ബാക്കിയാവുന്നു.
ഈ വർഷത്തെ ബജറ്റ് സാഹിത്യം വായിച്ച് ഹർഷോന്മാദ പുളികതരാവുന്നവർ തോമസ് ജി ഐസ്ക് ജിയുടെ കഴിഞ്ഞ കൊല്ലത്തെ ബജറ്റ് കോപ്പി കണ്ടെടുത്തു വായിക്കുന്നതു നന്നായിരിക്കും
ഇന്റെർനെറ്റ് പൊതു അവകാശമാക്കുമെന്നതായിരുന്നു അന്നത്തെ ഒരു പ്രഖ്യാപനം. അങ്ങനെ ആക്കിയോ യെന്നു ചോദിച്ചാൽ ആ പണി മുകേഷ് അംബാനിയെ ഏല്പിക്കുകയയിരുന്നു. റിലയൻസ് ജിയോയിലൂടെ അംബാനി ചേട്ടൻ ഇന്റർനെറ്റ് വില്ലവം നടത്തിയതിനെ ഇന്റർനെറ്റ് പൊതു അവകാശമാക്കിയതായി കരുതാം
പ്രവാസി ചിട്ടി വഴി 12000 കോടി രൂപാ സ്വരൂപിക്കുമെന്ന് ഒരു ഭീഷണിയുണ്ടായിരുന്നു. പ്രവാസി ചിട്ടി യുടെ വരിയോല അച്ചടിച്ചുകിട്ടാൻ വൈകിയതുകൊണ്ട് ഒരു രൂപാ പോലും ആ ഇനത്തിൽ വന്നു ചേർന്നില്ല. ചിട്ടിയെന്നു കേൾക്കുമ്പോൾ 'ഞാൻ ആ നാട്ടുകരനല്ല ' എന്നു പറയാൻ പ്രവാസി പഠിക്കുകയും ചെയ്തു.
കിഫ്ബി വഴി 50,000 കോടിയുടെ വികസനം എന്നതായിരുന്നു മുൻവർഷ ബജറ്റിലെ പ്രധാന തള്ള്. ഒന്നും കിട്ടിയില്ലയെന്നു പറയുന്നില്ല, ഒരു 4000 കോടിയോളം കിട്ടി. പക്ഷെ ഈ കേന്ദ്ര സാഹായം കിപ് ബി, കിഡ്നി യൊന്നൊക്കെ ഖതംതാൽ അടിച്ചില്ലേലും കിട്ടും. കിഫ് ബിക്ക് ബജറ്റുമായി ബന്ധമില്ലായെന്ന് ഹാർവാർഡ് റിട്ടേണിയായ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതഗോപിനാഥ് പറഞ്ഞെങ്കിലും ഹാർവാർഡ് ഡോക്ട്രേറ്റിനെക്കാൾ ഒട്ടും പിന്നിലില്ല തൊണ്ടഴുക്കു ഡോക്ട്രേറ്റ് എന്ന് കാണിക്കേണ്ടത് അത്യാവശ്യമായതിനാൽ ഇത്തവണയും കിഫ് ബിയിൽ തന്നെ തൂങ്ങിയിരിക്കുകയാണ് ധനമന്ത്രിജി.
കെ ഫോൺ പദ്ധതി എന്നൊരു സാധനം കഴിഞ്ഞ തവണ പ്രഖ്യാപിച്ചിരുന്നു. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റെർനെറ്റ് എന്നതായിരുന്നു പ്രഖ്യാപനം. ഫോൺ കിട്ടാത്തവർ ആരും തന്നെ പരാതിയുമായി ചെല്ലാത്തതിനാൽ ഇതു സംബന്ധിച്ചു തർക്കമൊന്നും അവശേഷിക്കുന്നില്ല.
3000 കോടിയുടെ യമണ്ടൻ പക്കേജായിരുന്നു മുൻ കൊല്ലം കെ എസ് ആർ ടി ക്കായി പ്രഖ്യാപിച്ചത്. 2017-18 ൽ കോർപറേഷനെ ലാഭത്തിലാക്കുമെന്നും ജീവനക്കാരുടെ
ശമ്പളവും പെൻഷനും തടസ്സം കൂടാതെ ന ൾ കുമെന്നുമായിരുന്നു പ്രഖ്യാപനം. പെൻഷൻ കിട്ടി മരുന്നു വാങ്ങാൻ പോലും കഴിയാതെ ആറുപേർ ആത്മഹത്യ ചെയ്തു, .കുറെ പേർമരിച്ചു. ഒന്നും നടന്നില്ല. ഇപ്പോൾ പറയുന്നു കെ എസ് ആർ ടി സി യെ മൂന്ന് ലാഭ കേന്ദ്രങ്ങൾ ആക്കി മാറ്റുമെന്ന്. മൂന്നു ലാഭ കേന്ദ്രങ്ങൾക്കു പകരം ഒരെണ്ണം നഷ്ടകേന്ദ്രമായാൽ പോലും ബ്രേക്കു ഡൗൺ വണ്ടികളെപ്പോലെ ജീവനക്കാരെ പെരുവഴിയിൽ കിടത്തിയത് മോശമായിപ്പോയി. സ്ഥലവും കെട്ടിടവുമായി കോർപ്പറേഷനിൽ കുമിഞ്ഞുകൂടിയ സ്വത്തു വിറ്റെങ്കിലും ജീവനക്കാരുടെ അന്തസ് നിലനിർത്താൻ മന്ത്രി ശ്രമിക്കണമായിരുന്നു.
പന്ത്രണ്ട് ഐടി ഹാർഡ്വെയർ പാർക്കുകൾ എന്നതായിരുന്നു വേറൊരു മലർപ്പൊടി സ്വപ്നം. വന്നു വന്നു ഇപ്പോൾ ഹാർഡുവെയറുമില്ല സോഫ്റ്റുവെയറുമില്ല. ആകെയുള്ളത് ചാനൽ കാമറയ്ക്കു മുന്നിലിരുന്നുള്ള വയറു കുലുക്കി ചിരി മാത്രം. എല്ലാ താലൂക്കിലും ഒരോ ഗവണ്മെന്റ് കോളജ് എന്നൊരു പ്രഖ്യാപനവും ഇടയ്ക്കെങ്ങോ കേട്ടിരുന്നു. പിള്ളേർക്കു വിദ്യാഭ്യാസം ലഭിച്ചാൽ ചോദ്യം ചോദിക്കുമെന്നതുകൊണ്ട് ആപദ്ധതി മുമ്പേ പരണത്താക്കി. ഇനിയങ്ങോട്ടു ഉദ്യോഗസ്ഥ നിയമനങ്ങൾ പോലും ഇല്ല . അഭ്യസ്തവിദ്യരായ യുവാക്കൾ ചോദ്യം ചോദിക്കേണ്ട, മദ്യം ചോദിച്ചോളു എന്നതാണ് നിലവിലെ പോളിസി. ഇൻഡ്യൻ നിർമ്മിത വിദേശ മദ്യത്തിനൊപ്പം വിദേശ നിർമിത വിദേശമദ്യവും ബിവറേജസ് ഔട്ട്ലറ്റിൽ ലഭ്യമാണെന്ന് പ്രജകളെ ചാനൽ വഴി അറിയിക്കും
ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കടലാസ്സിൽ വിശ്രമിക്കുമ്പോൾ ബജറ്റേ തിര കാര്യങ്ങളായ മന്ത്രിമാരുടെ വിദേശയാത്ര. സമാജികരുടെ അരലക്ഷം -കാൽ ലക്ഷം വരുന്ന കണ്ണടവാങ്ങൽ, കോടികളുടെ മെഡിക്കൽ റി ഇംബോഴ്സ്മെന്റ് . സിനിമാനടികളുടെ ആരോഗ്യ സംരക്ഷണം , പോലിസ് പ്രൊട്ടക്ഷൻ എന്നിവ ഏറ്റെടുത്തു വിജയിപ്പിച്ച കാര്യം കാണാതിരുന്നു കൂടാ.
അങ്ങനെ കഴിഞ്ഞ ബഡ്ജറ്റിലെ സകല പ്രപ്പോസലുകളും പൂർത്തികരിച്ച സ്ഥിതിക്ക് പുതിയ ബഡ്ജറ്റിലെ നിർദ്ദേശങ്ങൾ പ്രാവർത്തികമാകുമോ യെന്ന ചോദ്യം അപ്രസക്തമാണ്. അവ അടുത്ത കൊല്ലം വിശകലനം ചെയ്യാം, അതല്ലേ നല്ലത്?
- കെ എ സോളമൻ