#പി_റൈസ് - കഥ
പടർന്നു പന്തലിച്ച പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമപഞ്ചായത്ത് ഉണ്ട് കെ സ്പേസിൽ .. ആ പഞ്ചായത്തിലെ വാർഡ് അംഗമാണ് ശ്രീമാൻ പി.കെ. പരമേശ്വരൻ.
പ്രായത്തിൽ റിക്കാർഡ് ഇട്ടതുകൊണ്ട് പരമൻ ചേട്ടൻ എന്നാണ് നാട്ടുകാർ വിളിക്കുക. വിചിത്രമായ സിദ്ധാന്തങ്ങൾ കണ്ടെത്തുകയും അവ പ്രായോഗിക തലത്തിൽ അവതരിപ്പിക്കുകയാണ് അദ്ദേഹത്തിൻറെ പ്രധാന ഹോബി. കൂട്ടത്തിൽ അദ്ദേഹം വിളിച്ചു കൂട്ടുന്ന യോഗങ്ങളിൽ എത്തുന്നവർക്ക് രണ്ട് കിലോ പി'റൈസ് കൊടുക്കും ..പി റൈസ് എന്നുവെച്ചാൽ പരമൻ റൈസ്, സ്വന്തം പോക്കറ്റിലെ കാശുമുടക്കി ചെയ്യുന്നതാണ്. ബി- റൈസിനും, കെ റൈസിനും വളരെ മുമ്പുതന്നെ പഞ്ചായത്തിൽ പ്രചാരത്തിലുള്ള റൈസ് ആണ് പി. റൈസ് .
മരണം വരെ പഞ്ചായത്ത് മെമ്പർ ആയിരിക്കണമെന്നുള്ള ആഗ്രഹമാണ് ഇത്തരമൊരു സൗജന്യ പി -കിറ്റ് വിതരണത്തിന്റെ പിന്നിൽ. കിറ്റ് കിട്ടിയാൽ ജനം വോട്ട് ചെയ്യും, ഇത് പരമൻ നേരത്തെ മനസ്സിലാക്കിയിരുന്നു.
മഴപെയ്യാൻ സാധ്യതയുള്ള ഒരു സായാഹ്നത്തിൽ, തലയ്ക്കകത്തും മുകളിലും മേഘങ്ങൾ കുന്നുകൂടിയപ്പോൾ, ഒരു കാലൻകുടയും വീശി പരമു ചേട്ടൻ വാർഡുവാസികളെ പഞ്ചായത്ത് ഹാളിൽ ഒരുമിച്ചുകൂട്ടി.
അദ്ദേഹം അവരെ അഭിസംബോധന ചെയ്തു
"എൻ്റെ പ്രിയപ്പെട്ട നാട്ടുകാരെ, നിങ്ങളോട് ഒരു പ്രധാന കാര്യം എനിക്ക് അറിയിക്കാൻ ഉണ്ട്!" അദ്ദേഹം ശബ്ദമുയർത്തി പറഞ്ഞു. .
"ജപ്പാനിലെ നിർത്താതെ പെയ്യുന്ന മഴയുടെ പിന്നിലെ നിഗൂഢത ഞാൻ അനാവരണം ചെയ്തു!"
"നമ്മുടെ സ്വന്തം അറബിക്കടലിൽ നിന്ന് യാത്ര ചെയ്യുന്ന കനിവാർന്ന മേഘങ്ങൾക്ക് നന്ദി.! ജപ്പാൻ രാജ്യത്തെ.നനയ്ക്കുന്ന ഈ മഴയ്ക്ക് കാരണം നമ്മുടെ മേഘങ്ങളാണ് , അറബിക്കടലിൽ നിന്ന് നമ്മൾ സൗജന്യമായി കൊടുക്കുന്ന മഴമേഘങ്ങൾ "
പരമൻറെ.വിചിത്രമായ വിശദീകരണം കേട്ട് ഗ്രാമവാസികൾ അന്തം വിട്ടു. അദ്ദേഹത്തിൻ്റെ അചഞ്ചലമായ ശുഭാപ്തിവിശ്വാസത്തെ അഭിനന്ദിക്കാതിരിക്കാൻ അവർക്ക് കഴിഞ്ഞില്ല.
രാഷ്ട്രീയം പലപ്പോഴും ഇരുണ്ടതും കൊടുങ്കാറ്റു നിറഞ്ഞുമാണ്. ഭൂരിപക്ഷം ജനങ്ങളും അക്ഷരാഭ്യാസം ഇല്ലാത്തവരും അന്തവിശ്വാസികളും. അത്തരമൊരു ലോകത്ത്, പരമൻ്റെ സിദ്ധാന്തങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്
ഉടനെ തന്നെ മഴ ചെയ്തു. ഹാളിന്റെ മേൽക്കൂര ഷീറ്റുകളിൽ മഴവെള്ളം തട്ടിച്ചിതറുന്ന ശബ്ദത്തിൽ പരമു മെമ്പർ തുടർന്നു പറഞ്ഞത് അവർക്ക് കേൾക്കാനായില്ല
അങ്ങനെ, ഹാളിൽ പ്രതിധ്വനിക്കുന്ന കൂട്ടച്ചിരിയിൽ, അവിടെ കൂടിയിരുന്ന ജനം മുഴുവനും പുറത്ത് പെയ്യുന്ന മഴയും തങ്ങളുടെ പ്രിയപ്പെ മെമ്പറുടെ ഭാവനാ ഭ്രാന്തും നന്നായി ആസ്വദിച്ചു.
തുടർന്ന് എല്ലാവർക്കും രണ്ട് കിലോ പി റൈസ് സഞ്ചികൾ നൽകി. എല്ലാ സഞ്ചികളിലും പരമൻ്റെ ചിരിക്കുന്ന ഫോട്ടോ പതിപ്പിച്ചിരുന്നു.
കൂടുതൽ അരി ചോദിച്ചവരോട് പരമൻ പറഞ്ഞു " സപ്ലൈകോയിൽ ചെന്ന് വാങ്ങിക്കോളു "
സപ്ലൈകോയിലെ അരി സൗജന്യമാണോയെന്ന് ആരും ചോദിച്ചില്ല അതുകൊണ്ട് മറുപടിയും പറയേണ്ടി വന്നില്ല.
കുട കൊണ്ടുവന്നവർ. അരിയുമായി ഹാൾ വിട്ടു പുറത്തേക്ക് പോയി ബാക്കിയുള്ളവർ മഴ മാറാൻ വേണ്ടി അവിടെ കാത്തിരുന്നു.