നീ നിന്റെ വിദൂരമാം വീട്ടിലാണ്
ജനിച്ച വീട്ടിലേക്ക് വരാരെയില്ലല്ലോ?
അല്ലെങ്കിൽ തന്നെ ആരുണ്ടവിടെ
ആരാണ് നിനക്കവരിന്നിപ്പോൾ ?
അന്യദേശത്ത് ബന്ധിക്കപ്പെട്ട നീ
ആ ദേശം ഉപേക്ഷിക്കില്ലയെന്നറിയാം
ഞാൻ അറിയുന്നത് പോലെ നിന്നെ -
ആരറിയാനാണവിടെയും ഇവിടെയും?
മണിക്കൂറുകൾ ഫോണിൽ പറഞ്ഞു -
സങ്കടങ്ങളെന്നു നിനക്കു തോന്നിയവ
ഒരിക്കലെന്റെ കൈകളിൽചിരിച്ചു നീ
കൈകളപ്പോൾ മരവിച്ചുതണുത്തു പോയ്
എന്റെ വേദന അഹങ്കാരിയുടേതാണ്
ആഗഹങ്ങൾക്ക് അറുതി ഇല്ലാത്തവൻ
നീ എന്റെചുണ്ടുകൾ പറിച്ചെടുത്തില്ലേ?
ഇല്ല, എനിക്കങ്ങനെ തോന്നിയതാകാം
നമ്മളിനി വീണ്ടും കണ്ടുമുട്ടുമോ
വീടിനു മുന്നിലെ പുളിമരക്കീഴിൽ?
നിഷിദ്ധമല്ലാത്ത സ്നേഹത്തണലിൽ
മേഘങ്ങളില്ലാത്ത അനന്തതയിൽ?
ആകാശം തിളങ്ങട്ടെ നീലതേജസ്സിൽ ഭൂമിയിൽ വീഴട്ടെ നിലാവിൻ നിഴലുകൾ
മനസ്സിൽ ഉയരട്ടെ ചെറുനിശ്വാസങ്ങൾ
കാത്തിരിക്കാമിനിയൊരു നാളിനായ്
- കെ എ സോളമൻ
No comments:
Post a Comment