Wednesday, 1 December 2021

ജാലകം മറയ്ക്കുമ്പോൾ

#ജാലകം #മറയ്ക്കുമ്പോൾ

ഇത് രാത്രിയാണ്
വഴിയിലൂടെ പോകുന്നവർക്ക് കാണാം
ജാലകം തുറന്നിട്ടിരിക്കുന്നു
മുറിയിൽ വെളിച്ചവുമുണ്ട്.

രണ്ടുവർഷമായി തുറന്നിട്ടിരുന്ന ജാലകം
തിരശ്ശീലയാൽ ഞാൻ മറക്കുന്നു
എനിക്ക് ഭയം തോന്നിത്തുടങ്ങി
അവർക്കെന്നെ കാണാമോയെന്ന ഭയം

ആരാണവരെന്നോ ?
ആൽഫയും ബീറ്റയും ഗാമയും പിന്നെ
ഡൽറ്റയും ഓമൈക്രോണും
എനിക്ക് ദുഃഖം തോന്നി
ഒട്ടും സമ്പന്നമല്ലാത്ത പുരാതന
അക്ഷരമാലാക്രമത്തെയോർത്ത്.

എനിക്കെന്നും കാണാമായിരുന്ന -
കടൽതീരം കണ്ണിൽ നിന്നു മറഞ്ഞു
ആളുകൾ വരുന്നതും പോകുന്നതും.
തീരത്ത് നിരാശാപാണ്ടങ്ങളുമായി കുനിഞ്ഞിരിക്കുന്നവർ,
ഇല്ല, അവർ ഇനി കാഴ്ചയിൽ ഇല്ല .

തിരമാലകൾ ഉയരുന്നതും 
തെളിയുന്നതും.പൊങ്ങി മറയുന്നതും
എത്രയെത്ര പ്രാവശ്യം?
അവസാനത്തെ തിരയും മങ്ങുകയാണ്
 എങ്കിലും ഞാൻ ആഗ്രഹിക്കുന്നു
കടലും തിരയും ആകാശവും 
നിങ്ങളുടേതാകട്ടെ .
 
നനവുള്ള മൂടൽമഞ്ഞ് വീണ്ടും വരട്ടെ
ആഴങ്ങളിലേക്കു ചുഴലികൾ
അപ്രത്യക്ഷമാകട്ടെ .
 ഒറ്റയ്ക്കല്ലെങ്കിൽ സ്നേഹം
നിങ്ങളെ കാത്തിരിപ്പുണ്ട്
 നിശബ്ദത അനന്തമാകാതിരിക്കട്ടെ.

-കെ. എ സോളമൻ

No comments:

Post a Comment