Tuesday, 20 July 2021

സമാധാനം- കഥ

#സമാധാനം

അതെ, സംശയമില്ല, അന്നു പള്ളി വൈദ്യുതീകരിച്ചിരുന്നില്ല. വൈദ്യുതിയും വിളക്കുകളും വരുന്നത് പിന്നീടാണ്. ഫാൻ വരുന്നത് അതിനും എത്രയോ കാലത്തിനു ശേഷം.

തങ്കി സെൻ്റ് മേരീസ് പള്ളിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. പള്ളിക്കകത്ത് കറണ്ട് വന്നത് എന്നാണെന്നു കൃത്യമായി ഓർമ്മയില്ല 1964 ലോ മറ്റോ ആകണം, കൃത്യമായ തിയതി ഓർമ്മയുള്ളവർ പറയട്ടെ.400 കൊല്ലം പഴക്കമുള്ള പള്ളിയാണെങ്കിലും വൈദ്യതിക്ക് അവിടെ പത്തറുപതു കൊല്ലത്തെ ചരിത്രമേയുള്ളു.

അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാകണം. പള്ളിക്കകത്ത് വയറിംഗ് നടക്കുമ്പോൾ പോയി നോക്കി നിന്നിട്ടുണ്ട്. സ്കൂളിൽ നിന്ന് പള്ളിയിലേക്ക് ഒറ്റ ഓട്ടത്തിനെത്താം. വയറിംഗ്കാരൻ്റെ കലാവിരുത് കണ്ട് ഭാവിയിൽ ആരംഗത്തു ചുവടുറപ്പിച്ചാലോ എന്നൊരു മോഹവും തോന്നാതിരുന്നില്ല.

വൈദ്യുതി വരുന്നതിനു മുമ്പ് സക് റാ  രിയിലും പുറത്തും വെളിച്ചം വിതറിയിരുന്നത് വലിയ കാലുകളിൽ സൂക്ഷിച്ചിരുന്ന മെഴുകുതിരികളാണ്. പളളിക്കകം പ്രകാശമാനമാക്കാൻ കുറ്റൻ തൂണുകളിൽ സ്ഥാപിച്ച മെഴുകുതിരി തട്ടുകളുണ്ട്. ഈ തട്ടുകളെല്ലാം അർദ്ധഗോളാക്വതിയലുള്ള വലിയ ചില്ലു പാത്രങ്ങളിലാണ് സംരക്ഷിച്ചിരുന്നത്.  കാറ്റടിച്ചാലും മെഴുകുതിരികൾ അണഞ്ഞു പോകില്ലായിരുന്നു.

പകൽ കുർബ്ബാനകളിൽ തൂണുകളിലെ വിളക്കുകൾ തെളിക്കുമായിരുന്നില്ല. ക്രിസ്മസ്, ഈസ്റ്റർ രാവുകളിൽ ഇവയെല്ലാം പ്രകാശിച്ചു നില്ക്കുന്നതു കാണാൻ നല്ല രസമായിരുന്നു. തൂണുകളിലെ വിളക്കുകൾ തെളിക്കുന്നതും കെടുത്തുന്നതും ശ്രമകരമായ ജോലിയായിരുന്നു. കപ്യാർ മത്തായി സാർ ഒരു നിയോഗം പോലെ ഈ ജോലി നിർവഹിച്ചിരുന്നു. 

കപ്യാർ മത്തായി സാറിന സാറെന്നു ചേർക്കാതെ വിളിക്കാനാവില്ല. സ്കൂൾ എൽ പി വിഭാഗത്തിൻ്റെ ഹെഡ്മാസ്റ്റർ കുടിയിരുന്നു അദ്ദേഹം. മത്തായി സാറിനോട് എനിക്കു വളരെ വലിയ കടപ്പാട് ഉണ്ടെങ്കിലും അദ്ദേഹം എൻ്റെ ഹെഡ്മാസ്റ്റർ ആയിരുന്നില്ല. തങ്കി സ്കൂളിൽ ഞാൻ പഠിക്കാൻ ചേർന്നത് അഞ്ചാം ക്ളാസ് മുതലാണ്. ഒന്നു മുതൽ നാലുവരെ കോനാട്ടുശേരി ഗവ.എൽ പി സ്കൂളിലെ പഠനത്തിനു ശേഷമാണ് തങ്കി സെൻ്റ് ജോർജ് യു പിയിൽ ഞാൻ ഉപരിപഠനത്തിനെത്തുന്നത്.

പറഞ്ഞു കൊണ്ടുവന്നത് മെഴുകുതിരി ക്കാലുകളെ കുറിച്ചാണല്ലോ? സാക്റാരിയിൽ ഉയരത്തിൽ സൂക്ഷിച്ചിട്ടുള്ള മെഴുകുതിരികൾ കത്തിക്കാൻ ഒരു ഇരുമ്പുകമ്പിയുണ്ട്. കമ്പിയുടെ അറ്റത്ത് മെഴുകുതിരി ഹോൾഡറും പ്ളാവിലക്കുമ്പിൾ പോലെ തിരി അണക്കാനുള്ള ഒരു സംവിധാനവുമുണ്ട്. കുമ്പിൾ തിരിക്കു മുകളിൽ ചേർത്തു പിടിച്ചാൽ ഓക്സിജൻ കിട്ടാതെ അണഞ്ഞുപോകും. തീ കത്തുന്നതിന് ഓക്സിജൻ വേണം, സ്കൂളിൽ പഠിപ്പിച്ചതാണ്.

കുർബ്ബാനയ്ക്കുമുമ്പു് തിരികൾ കത്തിക്കാൻ കമ്പിയിലെ ഹോൾഡറിൽ ചെറിയ തിരിi കത്തിച്ചു വെയ്ക്കും. കൊടുത്താനായി കുമ്പിളും ഉപയോഗിക്കും.

ഞായറാഴ്ചകളിൽ പള്ളിയിൽ നേരത്തെ എത്തുകയും താമസിച്ചു പോരുകയും ചെയ്യുന്നതിനാൽ ഈ തിരികൾ കത്തിക്കുന്നതും കെടുത്തുന്നതും ഞാൻ എത്രയോ പ്രാവശ്യം നോക്കി നിന്നിരിക്കുന്നു. ഒന്നു രണ്ടു തവണ തിരികെടുത്താൻ സാർ അനുവദിച്ചിരുന്നു. പക്ഷെ അദ്ദേഹം ചെയ്തിരുന്ന വേഗത്തിലും ഭംഗിയിലും ഞങ്ങൾക്കാർക്കും അതു ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല.

അങ്ങനെ പണ്ടു സിനിമാകൊട്ടകയിൽ ഒടുക്കം ജനഗണമന കേൾക്കുന്നതു പോലെ കുർബ്ബാന കഴിഞ്ഞ് മെഴുകതിരികൾ ഇരുമ്പുകമ്പിയിലെ കുമ്പിൾ കൊണ്ടു് അണക്കുന്നത് കാണുന്നത് ഞങ്ങൾക്ക് പ്രത്യേകിച്ച് എനിക്കു ഒരു ശീലമായി. 

ഏതെങ്കിലും ആഴ്ച അതു കാണാനായില്ലെങ്കിൽ എനിക്ക് യാതൊരുവിധ സമാധാനവുമില്ലായിരുന്നു.

കെ എ സോളമൻ

No comments:

Post a Comment